വിശേഷങ്ങളുടെ ഖുർആൻ: (13) ഖുർആൻ ഇന്ത്യൻ ഭാഷകളിൽ
ഖുർആൻ ഇന്ത്യൻ ഭാഷകളിൽ
പ്രശസ്ത ഇന്ത്യൻ പണ്ഡിതനും ചരിത്രകാരനുമായ സയ്യിദ് സുലൈമാൻ നദ് വി എഴുതുന്നു: ആയിരത്തിൽ പരം വർഷങ്ങൾക്ക് മുമ്പ് ഒരു ഹിന്ദു രാജാവിൻ്റെ നിർദേശപ്രകാരം ഹിന്ദിയിലോ സിന്ധിയിലോ വിശുദ്ധ ഖുർആൻ്റെ തർജമ തയ്യാർ ചെയ്തിരുന്നുവെന്ന് കേട്ടാൽ വിശ്വാസം വരു
മോ? ഹിജ്റ 270 (ക്രി. 883) ൽ അൽറാ (അലൂർ - സിന്ധ് )യിലെ രാജാവ് മഹറോഗ്, അദ്ദേഹത്തിൻ്റെ അധികാര പരിധി കശ്മീരിൻ്റെയും പഞ്ചാബിൻ്റെയും ഇടയിലായിരുന്നു. ഇന്ത്യയിലെ എണ്ണപ്പെട്ട രാജാക്കൻമാരിലൊരാളായ അദ്ദേഹം സിന്ധി ലെ മൻസൂറയുടെ ഗവർണർ അബ്ദുല്ലാഹിബ് നി ഉമർ ബിൻ അബ്ദുൽ അസീസിന് കത്തെഴുതി. 'ഞങ്ങൾക്ക് ഹിന്ദിയിൽ ഇസ് ലാമിനെ വിവരിച്ചു തരാൻ പറ്റിയ ഒരാളെ പറഞ്ഞയക്കണം.'
അന്ന് മൻസൂറയിൽ ഇറാഖ് സ്വദേശിയായ ഒരാളുണ്ടായിരുന്നു. സഹൃദയനും വിവേകശാലിയും കാവ്യസിദ്ധിയുടെ ഉടമയുമായ അദ്ദേഹം, ഇന്ത്യയിൽ ജീവിച്ചു വളർന്നതിനാൽ വിവിധ ഇന്ത്യൻ ഭാഷകൾ അറിയാമായിരുന്നു. ഗവർണർ അദ്ദേഹത്തോട് രാജാവിൻ്റെ ആഗ്രഹം അറിയിച്ചപ്പോൾ അയാൾ അതിന് തയ്യാറായി. മുന്നോടിയായി രാജാവിന് അവിടത്തുകാരുടെ ഭാഷയിൽ ഒരു കാവ്യം എഴുതി അയച്ചു. കവിത വായിച്ചു കേട്ടപ്പോൾ രാജാവിന് ഇഷ്ടമായി. രാജാവ് യാത്രാ ചെലവ് കൊടുത്തയച്ചു അദ്ദേഹത്തെ ദർബാറിലേക്ക് വിളിപ്പിച്ചു. മൂന്ന് വർഷം അവിടെ കഴിച്ചു കൂട്ടി. രാജാവിൻ്റെ താൽപര്യപ്രകാരം ഹിന്ദിയിൽ ഖുർആൻ്റെ തർജമ തയ്യാറാക്കി നൽകി. ദിവസേന രാജാവ് പരിഭാഷ വായിച്ചു കേൾക്കുകയും അത്യധികം സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു." (ഇന്തോ-അറബ് ബന്ധങ്ങൾ, മലയാള പതിപ്പ്, പേജ്: 175)
ഒമ്പതാം നൂറ്റാണ്ടിലെ പേർഷ്യൻ സഞ്ചാരിയായ ബുസുർഗ് ബിൻ ശഹ്രിയാർ തൻ്റെ അജായിബുൽ ഹിന്ദ് എന്ന അറബി യാത്രാവിവരണ ഗ്രന്ഥത്തിൽ ഒരു കശ്മീരി രാജാവിൻ്റെ നിർദ്ദേശ പ്രകാരം ഖുർആൻ പരിഭാഷ തയ്യാറാക്കിയ കാര്യം പറയുന്നുണ്ട്. ( ജമ്മു കശ്മീർ ഇസ് ലാമിക് റിസർച്ച് സെൻററിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് വിക്കിപീഡിയ)
സിന്ധി ഭാഷയിൽ വേറെയും 11 പരിഭാഷകൾ ഇറങ്ങിയ വിശദാംശങ്ങൾ വിക്കിപീഡിയ നൽകിയിട്ടുണ്ട്.
അറബിഭാഷയും സംസ്കൃതവും തമ്മിൽ നൂറ്റാണ്ടുകളുടെ ആദാന പ്രദാന ബന്ധമുണ്ട്. അബ്ബാസീ ഭരണ കാലത്ത് നിരവധി സംസ്കൃത പണ്ഡിറ്റുകൾ ബഗ്ദാദിൽ വന്നു താമസിക്കുകയും വിവിധ ഇന്ത്യൻ ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു. മഹാഭാരതം അടക്കമുള്ള കൃതികൾ അറബിയിലേക്ക് തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. ( ഇന്തോ-അറബ് ഖന്ധങ്ങൾ കാണുക, പേജ്: 125) സ്വാഭാവികമായും വിശുദ്ധ ഖുർആൻ അക്കാലത്ത് തന്നെ സംസ്കൃതത്തിലേക്ക് കടന്നു ചെന്നിരിക്കണം. പക്ഷെ, ചരിത്രപരമായി തെളിയിക്കപ്പെടേണ്ടതുണ്ട്.
എന്നാൽ അടുത്ത കാലത്തായി ഒന്നിലധികം ഖുർആൻ പരിഭാഷകൾ സംസ്കൃതത്തിൽ ഇറങ്ങിയിട്ടുണ്ട്. 1945ൽ രാഹുൽ സംകൃത്യൻ എന്നയാൾ മൊഴിമാറ്റം നടത്തി. 2010 ൽ റസിയ സുൽത്താന എന്ന മുസ് ലിം വനിത ഖുർആൻ്റെ സംസ്കൃത പരിഭാഷ തയ്യാറാക്കി ഇറക്കി. അത് പോലെ 2015ൽ മഹാരാഷ്ട്രയിലെ വർളി സ്വദേശിയായ പണ്ഡിറ്റ് ഗുലാം ദസ്തഗീർ സംസ്കൃതത്തിൽ ഖുർആൻ ഭാഷ്യം ഇറക്കി. സംസ്കൃത ഭാഷയിൽ അഗാധജ്ഞാനം നേടിയ ചുരുക്കം മുസ് ലിം ബുദ്ധിജീവികളിലൊരാളാണ് പണ്ഡിറ്റ് ദസ്തഗിർ.
ഇനി ഹിന്ദിയിലേക്ക് കടന്നാൽ നാം നേരത്തേ സൂചിപ്പിച്ച പരിഭാഷ ഹിന്ദിയാണോ സിന്ധിയാണോ എന്ന് തീർച്ചയില്ല. പക്ഷെ, ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയിൽ ഇരുപതാം നൂറ്റാണ്ടിന് മുമ്പ് ഹിന്ദി -ഉർദു എന്ന വേർതിരിവുണ്ടായിരുന്നില്ല. മുസ് ലിം ഭരണ കാലത്ത് ഇന്ത്യയിലെത്തിയ വിവിധ രാജ്യക്കാർ മുഖേന ഇന്ത്യയിൽ അന്ന് നിലവിലുണ്ടായിരുന്ന കഡിബോലി, ബോജ്പൂരി, മൈഥിലി ഭാഷക്കാരുമായി അറബി / പേർഷ്യൻ ഭാഷാപ്രയോഗങ്ങൾ തമ്മിലുണ്ടായ സമ്പർക്കത്തിലൂടെയാണ് ഹിന്ദുസ്ഥാനി എന്ന പ്രത്യേക ഭാഷ രൂപപ്പെട്ടത്. ഈ ഭാഷ പേർഷ്യൻ സ്വാധീനം കാരണം അതേ ലിപിയിലാണ് എഴുതപ്പെട്ടിരുന്നത്.
Also Read:വിശേഷങ്ങളുടെ ഖുർആൻ: (12) ഖുർആൻ ലോക ഭാഷകളിൽ
എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഹിന്ദുക്കളിൽ ഒരു വിഭാഗം ഇതേ ഭാഷ ദേവന ഗിരി ലിപിയിൽ എഴുതിത്തുടങ്ങി. അങ്ങനെ ഹിന്ദു-മുസ് ലിം സമ്പർക്കത്തിലൂടെ രൂപപ്പെട്ട ഹിന്ദുസ്ഥാനി ഭാഷ രണ്ട് കൈവഴികളിലൂടെ ഒഴുകിത്തുടങ്ങി. ദേവനഗിരി ലിപിയും പേർഷ്യൻ ലിപിയും. ഇന്ത്യയിൽ ഹൈന്ദവ വ്യക്തിത്വവും സംസ്കാരവും തനിമയോടെ നിലനിൽക്കണമെന്ന അഭിമാനബോധം ഒരു വിഭാഗത്തെ ഹിന്ദുസ്ഥാനി ഭാഷയെ കൂടു സംസ്കൃതവൽക്കരിച്ച് അറബി പേർഷ്യൻ ബന്ധമില്ലാതെ സ്വയം പര്യാപ്ത ഹിന്ദി ഭാഷയാക്കി ഉയർത്തിക്കൊണ്ട് വരാനും അതിനെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കി മാറ്റാനും വേണ്ടിയുള്ള ശ്രമങ്ങൾ ഊർജിതമാക്കി.
അങ്ങനെ 1920- 30 കളിൽ വലിയ ചർച്ചകളും കോലാഹലങ്ങളും ഈ വിഷയത്തിൽ നടന്നു. ഒടുവിൽ ഹിന്ദി രാജ്യത്തിൻ്റെ പൊതു ഭാഷയാക്കി അംഗീകരിപ്പിക്കുന്നതിൽ ആർ എസ് എസ് പിൻബലത്തോടെ ഒരു വിഭാഗം വിജയിച്ചു. സ്വാഭാവികമായും പേർഷ്യൻ ലിപിയിൽ നിലനിന്ന ഹിന്ദുസ്ഥാനി ഉർദു (തുർക്കി ഭാഷയിൽ പട്ടാള കേമ്പ് എന്ന് അർത്ഥം) എന്ന പേരിലും അറിയപ്പെട്ടു. ക്രമേണ അത് ഭരണഭാഷയും പൊതു ഭാഷയും എന്ന പദവി നഷ്ടപ്പെട്ട് മുസ് ലിംകളുടെ നഷ്ടപ്രതാപത്തിൻ്റെ സ്മാരക ഭാഷയായി ഒതുങ്ങി.
ആ നിലയ്ക്ക് ഉർദു വിൽ മുമ്പ് വന്ന പരിഭാഷകളുടെ തുടർച്ചയായി വേണം ഹിന്ദിയിലെ ഭാഷ്യങ്ങളെ കാണാൻ. 1910 ൽ അഹ് മദ് രിസാ ഖാൻ ബറേൽവിയുടെ കൻ സുൽ ഈമാൻ എന്ന ഉർദു ഖുർആൻ പരിഭാഷയുടെ ഹിന്ദി പതിപ്പ് ഇറങ്ങി. അത് പോലെ മൗലാനാ അർഷദ് മദനിയുടെ ഉർദു പരിഭാഷയുടെ ഹിന്ദി പതിപ്പ് 1991 ൽ പുറത്തിറങ്ങി. വേറെയും ഏതാനും പരിഭാഷകൾ ഹിന്ദിയിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. മൊത്തം ഏഴിൽ കൂടുതൽ കാണുമെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.
എന്നാൽ ഉർദു ഭാഷ ഇന്ത്യയിൽ മാത്രമല്ല, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലടക്കം പ്രചാരം ഉള്ള ഭാഷയായതിനാൽ അതിൽ ധാരാളം ഖുർആൻ ഭാഷ്യങ്ങൾ ഇറങ്ങുകയുണ്ടായി. ഖാസി മുഹമ്മദ് മൂസം സമ്പലിയുടെ ഒരു പരിഭാഷ ക്രി. 1719ൽ ഇറങ്ങിയതായി കാണുന്നു. അത് തനി ഉർദു വിലാണെന്ന് പറഞ്ഞു കൂടാ. അറബി - ഫാർസി മിശ്രിത ഭാഷയാണത്. 1737 ൽ ഒരു പരിഭാഷ ഇറങ്ങിയതായി കാണുന്നുണ്ടെങ്കിലും കർത്താവ് അജ്ഞാതനാണ്. തുടർന്നു ഒന്ന് രണ്ട് ഭാഷ്യങ്ങൾ കയ്യെഴുത്തു പ്രതികൾ ചില ലൈബ്രറികളിൽ കണ്ടെത്തിയിട്ടുണ്ട്. വെളിച്ചം കണ്ടിട്ടില്ല.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രം 35 ൽ പരം ഉർദു പരിഭാഷകൾ ഇറങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഷാഹ് റഫീഉദ്ദീൻ മുഹദിസ് ദഹ് ലവി (1840), നവാബ് ഖുതുബുദ്ദീൻ ഖാൻ ബഹാദുർ ദഹ് ലവി (1866), കനയ്യ ലാൽ ലഖ്ദാരി (1882), മൗലാനാ സനാഉ ല്ലാഹ് അമർതസരി (1895), മൗലവി ഹമീദുല്ലാഹ് മീററ്റി (1897) .തുടങ്ങിയവരുടെ കൃതികൾ ഉൾപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിൽ 66 ൽ പരം വിവർത്തനങ്ങൾ ഉർദുവിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇവരിൽ മൗലാനാ അബ്ദുൽ ബാരി ഫറങ്ക് മഹലി,സയ്യിദ് മുംതാസ് അലി ദയൂബന്തി, മൗലാനാ അബുൽ കലാം ആസാദ്, സയ്യിദ് അബുൽ അഅലാ മൗദൂദി, മൗലാനാ വഹീദുദ്ദീൻ ഖാൻ തുടങ്ങിയവരുടെ കൃതികൾ ഉൾപ്പെടുന്നു. ഇതിൽ ആസാദിൻ്റെ തർജുമാനുൽ ഖുർആൻ പൂർണമല്ല. നാല് വാള്യങ്ങളിലായി അന്നൂർ അധ്യായം അടക്കമുള്ള ഭാഗം മാത്രമേ പൂർത്തിയാക്കിയുള്ളൂ. മാറി മാറി ജയിലുകളിൽ കഴിയേണ്ടിവന്നതിനാൽ പലവട്ടം കയ്യെഴുത്തു പ്രതികൾ നഷ്ടപ്പെട്ടു വീണ്ടും എഴുതിയാണ് ഇത്രയും മുഴുമിച്ചത്. ഫാതിഹ മാത്രം പ്രത്യേകം ഒരു വാള്യത്തിൽ വിവരിച്ചിട്ടുണ്ട്.
പേർഷ്യൻ ഭാഷ ഇപ്പോൾ ഇന്ത്യൻ ഭാഷകളിൽ പെടില്ലെങ്കിലും ദീർഘകാലം അത് ഇന്ത്യയുടെ ഭരണഭാഷയായിരുന്നു. ഒട്ടേറെ ഇന്ത്യക്കാർ പേർഷ്യൻ ഭാഷയിൽ അവഗാഹം നേടുകയും ഗ്രന്ഥങ്ങളും കവിതകളും രചിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പേർഷ്യനിലെ ഖുർആൻ പരിഭാഷകളെയും നമുക്ക് ഈ അധ്യായത്തിൽ ചർച്ച ചെയ്യാം. അറബി ഭാഷയ്ക്ക് ശേഷം ആദ്യമായി ഖുർആൻ മൊഴിമാറ്റം ചെയ്യപ്പെട്ടത് പേർഷ്യനിലേക്കാണന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
പ്രമുഖ സ്വഹാബീവര്യനായ സൽമാനുൽ ഫാരിസി സാഹസികമായി തിരുനബി സവിധത്തിലെത്തി ഇസ് ലാം സ്വീകരിക്കുകയായിരുന്നല്ലോ. തുടർന്നു അദ്ദേഹം ഫാത്വിഹയുടെ ആശയം തൻ്റെ മാതൃഭാഷയിലാക്കി തിരുനബിയെ കേൾപ്പിച്ചപ്പോൾ അവിടന്ന് സന്തോഷം പ്രകടിപ്പിച്ചത്രെ. അങ്ങനെ തൻ്റെ ജനതയ്ക്കത് വിവരിച്ചു കൊടുത്തു. തുടർന്നു ഒട്ടേറെ പ്രമുഖ വ്യക്തികൾ പേർഷ്യനിലേക്ക് ഖുർആൻ മൊഴിമാറ്റം നടത്തി. 60 ൽ പരം വിവർത്തനങ്ങൾ പേർഷ്യനിൽ ഇറങ്ങിയതായാണ് കണക്ക്. ഭാഗികമായുള്ള വ വേറെയും. ഇന്ത്യൻ പണ്ഡിതനായ ഷാഹ് വലിയ്യുല്ലാഹി ദ്ദഹ് ലവി പേർഷ്യനിൽ ഖുർആൻ വ്യാഖ്യാനം നടത്തിയിട്ടുണ്ട്.
അത് പോലെ ബംഗാളി, ഗുജറാത്തി, ആസാമി, തമിഴ്, മലയാളം, കന്നട, തെലുഗു, കശ്മീരി തുടങ്ങിയവയടക്കം മിക്ക പ്രാദേശിക ഇന്ത്യൻ ഭാഷകളിലും ഖുർആൻ ഭാഷ്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബംഗാളി ഭാഷയിൽ പശ്ചിമ ബംഗാളിൽ നിന്നും ബംഗ്ലാദേശത്തു നിന്നും പരിഭാഷകൾ ഇറങ്ങിയിട്ടുണ്ട്. തെലുഗിലും കന്നടയിലും 8 വീതം ഭാഷ്യങ്ങൾ ഇറങ്ങിയ കണക്ക് ലഭിക്കുന്നുണ്ട്. ആസാമി പണ്ഡിതൻ ഇംഗ്ലീഷിൽ ഖുർആൻ വ്യാഖ്യാനം ഇറക്കിയിട്ടുണ്ട്. തമിഴിൽ അഞ്ചോളം വ്യാഖ്യാനങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ ഒന്ന് മൗലവി എ കെ അബ്ദുൽ ഹമീദ് ബാഖവിയുടെതാണ്. തമിഴ് നാട് മുസ് ലിം ലീഗ് പ്രസിഡൻറായിരുന്ന എ.കെ. അബ്ദുസ്സമദ് സാഹിബിൻ്റെ പിതാവാണദ്ദേഹം. ഇന്ത്യൻ ഭാഷകളിലെ പരിഭാഷകളിൽ മൗദൂദി സാഹിബിൻ്റെ തഫ്ഹീമുൽ ഖുർആൻ്റെ വിവർത്തനവും ഉൾപ്പെടുന്നു.
ഒരു ഘട്ടത്തിൽ നീണ്ട കാലം വിവിധ മുസ് ലിം വംശങ്ങളുടെ ഭരണത്തിലായിരുന്ന ഗുജറാത്തിൽ ഉന്നതരായ പല പണ്ഡിതരും ജീവിച്ചിരുന്നു. മൗലാനാ നദ് വിയുടെ പിതാവ് സയ്യിദ് അബ്ദുൽ ഹയ്യ് അൽ ഹസനി ഗുജറാത്തിൻ്റെ ഇസ് ലാമിക പാരമ്പര്യത്തെപ്പറ്റി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അവിടെ ഗുജറാത്തി ഭാഷയിൽ ഇറങ്ങിയ അഞ്ചിൽ പരം ഖുർആൻ വ്യാഖ്യാനങ്ങളെ പറ്റി വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇനി നമുക്ക് മലയാള ഭാഷയിലെ പരിഭാഷാ ചരിത്രം പരിശോധിക്കാം.
(കടപ്പാട്:ചന്ദ്രിക ദിനപത്രം)
Leave A Comment