രിസാല അല്‍ദഹബിയ്യ: സ്വര്‍ണമഷിയിലെഴുതപ്പെട്ട വൈദ്യഗ്രന്ഥം
ആരോഗ്യത്തെകുറിച്ചും രോഗപരിഹാരങ്ങളെ കുറിച്ചും ശീഈ സരണിയിലെ എട്ടാം ഇമാമായി അറിയപ്പെടുന്ന അലി ബിന്‍ മൂസ അല്‍-രിദ തയ്യാറാക്കിയ ബൃഹദ് ഗ്രന്ഥമാണ് അല്‍ രിസാല അല്‍ ദഹബിയ്യ. ഖലീഫ മഅ്മൂനിന്റെ നിര്‍ദ്ദേശപ്രകാരം വിരചിതമായ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാധാന്യം പരിഗണിച്ച്, അത് സ്വര്‍ണമഷികൊണ്ട് എഴുതപ്പെടുക പോലും ചെയ്തു. വൈദ്യമേഖലയിലെ തലയെടുപ്പുള്ള ആധികാരികരേഖ കൂടിയാണിത്.
വൈദ്യശാസ്ത്രം അതിന്റെ ശിശുദശയിലായിരുന്ന ഘട്ടത്തിലും, ശരീരഘടനാശാസ്ത്രം, മനഃശാസ്ത്രം, രസതന്ത്രം, രോഗലക്ഷണശാസ്ത്രം (pathology) തുടങ്ങിയ വ്യത്യസ്ത ശാസ്ത്രശാഖകളെ ഗ്രന്ഥം അപഗ്രഥന വിധേയമാക്കി. മനുഷ്യന്റെ ആരോഗ്യം രക്തം, പിത്തം, കഫം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും, ശരീരത്തെ നിയന്ത്രിക്കുന്നതിലും ആരോഗ്യപരിരക്ഷയിലും കരളിന് മുഖ്യപങ്കുണ്ടെന്നുമുള്ള വീക്ഷണ പ്രകാരമാണ് ഗ്രന്ഥം തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
രചനാപശ്ചാത്തലം
തത്ത്വ-വൈദ്യശാസ്ത്രങ്ങളുടെ ഈറ്റില്ലാമായിരുന്ന ഖലീഫ മഅ്മൂനിന്റെ കൊട്ടാരം വ്യത്യസ്ത ചര്‍ച്ചകളുടെയും വാദപ്രതിവാദങ്ങളുടെയും വേദികൂടിയായിരുന്നു. വിജ്ഞാനശേഖരത്തില്‍ ഉത്സുകനായ ഖലീഫ രാഷ്ട്രത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്ന് പണ്ഡിതരെ ക്ഷണിക്കുകയും അവരുമായി ചര്‍ച്ചകളിലേര്‍പ്പെടുകയും പതിവായിരുന്നു.
നിശാപൂരിലെ പ്രമുഖ വൈദ്യശാസ്ത്രജ്ഞരും തത്ത്വചിന്തകരുമായുള്ള ചൂടേറിയ ശാസ്ത്ര വിശകലനം നടന്നുകൊണ്ടിരിക്കുന്ന ദിവസം. ദൈവം മനുഷ്യശരീരത്തെ എത്തരത്തില്‍ സൃഷ്ടിച്ചു, ശരീരത്തിന് ഗുണവും ദോശവും ചെയ്യുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്നതായിരുന്നു ചര്‍ച്ചയുടെ കേന്ദ്രവിഷയം. പക്ഷേ ഇത്തരം ചര്‍ച്ചകളിലൊന്നും ഇടപെടാതെ മൗനിയായിരിക്കുന്ന അലി ബിന്‍ മൂസയെ കണ്ട് മഅ്മൂന്‍ ചോദിച്ചു. 'അബൂ ഹസന്‍, ഇന്നത്തെ നമ്മുടെ ചര്‍ച്ചയെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?. ചോദ്യം കേട്ട് അലി ബിന്‍ മൂസ പറഞ്ഞു, ഈവിഷയത്തെ കുറിച്ച് കാലങ്ങളായി ഞാന്‍ പരിശീലിച്ചറിഞ്ഞതും പൂര്‍വ്വികള്‍ ഇതേകുറിച്ച് പങ്കുവെച്ചതുമായ അറിവ് എനിക്കുണ്ട്. അതുകൊണ്ട് ഈയൊരു സാഹചര്യത്തില്‍ ചിതറക്കിടക്കുന്ന അവയെ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'. ശേഷം ബല്‍ഖിലേക്ക് യാത്രയായ മഅ്മൂന്‍ അവിടെ വെച്ച് അലിബിന്‍ മൂസക്ക് ഗ്രന്ഥം എത്രയും വേഗം പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് കത്തയക്കൂകയും അദ്ദേഹം അതിന് സമ്മതം അറിയിച്ച് കൊണ്ട് മറുപടി എഴുതുകയും ചെയ്തു. സ്വർണമഷി ഉപയോഗിച്ചു കൊണ്ടായിരുന്നു മഅ്മൂൻ ഗ്രന്ഥം രചിക്കാനാവശ്യപ്പെട്ടത്.
ഗ്രന്ഥരൂപീകരണശേഷം മഅ്മൂന്‍ പ്രസ്തുത ഗ്രന്ഥത്തെ അധികരിച്ച് പറഞ്ഞതിങ്ങനെയാണ്. 'വൈദ്യശാസ്ത്രമേഖലയില്‍ അത്യധികം വിലപിടിപ്പുള്ള ഗ്രന്ഥമാണിത്. അതിന്റെ മൂല്യം പരിഗണിച്ച് കൊണ്ടാണ് ഗ്രന്ഥത്തെ സ്വര്‍ണമഷികൊണ്ടെഴുതാനും ശേഷം ബൈത്തുല്‍ ഹിക്മയിലെത്തിക്കാനും ഞാന്‍ കല്‍പ്പിച്ചത്'.
ഈ ഗ്രന്ഥത്തിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. അവയില്‍പെട്ടതാണ് മൗല നൗറൂസ് അല്‍ ബിസ്താമിയുടെ ശറഹ് ത്വിബ് അല്‍രിളയും, മുഹമ്മദ് ബാഖിര്‍ അല്‍ മജ്‌ലിസിയുടെ തര്‍ജമത് അല്‍ദഹബിയ്യയും.
പ്രത്യേകതകൾ
മറ്റു പാരമ്പര്യവൈദ്യമേഖലകളെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇസ്‍ലാമിക വൈദ്യപാരമ്പര്യവും. മനുഷ്യനെ ബാധിക്കുന്ന വ്യത്യസ്ത രോഗങ്ങളും ആരോഗ്യഅസന്തുലിതാവസ്ഥകളെയും തരണം ചെയ്യാൻ വ്യത്യസ്ത പരിഹാരങ്ങൾ ഇസ്‌ലാം നിർദേശിക്കുന്നുണ്ട്. ദാനം, ദിക്റ്, നിസ്കാരം, മറ്റു ആരാധനാകർമങ്ങളും, ഹിജാമ, അട്ടയെ ഉപയോഗിച്ചുള്ള ചികിത്സ (Leeching/Hirudotherapy) തുടങ്ങിയ ചികിത്സാമാർഗങ്ങളും ഇസ്‍ലാമിക് മെഡിസിൻറെ പ്രധാനഭാഗങ്ങളായാണ് ഗ്രന്ഥം പരിചയപ്പെടുത്തുന്നത്. മനുഷ്യശരീരം (microcosm) പ്രപഞ്ചത്തിന്റെ (macrocosm) പ്രതിഫലനമാണെന്നും ആരോഗ്യവും രോഗവും ഈ രണ്ട് ലോകങ്ങൾ തമ്മിലുള്ള സമ്പർക്കത്തിൽ നിന്ന് രൂപപ്പെടുന്നതാണെന്നും ഗ്രന്ഥം വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
ഹൃദയാധിഷ്ഠിത ശരീരം, ഇമാമിന്റെ ഔഷധക്കൂട്ട്, കുളി (അദബുല്‍ഹമ്മാം), ആന്തരികാവയവങ്ങള്‍ പരിപാലിക്കുന്നതിനുള്ള നിയമങ്ങള്‍, യാത്ര, ഉറക്കം (അദബുന്നൗം), പല്ല് വൃത്തിയാക്കല്‍ (അദബുല്‍മിസ്‍വാക്), ഹിജാമ, ലൈംഗിക ബന്ധം തുടങ്ങിയ പതിനാല് ഭാഗങ്ങളായാണ് ഗ്രന്ഥം വിഭജിക്കപ്പെട്ടിട്ടുള്ളത്.
ഈ സുവർണപ്രബന്ധവും ത്വിബ്ബുന്നബിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പ്രസ്തുത ഗ്രന്ഥത്തിൻറെ ഇംഗ്ലീഷ് വിവർത്തനത്തിൽ വിവർത്തകനായ ബ്രിഗറ്റ് ലാകോമ്പ് ഫാകിർ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത്, രിസാലത്തുദഹബിയ്യ ത്വിബ്ബുന്നബിയിൽ നിന്നും സൈദ്ധാന്തികവിപുലീകരണത്തിലും ഉള്ളടക്കത്തിലും (മെഡിക്കൽ കണ്ടന്റ്) വ്യത്യാസം പുലർത്തുന്നുണ്ട് എന്നാണ്. ത്വിബ്ബുന്നബിയും രിസാലയും രൂപപ്പെട്ട കാലവും സന്ദർഭവുമാണ്, അതിന് കാരണമായി വിവര്‍ത്തകന്‍ സൂചിപ്പിക്കുന്നത്.
ശിഈ വിശ്വാസ സരണിയിലെ എട്ടാം ഇമാമാണ് രിസാലത്തുദ്ദഹബിയ്യയുടെ രചയിതാവായ അലിബിന്‍ മൂസാ അല്‍രിദ. പ്രസ്തുത ഗ്രന്ഥം നിലവിൽ പുസ്തക രൂപത്തിലും ഓൺലൈൻ വെബ് പോർടലുകളിലും ലഭ്യമാണ്. കൂടാതെ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവർത്തനവും ഇന്ന് പ്രസിദ്ധീകരണത്തിലുണ്ട്.
Leave A Comment