എഴുപത് ദിവസം പിന്നിടുമ്പോള്‍ തൂഫാനുൽ അഖ്സ നേടിയത്

ബഹിഷ്കരണവും പ്രതിരോധവും കരാർ ചർച്ചകളും സമരങ്ങളുമടക്കം തൂഫാനുൽ അഖ്സയുടെ ബാക്കിപത്രങ്ങളാണ് ഈ വാരത്തിലെ മുസ്‍ലിം ലോക വിശേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒപ്പം ഈജിപ്തിലെ തെരഞ്ഞെടുപ്പും വലതുപക്ഷതീവ്ര ഭരണകൂട വളർച്ചയുടെ പുതിയ ഉദാഹരണമായ അർജന്റീനയും വാർത്തകളിൽ ഇടംപിടിക്കുകയുണ്ടായി. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങൾ വായിക്കാം. 

തൂഫാനുൽ അഖ്സയുടെ കണക്കെടുപ്പ്

തൂഫാനുല്‍അഖ്സയുടെ പേരില്‍ തുടങ്ങിയ സയണിസ്റ്റ് ക്രൂരതകള്‍ എഴുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. അവസാനമില്ലാത്ത സയണിസ്റ്റ് ക്രൂരതകളും വിജയമാണോ പരാജയമാണോ നേരിട്ടതെന്നറിയാതെ സങ്കീർണമായ കണക്കുകൂട്ടലിൽ കുഴങ്ങിയിരിക്കുന്ന സയണിസ്റ്റ് ശക്തിയും നഗ്നമായ മനുഷ്യത്വരഹിത നിലപാടുകൾക്ക് ചരിത്രവും പുതുതലമുറയും മാപ്പ്തരില്ലെന്ന ബോധ്യത്തിലെത്തിച്ചേർന്ന് നിസ്സഹായരായി നിൽക്കുന്ന പാശ്ചാത്യരാജ്യ തലവന്മാരും മനുഷ്യത്വത്തിനു വേണ്ടി ഫലസ്തീനിയൻ പതാകകളേന്തി തെരുവുകളെ സമരോത്സുകമാക്കുന്ന ആഗോളജനതയുമാണ് തൂഫാനുൽ അഖ്സയുടെ നിലവിലെ സാമൂഹിക ബാക്കിപത്രം. 

പതിനെട്ടായിരത്തോളം ഫലസ്തീനികളുടെ മരണത്തിനും ലക്ഷകണക്കിനാളുകളുടെ കുടിയേറ്റത്തിനും തീവ്രമായ പട്ടിണിക്കും സഹായതടസ്സങ്ങൾക്കും വെടിനിർത്തൽ കരാറിനും അമേരിക്കൻ ഹിപ്പോക്രസിക്കും ബഹിഷ്കരണ ആഹ്വാനങ്ങൾക്കും അറസ്റ്റുകൾക്കുമെല്ലാം തൂഫാനുൽ അഖ്സയുടെ മൂന്ന് മാസങ്ങളിൽ ലോകം സാക്ഷ്യം വഹിച്ചു. വംശീയഉന്മൂലനം നടത്തി പതിനായിരകണക്കിനു പേരെ വധിച്ചിട്ടും തങ്ങൾ പരാജിതരായി എന്ന ബോധ്യത്തിലാണ് ഇസ്രായേൽ എത്തിച്ചേരുന്നത്. അറേബ്യൻ സയണിസ്റ്റ് സ്നേഹത്തിന് വിലങ്ങിടാൻ സാധിച്ചതിലും ലോകരാജ്യങ്ങൾ മനപ്പൂർവം മറക്കാൻ ശ്രമിച്ച ഫലസ്തീനിയൻ വിഷയം ലോകത്തെ ഓർമിപ്പിച്ചതിനും അധിനിവേശവിരുദ്ധ പോരാട്ടത്തിന് ലോകത്താകമാനം പിന്തുണ നേടിയെടുക്കാൻ സാധിച്ചതിലും ഹമാസ് വിജയിച്ചു എന്ന് തന്നെ വേണം പറയാന്‍. തൂഫാനുൽ അഖ്സ ആഴത്തിലേൽപ്പിച്ച പ്രകമ്പനത്തിന്റെ കണക്കൂകൂട്ടലുകളാണ് ലോകരാജ്യങ്ങൾ ഇനി നടത്താനിരിക്കുന്നത്.

വിജയിക്കുന്ന ബഹിഷ്കരണങ്ങൾ

ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിനെതിരെയും ഫലസ്തീനിയൻ കൂട്ടക്കൊലക്ക് കൂട്ടുനിന്ന പാശ്ചാത്യരാജ്യങ്ങൾക്കെതിരെയും സാധ്യമായ ഏത് പ്രതിഷേധത്തിനും രോഷപ്രകടനത്തിനും തയ്യാറായ മനോഭാവമാണ് ആഗോളതലത്തില്‍ തന്നെ നിലനിൽക്കുന്നത്. അത്തരത്തിൽ ആഗോളസമൂഹം ഒന്നടങ്കം ഏറ്റെടുത്ത പ്രതിഷേധമുറകളിലൊന്നായിരുന്നു ഇസ്രായേൽ അനുകൂല ഉത്പന്നങ്ങളുടെ ബഹിഷ്കരണം. ഫലസ്തീൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഡിഎസ് മൂവ്മെന്റ് നേതൃത്വം നൽകിയ ബഹിഷ്കരണ മുന്നേറ്റങ്ങൾ ഫലം കണ്ടുവെന്നതാണ് വസ്തുത. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മക്ഡൊണാൾഡിന് വൻ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏറ്റവും പുതുതതായി വന്ന റിപ്പോർട്ട് പ്രകാരം ആഗോള ബിവറേജ് കമ്പനിയായ സ്റ്റാർബക്ക്സ്, സംഘർഷത്തിനു ശേഷം 12 ബില്ല്യനാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇസ്രായേൽ ഫുട്ബോൾ ടീമിന്റെ സ്പോണ്ഷർഷിപ്പിൽ നിന്നും ആഗോള ബ്രാൻഡായ പ്യൂമ പിന്മാറുകയും ചെയ്തു. ഗസയിലെ കൂട്ടക്കുരുതിയെ പരിഹസിച്ച് കഫൻ പുടവയെ പ്രതീകാത്മകമായി ചിത്രീകരിച്ച് പുറത്തുവന്ന പ്രമുഖ വസ്ത്ര ബ്രാൻഡായ സാറയുടെ പരസ്യത്തിനെതിരെ വമ്പൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സാറ വിവാദപരമായ പരസ്യം പിന്നീട് പിൻവലിക്കുകയുമുണ്ടായി. ഇത്തരത്തിൽ സമ്മർദശ്രമങ്ങളും ബഹിഷ്കരണ മുന്നേറ്റങ്ങളും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും വിശാല സാധ്യതകള്‍ തുറന്നിടുന്നത് ഒരിക്കല്‍ കൂടി ലോകം ദര്‍ശിച്ചു.

ഒടുവിൽ അംഗീകാരം

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ടും ഗസ്സയിലേക്ക് ആവശ്യസാധനങ്ങളും സഹായങ്ങളും എത്തിക്കുന്നതിനു വേണ്ടിയും ഐക്യരാഷ്ട്ര സഭയിൽ ആവിഷ്കരിക്കപ്പെട്ടിരുന്ന കരാറുകൾ അമേരിക്ക വീറ്റോ ചെയ്തത് മുമ്പ് ചർച്ചയായിരുന്നു. എന്നാൽ ഏറ്റവും അവസാനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിച്ച ഗസ്സയിലെ അടിയന്തിര വെടിനിർത്തൽ കരാറിനുള്ള കരട് ബില്ലിനെ അധിക രാജ്യങ്ങളും അനുകൂലിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള 153 രാജ്യങ്ങൾ കരാറിനെ അനുകൂലിച്ചപ്പോൾ അമേരിക്കയും ഓസ്ട്രിയയുമടക്കമുള്ള പത്ത് രാജ്യങ്ങൾ കരാറിനെ എതിർക്കുകയും 23 രാജ്യങ്ങൾ വോട്ടിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് കരാർ നിർദേശിക്കുന്നത്. പക്ഷേ, ചിതയും വഞ്ചനയും മാത്രം കൈമുതലായുള്ള, മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന ഇസ്റാഈലിന്റെ നിലപാട് എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

സീസിക്ക് എതിരാളികളില്ല

ഈജിപ്ത് മറ്റൊരു ദേശീയ തെരഞ്ഞെടുപ്പിന്റെ വക്കിലാണ്. എന്നാൽ സാധാരണ തെരഞ്ഞെടുപ്പിൽ കാണാറുള്ളത് പോലെയുള്ള പ്രചാരണചൂടോ ആരവങ്ങളോ ആവേശമോ കൈറോയിൽ കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പിൽ സീസിക്കുള്ള വ്യക്തമായ അപ്രമാദിത്വം തന്നെ കാരണം. എതിർ സ്ഥാനാർത്ഥികളാകട്ടെ ഈജിപ്ഷ്യൻ ജനതക്കിടയിൽ പരിചിതമായ മുഖങ്ങളുമല്ല. ഭരണത്തിലേറിയതിനു ശേഷം ഭരണക്കൂടത്തിനെതിരെ വരുന്ന എത്ര ചെറിയ എതിർപ്പുകളും അടിച്ചമർത്തുന്നതിൽ സീസി പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. സീസിയെ നേരിട്ടെതിർക്കുന്നതിൽ നിന്ന് ഭയം പലരെയും പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധയിൽ കഴിയുന്ന രാജ്യമാണ് നിലവിൽ ഈജിപ്ത്. പണപ്പെരുപ്പവും ദാരിദ്ര്യനിരക്കും റെക്കോർഡ് നിലയിലാണ്. എന്നാൽ കാര്യമായ പ്രതിഷേധങ്ങളോ എതിർപ്പുകളോ കുറവാണ് താനും. കൂടാതെ, തെരഞ്ഞെടുപ്പിനേക്കാൾ ഫലസ്തീൻ-ഇസ്രായേൽ സംഘർഷമാണ് നിലവിൽ ഈജിപ്തിലെ മുഖ്യചർച്ചാവിഷയം. ഫലസ്തീൻ വിഷയം ആധിപത്യം പുലർത്തുന്ന പൊതുചർച്ചകൾക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയും വികസനവും ചർച്ചയാകാതെ പോകുന്നത് സീസിക്ക് വലിയ അനുഗ്രഹമാണ്. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ, വരുന്ന തെരഞ്ഞെടുപ്പിൽ സീസി പുഷ്പം പോലെ ജയിക്കുമെന്ന് നിസ്സംശയം പറയാം.

സയണിസ്റ്റ് വഴിയിൽ അർജന്റീനയും

നെതർലാന്റിലെ തീവ്ര മുസ്‍ലിം വിരുദ്ധനായ ഗീർട്ട് വൈൾഡേയ്സിനെ കുറിച്ച് മുമ്പ് ഈ പംക്തിയിൽ എഴുതിയിരുന്നു. സമാനമായി തീവ്രവലതുപക്ഷ സർക്കാറുകളുടെ നവആഗോള ക്രമത്തിലെ വർധിച്ചുകൊണ്ടിരിക്കുന്ന അധികാരാരോഹണത്തിന്റെ മറ്റൊരു സാക്ഷ്യമായി അർജന്റീനയും മാറിയിരിക്കുകയാണ്. പിങ്ക് ടൈഡെന്ന പേരിൽ സോഷ്യലിസ്റ്റ് പാർട്ടികൾ നിരന്തരം ഭരണത്തിലേറിയിരുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഹാവിയെർ മിലെയുടെ തീവ്രവലതുപക്ഷ സർക്കാറാണ് അവസാനമായി അധികാരത്തിലേറിയിരിക്കുന്നത്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷ സമയത്താണ് ഹാവിയേർ മിലേയുടെ തീവ്രതയുടെ ആഴം കൂടുതൽ വെളിവാക്കപ്പെട്ടത്. ഗസ്സയുടെ മേൽ നിരുപാധികം ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന് ഇസ്രായേലിന് പൂർണപിന്തുണ നൽകിയ അദ്ദേഹം സ്വയം സയണിസ്റ്റായി വിശേഷിപ്പിക്കുന്ന വ്യക്തികൂടിയാണ്. നിലവിൽ അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലുമടക്കം ക്രിസ്ത്യൻ സയണിസ്റ്റുകൾ സംഘടിതമായി വളർന്നുകൊണ്ടിരിക്കുകയാണ്. ഡൊണാൾഡ് ട്രംപും ജോ ബൈഡനുമടക്കം പല ലോകരാഷ്ട്രങ്ങളുടെ ഭരണകർത്താക്കളും ഇത്തരത്തിൽ ക്രിസ്ത്യൻ സയണിസ്റ്റുകളിൽ പെട്ടവരാണെന്നതാണ് യാഥാർത്ഥ്യം.

ഹൂതികളുടെ വരവ്

ഹമാസും ഹിസ്ബുള്ളയും ഇറാനും നിറഞ്ഞുനിന്നിരുന്ന ഇസ്രായേൽ വിരുദ്ധ പ്രതിരോധ പ്രത്യാക്രമണ ചർച്ചകളിലേക്ക് യെമൻ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ശിയാക്കളായ ഹൂതികളും ചേർന്നിരിക്കുകയാണ്. ചെങ്കടൽ വഴി ഇസ്രായേലിലേക്ക് പോകുന്ന ചരക്കുക്കപ്പലുകളും മറ്റും പിടിച്ചടക്കുന്ന പദ്ധതിയാണ് ഹൂതികളുടേത്. അവസാനമായി ഇസ്രായേലിലേക്ക് എണ്ണകൊണ്ടുപോവുകയായിരുന്ന നൊർവീജിയൻ വാണിജ്യകപ്പൽ മിസൈൽ വിക്ഷേപിച്ച് പിടിച്ചെടുത്തരിക്കുകയാണ് ഹൂതികൾ. ഹൂതികളുടെ സൈനികമായ ഫലസ്തീൻ ഐക്യദാർഢ്യ നീക്കങ്ങൾ സംഘർഷങ്ങളെ കൂടുതൽ സങ്കീർണമാക്കി മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter