ഫലസ്തീൻ ചരിത്രം -ഭാഗം (8) 

ഈ പോസ്റ്റോടെ ഫലസ്തീൻ വിഷയത്തിലെ പോസ്റ്റുകൾ അവസാനിപ്പിക്കുകയാണ് . വളരെ വിശാലമായ ഒരു വിഷയമാണ് . സമയ പരിമിതി മൂലം പ്രധാന വാദങ്ങൾക്കുള്ള മറുപടി നൽകി കൊണ്ട് അവസാനിപ്പിക്കുകയാണ് 

 1. ഇസ്രായേൽ ജൂതരുടെ വാഗ്ദത്ത ഭൂമിയല്ലേ ?

വാഗ്ദത്ത ഭൂമി എന്നത് ഒരു മതപരമായ വിശ്വാസമാണ് . ദൈവമില്ല എന്ന് വാദിക്കുന്ന യുക്തരും  മറ്റും ഇതെടുത്ത് വീശാറുണ്ട് . ഒരു വശത്ത് ദൈവമില്ലെന്ന് പറയുകയും മറുവശത്ത് ദൈവം ജൂതർക്ക് നൽകിയ വാഗ്ദത്ത ഭൂമിയാണെന്ന് വാദിക്കുകയും ചെയ്യുന്നത് വിചിത്രമാണ് . 

ഇസ്രായേലികൾക്ക് ഒരു വാഗ്ദത്ത ഭൂമി നൽകി എന്ന് പിന്നീട് വാദിക്കുന്നത് ചില ക്രിസ്ത്യൻ പ്രൊഫൈലുകൾ ആണ് . അവർ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നാണ്  അവരുടെ വാദം . അങ്ങനെ വാദിക്കുമ്പോൾ ഒരു കുഴപ്പമുണ്ട് . എങ്കിൽ പിന്നെ എന്തിനാണ്  ക്രിസ്തുവിനു ശേഷം റോമൻ ഭരണത്തിലും തുടർന്ന് കുരിശു യുദ്ധ കാലത്തും അതിനു ശേഷം  കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരേയ്ക്കും  (ഹിറ്റ്ലറുടെ കാലം വരെ ) ഈ തെരഞ്ഞെടുക്കപ്പെട്ട ദൈവ ജനതയെ യൂറോപ്യൻ പീഡിപ്പിച്ചത് . അവരുടെ മണ്ണാണ് എങ്കിൽ എന്തിനാണ് ആട്ടിയോടിച്ചത് ? എന്തിനാണ്  ജറുസലേമിൽ തങ്ങൾക്ക് ഒരു രാജ്യം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ സാക്ഷാൽ പോപ്പിനെ കണ്ട്  സയണിസ്റ്റ് നേതാവ് തിയോഡർ ഹെർസിൽ അഭ്യർത്ഥിച്ചപ്പോൾ ഒരിക്കലും സഭയുടെ അധികാരി  എന്ന നിലക്ക് ഞാൻ ഈ ആവശ്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് പറഞ്ഞത് ? https://cutt.ly/Kb9Kv03

കഴിഞ്ഞ 1950 വർഷത്തോളം അവർക്ക് വാഗ്ദത്ത ഭൂമി ഇല്ലായിരുന്നോ ?

അന്നവർ ദൈവത്തിന്റെ ജനത അല്ലായിരുന്നോ ? 

Also Read:ഫലസ്തീൻ ചരിത്രം: ഭാഗം (7)

ഇനി ജൂതർക്ക് മാത്രമായി വാഗ്ദത്ത ഭൂമി എന്ന വാദം തന്നെ ബാലിശമാണ് . കാരണം  പ്രാമാണികമായി  എവിടെയും ജൂതർക്കായി ഒരു വാഗ്ദത്ത ഭൂമിയില്ല . എല്ലായിടത്തും അബ്രഹാമിന്റെ സന്തതികൾ എന്നാണ് പരാമർശം . അവർ ജൂതർ മാത്രമല്ല , പിൽക്കാലത്ത്  ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ചവരും ഇസ്‌ലാം മതം സ്വീകരിച്ചവരും  എല്ലാം ആ സന്തതി പരമ്പരയിൽ വരുന്നവരാണ് . യേശു പോലും അബ്രഹാമിന്റെ  പരമ്പരയിൽ ആണ് ജനിക്കുന്നത് !! പിന്നെ എങ്ങനെയാണ് ജൂതർക്ക് ''മാത്രമായി' ഒരു വാഗ്ദത്ത ഭൂമി അവരുടെ വിശ്വാസ പ്രമാണങ്ങൾ പ്രകാരം പോലുമില്ല എന്നതാണ് സത്യം . സംശയമുള്ളവർക്ക് കീ വേർഡ്‌ വെച്ച് സേർച്ച്‌ ചെയ്തു സ്വയം ബോധ്യപ്പെടാനായി ഒരു ലിങ്ക് കൂടി നൽകുന്നു. http://goo.gl/Nceee9

വാഗ്ദത്ത ഭൂമി വാദ പ്രകാരം മറ്റു അബ്രഹാം സന്തതികളെ പോലെ ജൂതര്ക്കും അവകാശം ഉണ്ടെങ്കിൽ തന്നെ എല്ലാ ജൂതരും ഇസ്രായേൽ സന്തതികൾ അല്ലെന്നതും മറ്റൊരു വസ്തുതയാണ് . ഭൂരിപക്ഷം ആഷ്കെനസി വിഭാഗത്തിൽ പെടുന്ന യൂറോപ്യൻ ജൂതർക്ക് ഇത് ബാധകമല്ലെന്ന് അർത്ഥം . ചുരുക്കത്തിൽ വാഗ്ദത്ത ഭൂമി വാദത്തിന്റെ അകം ഇത്ര കണ്ട് പൊള്ളയാണ് . 

 2. ഇസ്രായേലികൾ ബുദ്ധി കൂടുതൽ ഉള്ളവരാണ് !

ഈ വാദവും ഇപ്പോഴത്തെ സംഘർഷവും തമ്മിൽ എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ല . എന്ന് മാത്രമല്ല , ഒരു തികഞ്ഞ വംശീയത കൂടിയാണിത് . പരിണാമ വാദികൾ പലപ്പോഴും ആഫ്രിക്കക്കാരുടെ പരിണാമം വേണ്ട വിധത്തിൽ നടന്നിട്ടില്ലെന്ന വാദം ഉയർത്താറുണ്ട് . പിന്നെ ബുദ്ധിയുടെ മാനദണ്ഡം എന്താണ് ?  ഇപ്പോഴത്തെ വികസനമാണോ ? അത് ബുദ്ധിയുടെ തെളിവാണെങ്കിൽ കഴിഞ്ഞ 2000 വർഷമായി യൂറോപ്പിൽ അലഞ്ഞു തിരിഞ്ഞ കാലത്ത് ജൂതർക്ക് എന്തേ വികസനം ഉണ്ടായില്ല ?  അന്നവർ പീഡിതർ ആയിരുന്നുവല്ലേ ? അപ്പോൾ ഭൗതിക അവസരങ്ങളാണ്  ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് വളമാകുന്നത് . ജൂതർക്ക് ഒരു രാജ്യവും  പ്രതിവർഷം അമേരിക്കയിൽ നിന്ന് മൂന്നര ബില്യൺ ഡോളർ സഹായവും മുടങ്ങാതെ കിട്ടുമ്പോൾ വികസനം സ്വാഭാവികം .  

ഫലസ്തീനികൾ പരസ്പരം കണക്ഷൻ പോലുമില്ലാത്ത രണ്ടു കഷ്ണം ഭൂമിയിലാണ് ജീവിക്കുന്നത് . ചുറ്റു പാടും അതിരുകളാണ് . കര മാർഗ്ഗമോ കടൽ മാർഗ്ഗമോ ആകാശ മാർഗ്ഗമോ അവിടേക്ക് എത്തുവാനോ പുറത്തു വരുവാനോ സാധ്യമല്ല . സ്‌കൂളുകളോ സൗകര്യങ്ങളോ കാര്യമായി ഇല്ല . സാങ്കേതിക വിദ്യയില്ല . എന്നിട്ടും അവർ അതിജീവിക്കുന്നു എന്നതിലാണ് അത്ഭുതം . ജൂതരുടെ മുന്നേറ്റത്തിന് ഏറിയാൽ 73 വർഷത്തെ ഹിസ്റ്ററിയാണ് ഉള്ളത് . എന്നാൽ യൂറോപ്പ് ഇരുട്ടിൽ തപ്പുന്ന കാലത്ത് മധ്യകാല മുസ്ലിം ലോകത്ത് വൈജ്ഞാനിക മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . https://cutt.ly/qb9CST3. എന്നാൽ ഇന്ന് അറബ് ലോകത്ത് അത്ര കണ്ട് മുന്നേറ്റങ്ങൾ നടക്കുന്നുമില്ല .  അതെന്താ മധ്യ കാലത്ത് ജൂതരുടെ ബുദ്ധി അറബികൾ കടം വാങ്ങിയിരുന്നോ ? ഇപ്പോൾ അറബ് മുസ്ലിംകളുടെ ബുദ്ധി ജൂതർ കൊണ്ടു പോയോ ? 

അതൊന്നുമല്ല . ഭൗതിക സാഹചര്യങ്ങളാണ് ഇതിന്റെയെല്ലാം കാരണം . ആഫ്രിക്കൻ രാജ്യങ്ങളിൽ കാര്യമായ ശാസ്ത്ര പ്രതിഭകൾ ഉണ്ടാവാതെ പോയത് അവർക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ടോ പരിണാമ വാദികൾ പറയുന്നത് പോലെ ആധുനിക മനുഷ്യരിലേക്കുള്ള അവരുടെ പരിണാമം പൂർണ്ണമാവാത്തത് കൊണ്ടോ അല്ല . അവരെ അടിമകളാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചാണ് മറ്റുള്ളവർ വളർന്നത്  .

ലോകത്ത് 130 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ശാസ്ത്രത്തിനു കിട്ടിയ നോബൽ സമ്മാനം എത്രയാണ് ? സി . വി രാമന് 1930 ൽ കിട്ടിയതല്ലാതെ ഒന്നുമില്ല . (ഇന്ത്യൻ പൗരന്മാരല്ലാത്ത 2-3  ഇന്ത്യൻ വംശജർക്ക് കിട്ടിയിട്ടുണ്ട് ) . അതിന്റെ അർത്ഥം ഇന്ത്യക്കാർക്ക്  ബുദ്ധി കുറവാണ് എന്നാണോ ? അല്ല . ലോകത്ത് ഒരു കാലത്ത്  വൈജ്ഞാനിക മണ്ഡലത്തെ നയിച്ചിരുന്ന പല ഇന്ത്യൻ പ്രതിഭകൾ പണ്ട് ഉണ്ടായിട്ടുണ്ട് . 

Also Read:ഫലസ്തീൻ ചരിത്രം - ഭാഗം( 6)  

വേറെ ഒരു ഉദാഹരണം കൂടി . ഒരു 20 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ മുസ്ലിം സമുദായത്തിൽ നിന്ന് ഒരു റാങ്കുകാരനെ കാണാൻ തപസ്സ് വേണ്ടിയിരുന്നു . ഇന്ന് ഓരോ റാങ്ക് ലിസ്റ്റിലും അവരുടെ കുതിപ്പാണ് . അതായത്  നമ്മളൊക്കെ ഒരേ ജീനാണ് . ബുദ്ധിക്ക് ഏറ്റകുറച്ചിൽ ഒന്നുമില്ല . സാഹചര്യങ്ങളാണ് നമ്മുടെ വികസനത്തെ സ്വാധീനിക്കുന്നത് .

ഇനി അവർക്ക് ബുദ്ധിയും വികസനവും കൂടുതൽ ആണെന്ന് വാദത്തിനു സമ്മതിച്ചാൽ തന്നെ അതെങ്ങനെയാണ് അവരുടെ കടന്നു കയറ്റത്തെ വാലിഡേറ്റ് ചെയ്യുന്നത് !! 

 3. ഫലസ്തീനികൾക്ക് അവരുടെ ഭൂമിയിലും ഇസ്രായേലികൾക്ക് അവരുടെ ഭൂമിയിലും സ്വസ്ഥമായി കഴിഞ്ഞാൽ പോരെ ?

എന്റെ അഭിപ്രായത്തിൽ അത് തന്നെയാണ് വേണ്ടത് . പക്ഷെ ഒരു കുഴപ്പമുണ്ട് . ഐക്യ രാഷ്ട്ര സഭ ഫലസ്തീന് നൽകിയ 45% ഭൂമിയിൽ ഇന്ന് ശേഷിക്കുന്നത് വെറും 23% ആണ് . അതായത് ബാക്കി 22% ഉം പതിയെ പതിയെ ഇസ്രായേൽ കാർന്നു കൊണ്ടു പോയി . ഇപ്പോൾ വെസ്റ്റ് ബാങ്കിലെ ഷെയ്ഖ് ജർറാഹിലെ  12 കുടുംബങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണ് . അവർ താമസിക്കുന്നത് ഫലസ്തീന്റെ ഭൂമിയിലാണ് . അവിടേക്കാണ് വീണ്ടും കടന്നു കയറുന്നത് . 2020 ലെ കണക്കു പ്രകാരം മാത്രം വെസ്റ്റ് ബാങ്കിൽ  ഇസ്രായേൽ 230 അനധികൃത കുടിയേറ്റം നടത്തിയിട്ടുണ്ട് . 4 ലക്ഷം ഇസ്രയേലികളെ പുതുതായി അവിടെ താമസിപ്പിച്ചിട്ടുമുണ്ട് . ഈ സെറ്റിൽമെന്റുകൾ എല്ലാം തന്നെ നിയമ വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ റെസൊല്യൂഷൻ പാസ്സാക്കിയിട്ടുമുണ്ട് . (446, 452, 465, 471 and 476) https://cutt.ly/Ab90LDU

ആതായത്‌ എല്ലാ അന്താ രാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തിയിട്ടാണ് ഫലസ്തീനികളുടെ ശേഷിക്കുന്ന മണ്ണിലേക്ക് ഓരോ ദിവസവും കടന്നു കയറി കൊണ്ടിരിക്കുന്നത് ! ഗാസയിൽ അല്ല വെസ്റ്റ് ബാങ്കിൽ മാത്രം !! ഫലസ്തീനികളുടെ പ്രതിരോധം ആണ് കാരണമെങ്കിൽ വെസ്റ്റ് ബാങ്കിൽ ഹമാസില്ല . ഫത്ത പാർട്ടിയാണ് . അവിടെയാണ് കഴിഞ്ഞ അര നൂറ്റാണ്ടായി ഏറ്റവും കൂടുതൽ മണ്ണ് കവർന്നു കൊണ്ടിരിക്കുന്നത് . ലോകത്ത് ഒരു രാജ്യവും ഐക്യ രാഷ്ട്ര സഭയുടെ പ്രമേയങ്ങളെ ഇത്ര ലംഘിച്ചിട്ടില്ല . ലോകത്തുള്ള മറ്റു മുഴുവൻ രാജ്യങ്ങൾക്ക് എതിരെ ഇറക്കിയ പ്രമേയങ്ങൾ മുഴുവൻ കൂട്ടിയാൽ പോലും ഇസ്രായേൽ ലംഘിച്ച 45 പ്രമേയങ്ങളുടെ അടുത്ത് പോലുമെത്തില്ല .   ഇസ്രായേൽ പതാകയിലെ രണ്ടു നിലവരകൾ സൂചിപ്പിക്കുന്നത് പോലെ യൂഫ്രട്ടീസ് , ജോർദാൻ നദികൾക്കിടയിലെ മുഴുവൻ ഭാഗവും അടങ്ങുന്ന ഗ്രേയ്റ്റർ ഇസ്രായേൽ ലക്‌ഷ്യം  കാണാതെ പോവരുത് .  

 4. ഇന്ത്യയിലെ സംഘ് പരിവാർ ഇസ്രയേലിന്റെ കൂടിയാണല്ലോ ? 

മഹാത്മാ ഗാന്ധി മുതൽക്ക് എല്ലാ ഇന്ത്യൻ നേതാക്കളും ഫലസ്തീന് തുറന്ന പിന്തുണ പ്രഖ്യാപിച്ചത് ചരിത്രമാണ് . പോട്ടെ , ഇപ്പോൾ പോലും ഐക്യ രാഷ്ട്ര ഇന്ത്യ ഫലസ്തിൻറെ പക്ഷത്താണ് https://cutt.ly/Hb92BDE.  ഫേസ്ബുക്കിൽ കുറെ സംഘ് പരിവാറുകാർ ഇസ്രായേൽ പ്രേമം കാണിക്കുമ്പോൾ ഹിറ്റ്ലറുടെ   ജൂത കൂട്ടക്കൊലയെ വംശ ശുദ്ധീകരണം എന്ന് വിശേഷിപ്പിച്ച അവരുടെ പഴയ കാലം തിരിഞ്ഞു കൊത്തുകയാണ് . അന്ന് ഹിറ്റ്ലർക്ക് ഒപ്പവും ഇന്ന് അന്നത്തെ ഹിറ്റ്ലറുടെ ഇരകൾക്ക് ഒപ്പവും നിൽക്കുന്ന കാപട്യത്തിന് ചരിത്രത്തിൽ സമാനതകൾ ഇല്ല . ഏറ്റവും രസകരമായ വസ്തുത ഇവരുടെ ഈ സോഷ്യൽ മീഡിയ സപ്പോർട്ട് ഇസ്രായേൽ പൗരന്മാരെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട് . അവരുടെ പ്രതികരണങ്ങൾ ഇവിടെ പകർത്താൻ എന്റെ ലജ്ജ  എന്നെ  അനുവദിക്കുന്നില്ല . ക്ഷമിക്കുക  

 6. എന്താണ് ഇനിയൊരു പരിഹാരം ?

എന്റെ അഭിപ്രായമാണ് . ഇസ്രായേലും ഫലസ്തീനും ഒരു യാഥാർഥ്യമായി അംഗീകരിച്ച് , അവരവർ അവരുടെ ഭൂമികളിൽ പരസ്പരം അംഗീകരിച്ചു ജീവിക്കുക . അങ്ങനെയെങ്കിൽ ഇസ്രായേൽ അനധികൃതമായി കയ്യടക്കിയ ഭൂമികളിൽ നിന്ന് പിൻവാങ്ങിയാൽ തന്നെ മേഖലയിൽ സമാധാനമുണ്ടാവും . നൂറ്റാണ്ടുകളായി ജൂത മുസ്ലിം സമൂഹം ഇതേ ഫലസ്തീനിലിൽ ഒരുമിച്ചു ജീവിച്ചിട്ടുണ്ട് . പഴയ പോസ്റ്റുകളിൽ വിശദീകരിച്ച ചരിത്രത്തിലേക്ക് ഇനിയും മടങ്ങുന്നില്ല . അതല്ലാതെ വീണ്ടും വീണ്ടും ഫലസ്തീനികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ  സംഘർഷങ്ങൾ ഒരിക്കലും അവസാനിക്കാൻ പോവുന്നില്ല .ആകാശത്തിന്റെ  അവസാനത്തെ അതിരുകളും അവസാനിച്ചാൽ പക്ഷികൾ പിന്നെ എങ്ങോട്ടാണ് പറക്കുക ?

(അവസാനിച്ചു )

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter