ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍

 ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍

(ജന. സെക്രട്ടറി പദം അലങ്കരിച്ച കാലാവധി(1957-96))  

ചില സംഘടനകളെ വ്യക്തികളുമായി ചേര്‍ത്ത് പറയുന്നത് പുരാതനകാലം മുതല്‍ക്കേ തുടര്‍ന്ന് പോരുന്നുണ്ട്. സംഘടനയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു എന്നതാണ് ഈ ചേര്‍ത്ത്‌വെപ്പിന്റെ പ്രധാനഘടകമായി ഗണിക്കാറുള്ളത്. ഇത്തരം അനുഗ്രഹീത സ്ഥാനം അലങ്കരിക്കാന്‍ സൗഭാഗ്യം ലഭിച്ചവരായിരുന്നു മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍.

അറേബ്യയില്‍ നിന്നും നേരിട്ട് ഇസ്‌ലാമിക ബന്ധംപുലര്‍ത്തിയ കേരളത്തിന് വരദാനമായിലഭിച്ച യമനീ പരമ്പര്യത്തിന്റെ കൈവഴികളില്‍ പ്രധാനിയായിട്ടാണ് ശംസുല്‍ ഉലമ കടന്ന് വരുന്നത്. 17-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യമനിലെ തരീമില്‍ നിന്നും മുഹമ്മദ് കോയ എന്ന മഹാന്‍ കോഴിക്കോട് കപ്പലിറങ്ങിയത്. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ട കോയക്കുട്ടി മുസ്‌ലിയാരുടെയും അടിയോട്ടില്‍ അബുബക്കറിന്റെ മകള്‍ ഫാത്തിമ്മയുടെയും സന്തതിയായി എ.ഡി 1914-ല്‍ എഴുത്തച്ഛന്‍ കണ്ടി തറവാട്ടിലാണ് ശൈഖുനാ ശംസുല്‍ ഉലമ ജനനം കൊള്ളുന്നത്. മഹാനെ കുടാതെ ഉമര്‍, ഉസ്മാന്‍, അലി, അഹ്‌മദ്, ഹസന്‍ മുസ്‌ലിയാര്‍, അബ്ദുല്ല എന്നീ പ്രഗത്ഭരായ ഏഴ് ആണ്‍മക്കളും ആമിന, ആയിശ എന്നീ രണ്ട് പെണ്‍ക്കളുമാണ് ഈ ദാമ്പത്യത്തില്‍ ഉണ്ടായിരുന്നത്.

പഠനഘട്ടം
അപാരമായ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് ചെറുപ്രായത്തിലെ കഴിവുതെളിയിച്ച മഹാന്‍ ശാഫീ ഇമാം(റ)യെ ഓര്‍മിപ്പിക്കുന്ന ബുദ്ധിവൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. സ്വപിതാവില്‍ നിന്ന് മത പഠനമാരംഭം കുറിച്ച മഹാന്‍ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും, മാത്രമല്ല കേള്‍ക്കുന്നതെന്തും മനഃപാഠമാക്കാനുള്ള അഭൂത പൂര്‍വ്വമായൊരു കഴിവ് മഹാനില്‍ കുടികൊണ്ടിരുന്നു. ചെറുപ്രായത്തിലെ പഠിക്കാന്‍ പ്രത്യേക ഉല്‍സാഹം കാണിച്ച മഹാന്‍ പറയത്തക്ക യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് വീട്ടില്‍ നിന്നു 9 കിലോമീറ്റര്‍ കടന്ന് 1922-ല്‍ കോഴിക്കോട്ടെ കാതിരിക്കോയ ഹാജിയുടെ സ്‌കൂളില്‍ ചെന്നാണ് പഠനം ടത്തിയിരുന്നത്.

സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ വീട്ടില്‍ വെച്ച് മതപഠനം നടത്താനും മഹാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു. അക്കാലത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠനം തുടര്‍ന്ന മഹാന്‍ പുസ്തക വായനയിലായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഒരിക്കല്‍ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ മഹാന്റെ റൂമില്‍ ഹൃസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ ഇംഗ്ലീഷിലുള്ള ബൃഹത്തായ കൃതികള്‍ കണ്ടെത്തുകയുണ്ടായി. ഈ അവസരത്തില്‍ പിതാവ് മകന്റെ ഈ പോക്കില്‍ അപകടം കണ്ടെത്തുകയും മകന്റെ ഈ പഠന വൈഭവത്തെ ഇസ്‌ലാമിക ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തു. മഹാന്റെ പണ്ഡിത ഔന്നത്യത്തിലേക്കുള്ള ഒരു വഴിത്തിരിവായി ഈ സംഭവം മാറിയതായാണ് ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാനാവുന്നത്.

1929-30 കാലത്താണ് സൂഫീ വര്യനായ സി.എം വലിയുല്ലാഹിയുടെ പിതാവ് സി.എം കുഞ്ഞിമായിന്‍ കോയ മുസ്‌ലിയാരുടെ സുപ്രസിദ്ധ ദര്‍സായ മടവൂര്‍ പള്ളിദര്‍സില്‍ മഹാനവറുകള്‍ ദര്‍സീപഠനത്തിന് പ്രരംഭം കുറിക്കുന്നത്. ശേഷം മാട്ടൂര്‍,കാപ്പാട്, മട്ടന്നൂര്‍, വാഴക്കാട് തുടങ്ങി അക്കാലത്തെ പ്രസിദ്ധമായ ദര്‍സില്‍ നിന്നും മഹാപണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം കരഗതമാക്കാനും മഹാനായി.

അക്കാലത്ത് അറിയപ്പെട്ട ജ്ഞാനപടുക്കളില്‍ നിന്നെല്ലാം മഹാനവറുകള്‍ വിജ്ഞാനം കരഗതമാക്കി ശിഷ്യത്വം സ്വീകരിച്ചിരുന്നു.അവരില്‍ പ്രധാനികളായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍, അഹ്‌മദ്മുസ്‌ലിയാര്‍ ശാലിയാത്തി, ശൈഖ് അബ്ദുറഹിം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്.

ഉപരിപഠനം/ ഭാഷാപരിജ്ഞാനം
വന്ദ്യഗുരുവര്യരില്‍ നിന്നും ആശിര്‍വാദങ്ങളേറ്റുവാങ്ങിയ മഹാന്‍ അവരുടെ ശക്തമായ ആവശ്യം മാനിച്ച് ഉപരിപഠനാശ്യാര്‍ത്ഥം 1937 ല്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക് പോയി. മത പഠനത്തോടോപ്പം ഭാഷാ പഠനത്തിലും പ്രത്യേക ശ്രദ്ധചെലുത്തിയ മഹാന്‍ ഒട്ടനവധി ഭാഷകള്‍ ഗ്രഹ്യമായിരുന്നു. ക്ലാസില്‍ വൈദേശിക ഭാഷയായ പാര്‍സിയും സുരിയാനിയും സ്വയത്തമാക്കാന്‍ മഹാനവര്‍കള്‍ക്കായി. കുടാതെ അറബിയും ഇംഗ്ലീഷും ഉറുദുവും മലയാളവും സംസ്‌കൃതവും തുടങ്ങി എണ്ണമറ്റ ഭാഷകളില്‍ നല്ല പരിജ്ഞാനവുമുണ്ടായിരുന്നു.

പണ്ഡിതന്മാര്‍ പഴഞ്ചന്മാരായും ലോകം തിരിച്ചറിയാത്തവരായും ചിത്രീകരിക്കുന്ന ഘട്ടത്തിലാണ് ഈ ഭാഷകളെല്ലാം മഹാന്‍ അനായാസം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാന്റെ പാണ്ഡിത്യ ഗഹനത നമുക്ക് ഗ്രഹിക്കാനാവുന്നത്. പണ്ഡിതന്മാരെ ഭാഷാപഠന വിരുദ്ധരായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ശംസുല്‍ ഉലമ.

ഭാഷാ പഠനത്തില്‍ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും മഹാന്‍ എന്നും ഒരുപടി മുമ്പിലായിരുന്നു. എഴുത്തിലും പ്രസംഗത്തിലും സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുക്കാന്‍ മഹാനായി. ആകര്‍ഷകവും ഗഹനവുമായ ആ പ്രഭാഷണങ്ങള്‍ സ്മസ്തയുടെയും ഇസ്‌ലാമിന്റെയും ശത്രുക്കളുടെയും മര്‍മത്തില്‍ കുത്തിനോവിക്കുന്ന അസ്ത്രമായിരുന്നുവെന്നതാണ് നേര്. പ്രസംഗകലയിലെ സാമ്രാട്ടായി വാണിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരരോടൊപ്പം ജൈത്രയാത്ര നടത്തുകയും ബിദ്അത്തിനെതിരെ കേരളത്തില്‍ ഒന്നടങ്കം ആഞ്ഞടിക്കാനും മഹാന് സാധിച്ചു.

അഭിനവവാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഫറോക്കില്‍  ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്. കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു. 

ഇസ്‌ലാമിനെ വെല്ലുവിളിച്ച് ക്രൈസ്തവര്‍ മലപ്പുറം മഞ്ചേരിയില്‍ തടിച്ചുകൂടിയപ്പോള്‍ മഞ്ചേരി സഭാഹാളില്‍വെച്ച് നടത്തിയ സുവ്യക്തവും സുഗ്രാഹ്യവുമായി ശംസുല്‍ ഉലമയുടെ  പ്രസംഗത്തിന് മുമ്പില്‍ ക്രിസ്ത്യാനികള്‍ പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു.സുരിയാനി ഭാഷയില്‍ അവതരിച്ച ബൈബിള്‍ സുരിയാനി ഭാഷയില്‍ തന്നെ വായിച്ച് പഴയനിയമവും പുതിയ നയവുമെന്ന രണ്ട് നിയമസംഹതകളുടെ സാധുതയെ ചോദ്യംചെയ്ത മഹാന്‍ നടത്തിയ പ്രസംഗ ക്രസ്ത്യാനിസത്തിന്റെ അടിക്കല്ലിളക്കുന്നതായിരുന്നു.
 
അധ്യാപനഘട്ടം
ഉന്നത പഠനാവശ്യാര്‍ത്ഥം ബാഖിയാത്തിലേക്ക് പോയ മഹാന്‍ അത്ഭുതാവഹമായ പാണ്ഡിത്യം പ്രകടിപ്പിച്ചതിന്റെ ഫലമായി 1940 - 48 വരെ അവിടെ അധ്യാപകനായി സേവന മനുഷ്ഠിക്കാന്‍ അവസരം ലഭിച്ചു. ശാഫി മദ്ഹബിന്റെ മുഫ്തിയായി ആ ഉന്നത മത കലാലയത്തില്‍ ചെറുപ്രായത്തില്‍ തന്നെ മഹാന്‍ നിയമിതനായി. ഇസ്‌ലാമിലെ സങ്കീര്‍ണമായ അനന്തരവകാശ നിയമത്തിന്റെ മേധവിയായും മഹാനെ നിയമിച്ചത് അദ്ദേഹത്തിന്റെ വിജ്ഞാനത്തിലുള്ള ഗഹനതയെ ബോധ്യപ്പെടുത്തുന്നതാണ്.

1948 ല്‍ വസൂരി രോഗം ബാധിച്ചതിനാല്‍ ബാഖിയാത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു. ശേഷം ആറു മാസക്കാലം കോഴിക്കോട് ജെ. ഡി. റ്റിയില്‍ ഉറുദു അധ്യാപകനായി തുടര്‍ന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇസ്‌ലാമിക ജ്ഞാനം പകര്‍ന്ന് നല്‍കാന്‍ അതിയായി ആഗ്രഹിച്ച മഹാന്‍ കേരളത്തില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയുണ്ടായി. തളപ്പറമ്പ്, കരുവന്‍തുരുത്തി, പടന്ന, മാടായി, പാറക്കടവ്, പൂച്ചക്കാട്, തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ദര്‍സുകളില്‍ പ്രധാനപ്പെട്ടവയാണ്. മാത്രമല്ല. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ജാമിഅ നൂരിയ്യ പട്ടിക്കാട്, നന്തിദാറുസലാം, എന്നീ ഉന്നത അറബിക് കോളേജുകളിലും വര്‍ഷങ്ങളോളം മഹാനവര്‍കള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇക്കാലയളവില്‍ സമൂഹത്തിനും സമൂദായത്തിനും ഉപകാരപ്പെടുന്ന ഒട്ടനവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ മഹാനായി, കേരളത്തിലെ മത-സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ ഉന്നത പദവിയലങ്കരിച്ച പ്രമുഖരെല്ലാം ഇദ്ദേഹത്തിന്റെ, ശിഷ്യഗണങ്ങളില്‍ പ്രാധാനികളായിരുന്നു. മഹാനായ സയ്യിദ് അബ്ദുറഹിമാന്‍, കെ. സി അബ്ദുല്ല മൗലവി, സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, മൗലാനാ കെ. കെ അബൂബക്കര്‍ ഹസ്രത്ത്, സി. എം വലിയുല്ലാഹി എന്നിവര്‍ ഈ ഗണത്തില്‍പെടുന്നു. കേരളത്തില്‍ ദീനീ ചൈതന്യം നിലനിര്‍ത്തുന്നതില്‍ ആ മഹാന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. മഹാനായ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും കൂടെ ജാമിഅ അറബിക് കോളേജ് സ്ഥാപിക്കുന്നതില്‍ തീവ്രപരിശ്രമം നടത്തുകയായിരുന്നു മഹാന്‍. ജാമിഅയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന മഹാന്‍ 1963 - 1977 വരെ ജാമിഅയുടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.

1950 ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18 ാം വാര്‍ഷിക സമ്മേളനത്തോടെ സമസ്തയിലേക്ക് പ്രവേശിച്ച മഹാന്‍ 1957 ല്‍ പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ തന്റെ 43 ാം വയസ്സില്‍ സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി നിയമിതനായി. 39 വര്‍ഷക്കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ടു. ശൈഖുനാ ശംസുല്‍ ഉലമ 1966 ആഗസ്തില്‍ നിര്യാതനായി. കോഴിക്കോട് പുതിയങ്ങാടി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter