അമേരിക്കൻ ഖുർആൻ; വ്യാഖ്യാനത്തിന്റെ വിഭിന്നാവിഷ്കാരം
പി.ജി അവസാന വർഷം ഒരു പ്രൊജക്റ്റ് സമർപ്പിക്കുന്നതിന്റെ ഭാഗമായുള്ള തിരച്ചിലിലാണ് അമേരിക്കൻ ഖുർആൻ എന്ന തീർത്തും വ്യത്യസ്തമായ ഒരു വ്യാഖ്യാനത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. മുമ്പെങ്ങും ദൃശ്യമാവാതിരുന്ന വ്യാഖ്യാന ശൈലി ആയതിനാൽ തന്നെ ആദ്യ വായനയിൽ തന്നെ വല്ലാതെ ആകര്‍ഷിച്ചു.
ലോസ് ആഞ്ചല്‍സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആർട്ടിസ്റ്റായ സാന്റോ ബിർക്ക് (1962) നിർവഹിച്ച ഖുർആൻ വ്യാഖ്യാനത്തിന്റെ ഇല്ലുസ്ട്രേറ്റഡ് വെർഷനാണ് അമേരിക്കൻ ഖുർആനെന്ന് ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം. എന്നാൽ ഓരോ ചിത്രീകരണങ്ങളിലും ആശയ പ്രപഞ്ചങ്ങൾ ഒളിപ്പിച്ചു വെച്ച ഒരു കനപ്പെട്ട രചനയാണതെന്ന് ആഴപ്പരപ്പിലേക്കിറങ്ങുമ്പോൾ ബോധ്യപ്പെടും. വിശുദ്ധ ഖുർആൻ അറബി ഭാഷയിൽ അവതീർണമായതിനാൽ തന്നെ ഭാഷാന്തരം ചെയ്യുമ്പോൾ അതിന്റെ അകസാരങ്ങൾ നഷ്ടപ്പെടുകയും സാഹിത്യ മേന്മക്ക് മൂല്യ ശോഷണം സംഭവിക്കുകയും ചെയ്യുമെന്നതിനാൽ തന്നെ വിവർത്തനം അത്രമേൽ പ്രോത്സാഹിപ്പിക്കപ്പെടാതിരുന്ന കാലത്ത് നിന്നാണ് ഈയൊരു രീതിയിലേക്കുള്ള വളർച്ച എന്നത് ചേർത്തു വായിക്കേണ്ടതാണ്.
ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പിനർഹരായ സാന്റോ ബിർക്ക് തന്റെ വർക്കുകളിലൂടെ യുദ്ധം, സമാധാനം മുതലായ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കലാകാരൻ കൂടിയാണ്. അമേരിക്കൻ മിഹ്റാബ് അദ്ദേഹത്തിന്റെ മികച്ച വർക്കുകളിലൊന്നാണ്. ഒരു എ. ടി. എം മെഷീൻ മാതൃകയിൽ പണി കഴിപ്പിച്ച ആ മിഹ്റാബിനിരുവശങ്ങളിലുമായി 'നീതിമാനാവുക ' എന്ന് തുടങ്ങിയ ഉദ്ധരണികൾ എഴുതിച്ചേർത്തിയിട്ടുള്ളതാണ് പ്രസ്തുത വർക്ക്. ചൂഷണത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും ഒരു സാമൂഹിക ചുറ്റുപാടിൽ നീതിയാവണം അമേരിക്കൻ ജനതയുടെ ഖിബ്‌ല എന്ന് പറയാതെ പറയുകയാണ് സാന്റോ ബിർക്ക്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്കൻ ജനതയോടാണ് അമേരിക്കൻ ഖുർആൻ സംവദിക്കുന്നത്. ഓരോ സൂക്തവും എങ്ങനെ അമേരിക്കൻ ജനജീവിതവുമായി ബന്ധിപ്പിക്കാമെന്ന സൂക്ഷ്മതല സ്പർശിയായ ഒരു പര്യവേഷണമാണീ ഗ്രന്ഥം. അയർലന്റിലെ ചെസ്റ്റർ ബീറ്റി ലൈബ്രറി സന്ദർശന വേളയിൽ പ്രദർശനത്തിന് വെച്ച ഇല്ലുസ്ട്രേറ്റഡ് ഖുർആൻ കാണാനിടയായതോടെയാണ് ഇസ്‍ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താൻ സമാനമായ ഒരു പ്രൊജക്റ്റ് തന്റെ രാജ്യത്തിന് വേണ്ടി തയ്യാറാക്കാൻ ബിർക്ക് തീരുമാനിക്കുന്നതും അമേരിക്കൻ ഖുർആനിന്റെ പിറവിക്ക് കാരണമാവുന്നതും. രണ്ടായിരത്തിപ്പതിനഞ്ചിൽ പൂർത്തിയാക്കിയ ഈ ഗ്രന്ഥത്തിന്റെ രചനക്ക് വേണ്ടി ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി മുസ്‍ലിം രാഷ്ട്രങ്ങൾ അദ്ദേഹം സന്ദർശിക്കുകയുമുണ്ടായി.
നാളിതുവരെ ഖുർആനിന്റെ ശ്രവണ സൗന്ദര്യവും അതിന്റെ എഴുത്തിലുള്ള കാലിഗ്രഫിയുടെ സൗന്ദര്യവും മാത്രം ലഭ്യമായിടത്തു നിന്നാണ് സാന്റോ ബിർക്ക് ഒരു അറബിക് - ഇംഗ്ലീഷ് - ഇമേജ് വിവർത്തനം എന്നൊരു പുതിയ രൂപത്തിന് ജീവൻ നൽകുന്നത്. ഖുർആൻ പൂർണമായും സ്വന്തം കൈപടയിലെഴുതിയ ബിർക്ക് ഇസ്‍ലാമിന്റെ മധ്യകാലഘട്ടത്തിൽ സജീവമായിരുന്ന ഒരു കലക്ക് പുനർജന്മം നൽകുക കൂടിയാണിതിലൂടെ ചെയ്തത്. ഈ ഗ്രന്ഥരചനയ്ക്ക് വലിയ തോതിൽ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് ലോസ് ആഞ്ചലസിൽ ജനകീയമായിട്ടുള്ള അർബൻ ഗ്രാഫിറ്റിയിലെ സ്ട്രീറ്റ് ലെറ്റേഴ്സ് ആണ്. അതിലൂടെ അമേരിക്കൻ ജനതയുമായി കൂടുതൽ സാമീപ്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പരമ്പരാഗത അറേബ്യൻ മാനുസ്ക്രിപ്റ്റുകളിൽ ഉപയേഗിച്ചിരുന്ന ശൈലികൾ കൂടി ഇതിലുൾപ്പെടുത്തി രണ്ട് സംസ്കാരത്തിന്റെ ഏകോപനമെന്ന സാഹസത്തിന് കൂടി അദ്ദേഹം മുതിരുന്നുണ്ട്.
അമേരിക്കയിലെ 50 സ്റ്റേറ്റുകളിൽ നിന്നുളള ചിത്രങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സാന്റോ ബിർക്ക് വിശുദ്ധ ഗ്രന്ഥത്തെ അമേരിക്കൻ ദൈനംദിന ജീവിതവുമായി ചേർത്തുവയ്ക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഒരു മതകീയ ഗ്രന്ഥത്തിനപ്പുറം സാംസ്കാരിക ഗ്രന്ഥത്തിന് ബീജാവാപം നൽകുക എന്നത് മാത്രം ലക്ഷ്യമായതിനാൽ ചിത്രരചനയുമായി ബന്ധപ്പെട്ട് ഇസ്ലാം നിഷ്കർഷിക്കുന്ന അതിർവരമ്പുകൾ സാന്റോ ബിർക്കിനെ ബാധിക്കുന്നതേയില്ല.
ന്യൂയോർക്ക് സിറ്റിയുടെ ആകാശദൃശ്യത്തിലൂടെ ദൃശ്യ പരിഭാഷയ്ക്ക് പ്രാരംഭം (സൂറത്തുൽ ഫാതിഹ) കുറിക്കുന്ന അമേരിക്കൻ ഖുർആൻ അമേരിക്കൻ ജനതയുടെ രാഷ്ട്രീയ വ്യവഹാരങ്ങൾ, തൊഴിലിടങ്ങൾ, ജീവിത ശൈലികൾ തുടങ്ങിയവയിലേക്ക് തിരിച്ചു വെച്ച കണ്ണാടിയായി മാറുന്നുണ്ട്. സൂറത്തുൽ കഹ്ഫിലെ തോട്ടം തൊഴിലാളികളുടെ കഥ വിവരിക്കുന്നിടത്ത് വരച്ചു വെച്ച വെസ്റ്റ് വിർജീനിയയിലെ ഘനിത്തൊഴിലാളികളുടെ പശ്ചാത്തല ചിത്രം, സൂറത്തുൽ ഖമറിലെ (ചന്ദ്രൻ) ചൊവ്വാ പര്യവേഷണം, സൂറത്തു യൂസുഫിലെ മോഷ്ടിക്കപ്പെട്ട അളവ് പാത്രത്തെക്കുറിച്ച് പരാമർശ വിധേയമാക്കുന്നിടത്ത് വരച്ചു വെച്ച മെക്സിക്കൻ അതിർത്തിയിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡ് മുതലായവയെല്ലാം ഉദാഹരണങ്ങളിൽ ചിലത് മാത്രം. ഈ രചനയിൽ ചിത്രീകരിക്കപ്പെട്ട ഏറ്റവും ഭീകരമായ ഇമേജ് സെപ്തംബർ പതിനൊന്നിന് നടന്ന ട്വിൻ ടവർ ആക്രമണത്തിന്റേതാണെന്ന് സംശയലേശമന്യേ ബോധ്യമാകും. ആയൊരു സംഭവം ചിത്രീകരിക്കാതെ തന്റെ പ്രൊജക്റ്റ് പൂർണമാവില്ലെന്നായിരുന്നു ബിർക്കിന്റെ നിലപാട്. സൂറത്തുദ്ദുഖാനിലെ (പുക) "ജനങ്ങളെ ആവരണം ചെയ്യുന്ന വ്യക്തമായ ഒരു പുകയുമായി ആകാശം വരുന്ന ദിനം താങ്കള്‍ പ്രതീക്ഷിച്ചു കൊള്ളുക" എന്നർത്ഥം വരുന്ന 9 - 10 സൂക്തങ്ങൾക്ക് ചേർന്നാണ് ട്വിൻ ടവർ ആക്രമണത്തിന്റെ ചിത്രീകരണം ചെയ്തിട്ടുള്ളത്. ആക്രമണ ദൃശ്യങ്ങൾക്കപ്പുറത്ത് അത് വീക്ഷിക്കുന്ന ജനങ്ങളുടെ മുഖഭാവങ്ങളെ കൂടുതൽ ഫോക്കസ് ചെയ്തിട്ടുള്ള ചിത്രീകരണം ആ സംഭവത്തിന്റെ ഭീകരതയെ വിളിച്ചോതുന്നുണ്ട്.
മറ്റൊരു ചിത്രീകരണം അമേരിക്കൻ വിദേശ നയത്തിലേക്ക് വെളിച്ചം വീശുന്നു. ഇസ്‍ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്ന് തെറ്റുദ്ധരിപ്പിക്കുന്ന യുദ്ധത്തിന് വേണ്ടി വിശ്വാസികൾ തയ്യാറാവണമെന്ന് ഉദ്ഘോഷിക്കുന്ന ഖുർആനിക വചനങ്ങൾ പ്രതിപാദിക്കുന്നിടത്താണ് അമേരിക്കയുടെ ഇറാഖിലേക്കുള നുഴഞ്ഞുകയറ്റവും ഗ്വണ്ടനാമോ തടവറയിലെ തടവുപുള്ളികളുടെ ഇല്ലുസ്ട്രേഷനുമുള്ളത്. ഇതര മതങ്ങളേക്കാൾ ഇസ്ലാം യുദ്ധത്തിന് കൂട്ട് നിൽക്കുന്നുവെന്ന വാദത്തിലെ വ്യക്തമായ ഇരട്ടത്താപ്പ് വായനക്കാർക്ക് സമക്ഷം പറയാനാണ് ഇതിലൂടെ സാന്റോ ബിർക്ക് ശ്രമിക്കുന്നത്. ചിലയിടങ്ങളിൽ സൂക്തങ്ങളും ചിത്രീകരണങ്ങളും തമ്മിൽ നാമമാത്രമായ ബന്ധം മാത്രമേ നിലനിൽക്കുന്നുള്ളൂവെങ്കിൽ അതിൽ സന്ദേഹിക്കേണ്ടതില്ലെന്നാണ് സാന്റോ ബിർക്കിന്റെ പക്ഷം. ഖുർആൻ പറയുന്നതല്ല മറിച്ച് അവയുടെ മെറ്റഫറുകളാണ് തന്റെ ഇമേജുകൾ എന്നും ബിർക്ക് പറഞ്ഞു വെക്കുന്നുണ്ട്.
തന്റെയീ രചന പ്രദർശനത്തിനൊരുക്കിയപ്പോൾ മറ്റെല്ലാ പ്രൊജക്റ്റുകളെയും പോലെ അംഗീകരിക്കപ്പെടുമോ എന്ന ഭയമുണ്ടായിരുന്ന സാന്റോ ബിർക്കിന് അവിശ്വസനീയമായ പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. അമേരിക്കൻ ജനതക്കിടയിൽ വിശിഷ്യാ അമേരിക്കൻ കൗമാര-യുവ സമൂഹത്തിനിടയിൽ വലിയ സ്വീകാര്യത അമേരിക്കൻ ഖുർആനിന് ലഭിക്കുകയും ഇസ്‍ലാമിനെക്കുറിച്ചുള്ള അവരുടെ സന്ദേഹങ്ങൾക്ക് മറുപടി കൂടിയായി അത് പരിണാമം പ്രാപിക്കുകയും ചെയ്തു എന്നത് ഏറെ സന്തോഷം പകരുന്നതായും ബിര്‍ക് പറഞ്ഞു.
Leave A Comment