വിശേഷങ്ങളുടെ ഖുർആൻ: (8)  ഖുർആൻ വ്യാഖ്യാന ചരിത്രം

ഖുർആൻ വ്യാഖ്യാന ചരിത്രം

ഖുർആൻ അവതരണത്തോടെ തന്നെ അതിൻ്റെ വ്യാഖ്യാന ചരിത്രവും ആരംഭിച്ചുവെന്ന് പറയാം. കാരണം അന്നഹ്ൽ അധ്യായം വചനം 44 ഇങ്ങനെ പറയുന്നു: " ഈ ദിക്റിനെ (ഖുർആൻ) നിങ്ങൾക്ക് നാം ഇറക്കിത്തന്നത് ജനങ്ങൾക്ക് അവതീർണമായ കാര്യങ്ങളെ നിങ്ങൾ വിശദീകരിച്ചു കൊടുക്കാൻ വേണ്ടിയും അത് വഴി അവർ ആലോചിച്ചെടുക്കാൻ വേണ്ടിയുമാണ്. " 

അത് പോലെ അൽ ഖിയാമ അധ്യായം 16 - 19 സൂക്തങ്ങളിൽ ഇങ്ങനെ ഉണർത്തുന്നു: "ധൃതി പിടിച്ചു അത് മൊഴിയാനായി നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല. അതിനെ ശേഖരിക്കലും ഓതിക്കേൾപ്പിക്കലും നമ്മുടെ മേൽ ആണ്. നാം പാരായണം ചെയ്താൽ നിങ്ങൾ അതിനെ പിന്തുടരുക. പിന്നീട് അത് വിശദീകരിച്ചു തരുന്ന കാര്യം കൂടി നമ്മുടേതാണ്." ഇതിലൂടെ രണ്ട് കാര്യങ്ങൾ അല്ലാഹു വ്യക്തമാക്കുന്നു. ഒന്ന് ഖുർആൻ പ്രവാചകന് ഓതിക്കേൾപ്പിച്ച ശേഷം അവ്യക്തമായ കാര്യങ്ങൾ വിവരിച്ചു കൊടുക്കുന്ന കാര്യം കൂടി അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. രണ്ടാമതായി ആ കാര്യങ്ങൾ ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം പ്രവാചകനിൽ അർപ്പിതമാണ്. അക്കാര്യം വാക്കിലൂടെയും പ്രവർത്തിയിലൂടെയും നിർവഹിക്കുകയായിരുന്നു തിരുനബി(സ) ജീവിതകാലത്ത് ചെയ്തത്. 

വ്യഖ്യാന സ്റോതസുകൾ:

അപ്പോൾ ഖുർആൻ്റെ ഒന്നാമത്തെ വ്യാഖ്യാതാവ് അന്ത്യപ്രവാചകൻ (സ)തന്നെ യാണെന്ന് കാണാം. അതിലുപരിയായി ഖുർആൻ തന്നെ ഖുർആന് വ്യാഖ്യാനമായി വരുന്നുവെന്ന വസ്തുതയും ഉണ്ട്. അത് കൂടി കണക്കിലെടുത്തു ഖുർആൻ്റെ വ്യാഖ്യാന സ്രോതസുകളായി നാലെണ്ണമാണ് പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിൽ ഒന്നാം സ്ഥാനം ഖുർആന് തന്നെ.

ഒന്നാം സ്റോതസ് ഖുർആൻ: 
ഖുർആനിൽ ഒരിടത്ത് മൊത്തത്തിൽ പറഞ്ഞ കാര്യങ്ങൾ മറ്റൊരിടത്ത് വിശദമായി പറഞ്ഞതായി കാണാം. ചിലയിടങ്ങളിൽ ചുരുക്കിപ്പറഞ്ഞത് വേറെ സ്ഥലത്ത് പരത്തിപ്പറയുന്നു. ചിലപ്പോൾ സൂചന മാത്രം നൽകിയ കാര്യം പിന്നീട് വ്യക്തമായി പറയുന്നു. ചില സന്ദർഭങ്ങളിൽ നിരുപാധികം പറഞ്ഞ വിഷയം മറ്റൊരിടത്ത് സോപാധികമാക്കിയിരിക്കാം. നേരെ മറിച്ചും ഉണ്ടാകാം. 

ഇത്തരം സന്ദർഭങ്ങൾ കണ്ടെത്തി വചനങ്ങളെ പരസ്പരം കൂട്ടിയിണക്കിയും ഒത്തു നോക്കിയും തുലനം ചെയ്തും പരിശോധിക്കുന്നതിലൂടെ ആവശ്യമായ വിഷയങ്ങളിൽ വിധികളും തീർപ്പുകളും നിലപാടുകളും സ്വീകരിക്കുകയാണ് വ്യാഖ്യാനത്തിലെ ഒന്നാം ഘട്ടം. ഇവിടെ വ്യാഖ്യാനത്തിന് ബാഹ്യമായ മറ്റൊന്നും അവലംബിക്കുന്നില്ല. ഖുർആൻ മാത്രം.

രണ്ട്: അന്ത്യപ്രവാചകൻ (സ). 
പ്രവാചക ജീവിതകാലത്ത് ഖുർആനുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾ ഉയർന്നു വന്നാലും അവ ദൂരീകരിക്കാനും ശരിയായ വസ്തുതകൾ അവർക്ക് വ്യക്തമാക്കിക്കൊടുക്കാനും തിരുനബി(സ) കൂടെയുണ്ടായിരുന്നു. 'അറിയുക,ഖുർആൻ്റെ കൂടെ അത്ര തന്നെ വേറെയും എനിക്ക് നൽകപ്പെട്ടുവെന്ന് അബൂദാവൂദ് നിവേദനം ചെയ്ത ഹദീസ് കാണാം. ഇത് ഖുർആൻ്റെ വ്യാഖ്യാനത്തിലേക്ക് സൂചനയായാണ് പണ്ഡിതർ വിലയിരുത്തുന്നത്. (ഡോ. മുഹമ്മദ് ഹുസൈൻ ദഹബിയുടെ അത്തഫ്സീർ വൽ മുഫസ്സിറൂൻ എന്ന ഗ്രന്ഥം ഒന്നാം ഭാഗം കാണുക, പേജ്: 45 )

അനുയായികൾ അപ്പപ്പോൾ അത് മനസ്സിലാക്കി വയ്ക്കുകയും പിന്നീട് ആവശ്യാനുസരണം മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കുകയും ചെയ്തു. ഇങ്ങനെ ഖുർആൻ വ്യാഖ്യാനങ്ങൾ തിരുനബിയിൽ നിന്ന് നേരിൽ മനസ്സിലാക്കി അത് മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുത്ത ഖുർആൻ വ്യാഖ്യാതാക്കളായി അറിയപ്പെടുന്ന സ്വഹാബികളുടെ നിര തന്നെയുണ്ട്. അവരിൽ അഗ്രിമ സ്ഥാനം അലങ്കരിക്കുന്നവരാണ് അബ്ദുല്ലാഹിബ്‌നി അബ്ബാസ്(റ). വ്യാഖ്യാതാക്കളുടെ തലവൻ എന്ന അപരനാമത്തിലാണദ്ദേഹം അറിയപ്പെടുന്നത് തന്നെ. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (7 ) ഖുർആൻ: ചില കൗതുക വിവരങ്ങൾ

നാല് ഖലീഫമാർ അടക്കമുള്ളവർ ഇങ്ങനെ ഖുർആൻ വചനങ്ങളെ പ്രവാചക മൊഴിയിലൂടെ വിവരിച്ചു കേട്ടവരും പിന്നീട് അതിൻ്റെ ചുവട് പിടിച്ചു സന്ദർഭാനുസൃതം വ്യാഖ്യാനിച്ച് നൽകിയവരുമാണ്. ഇവരിൽ അലി(റ) ഒഴികെയുള്ളവർ നേരത്തേ സ്വഹാബീ പ്രമുഖരുടെ ജീവിതകാലത്ത് തന്നെ പരലോകം പൂകിയതിനാലും തിരുനബിയുടെ കാലശേഷം അവർ ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ കൂടുതൽ നിരതരായതിനാലും അവരുടെ വ്യാഖ്യാനങ്ങൾ കൂടുതലായി ഉദ്ധരിക്കപ്പെടുന്നില്ല. ഹദീസുകളുടെ ഉദ്ധരണ പരമ്പരയിലും ഇവരുടെ പങ്കാളിത്തം താരതമ്യേന കുറവായതും അത് കൊണ്ട് തന്നെ. 

സ്വഹാബീ പ്രമുഖരിൽ ഇബ്നു അബ്ബാസിന് പുറമെ അബ്ദുല്ലാഹിബ്നി മസ്ഊദ്(റ), ഉബയ്യ്ബ്നി കഅബ് (റ), സൈദുബ്നി സാബിത് (റ), അബൂ മൂസൽ അശ്അരി(റ), അബ്ദുല്ലാഹിബ്നി സുബൈർ (റ) തുടങ്ങിയവരും ഖുർആൻ വ്യാഖ്യാന ശാഖയെ പുഷ്ടിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചവരാണ്. ഇവർ പിന്നീട് ഖലീഫമാരുടെ ഭരണകാലത്ത് ഖുർആൻ ക്ലാസുകൾ നടത്തി ജനങ്ങളെ ഖുർആനിലേക്ക് കൂടുതൽ ആകർഷിച്ചു. ഇതിൽ അബ്ദുല്ലാഹിബ് നി അബ്ബാസിൻ്റെ ഖുർആൻ ദർസിലേക്ക് ശിഷ്യഗണങ്ങളുടെ ഒഴുക്കായിരുന്നു. ഇവരുടെയെല്ലാം  ശിഷ്യത്വത്തിൽ വളർന്ന താബിഉകളാണ് പിന്നീട് ഖുർആൻ വ്യാഖ്യാന ശാഖയെ വളർച്ചയുടെ പുതിയ ചക്രവാളങ്ങളിലേക്ക് ഉയർത്തിയത്. 

രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖി(റ)ൻ്റെ ഭരണകാലത്ത് ഇത്തരം ഖുർആൻ വ്യാഖ്യാതാക്കളെയും മന:പാഠമുള്ളവരെയും ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് ഖുർആൻ പഠന വേദികൾ സ്ഥാപിച്ചു നൽകുന്നതിൽ പ്രത്യക ശ്രദ്ധ പുലർത്തിയിരുന്നു. ഇത്തരക്കാർക്ക് പ്രത്യേക അലവൻസുകൾ നൽകാൻ വരെ ഏർപ്പാട് ചെയ്തിരുന്നതായി പണ്ഡിതർ വ്യക്തമാക്കുന്നു. മൂന്നാം ഖലീഫ ഉസ്മാനും (റ) ഖുർആൻ സാർവത്രികമാക്കുന്നതിൽ കാര്യമായ സംഭാവന ചെയ്തു.

ഇവിടെ ചിലരുടെ മനസിൽ ഒരു സംശയം ഉയർന്നു വരാനിടയുണ്ട്. അറബി ഭാഷയിൽ അവതരിച്ച വചനങ്ങൾ ഭാഷക്കാരായ മക്കാ നിവാസികൾക്ക് സ്വന്തം നിലയ്ക്ക് തന്നെ ഗ്രഹിക്കാവുന്നതല്ലേയുള്ളൂ. പിന്നെ അതിന് വ്യാഖ്യാനങ്ങളുടെയും വിശദീകരണങ്ങളുടെയും ആവശ്യമെന്ത്? ഈ വിഷയവും വിവിധ കാലഘട്ടങ്ങളിലെ പണ്ഡിതർ ദീർഘമായി വിശകലനം ചെയ്തതാണ്. ഒന്നാമതായി ഒരു ഭാഷയിൽ ഇറങ്ങുന്ന ഗ്രന്ഥങ്ങൾ ആ ഭാഷക്കാർക്കെല്ലാം ഒരു പോലെ ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിയണമെന്നില്ല. ഓരോരുത്തരുടെയും ബുദ്ധിപരവും ഭാഷാപരവുമായ നിലവാരവും ഗ്രാഹ്യശക്തിയുമെല്ലാം അതിൽ പ്രധാന ഘടകമായി വരും. 

അത് കൊണ്ട് ഖുർആനിലെ ആശയങ്ങൾ സ്വഹാബികൾ എല്ലാവരും ഒരുപോലെയല്ല ഗ്രഹിച്ചിരുന്നത്. അവരിൽ മാനസികനിലവാരത്തിലും പാകതയിലും വ്യത്യസ്ത തട്ടുകളിലുള്ളവർ ഉണ്ടായിരുന്നു. സ്വഹാബീ പ്രമുഖർക്ക് പോലും പ്രഥമദൃഷ്യാ ഗ്രഹിക്കാനാകാത്ത കാര്യങ്ങളും ഖുർആനിൽ ഉണ്ടായിരുന്നു. (ഉദാഹരണം അടക്കമുള്ള കൂടുതൽ വിശദീകരണങ്ങൾക്ക് അത്തഫ്സീർ വൽ മുഫസ്സിറൂൻ അടക്കമുള്ള ഗ്രന്ഥങ്ങൾ അവലംബിക്കാവുന്നതാണ്)

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 6) ഖുർആൻ ക്രോഡീകരണം

"ഖുർആനെ നിശ്ചയം നാം ഉൾക്കൊള്ളാൻ എളുപ്പമാക്കിയിരിക്കുന്നു, വല്ലവരും ഉൾക്കൊള്ളുന്നുണ്ടോ?" (അൽ ഖമർ : 22 ) എന്ന് ഖുർആൻ തന്നെ ചോദിക്കുന്നുണ്ടെങ്കിലും അതിൻ്റെ താൽപ്പര്യം എല്ലാവർക്കും ഒരുപോലെ ഗ്രഹിക്കാനാവുകയെന്നല്ല. "ആ ഖുർആനിലെ ചില വചനങ്ങൾ സ്പഷ്ടമാണ്. അവ ഗ്രന്ഥത്തിൻ്റെ മാതാവാണ്. വേറെ ചില വചനങ്ങളുണ്ട്; അവ സങ്കീർണമാണെ''ന്ന ആലു ഇംറാൻ അധ്യായത്തിലെ ഏഴാം സൂക്തത്തിൽ സങ്കീർണമായ വചനങ്ങളുടെ പൊരുൾ അല്ലാഹുവിന് മാത്രമേ അറിയൂവെന്നും അറിവിൽ ഇരുത്തം വന്നവർ, എല്ലാം അല്ലാഹുവിങ്കൽ നിന്നുള്ളതിനാൽ നാം അവയിൽ അതേപടി വിശ്വസിക്കുന്നുവെന്ന് പറയുന്നവരാണെന്ന് വിശദീകരിക്കുന്നു. 

ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ഖുർആനിലെ എല്ലാ ഭാഗങ്ങളും എല്ലാവർക്കും മനസ്സിലാക്കാൻ പാകത്തിലല്ലെന്നാണ് പണ്ഡിതരുടെ പൊതുവായ വിലയിരുത്തൽ. കൂടാതെ ഓരോ വചനത്തിൻ്റെയും പൊരുൾ ഗ്രഹിക്കുന്നതിൽ അത് ഇറങ്ങിയ കാലം,സന്ദർഭം, അവതരണ കാരണം, അതിൻ്റെ വിധിയോ വചനമോ പിന്നീട് ദുർബലമാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച ജ്ഞാനം എല്ലാം പ്രധാനമാണ്. അത് പോലെ ഭാഷയിൽ കേവല ജ്ഞാനത്തിലപ്പുറം ആഴത്തിലുള്ള അറിവും വിശകലനവൈഭവവും വേണം. അത് കൊണ്ടാണ് സ്വഹാബികളിൽ തന്നെ എണ്ണപ്പെട്ട ചിലർ മാത്രം ഖുർആൻ വ്യാഖ്യാനത്തിൽ പ്രത്യേകം ശ്രദ്ധേയരായത്. 

മൂന്ന്: ഗവേഷണ പടുത്വവും അപഗ്രഥന മികവും. നേരത്തേ സൂചിപ്പിച്ചത് പോലെ തിരുനബിയിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വിഷയങ്ങളിൽ വിചിന്തനം ചെയ്തു വിധികളും തീർപ്പുകളും കണ്ടെത്താനുള്ള സ്വഹാബി പ്രമുഖരുടെ സിദ്ധി. ഇതിനെ തിരുനബി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്  യമനിൽ ഗവർണരായി നിയുക്തനായ മുആദ് ബിൻ ജബലി (റ) നോട് തിരുനബി ചോദ്യങ്ങൾ ചോദിച്ചതും അതിന് മുആദിൻ്റെ മറുപടി കേട്ട് സന്തോഷം പ്രകടിപ്പിച്ചതുമായ സംഭവം മുമ്പ് ഒരധ്യായത്തിൽ ഉദ്ധരിച്ചതാണ്.

സ്വഹാബികളെല്ലാം ഇക്കാര്യത്തിൽ തുല്യരല്ലെന്ന കാര്യം വ്യക്തമാണ്. എന്നാൽ ഖുർആൻ്റെ വചനങ്ങളും പ്രവാചക മൊഴികളും മുന്നിൽ വച്ച് കാര്യങ്ങളെ ഇങ്ങനെ അപഗ്രഥിച്ചെടുക്കാൻ അവരെ സഹായിച്ചിരുന്ന ഘടകങ്ങൾ ഇവയാണ്.

- ഭാഷാ രഹസ്യങ്ങളും പശ്ചാത്തലവും സംബന്ധിച്ച വിവരം.
- അറബി പാരമ്പര്യങ്ങളെ പറ്റിയുള്ള അറിവ്.
- ഖുർആൻ അവതരണകാലത്തെ അറേബ്യയിലെ ജൂത/ ക്രൈസ്തവ വിഭാഗങ്ങളെ കുറിച്ചുള്ള പരിചയം.
- സ്വന്തം ഗ്രാഹ്യബോധവും ചിന്താ വൈഭവവും.

ഇതിൻ്റെ അടിസ്ഥാനത്തിൽ ' അവർ നടത്തിയ ഇടപെടലുകളാണ് വ്യഖ്യാനത്തിൽ പ്രധാന അവലംബമായി തീർന്ന മറ്റൊരു ഘടകം.

നാല്: ജൂത ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ട വേദക്കാർ: ഖുർആൻ ചില വിഷയങ്ങളിൽ പൂർവ വേദങ്ങളുമായി സാമ്യപ്പെടുന്നുണ്ടല്ലോ. കൂടാതെ ഖുർആനിൽ പലേടങ്ങളിലായി മുൻകാല പ്രവാചകരേയും അവരുടെ ജനതകളുടെയും ചരിത്രം എടുത്തുദ്ധരിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും മേൽ പറഞ്ഞ വിഭാഗങ്ങളുമായി ബന്ധമുണ്ട്. കൂടാതെ ഈ ചരിത്രങ്ങളിൽ പലതും ഏറ്റക്കുറച്ചിലോടെ, വ്യത്യസ്ത രീതിയിലാണെങ്കിലും മുൻ വേദഗ്ര ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് ഖുർആനിൽ വിവരിച്ച ചരിത്രങ്ങളിൽ വരാത്ത ചില അവലംബയോഗ്യമായ വിവരങ്ങൾ മുൻ വേദക്കാരിൽ നിന്ന് ലഭിച്ചാൽ അവ സ്വീകരിക്കാമെന്ന നിലപാടാണ് പൊതുവേ പുലർത്തിയിരുന്നത്. 

അങ്ങനെ ഖുർആൻ വ്യാഖ്യാനത്തിന് മുതൽകൂട്ടാകുന്ന വസ്തുതകൾ ഈ വിഭാഗങ്ങളിൽ നിന്നും സ്വീകരിക്കുക വഴി ചരിത്രവിവരണത്തിലെ ചില വിടവുകൾ നികത്തപ്പെട്ടു. അക്കാലത്ത് ജീവിച്ചിരുന്നവരിൽ  വേദങ്ങളിൽ പ്രാവീണ്യമുള്ള ചിലർ ഇസ് ലാമിലേക്ക് കടന്നു വന്നിരുന്നു. അവരിലൂടെ ലഭ്യമായ, ഖുർആനിക വീക്ഷണങ്ങൾക്ക് വിരുദ്ധമല്ലാത്ത അറിവുകൾ പിന്നീട് വ്യാഖ്യാന ശാഖയുടെ ഭാഗമായി മാറി. 

ഇനി ഖുർആൻ വ്യാഖ്യാന ശാഖയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ നമുക്ക് അടുത്തിയാം. 'ഖുർആൻ വിജ്ഞാനങ്ങൾ' എന്ന ബ്രഹത്തായ ശേഖരം രൂപപ്പെട്ട വഴിയിലൂടെ നമുക്ക് കടന്നു പോകാം.

( കടപ്പാട്: ചന്ദ്രിക ദിനപത്രം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter