ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ 

(ജന.സെക്രട്ടറി പദം അലങ്കരിച്ച കാലാവധി 1996-2016)

അക്ഷര വൃത്തങ്ങളിലൊതുങ്ങാത്ത വിശേഷണങ്ങള്‍ക്കുടമയാണ് ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന കര്‍മ്മ ശാസ്ത്ര വിശാരദന്‍. മുസ്‌ലിം കൈരളിയുടെ ആശാ കേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃസ്ഥാനത്ത് കാലങ്ങളോളം വിരാജിച്ചപ്പോഴും വിനയത്തിന്റെ ആള്‍ രൂപമായി അറിവിന്റെ ആഴങ്ങളെ കണ്ടനുഭവിച്ചറിഞ്ഞ ആ മഹാപണ്ഡിതന്‍ ചരിത്രത്തിന്റെ പുതു അധ്യായങ്ങള്‍ രചിച്ച് സമൂദായത്തിന്റെ പ്രതീക്ഷയും ആവേശവുമായി നിറഞ്ഞൊഴുകി.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രസിദ്ധമായ ഖാസിയാരകം പള്ളിക്ക് സമീപം അനുഗൃഹീത പണ്ഡിത കുടുംബത്തില്‍ ഹിജ്‌റ 1356 റജബ് 21-നാണ് ശൈഖുനാ ജനിക്കുന്നത്. സൂഫീ വര്യനും പണ്ഡതനുമായ ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ പിതാവും മൊറയൂരിലെ ബംഗളത്ത് മൊയ്തീന്‍ കുട്ടിയുടെ മകള്‍ പാത്തുണ്ണി മാതാവുമാണ്. പിതാമഹന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും പ്രപിതാമഹന്‍ ചെറുശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാരും സൂഫിസത്തിന്റെ അകസാരങ്ങളറിഞ്ഞ പണ്ഡിതരായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ മാപ്പിളമാരുടെ ആവേശമായി നിന്ന ചെറശ്ശേരി അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ പിതാമഹന്റെ സഹോദരനായിരുന്നു. ഇദ്ദേഹം വാഴക്കാട് ദാറുല്‍ ഉലൂമിലെ ആദ്യകാല പ്രിന്‍സിപ്പലും മൗലാനാ കണ്ണിയത്തടക്കമുള്ള പണ്ഡിത ലോകത്തെ സുഗന്ധ സൂനങ്ങളുടെ ഗുരുവര്യുമായിരുന്നു. പിതാവ് കണ്ണിയത്തുസ്താദിന്റെ സതീര്‍ത്ഥ്യനായിരുന്നു.

ഉസ്താദ് പ്രഥമമായി അറിവ് നുകര്‍ന്നത് പിതാവിന്റെ അടുക്കല്‍ വെച്ച് തന്നെയാണ്. വീടിനടുത്തുള്ള ഖാളിയാരകം പള്ളിയിലായിരുന്നു പിതാവ് ദര്‍സ് നടത്തിയിരുന്നത്. 8 വര്‍ഷം അവിടെ ഓതിപ്പഠിച്ചു.
ജീവതത്തില്‍ ഒട്ടനവധി കറാമത്തുകള്‍ പ്രകടിപ്പിച്ച മഹാന്‍ കൂടിയാണ് പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. ഉസ്താദ് പിതാവിന്റെ പല കാര്യങ്ങളും ജീവിതകാലത്ത് ആവേശത്തോടെ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. പിതാവിന്റെ മരണ സന്ദര്‍ഭത്തില്‍ സഹോദരന്‍ തഹ്‌ലീല്‍ ചൊല്ലിക്കൊടുത്തപ്പോള്‍ ചിരിച്ച് കൊണ്ട് പറഞ്ഞെത്രേ 'ലാഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊണ്ടിരിക്കണമെന്നാണോ നീ വിചാരിച്ചത്? ആരുടെയെങ്കിലും അവസാനവാക്ക് ലാഇലാഹ ഇല്ലല്ലാ എന്നായാല്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു എന്നാണ് ഹദീസുലുളളത്.' വല്ല ഇടപാടുകളും ബാക്കിയുണ്ടോ എന്നന്വേഷിച്ചപ്പോള്‍ പിതാവ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. 'ഞാനൊരാളെയും ചീത്ത പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഒരാളോടും പൊരുത്തപ്പെടീക്കാനും ഒരാള്‍ക്ക് നയാപൈസ പോലും കടം കൊടുക്കാനുമില്ല. പലരും എനിക്ക് തരാനുണ്ട്. അത് വിട്ടു വീഴ്ച ചെയ്തിരിക്കുന്നു.'

പിതാവിന്റെ നേര്‍പതിപ്പ് തന്നെയായിരുന്നു മകനും. പിതാവിന്റെ ദര്‍സില്‍ നിന്നും വിട്ടശേഷം മഞ്ചേരിയില്‍ ഓവുങ്ങല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷവും ചാലിയത്ത് ഒ. കെ സൈനുദ്ധീന്‍ മുസ്‌ലിയാരുടെ കീഴില്‍ ഒരു വര്‍ഷവും പഠിച്ചിട്ടുണ്ട്.
പഠനകാലത്തെ പോലെത്തന്നെ സുകൃതം ചെയ്ത അധ്യാപന ജീവിതമാണ് ചെറുശ്ശേരി ഉസ്താദിന്റത്. മഞ്ചേരിയില്‍ ദര്‍സ് പഠനം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോള്‍ പിതാവ് രോഗ ബാധിതനായിരുന്നു. അങ്ങനെ പിതാവിന്റെ താല്‍പര്യപ്രകാരം കൊണ്ടോട്ടിക്കടുത്ത നെടുയിറയില്‍ തന്റെ 22ാം വയസ്സില്‍ ദര്‍സ് തുടങ്ങി.  നീണ്ട 20 വര്‍ഷം അവിടെ മുദരിസായി അറിവിന്റെ ലോകത്തെ സൂര്യതേജസ്സായി തെളിഞ്ഞു നിന്നു. ശേഷം ചെമ്മാട് ദര്‍സ് ഏറ്റെടുത്തു. മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ചെമ്മാടെത്തുന്നത്. 18 വര്‍ഷത്തോളം ചെമ്മാട് ദര്‍സ് നടത്തി. തുടര്‍ന്നാണ് ശൈഖനാ ദാറുല്‍ ഹുദയിലെത്തുന്നത്. 1994 ലാണിത്. എങ്കിലും എം. എം ബഷീര്‍ മുസ്‌ലിയാരുടെ വഫാത്തോടെത്തന്നെ ഉസ്താദ് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിയമിതനായിരുന്നു.  ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായുയര്‍ന്ന ദാറുല്‍ഹുദയുടെ പ്രോ ചാന്‍സ്‌ലറായിരുന്നു ശൈഖുനാ.1974 മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് കേരളം കണ്ട എക്കാലത്തെയും മികച്ച കര്‍മ്മ ശാസ്ത്ര വിശാരദന്മാരലെരാളായ ചെറുശ്ശേരി ഉസ്താദ് സമസ്തയുടെ നേതൃരംഗത്ത് സജീവമാകുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹം ഫത്‌വാ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. ഫത്‌വാ കമ്മിറ്റിക്ക് മുമ്പിലെത്തുന്ന പല സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും ഫത്‌വ കണ്ടെത്താനുള്ള ഉത്തരവാദിത്വം കണ്ണിയ്യത്തടക്കമുള്ള ഉന്നത പണ്ഡിതന്മാര്‍ അക്കാലത്ത് തന്നെ ശൈഖുനായെ ഏല്‍പിക്കുമായിരുന്നു. ഇടക്കാലത്ത് അല്പകാലം സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സ്ഥാനത്തും മഹാന്‍ അലങ്കരിച്ചു.

1996-ല്‍ ശംസുല്‍ ഉലമയുടെ വഫാത്തോടെയാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. മരണത്തിന് മുമ്പ് തന്നെ അടുത്ത സെക്രട്ടറി ആരായിരിക്കണമെന്നതിന്റെ സൂചന ശംസുല്‍ ഉലമ സമൂഹത്തിന് നല്‍കിയിരുന്നു. സമസ്തയുടെ 70 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉല്‍ഘാടന പ്രസംഗം കഴിഞ്ഞ് തന്റെ കസേരയില്‍ ചെറുശ്ശേരി ഉസ്താദിനെ പിടിച്ചിരുത്തിയാണ് ഇ. കെ ഉസ്താദ് വേദിവിട്ടത്. ഇത് സമൂഹത്തിനുള്ള കൃത്യമായ സൂചനായിയിരുന്നു. അപ്രകാരം തന്നെ തന്റെ അന്ത്യനാളുകളില്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സംയുക്ത മഹല്ല് ജമാഅത്തിന്റെ ഖാളിസ്ഥാനമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു ഭാരവാഹികളോട് ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാരെ നിയമിച്ചോളു എന്നായിരുന്നു പ്രതികരണം. ഇതും തന്റെ പിന്‍ഗാമി ആരാവണമെന്നതിന്റെ അടയാളമായിരുന്നു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് പുറമെ ഫത്‌വ കമ്മിറ്റി കണ്‍വീനര്‍, സുന്നീ മഹല്ല് ഫെഡറേഷന്‍ പ്രസിഡണ്ട്, വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡണ്ട്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ ശൈഖുനാ വഹിച്ചിരുന്നു്. അത്‌പോലെത്തന്നെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പലമഹല്ലുകളിലെയും ഖാളി സ്ഥാനവും ശൈഖുനാ അലങ്കരിച്ചിരുന്നു. 
കണ്ണിയത്തുസ്താദും ശംസുല്‍ ഉലമയും വാര്‍ധക്യ കാലത്ത് കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ചെറുശ്ശേരി ഉസ്താദിനെയായിരുന്നു ഏല്‍പിച്ചിരുന്നത്. പാണക്കാട് കുടുംബവുമായി പൂകോയതങ്ങളുടെ കാലത്ത് തുടങ്ങിയ ബന്ധം അഭേദ്യമായി വഫാത്ത് വരെ തുടര്‍ന്നിരുന്നു. 

ജീവിതത്തില്‍ സൂക്ഷമതയുടെ പര്യായമാണ് ഉസ്താദവര്‍കള്‍. ഫത്വകള്‍ നല്‍കുമ്പോള്‍ വളരെ സൂഷ്മമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാറുള്ളൂ. ത്വലാഖ് വിഷയത്തില്‍ മൊഴി എഴുതി പാക്കി ഉറപ്പിച്ച ശേഷം മാത്രമേ വിധി പറയാറുള്ളൂ.
സുന്നത്ത് ജമാഅത്തിന്റെ ആധികാരിക ശബ്ദമായ കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ അവസാന തീര്‍പ്പായി സമസസ്തയുടെ ശക്തി സ്രോതസ്സായി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രവര്‍ത്തന ഗോഥയിലെ വിനയത്തിന്റെയും താഴ്മയടെയും അടയാളമായി മഹാനവര്‍കളുടെ വഫാത്ത് വരെ ജ്വലിച്ച് നിന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter