പോര്ച്ചുഗലിലെ ഇസ്‍ലാം അന്നും ഇന്നും
ലോകരാഷ്ട്രങ്ങൾക്കിടയിൽ വലുപ്പത്തിൽ 109-ാം സ്ഥാനത്തും ജനസംഖ്യാടിസ്ഥാനത്തിൽ 94-ാം സ്ഥാനത്തുള്ള, ലിസ്ബൺ തലസ്ഥാനമായിട്ടുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് പോർച്ചുഗൽ. പോർച്ചുഗീസ് റിപ്പബ്ലിക്ക് എന്നാണ് ഔദ്യോഗിക നാമം. ഐബീരിയൻ പെനിൻസുലയുടെ തെക്കുപടിഞ്ഞാറായി സ്പെയിനിന്റെ പടിഞ്ഞാറും തെക്കും അറ്റ്ലാന്റിക് സമുദ്രത്തിന്റെയും അതിർത്തിയിലാണ് പോർച്ചുഗലിന്റെ പ്രധാന പ്രദേശം സ്ഥിതിചെയ്യുന്നത്. 1.04 കോടിയാണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ മുസ്‍ലിംകള്‍ നന്നേ ചെറിയ ന്യൂനപക്ഷമാണ്. 80.2% കത്തോലിക്കക്കാരാണ് 0.42% മാത്രമാണ് മുസ്‍ലിംകളുള്ളത്. പോർചുഗീസാണ് പോർച്ചുഗലിന്റെ ഔദ്യോഗിക ഭാഷ, എസ്‌കുടോയാണ് ഔദ്യോഗിക നാണയം. നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇവിടത്തെ പ്രധാന മതങ്ങളില്‍ ഒന്നായിരുന്നു ഇസ്‍ലാം.
ചരിത്രം
ക്രി. 711 മുതൽ 722 വരെ അറബിക് ഉമയ്യദ് ഖിലാഫതിന് കീഴില്‍ വന്ന പ്രദേശമായിരുന്നു ഇന്നത്തെ പോർച്ചുഗലും വിസിഗോത്തിക് സാമ്രാജ്യത്തിന്റെ ഭാഗങ്ങളും. ശേഷം അത് ബെർബെർ മൂറിഷ് സുൽത്താനേറ്റുകൾക്ക് കീഴിലായിരുന്നു. ക്രി. 1000 ആയതോടെ, ഇന്നത്തെ പോർച്ചുഗലിന്റെ ഭൂരിഭക്ഷ പ്രദേശങ്ങളും മൊണ്ടെഗൊ നദിയുടെ തെക്ക് ഭാഗവും, തുടര്‍ വര്‍ഷങ്ങളില്‍ അലെൻട്രേജോ, അൽഗാർവ് പ്രദേശങ്ങളും ഇസ്‍ലാമിക ഭരണത്തിന് കീഴിലായി. പിന്നീട് അരങ്ങേറിയ കുരിശ് യുദ്ധങ്ങളുടെ ഭാഗമായി, ക്രിസ്ത്യൻ സേനകൾ എല്ലാം തിരിച്ചുപിടിക്കുകയും അറബ്, ബെർബർ സേനകൾ 1200 കളിൽ അൽഗാർവിലേക്ക് പിൻവാങ്ങുകയും പതിമൂന്നാം നൂറ്റാണ്ടിൽ അമ്പേ പരാജയപ്പെടുകയും ചെയ്തു.
അടുത്ത രാജ്യമായ സ്പെയിനിന്റെ ഭാഗമായ അൻഡലൂഷ്യയിൽ 250 വർഷം വീണ്ടും മുസ്‍ലിം നിലനിന്നിരുന്നു. ഇത്, ക്രിസ്ത്യന്‍ ഭരണത്തിലും പോർച്ചുഗലിൽ ഇസ്‍ലാമിക സംസ്കാരത്തിന്റെ അടയാളങ്ങള്‍ ശേഷിക്കാന്‍ കാരണമായിട്ടുണ്ട്. ഇസ്‍ലാമിക കലയും അറബിക് സ്ഥാന നാമങ്ങളും വാക്കുകളും അവിടെ പിന്നെയും കുറെ കാലം കാണാമായിരുന്നു. ശേഷം അവയെല്ലാം ഇല്ലാതാക്കിയതും അലന്റ്റേജോ എന്ന സ്ഥലത്തെ മെർട്ടോളയിലെ പഴയ മുസ്‍ലിം പള്ളി അടക്കമുള്ള പലതും ക്രിസ്ത്യന്‍ പള്ളികളാക്കി മാറ്റിയതും റീക്വാണ്‍ക്വസ്റ്റ്യക്ക് ശേഷമായിരുന്നു.
അറബി ഭാഷ
ഐബീരിയൻ പെനിൻസുലയുടെ ചരിത്രത്തിലെ തങ്കത്താളുകളിൽ കൗതുകമായൊരു അദ്ധ്യായമാണ് പോർച്ചുഗീസും അറബിയും തമ്മിലുള്ള ചരിത്രപരവും ഭാഷാപരവുമായ ബന്ധം. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂർസ് എന്ന അറബി സംസാരിക്കുന്ന ഒരുകൂട്ടം മുസ്‍ലിംകള്‍ പെനിൻസുല കീഴടക്കാൻ തുടങ്ങിയതോടെയാണ് പോർച്ചുഗലില്‍ അറബി ഭാഷയുടെ സ്വാധീനം ആരംഭിച്ചത്. നാം ഉപയോഗിക്കാറുള്ള ചില പോർച്ചുഗീസ് വാക്കുകൾ അറബി ഭാഷയുമായി ബന്ധമുള്ളതാണ്. പോർച്ചുഗലിലെ ചില സ്ഥലങ്ങളുടെ പേരുകൾ അറബി ഭാഷയുമായി ബന്ധമുള്ളതാണ്. മൂറിഷ് വാസ്തുവിദ്യയും അവിടേക്ക് വരുന്നത് അക്കാലത്ത് തന്നെയായിരുന്നു.
നിലവില്‍ പോർച്ചുഗലും ഇസ്‍ലാമും
പോർച്ചുഗലില്‍ ഇന്ന് അധിവസിക്കുന്ന മുസ്‍ലിംകള്‍ നന്നേ ന്യൂനപക്ഷമാണെങ്കിലും, അവര്‍ മതസ്വാതന്ത്ര്യവും സാംസ്കാരിക സമൃദ്ധിയും ആസ്വദിക്കുന്നുണ്ട്. ആഗോള ഇസ്‍ലാമോഫോബിയയുടെ ഭാഗമായി ചില വെല്ലുവിളികൾ അവർ നേരിടുന്നുണ്ടെങ്കിലും വിശ്വാസപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തോടെ തന്നെയാണ് അവർ ഇന്ന് ജീവിക്കുന്നത്. നിലവിലെ പോർച്ചുഗീസ് ഭരണകൂടവും മതസ്വാതന്ത്ര്യത്തെ ഏറെ പിന്തുണക്കുന്നുണ്ട്.
2021 ലെ സെൻസസ് പ്രകാരം പോർച്ചുഗലിലെ ജനസംഖ്യയുടെ 0.4% മുസ്‍ലിംകളാണ്. ലിസ്ബൺ, പോർട്ടോ, അൽഗാർവ് എന്നി പ്രദേശങ്ങളിലാണ് ഇവർ കൂടുതലുള്ളത്. ഇന്ത്യ, സിറിയ, ഗിനിയ, മൊസാംബിക്ക്, പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിംകളും ഇക്കൂട്ടത്തിലുണ്ട്. ഇസ്‍ലാമിക മതപ്രവർത്തനങ്ങൾ നടത്തുന്ന പല പള്ളികളും ഇവിടെ കാണാം. ലിസ്ബണിലെ സെൻട്രൽ മസ്ജിദാണ് പോർച്ചുഗലിലെ ഏറ്റവും വലിയ പള്ളി.
മുസ്‍ലിം കുടുംബങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിന് നല്ല പ്രാധാന്യം നൽകപ്പെടുന്നുണ്ട്. മുസ്‍ലിം വനിതകളില്‍ നല്ലൊരു ഭാഗവും വിവിധ തൊഴിലുകള്‍ ചെയ്യുന്നവരാണ്. പോർച്ചുഗീസ് സമൂഹവും മുസ്‍ലിം സമൂഹവും തമ്മിൽ നല്ല സൗഹൃദ ബന്ധവും സൂക്ഷിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ കാരണം ചിലപ്പോൾ വംശീയതയും ഇസ്‍ലാമോഫോബിയയും നേരിടേണ്ടി വരുന്നുണ്ടെങ്കിലും, അവിടത്തെ മുസ്‍ലിം യുവാക്കളടങ്ങുന്ന സമൂഹം, രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം സജീവമാണ്.
Leave A Comment