വിശേഷങ്ങളുടെ ഖുർആൻ: (21) ചിലന്തി വീടിൻ്റെ കെട്ടുറപ്പ്
ചിലന്തി വീടിൻ്റെ കെട്ടുറപ്പ്
വിശുദ്ധ ഖുർആനിലെ ഓരോ പ്രയോഗങ്ങളുടെ പിന്നിലെ ഉചിതജ്ഞതയും ശാസ്ത്രീയതയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വിസ്മയ ജനകമായി അന്വേഷകർ കണ്ടെത്തുന്നു. നേരത്തേ തേനീച്ചയുമായി ബന്ധപ്പെട്ട വചനത്തിൽ സ്ത്രീലിംഗ പ്രയോഗത്തിൽ അഭിസംബോധന ചെയ്തതിൻ്റെ പിന്നിലെ രഹസ്യം പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ മറ്റൊരധ്യായത്തിൽ നാം സൂചിപ്പിച്ചിരുന്നു.
ഇപ്പോൾ ചിലന്തിയുമായി ബന്ധപ്പെട്ട പ്രയോഗത്തിലും സമാനമായ യുക്തിഭദ്രത കണ്ടെത്താൻ പ്രസ്തുത വിചിത്ര ജീവിയെ പറ്റിയുള്ള പുതിയ ശസ്ത്രീയ പഠനങ്ങൾ ശ്രദ്ധിച്ചാൽ മതി. ആദ്യം നമുക്ക് ചിലന്തി, അഥവാ എട്ടുകാലിയെ പറ്റി ഖുർആനിലെ വചനം പരിശോധിക്കാം. ഖുർആനിലെ ഇരുപത്തി ഒമ്പതാം അധ്യായത്തിൻ്റെ പേര് തന്നെ 'അൻകബൂത്' എന്നാണ്. മലയാളത്തിൽ ചിലന്തി. അതിലെ വചനം 41 ചിലന്തിയെ പരാമർശിക്കുന്നതാണ് നാമകരണത്തിന് നിദാനം. അത് പക്ഷെ, ചിലന്തിയെ പറ്റിയുള്ള പഠനമോ വിവരണമോ അല്ല. മറിച്ച് ചിലന്തിയെ ഉപമിച്ചു കൊണ്ട് മക്കയിലെ അവിശ്വാസികളുടെ ദൈവേതര ശക്തികളെ ആശ്രയിക്കുന്നതിൻ്റെ ബാലിശത വ്യക്തമാക്കുകയാണ്.
"അല്ലാഹുവിനെ വിട്ട് മറ്റു പല സംരക്ഷകരേയും വരിച്ചവരുടെ ഉപമ വീടുണ്ടാക്കിയ എട്ടുകാലിയുടേതാണ്. ഏറ്റവും ദുർബല ഭവനം എട്ടുകാലിയുടേത് തന്നെ. അവർ യാഥാർത്ഥ്യം ഗ്രഹിച്ചിരുന്നെങ്കിൽ! തന്നെ വിട്ട് അവർ ആരാധിക്കുന്ന ഏതൊരു വസ്തുവിനേയും അല്ലാഹു അറിയുക തന്നെ ചെയ്യുന്നുണ്ട്. പ്രതാപശാലിയും യുക്തിമാനും അവനത്രെ. ഈ ഉപമകൾ മാനവർക്ക് വേണ്ടി പ്രതിപാദിക്കുകയാണ് നാം. എന്നാൽ വിജ്ഞാനികൾ മാത്രമേ അവയെ പറ്റി യഥായോഗ്യം ഗ്രഹിക്കുകയുള്ളൂ." ( 41-43)
ഇവിടെ അറബിയിൽ അൻകബൂത് എന്ന പദമാണ് എട്ടുകാലിക്ക് വേണ്ടി പ്രയോഗിച്ചിരിക്കുന്നത്. ഇത് സ്ത്രീലിംഗ പ്രയോഗമാണെന്നും പുല്ലിംഗത്തിന് അൻകബ് എന്നാണ് പ്രയോഗിക്കുകയെന്നും ഭാഷാപണ്ഡിതർ വ്യക്തമാക്കുന്നു.( വിവിധ അറബിക് നിഘണ്ടുകൾ കാണുക) എന്നാൽ ചിലർ ഈ പദം തന്നെ സ്ത്രീലിംഗമായും പുല്ലിംഗമായും ഉപയോഗിക്കുന്നതായി വിശദീകരിക്കുന്നുണ്ട്. പക്ഷെ, ഇവിടെ ഇത് സ്ത്രീലിംഗത്തിന് വേണ്ടിയാണ് പ്രയോഗിച്ചതെന്ന് തൊട്ടപ്പുറത്തെ ക്രിയാപദം തെളിയിക്കുന്നു. ഇത്തഖദത് എന്ന സ്ത്രീലിംഗപ്രയോഗമാണ് അവിടെ ഉപയോഗിച്ചത്. പുല്ലിംഗമാണെങ്കിൽ ഇത്തഖദ എന്ന് മതിയാകും.
ചിലന്തി വർഗത്തിലെ വീട് നിർമാണത്തിലും ഗൃഹഭരണത്തിലും പ്രധാന റോൾ പെൺവർഗത്തിനാണെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. വലുപ്പം കൊണ്ടും പെൺ ചിലന്തിയാണ് മുന്നിൽ. വല നിർമാണത്തിന് ആവശ്യമായ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ പെൺ ചിലന്തിയിലാണ് സംവിധാനിച്ചിരിക്കുന്നത്. അത് ഉപയോഗിച്ച് വല നെയ്യുന്നതും അത് വഴി ഇരയെ വീഴ്ത്തുന്നതും ഇവ തന്നെ. ആൺ ചിലന്തിയുടെ പ്രധാന ജോലി ഈ വലയിൽ കുടുങ്ങുന്ന ഇരകളെ അകത്താക്കി വിശപ്പടക്കുക, സന്താനോൽപ്പാദനത്തിന് വേണ്ടി പെൺ ചിലന്തിയുമായി സംസർഗം നടത്തുക എന്നിവ മാത്രം.
എട്ടുകാലികൾ വല നെയ്യുന്ന രീതിയും വ്യവസ്ഥയും അൽഭുതകരമാണ്. ബുദ്ധിയുള്ള സാധാരണ മനഷ്യർക്ക് ഒരു വീട് നിർമിക്കാൻ വിദഗ്ധരായ ഇഞ്ചിനിയർമാരുടെയും സങ്കീർണമായ ഉപകരണങ്ങളുടെയും സഹായം ആവശ്യമാണ്. അതിന് വേണ്ടി നീണ്ട കണക്ക് കൂട്ടലും കണക്കെടുപ്പും വേണ്ടിവരും. എന്നാൽ നിസ്സാര ജീവിയായ ചിലന്തി നിർമിക്കുന്ന വലയുടെ ശാസ്ത്രീയതയും വ്യവസ്ഥാപിത രീതിയും കണ്ടാൽ മനുഷ്യർ തോൽവി സമ്മതിച്ച് മാറി നിൽക്കേണ്ടി വരും.
വളരെ സൂക്ഷ്മവും ബലിഷ്ഠവുമായ നൂലാണ് ചിലന്തി വല നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരു വല നെയ്യാൻ നാല് ലക്ഷം നൂൽ വരെ വേണ്ടി വരുമത്രെ. വളരെയേറെ നേർത്ത നൂലുകൾ. നമ്മുടെ മുടിയുടെ 400 ൽ ഒരംശം മാത്രമേ ഒരു നൂലിൻ്റെ കട്ടി കാണൂ. വല നെയ്യുന്ന സ്ഥലത്തിൻ്റെ ഘടനയും കിടപ്പും നോക്കി വല നെയ്യാനും അതിന് എത്ര നൂൽ വേണ്ടിവരുമെന്ന് നോക്കി ആവശ്യമായത്ര ഉൽപ്പാദിപ്പിക്കാനും അതിന് വേറെ ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല.
Also Read:വിശേഷങ്ങളുടെ ഖുർആൻ: (20) ഖുർആനിലെ നായ
ഇങ്ങനെ വല നെയ്യാൻ ഉപയോഗിക്കുന്ന നൂൽ രൂപപ്പെടുന്നത് പ്രത്യേക പ്രോട്ടീനിൽ നിന്നാണ്. അതിൽ പശ രൂപത്തിൽ പറ്റിപ്പിടിക്കുന്ന ദ്രാവകമുണ്ടാകുന്നുവെന്നതിന് പുറമെ ഈ വലയിൽ പ്രത്യേകതരം വിഷാംശവും കലർത്തപ്പെടുന്നു. ഇരകളെ ആകർഷിക്കാനും വന്ന ഇരകളെ പിടിച്ചു നിർത്താനും ഇത് വഴി സാധിക്കുന്നു.
ഈ വല വളരെ ബലിഷ്ഠവും കരുത്തുള്ളതുമാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. വല്ല ഉറപ്പുള്ള സാധനങ്ങളും അതിൽ പതിച്ചാൽ ചിതറിപ്പോകാതെ വലയിലെ കണ്ണികൾ നീളുകയും പൊട്ടിപ്പോകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ചിലന്തിയേക്കാൾ വലുപ്പമുള്ള തേനീച്ച മണിക്കൂറിൽ 32 കി.മീ. വേഗത്തിൽ വലയിൽ വന്നു പതിച്ചാലും വലപൊട്ടാതെ അതിനെ പിടിച്ചു നിർത്താൻ ചിലന്തിവലയ്ക്ക് കഴിയുന്നു.
മാത്രമല്ല; ഈ വലയിലെ കണ്ണികളുടെ ഉറപ്പും കട്ടിയും കാരണം ചില കനേഡിയൻ കമ്പനികൾ എട്ടുകാലി വലകൾ ഉൽപ്പാദിപ്പിച്ചു അതിൽ നിന്ന് സർജറി നൂലുകളും മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചൂണ്ടയുടെ കണ്ണിയും മുതൽ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ വരെ നിർമിക്കുന്നുവത്രെ. ഒരു വിരലിൻ്റെ കട്ടിയിലുള്ള വലക്കണ്ണികൾക്ക് ഏത് കരുത്തുള്ള സാധനത്തെയും തടുത്തു നിർത്താൻ കഴിയുമത്രെ. ജംബോ ജെറ്റ് വിമാനത്തെപ്പോലും താങ്ങി നിർത്താനുള്ള കരുത്ത് ആ വലക്കണ്ണിക്ക് ഉണ്ടാകുമത്രെ.
അപ്പോൾ സംശയം സ്വാഭാവികമാണ്. ഖുർആൻ പറയുന്നു: ഏറ്റവും ദുർബലമായ ഭവനം എട്ടുകാലിയുടെ ഭവനമാണ്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം അതിൻ്റെ വലക്കണ്ണികൾ വളരെ ശക്തവും കരുത്തുള്ളതുമാണെന്ന്. അപ്പോൾ ഖുർആനും പുതിയ ശാസ്ത്രീയ നിഗമനവും തമ്മിൽ പൊരുത്തക്കേട് വരികയല്ലേ? അതിൻ്റെ വിശദീകരണം രണ്ട് വിധമാണ്. ഒന്ന്: നിലവിലുള്ള വലയുടെ കണ്ണികൾ കൂടുതൽ കൂടിച്ചേർന്നാലുള്ള കട്ടിയാണ് ഇവിടെ വിവരിച്ചത്. എന്നാൽ സാധാരണ ഗതിയിൽ നാം കാണുന്ന ചിലന്തിവലകളുടെ ബലഹീനത നമുക്ക് നേരിട്ട് അനുഭവമാണല്ലോ.
പിന്നെ മറ്റൊരു കാര്യം. ഇവിടെ ഖുർആൻ ചിലന്തി വലയെന്നല്ല; വീട് എന്നാണ് പ്രയോഗിച്ചത്. അതിന് ബൈത് എന്ന പദമാണ് ഖുർആൻ ഉപയോഗിച്ചത്. ബൈതിന് വീട് എന്ന് മാത്രമല്ല; ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങിയ കുടുംബത്തിനും ബൈത് എന്ന് അറബിയിൽ പറയാറുണ്ട്. എട്ടുകാലിയുടെ കുടുംബ ബന്ധം ഏറ്റവും ദുർബലവും ശിഥിലവുമാണെന്ന് പുതിയ പഠനങ്ങൾ സ്ഥിരീകരിക്കുന്നു. ആൺ ചിലന്തി പെൺ ചിലന്തിയെ പ്രാപിച്ചു സന്താനോൽപ്പാദന പ്രക്രിയ നടന്നു കഴിഞ്ഞാൽ പിന്നെ ആ ആൺ ചിലന്തിയെ പെൺ ചിലന്തി കൊന്ന് ആഹാരമാക്കി മാറ്റുമത്രെ.
അല്ലെങ്കിൽ കുഞ്ഞുങ്ങൾ വളർന്നു ഈ തന്തയെ കൊന്നു ശാപ്പിടും. മാത്രമല്ല; സന്താനങ്ങൾ തള്ളയെയും കൊന്നു തിന്നാറുണ്ട്. ഇവ പരസ്പരവും ഇരയാക്കി മാറ്റാറുണ്ട്. അങ്ങനെ സാധാരണ ജീവികൾക്കിടയിൽ ഉണ്ടാകാറുള്ള ജൈവികമായ ഒരു പരിഗണനയും സഹജീവി സ്നേഹവും പ്രകടിപ്പിക്കാതെ പരസ്പരം കൊന്ന് തിന്നുന്ന തരത്തിലുള്ള ബലഹീനവും ശിഥിലവുമായ കുടുംബ ബന്ധമാണ് ചിലന്തികൾക്കിടയിൽ ഉള്ളത്. അല്ലാഹു അല്ലാത്ത ശക്തികളെ സംരക്ഷകരായി കണക്കാക്കുന്നവർ ചിലന്തികൾ തമ്മിൽ സംരക്ഷണം ലഭിക്കാത്തത് പോലെ നിരാശരായി തീരും എന്ന് വ്യക്തമാക്കാനാകും ഈ ഉപമ കൊണ്ട് വന്നതെന്ന് പുതിയ നിരീക്ഷകർ വിശദീകരിക്കുന്നു. (ഈ വിഷയത്തിൽ ഡോ. സ്വലാഹ് റശീദ്, ഡോ. അഹ് മദ് മുഹമ്മദ് സൈൻ മനാവി തുടങ്ങിയവരുടെ നിരീക്ഷണങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. Quran way.com, eajaz.org തുടങ്ങിയ സൈറ്റുകൾ കാണുക.).
കടപ്പാട് ചന്ദ്രിക ദിനപത്രം
Leave A Comment