പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി

പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി

ജന. സെക്രട്ടറി പദം അലങ്കരിച്ച കാലാവധി(1926-51)

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ് കോഴിക്കോട് പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി, വരക്കല്‍ തങ്ങള്‍ പ്രസിഡണ്ടും, പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരും, മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരും, ഫള്ഫരി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും വൈസ് പ്രസിഡണ്ടുമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ജനറല്‍ സെക്രട്ടറിയാവണമെങ്കില്‍ അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും മനസ്സിലാക്കാവുന്നതേയുള്ളൂ. 1950 വരെ ആസ്ഥാനത്ത് തുടരുകയും ചെയ്തിട്ടുണ്ട് മഹാനവര്‍കള്‍. ഹിജ്‌റ 1300 ല്‍ (എഡി. 1881) കോഴിക്കോടാണ് ജനനം. കോഴിക്കോട് മുച്ചുന്തി പള്ളിദര്‍സിലും വാണയമ്പാടി അറബി കോളേജിലുമാണ് പഠനം നടത്തിയത്. മൗലാന അഹ്‌മദ് കോയ ശാലിയാത്തി ഇദ്ദേഹത്തിന്റെ സഹപാഠിയാണ്. അറബി ഭാഷയില്‍ അഗ്രേസരനായിരുന്ന മഹാന്‍ ഡിഗ്രികളൊന്നുമില്ലാതെ അദ്ദേഹം കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളിലും ഗണപതി ഹൈസ്‌കൂളിലും അറബി അധ്യാപകനായി ജോലിചെയ്തു.

ഫറോക്ക് സമ്മേളനം, മീഞ്ചന്ത സമ്മേളനം, കാര്യവട്ടം സമ്മേളനം അടക്കമുള്ള 1926 മുതലുള്ള എല്ലാ സമ്മേളനങ്ങളുടെയും റിപ്പോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതില്‍ മഹാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അല്‍ ബയാന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ പ്രിന്ററും പബ്ലിഷറും, മാനേജറുമെല്ലാം പി.കെ മുഹമ്മദ് മൗലവിയായിരുന്നു. സമസ്തയുടെ വളാഞ്ചേരി സമ്മേളന റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചതും പഴയ അല്‍ ബയാന്റെ താളുകളില്‍ കാണാവുന്നതാണ്. 1950 ഡിസംബര്‍ 12 ന് തന്റെ 70-ാം വയസ്സിലാണ് മഹാനവര്‍കള്‍ വഫാത്താവുന്നത്. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം മക്കള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ കിതാബുകളും പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് നല്‍കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter