പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
ജന. സെക്രട്ടറി പദം അലങ്കരിച്ച കാലാവധി(1951-57)
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപക പ്രസിഡണ്ടുമായിരുന്ന പറവണ്ണ അബ്ദുല്‍ ബശീര്‍ കെ.പി.എ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സുന്നത്ത് ജമാഅത്തിന്റെ മുന്നണീപ്പോരാളിയായിരുന്നു.1898ല്‍ താനൂരിന് സമീപമുള്ളപറവണ്ണയിലാണ് മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ജനിക്കുന്നത് മരക്കാരകത്ത് കമ്മദലി, അയനിക്കാട് പറമ്പില്‍ കുട്ടിആയിശമ്മ എന്നിവരാണ് മതാപിതാക്കള്‍
പ്രാഥമിക പഠനം നാട്ടില്‍ വെച്ച് തന്നെയായിരുന്നു. ശേഷം പറവണ്ണ ദര്‍സില്‍ ചേര്‍ത്തു. പിന്നീട് മണ്ണാര്‍ക്കാട് ദര്‍സില്‍ ചാലിലകത്തിന്റെയും കുട്ടായി ദര്‍സില്‍ ബാവമുസ്‌ലിയാരുടെയും കൂടെ ഓതിപ്പഠിച്ചു. തുടര്‍ന്ന് വെല്ലുര്‍ ലത്വീഫിയ്യയില്‍ ഒരുവര്‍ഷവും ബാഖിയാത്തില്‍ മുന്ന് വര്‍ഷവും പഠിച്ച് ബിരുദമെടുത്തു. ബാഖിയ്യാത്തില്‍ ആദ്യമായി മലയാളിവിദ്യാര്‍ത്ഥി സമാജം രൂപീകരിച്ചത് പറവണ്ണയായിരുന്നു. സമാജത്തിന്റെ പ്രഥമ പ്രസിഡണ്ടും മഹാന്‍ തന്നെയായിരുന്നു.
പഠന ശേഷം ആദ്യമായി പറവണ്ണയില്‍ ദര്‍സാരംഭിച്ചു. പള്ളിയോടനുബന്ധിച്ച് ദര്‍സിനുവേണ്ടി മദ്രസ്സത്തുന്നൂരിയ്യ സ്ഥാപിച്ചു. 1928 ലാണിത് സ്ഥാപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കും താമസ സൗകര്യവും ഖുതുബ്ഖാനായും ഇവിടെ അദ്ദേഹം ഏര്‍പ്പെടുത്തി. രണ്ട് വര്‍ഷം അദ്ദേഹം തന്നെയായിരുന്നു മുദരിസ്സ്.
പുലിക്കല്‍, കണ്ണുര്‍, പെരിങ്ങത്തൂര്‍, പറമ്പത്ത്, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളിലും മുദരിസ്സായി സേവനം ചെയ്തു. കെ.കെ ഹസ്രത്ത്, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കക്കോവ് എപി അഹ്‌മ്മദ് കുട്ടി മുസ്‌ലിയാര്‍, ചമ്മലശ്ശേരി എന്‍.പി ഇബ്രാഹിം മുസ്‌ലിയാര്‍, ജാമിഅ പിന്‍സിപ്പാലായിരുന്ന കെ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ മഹാന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.
പുത്തനാശയക്കാരുടെ പേടിസ്വപ്നമായിരുന്നു പറവണ്ണ. കാര്യവട്ടം സമ്മേളനത്തിലൂടെയാണ് മൗലാനാ പറവണ്ണ സമസ്തയുടെ നേതൃരംഗത്തെത്തുന്നത്. സമ്മേളനത്തില്‍ വെച്ച് വൈസ്പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പട്ടു. 1951 മാര്‍ച്ച് 24ന് വടകര സമ്മളനത്തോടനുബന്ധിച്ച് ചേര്‍ന്ന മുശാവറായോഗത്തില്‍ വെച്ച് സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് തീരിമാനമായതും മൗലാനാ പറവണ്ണയെ കണ്‍വീനറായി തെരെഞ്ഞെടുക്കപ്പെട്ടതും ആ യോഗത്തില്‍ വെച്ചുതന്നെയായിരുന്നു. മൗലാനാ പറവണ്ണ പ്രഥമ പ്രസിഡണ്ടായികൊണ്ടാണ് ബോര്‍ഡ് നിലവില്‍ വന്നത്.
കാര്യവട്ടം സമ്മേളനത്തില്‍ വെച്ച് സംഘടനാപ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനായി രൂപീകൃതമായ ഇശാഅത്ത് കമ്മറ്റിയുടെ കണ്‍വീനര്‍ മഹാനായ പറവണ്ണ തന്നെയായിരുന്നു. 1945 ആഗസ്റ്റ് ഒന്നാം തിയ്യതിയിലെ മുശാവറയോഗം സമസ്തക്ക് കീഴില്‍ അറബി മലയാളത്തിലും, മലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കന്‍ തീരുമാനിക്കുകയും പത്രാധിപരായി പറവണ്ണയെ തെരെഞ്ഞെടുക്കുകയും ചെയ്തു. 1948 ഫെബ്രുവരി 8ന് ചേര്‍ന്ന മുശാവറയോഗം സമസ്തക്ക് വേണ്ടി ഒരു പ്രസ്സുവാങ്ങാന്‍ തീരുമാനിക്കുകയും മൗലാനാ പറവണ്ണയുള്‍പ്പെടെയുള്ള ഏഴംഗ മാനേജിംഗ് കമ്മറ്റിയെ തെരെഞ്ഞെടുക്കുകയും ചെയ്തു.
1954 ഫെബ്രവരി ആറിന് ചേര്‍ന്ന മുശാവറ ഇസ്‌ലാഹില്‍ ഉലൂം അതിന്റെ മാനേജിംഗ് കമ്മറ്റിയില്‍നിന്നും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കോളേജ് ആരംഭിച്ചപ്പോള്‍ അതിന്റെ മാനേജറായി നിയമിതനായതും മൗലാന തന്നെയായിരുന്നു.സമസ്ത ജനറല്‍ സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്, അല്‍ബയാല്‍ പത്രാധിപര്‍, ഇസ്‌ലാഹുല്‍ ഉലും മാനേജര്‍ എന്നീ പദവികളെല്ലാം വഹിച്ചരുന്ന അദ്ദേഹം രോഗബാധിതനായപ്പോള്‍ 1957 ഫെബ്രുവരി 23ന് ചേര്‍ന്ന മുശാവറയോഗത്തില്‍ പ്രസ്തുത പദവികളെല്ലാം ഒഴിയുകയായിരുന്നു.
അതിനെ തുടര്‍ന്ന ജനറല്‍ സെക്രട്ടറി സ്ഥാനം ശംസുല്‍ ഉലമായെയും പത്രാധിപസ്ഥാനം കോട്ടുമല ഉസ്താതിനെയും ഇസ്‌ലാഹുല്‍ ഉലൂംമാനേജര്‍ പദവി കെ.വി ഉസ്താദ് കുറ്റനാടിനെയും ചുമതലപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാരും തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട് മാഹാനവര്‍കള്‍. ബോര്‍ഡിന്റെ തുടക്കത്തില്‍ മദ്രസാ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നതും മദ്രസകളില്‍ വിസിറ്റും പരീക്ഷയും നടത്തിയിരുന്നതും ആ മഹാന്‍ തന്നെയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ മദ്രസ്സ സ്ഥാപിക്കുകയും അവയെ ബോര്‍ഡിനെ കൊണ്ട് അംഗീകരിപ്പിക്കാനും ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട് മഹാന്‍. മദ്രസ്സ അംഗീകരണം തുടങ്ങിയപ്പോള്‍ ഒന്നാം നമ്പറായി അംഗീകരിച്ചത് മൗലാന അബ്ദുല്‍ ബാരിമുസ്‌ലിയാര്‍ മേല്‍നോട്ടം വഹിച്ചിരുന്ന വാളക്കുളം പുതുപ്പറമ്പില്‍ ബയാനുല്‍ ഇസ്‌ലാം മദ്രസയും രണ്ടാം നമ്പറായി അംഗീകരിക്കപ്പെട്ടത് മൗലാനാ പറവണ്ണ സ്ഥാപിച്ച പറവണ്ണയിലെ മദ്രസ്സത്തുല്‍ ബനാത്തും ആയിരുന്നു.
അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, ഫാര്‍സ്, തുടങ്ങിയഭാഷകള്‍ കൈകാര്യം ചെയ്തിരുന്നു മഹാനവറുകള്‍. അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നൂറുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു മലയാള മാസിക അദ്ദേഹം നേരിട്ടുനടത്തിയിരുന്നു. അല്‍ ബയാനിലും നൂറുല്‍ ഇസ്‌ലാമിലും മഹാനെഴുതിയ ലേഖനങ്ങള്‍ ഏറെ പഠനാര്‍ഹമായിരുന്നു.
പറവണ്ണയില്‍ നിന്ന് തന്നെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ആറ് ആണ്‍മക്കളും ആറ് പെണ്‍മക്കളുമുണ്ട്. ആഗോള രംഗത്ത് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഷീര്‍ മൗലവി മൗലാന പറവണ്ണയുടെ മൂന്നാമത്തെ മകനാണ്.1957 ജൂണിലാണ് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമക്ക് വേണ്ടി ജീവിതമുഴിഞ്ഞ്‌വെച്ച സുന്നത്ത് ജമാഅത്തിന്റെ ഈ പടയാളി വഫാത്താവുന്നത്. പറവണ്ണ ജുമാമസ്ജിദിനോടടുത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.
Leave A Comment