ഫലസ്തീൻ- ഇസ്രായേൽ സംഘർഷം: ഹൂതികൾ അവസരം മുതലെടുക്കുകയാണോ?
പതിനയ്യയായിരത്തിൽ അധികം നിരപരാധികളുടെ ജീവനെടുത്ത ഇസ്രായേൽ നരനായാട്ട് തുടങ്ങിയതു മുതൽ സയണിസ്റ്റുകളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് യമനിലെ സായുധ വിഭാഗമായ ഹൂതികൾ. ഒക്ടോബർ 7 നു ശേഷം ബാബുൽ മന്ദബ് കടൽമുനമ്പിലൂടെ ഇസ്രായേലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പലുകളെ ആക്രമിക്കുകയും തടഞ്ഞു വെച്ച് ഇസ്രായേലിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ് ഇവര്‍. ചെങ്കടലും കടന്ന് ഇസ്രായേലിൽ നങ്കൂരമിടടേണ്ട ഈ കപ്പലുകൾ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിന് ഒരു വെല്ലുവിളിയായി തന്നെ തുടരും എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലുമായി ഏറ്റുമുട്ടുന്നതിന്റെ അനന്തര ഫലങ്ങളെ വകവെക്കാതെ അമേരിക്കൻ ഇസ്രായേൽ സഖ്യത്തെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന യമനിലെ ഹുതികളേയും യമനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാം.
യമനിലെ 35 ശതമാനം വരുന്ന ശിയാ സെയ്ദി വിശ്വാസം പിന്തുടരുന്ന ഒരു ഗോത്രമാണ് ഹൂതി. തങ്ങളെ അൻസാറുള്ള അഥവാ (അല്ലാഹുവിൻറെ സഹായികൾ) എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. വടക്കൻ യമനിൽ ശക്തമായ സ്വാധീനമുള്ള ഇവർക്ക് രാഷ്ട്രീയമായും ആത്മീയമായും നേതൃത്വം നൽകിയിരുന്ന ഇമാമൈറ്റ്, 1962ൽ സൈനിക അട്ടിമറിയോടെ താഴെ ഇറക്കപ്പെട്ടതോടെയാണ് സംഘർഷം തുടങ്ങുന്നത്.
സെയ്ദി വിശ്വാസത്തിന് സൗദി പിന്തുണയുള്ള സലഫി മിഷനറി പ്രവർത്തനം ഭീഷണിയായി കൊണ്ടിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഇവർ സെയ്ദി മൂല്യങ്ങളെ സംരക്ഷിക്കാൻ എന്ന പേരിൽ, 1980ല്‍ ഗവൺമെന്റിനെതിരെ നീക്കം തുടങ്ങി. 1990ല്‍ വടക്കൻ തെക്കൻ യമനുകളെ ഒരുമിച്ചുകൂട്ടി അറബ് റിപ്പബ്ലിക് ഓഫ് യമൻ നിലവിൽ വന്നതോടെ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവന്ന സെയ്ദികൾ മതപണ്ഡിതന്മാരും രാഷ്ട്രീയ പ്രമുഖരും അടങ്ങുന്ന അൽഹഖ് പാർട്ടി രൂപീകരിക്കുകയും യമനിലെ ഭരണകക്ഷിയായ ഇസ്‍ലാഹ് പാർട്ടിയുടെ പ്രതിപക്ഷം ആയി നിലകൊള്ളുകയും ചെയ്തു.
വാർ ഓൺ ടെറർ എന്ന പേരിൽ മുസ്‍ലിം രാജ്യങ്ങളിൽ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലിനെയും 2003ല്‍ അമേരിക്ക ഇറാഖിൽ നടത്തിയ അധിനിവേശത്തെയും പിന്തുണച്ച ഭരണകൂടത്തിനെതിരെ, സാമ്രാജ്യത്വ താല്പര്യങ്ങളെ പിന്തുണച്ച് പാരമ്പര്യ രീതികളെ തള്ളിപ്പറയുന്നു എന്ന കാരണത്താൽ പ്രതിഷേധങ്ങൾ ശക്തമാക്കി. പ്രതിഷേധം ശക്തമായതോടെ മുഹമ്മദ് അബ്ദുല്ല സാലിഹിന്റെ നേതൃത്വത്തിലുള്ള ഗവൺമെൻറ് തങ്ങൾക്കെതിരെ ഉയരുന്ന സ്വരങ്ങളെ അടിച്ചമർത്താനുള്ള ശ്രമം നടത്തുകയും 2004 ജൂണിൽ ഹൂതി നേതാവ് ഹുസൈൻ അൽ ഹൂതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട സായുധ പ്രതിരോധത്തിന് ശേഷം സെപ്റ്റംബറിൽ അദ്ദേഹം യമനി സൈനികരാൽ കൊല്ലപ്പെട്ടതോടെ ഇരു വിഭാഗവും തമ്മിലുള്ള പോരാട്ടം ശക്തമായി. വടക്കൻ യമനിൽ പ്രതിഷേധം കനത്തതോടെ ഭരണകൂടത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് തെക്കൻ യമനിലെ ജനങ്ങളും തെരുവിലിറങ്ങി. ഈജിപ്തിലും ടുണീഷ്യയിലും അറബ് വസന്തം വിജയിച്ചതോടെ യമനിലും പ്രസിഡന്റിന്റെ രാജിക്ക് വേണ്ടിയുള്ള മുറവിളി ശക്തമായി. അതോടെ 2011 നവംബറിൽ തന്റെ വൈസ് പ്രസിഡണ്ട് ആയിരുന്ന ഹാദി മൻസൂറിനെ ഭരണം ഏൽപ്പിച്ച് മുഹമ്മദ് സ്വാലിഹ് രാജിവെച്ചു.
പ്രസിഡന്റ് ആയി 2012 ൽ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി ചുമതല ഏറ്റു എങ്കിലും സാലിഹിന്റ ഭരണ കാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇസ്‍ലാഹ് പാർട്ടിയുടെ സ്വാധീനം വർദ്ധിക്കുകയാണ് ചെയ്തത്. 2017 ല്‍, അത് വരെ ഹൂതികൾക്ക് നൽകിപ്പോന്നിരുന്ന ഇന്ധന സബ്സിഡി ഒഴിവാക്കിയതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തലിലൂടെ നേരിട്ടതോടെ ഹുതിക്കൾ യമൻ തലസ്ഥാനമായ സൻഅ കീഴടക്കുകയും കൊട്ടാരത്തിലേക്ക് ഇരച്ച് കയറി ഹാദിയെ രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അവിടെ നിന്ന് രക്ഷപ്പെട്ട അദ്ദേഹം ഹൂതികളെ നേരിടാൻ സൗദി സഹായം ആവശ്യപ്പെടുകയും സൗദിയിൽ അഭയം തേടുകയും ചെയ്തു. സൗദിയുടെ പിന്തുണയോടെ യെമൻ സൈന്യം പോരാട്ടം കനപ്പിച്ചതോടെ മുൻ പ്രസിഡണ്ട് സാലിഹ് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധ അറിയിച്ചു എങ്കിലും ഡിസംബർ നാലിന് അദ്ദേഹം കൊല്ലപ്പെട്ടു. സൗദി സംഘർഷത്തിൽ ഇടപെട്ട് തുടങ്ങിയതോടെ സൗദിയുടെ എണ്ണപ്പാടങ്ങൾ വരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ അക്രമണങ്ങൾക്ക് ഇരയായി. ഇതോടെ ഇറാൻ ആണ് ഹൂത്തികൾക് പിന്തുണ നൽകുന്നത് എന്ന ആരോപിച്ച സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിഛേദിച്ചു.
ആയിരക്കണക്കിന് ജീവനുകൾ അപഹരിക്കുകയും അതിലേറെ പേരെ അഭയാർത്ഥികളാക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിച്ച് 2023ൽ സമാധാന കരാറിൽ ഒപ്പിടുകയും സൗദി സേന യമനിൽ നിന്ന് പിൻവാങ്ങുക എന്ന നിബന്ധനയോടെ ഇരുകക്ഷികൾക്കിടയില്‍ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. ഹൂതികളെയും സർക്കാരിനെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെൻറ് രൂപീകരിക്കാനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കെയാണ് ഇസ്രായേൽ ഹമാസ് പോരാട്ടത്തിൽ ഹൂത്തികളും പങ്കുചേരുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും വാണിജ്യ കപ്പലുകൾ തടഞ്ഞുവെച്ച ഹൂതികൾകെതിരെ അമേരിക്കയുടെ പ്രതികാര നടപടികൾ അതി രൂക്ഷമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ പിന്തുണയുള്ള ഹൂതികളെ ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് വളരെ വലിയ ഭീഷണി നേരിടേണ്ടി വരും എന്നതിനാലാണ് അമേരിക്ക നിലവിൽ പ്രതികരിക്കാതിരിക്കുന്നത്. മറ്റു അറബ് രാജ്യങ്ങളെല്ലാം മൗനം ദീക്ഷിച്ച് യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സാധ്യമാവുന്ന രീതിയില്‍ ഇസ്റാഈലിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിലൂടെ മേഖലയിൽ സ്വീകാര്യത വർധിപ്പിക്കാന്‍ ഹൂതികൾക് സാധിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് തന്നെയാവാം, ഇതിലൂടെ അവര്‍ ലക്ഷ്യം വെക്കുന്നതും.
Leave A Comment