വിശേഷങ്ങളുടെ ഖുർആൻ: (27)   ഖുർആനിലെ സ്ത്രീ സാന്നിധ്യം

ഖുർആനിലെ സ്ത്രീ സാന്നിധ്യം

സ്ത്രീയും പുരുഷനും ഒന്നല്ലെന്ന വസ്തുത പ്രകൃതിപരമായി സ്ഥിരീകരിക്കപ്പെട്ടതാണ്.  ശാരീരികമായും മാനസികമായും ജൈവപരമായും വികാര- വിചാരങ്ങളിലും പരസ്പരം വൈജാത്യമുണ്ട്. സ്ത്രീക്ക് സാധിക്കുന്ന എല്ലാം പുരുഷന് സാധിക്കില്ല. പുരുഷന് കഴിയുന്ന പലതും സ്ത്രീക്കും കഴിയണമെന്നില്ല. 

എന്നാൽ ഇരു വർഗങ്ങളും പരസ്പര പൂരകമാണ്. ഒരാളുടെ കുറവ് മറ്റൊരാളിലൂടെ നികത്തപ്പെടുന്നു. ഒരാൾക്ക് സാധിക്കാത്തത് മറ്റെയാൾക്ക് സാധിക്കുന്നു. രണ്ട് കുട്ടരുടെയും കൂടിച്ചേർച്ചയിലൂടെയാണ് സമൂഹം രൂപപ്പെടുന്നത്. നിലനിൽക്കുന്നത്. വികസിക്കുന്നത്. മനഷ്യരിൽ മാത്രമല്ല, ജന്തുക്കളിലും ഇതാണ് സ്ഥിതി. സസ്യലതാദികളിൽ പോലും ഈ പൂരണം നിരീക്ഷപ്പെട്ടിട്ടുണ്ട്.

അതേ സമയം പുരുഷനാവുകയെന്നത് ഒരു പ്രത്യേക യോഗ്യതയോ അവകാശമോ അല്ല; സ്ത്രീയാവുക ഒരു പോരായ്മയോ ദൗർബല്യമോ അല്ലാത്തത് പോലെ. ഖുർആൻ ഇക്കാര്യം വ്യക്തമായും കൃത്യമായും ഊന്നിപ്പറയുന്നുണ്ട്. ഇവ്വിഷയകമായ ഖുർആൻ്റെ പ്രഖ്യാപനങ്ങൾ എക്കാലത്തും പ്രസക്തവും പ്രായോഗികവുമാണ്. ഒരു ശാസ്ത്രീയ മുന്നേറ്റത്തിനും അതിനെ മറികടക്കാനോ ദുർബലപ്പെടുത്താനോ കഴിയില്ല. 

സ്ത്രീ ഖുർആനിൽ: 
ഖുർആനിലെ 114 അധ്യായങ്ങളാൽ ഒരധ്യായത്തിൻ്റെ പേര് തന്നെ സ്ത്രീകൾ എന്ന അർത്ഥം കുറിക്കുന്ന 'നിസാ' എന്നാണ്. കൂടാതെ 'മർയം' എന്ന സ്ത്രീ നാമത്തിലും ഒരധ്യായമുണ്ട്. ത്വലാഖ് (വിവാഹമോചനം) എന്നർത്ഥം വരുന്ന മറ്റൊരധ്യായം ചെറിയ നിസാ അധ്യായം എന്ന പേരിൽ അറിയപ്പെടുന്നു. കൂടാതെ അൽ ബഖറ, അന്നൂർ, അൽ അഹ്സാബ്, അൽ മുജാദില, അൽ മുംതഹിന, അത്തഹ് രീം തുടങ്ങിയ അധ്യായങ്ങളിലും കാര്യമായി തന്നെ സ്ത്രീകളെ സംബന്ധിക്കുന്ന ചർച്ചകൾ വന്നിട്ടുണ്ട്. അതിനർത്ഥം മറ്റു അധ്യായങ്ങളിൽ സ്ത്രീകൾ വിസ്മരിക്കപ്പെടുന്നുവെന്നല്ല. മനുഷ്യരെ സംബോധന ചെയ്തുള്ള എല്ലാ വചനങ്ങളും രണ്ട് കൂട്ടർക്കും ബാധകമാണ്. പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയ വല്ലതും ഉണ്ടെങ്കിൽ അത് മാത്രമേ ഒഴിവാകൂ.

നിസാ, ഏകവചനത്തെ കുറിക്കുന്ന ഇംറഅ, ഉൻസാ, രണ്ട് പേർക്കുള്ള ഇംറഅതാനി, ബഹു വചനമായ നിസ് വ, തുടങ്ങിയ പദങ്ങൾ ഖുർ ആനിൽ 85 സ്ഥലങ്ങളിൽ വന്നതായാണ് കണക്ക്. കൂടാതെ ഉമ്മ്, വാലിദ (മാതാവ്), സൗജ് (ഇണ), അഹ് ല് (കുടുംബം), ഹലീല (അനുവദിക്കപ്പെട്ടവൾ - ഭാര്യ), സ്വാഹിബ (സഖി), ഉഖ്ത് ( സഹോദരി ), ബിൻത് (മകൾ) എന്നീ പദങ്ങളും പല സ്ഥലങ്ങളിലായി വന്നിട്ടുണ്ട്. അത് പോലെ ഉൻസ (സ്ത്രീ), ഉൻസയൈനി (രണ്ട് സ്ത്രീകൾ), ഇനാസ് (ബഹുവചനം - സ്ത്രീകൾ) എന്നീ പദങ്ങൾ 30 ഇടങ്ങളിൽ വന്നിട്ടുണ്ട്. ഉമ്മ്, വാലിദ എന്നീ പദങ്ങൾ 28 സന്ദർഭങ്ങളിൽ. അതേ സമയം സൗജ് എന്ന ഏകവചനവും അതിൻ്റെ ഇരട്ടയെ കുറിക്കുന്ന സൗജൈനിയും ബഹു വചനമായ അസ് വാജും 81 സ്ഥലങ്ങളിൽ വന്നു. അഹ് ല് എന്ന വാക്ക് വ്യത്യസ്ത അർത്ഥത്തിൽ 127 തവണ പ്രയോഗിച്ചതായി കണക്കാക്കുന്നു. അഹ് ലിന് കുടുംബം എന്നല്ലാത്ത അർത്ഥവും ഉണ്ട്. ഇതിൽ പകുതിയോളം സ്ഥലങ്ങളിൽ കുടുംബം എന്ന അർത്ഥത്തിലാണ് വന്നത്. അതിൽ തന്നെ ഭാര്യ എന്ന പ്രത്യേക അർത്ഥത്തിൽ വന്ന സന്ദർഭങ്ങളും ഉണ്ട്. 

അത് പോലെ മകൾ എന്ന അർത്ഥത്തിൽ ബിൻത് 19 ഇടങ്ങളിലും സഹോദരി എന്ന അർത്ഥത്തിൽ ഉഖ്ത് 14 തവണയും പ്രയോഗിച്ചതായി കണക്കാക്കുന്നു. 

വിവേചനമില്ല:
വ്യക്തിത്വം, വിശ്വാസം, കർമം, പ്രതിഫലം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീ - പുരുഷവർഗങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള വിവേചനത്തിനോ വേർതിരിവിനോ ഖുർആൻ പഴുത് നൽകുന്നില്ല. സ്ത്രീ-പുരുഷ വ്യത്യാസം ജൈവപരമായ ഒരു യാഥാർത്ഥ്യമാണെന്ന് മനുഷ്യോൽപ്പത്തിയിലേക്ക് വിരൽ ചൂണ്ടി ഖുർആൻ വ്യക്തമാക്കുന്നു. "ഹേ മർത്യകുല മേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. അന്യോന്യം മനസ്സിലാക്കാൻ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹു വിങ്കൽ നിങ്ങളിലെ അത്യാദരണീയൻ ഏറ്റം ധർമനിഷ്ഠനത്രെ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്. " ( ഹുജുറാത്: 13 )

ഇവിടെ ലിംഗമോ വർഗമോ വർണമോ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വിവേചനവും ഇസ് ലാം അംഗീകരിക്കുന്നില്ലെന്ന കാര്യം വ്യക്തമാണല്ലോ. മറിച്ച് ഭക്തിയും സൂക്ഷ്മതയും ഉൾക്കൊണ്ട് ആര് ജീവിക്കുന്നോ അവനാണ് ദൈവപ്രീതിയും സാമീപ്യവുമെന്ന് അടിവരയിടുന്നു. "ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയിൽ നിന്ന് നിങ്ങളെ പടക്കുകയും അതിൽ നിന്ന് തന്നെ അതിൻ്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക " (അന്നിസാ: 1) യെന്ന് മറ്റൊരിടത്ത് കാണാം. 

കർമഫലത്തിലെ തുല്യത:
എന്നാൽ കർമങ്ങളുടെയും പ്രതിഫലങ്ങളുടെയും കാര്യം വരുമ്പോൾ എല്ലാവരും തുല്യരാണ്. ഖുർആൻ പറയട്ടെ. "ആണവട്ടെ, പെണ്ണാവട്ടെ; സത്യവിശ്വാസിയായി സൽകർമം അനുഷ്ഠിച്ച വർ സ്വർഗ പ്രവേശനം നേടും. അവരോട് തരിമ്പും അക്രമം കാണിക്കപ്പെടില്ല." (അന്നിസാ: 124) ആലു ഇംറാൻ അധ്യായത്തിലെ വചനം കൂടി ശ്രദ്ധിക്കൂ: " അന്നേരം തങ്ങളുടെ നാഥൻ അവരോട് പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളിൽ ഒരു പ്രവർത്തകൻ്റെ കർമവും ഞാൻ പാഴാക്കില്ല തന്നെ. നിങ്ങളെല്ലാം ഒരേ വർഗമാണല്ലോ."  (വചനം: 195). ഇവിടെ 'നിങ്ങൾ ചിലർ ചിലരിൽ നിന്ന് ' എന്ന പ്രയോഗമാണ് ഖുർആൻ നടത്തിയിരിക്കുന്നത്. മനുഷ്യവർഗം എന്ന നിലയിലും സൃഷ്ടിപ്പിൻ്റെ പിന്നിലെ പ്രധാന ഘടകമെന്ന നിലയിലും ഇരു വിഭാഗങ്ങളും ഒന്നാണെന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുകയാണിവിടെ.

Also Read:വിശേഷങ്ങളുടെ ഖുർആൻ: (26) ശുഭചിന്തകളുടെ കേദാരം

മാത്രമല്ല; തൗബ അധ്യായത്തിലെ വചനം 71 അതിന് ഒന്നുകൂടി അടിവരയിടുന്നുണ്ട്: "സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവർ നൻമ കൽപ്പിക്കുകയും തിൻമ നിരോധിക്കുകയും നമസ്കാരം യഥാവിധി അനുഷ്ഠിക്കുകയും സകാത് നൽകുകയും അല്ലാഹു വിനേയും റസൂലിനേയും അനുസരിക്കുകയും ചെയ്യുന്നു. അവർക്ക് അല്ലാഹു വിൻ്റെ കാരുണ്യ വർഷമുണ്ടാകുന്നതാണ്. അവൻ പ്രതാപശാലിയും യുക്തിമാനും തന്നെയാണ്, തീർച്ച." ഇതിൻ്റെ തുടർച്ചയായി വന്ന വചനവും ശ്രദ്ധേയമാണ്. സത്യവിശ്വാസികൾക്കും സത്യ വിശ്വാസിനികൾക്കും താഴേക്കൂടി ആറുകളൊഴുകുന്ന സ്വർഗീയ ഉദ്യാനങ്ങൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിലവർ ശാശ്വതവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള ആരാമങ്ങളിൽ ഉത്തമഗേഹങ്ങളും അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിൻ്റെ സംതൃപ്തിയത്രെ മഹോന്നതം! മഹത്തായ വിജയം അതാകുന്നു." (വചനം: 72)

കർമഫലത്തിൽ ലിംഗവിവേചനമില്ലെന്ന് സ്പഷ്ടമാക്കുന്ന വേറെയും വചനങ്ങൾ കാണാം. ഗാഫിർ അധ്യായത്തിൽ ഇങ്ങനെ കാണാം: "ഒരാൾ ഒരു തിൻമ ചെയ്താൽ തത്തുല്യ പ്രതിഫലമേ നൽകപ്പെടൂ. സത്യവിശ്വാസിയായി സർകർമം അനുഷ്ഠിക്കുന്നത് സ്ത്രീയോ പുരുഷനോ ആരാകട്ടെ, അവർ സ്വർഗ പ്രാപ്തരാകുന്നതും അവർക്കവിടെ കണക്കില്ലാത്ത ഉപജീവനം നൽകപ്പെടുന്നതുമാകുന്നു." (വചനം: 40)

ഇനി അഹ് സാബ് അധ്യായത്തിൽ ഏറെ വ്യത്യസ്തമായ ശൈലിയിൽ സ്ത്രീ-പുരുഷവർഗങ്ങളെ പ്രത്യേകം എടുത്തു പറഞ്ഞു തുലനപ്പെടുത്തുന്നത് കൂടി കാണുക: "നിശ്ചയം, അല്ലാഹുവിന് കീഴ്പ്പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും ധർമിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും സ്വന്തം ഗുഹ്യസ്ഥാനങ്ങൾ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും - ഇവർക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു''. (വചനം: 35 ).

അവകാശങ്ങൾ, പരിഗണനകൾ : 
സ്ത്രീകൾക്ക് സ്വന്തമായി സമ്പാദിക്കാനോ ബന്ധുക്കളുടെ മരണാനന്തര സ്വത്തിൻ്റെ വിഹിതം നേടാനോ അവകാശമില്ലാത്ത കാലമുണ്ടായിരുന്നു. പഴയ/പുതിയ നിയമങ്ങൾ പിന്തുടരുന്ന ജൂത-ക്രൈസ്തവ സമൂഹങ്ങളിൽ അടുത്ത കാലം വരെ അതായിരുന്നു സ്ഥിതി. ഖുർആനാണ് അനന്തര സ്വത്തിൽ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് ആദ്യമായി പ്രഖ്യാപിക്കുന്നത്. അന്നിസാ അധ്യായം വചനം ഏഴ് ഇങ്ങനെ പറയുന്നു: "മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ സമ്പത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വിഹിതമുണ്ട്. കുറച്ചാകട്ടെ, കൂടിയതാകട്ടെ, നിശ്ചിത ഓഹരിയാണത് ".

അന്നിസായിൽ തന്നെ വചനം 32 ഇത്രയും കൂടി വ്യക്തമാക്കുന്നു. " ചിലരേക്കാൾ മറ്റു ചിലർക്ക് അല്ലാഹു നൽകിയ ഔദാര്യം സ്വന്തമാക്കാൻ നിങ്ങൾ വ്യാമോഹിക്കരുത്. പുരുഷൻമാർ പ്രവർത്തിച്ചതിൽ നിന്ന് അവർക്കും സ്ത്രീകൾ പ്രവർത്തിച്ചതിൽ നിന്ന് അവർക്കുമുണ്ടാകും. നിങ്ങൾ ദിവ്യാനുഗ്രഹത്തിൽ നിന്ന് അല്ലാഹുവിനോട് ചോദിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മജ്ഞാനിയത്രെ."

പരലോകത്ത് ലഭിക്കുന്ന വിഹിതമാണെങ്കിലും ഇഹലോകജീവിതത്തിൽ അധ്യാനിച്ചോ അല്ലാതെയോ ലഭിച്ച സമ്പാദ്യമാണെങ്കിലും അവയിലൊന്നും സ്ത്രീ-പുരുഷ വേർതിരിവില്ല. സ്വന്തം സ്വത്തിൽ പുരുഷന് ക്രയ വിക്രയ സ്വാതന്ത്ര്യം ഉള്ളത് പോലെ സ്ത്രീക്കും അതുണ്ട്. സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും സമ്പാദിക്കാനും സൂക്ഷിക്കാനും ചിലവഴിക്കാനും എല്ലാം പുരുഷന് സമാനമായ അവകാശം സ്ത്രീക്കും ഉണ്ടെന്നാണ് ഖുർആനിക വചനങ്ങളുടെ താൽപ്പര്യം. ഇതിന് വിരുദ്ധമായ വല്ലതും മുസ് ലിം സമൂഹത്തിൽ കാണുന്നുണ്ടെങ്കിൽ അതിന് മതം ഉത്തരവാദിയല്ല. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter