സിനാന്‍ അന്‍തൂണ്‍-വെള്ളപുതപ്പിക്കുന്നവര്‍- ആധുനിക ബാഗ്ദാദിനെ അടയാളപ്പെടുത്തുന്ന നോവല്‍

ആധുനിക ബാഗ്ദാദിനെ അടയാളപ്പെടുത്തുന്ന നോവല്‍
ബുക് റിവ്യൂ

ഏതൊരു കുട്ടിയെയും പോലെ, ഭാവിയെ കുറിച്ച് ഒട്ടേറെ നിറം പിടിച്ച സ്വപ്നങ്ങളുണ്ടായിരുന്നു ജവാദ് കാസിമിനും. ബാഗ്ദാദിലെ ഫൈന്‍ ആര്ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ജവാദിന് ലോക പ്രശസ്തനായ നല്ലൊരു ശില്‍പിയാവാനായിരുന്നു ആഗ്രഹം. പക്ഷെ, പാരമ്പര്യമായി പിതാവ് ചെയ്തിരുന്ന കുടുംബജോലി എന്ന നിലയില്‍ മയ്യിതുകള്‍ കുളിപ്പിച്ച് കഫന്‍ ചെയ്യുന്ന ജോലിയായിരുന്നു അവന് ഏറ്റെടുക്കേണ്ടിവന്നത്. എത്രയൊക്കെ ഓടിയൊളിച്ചാലും അയാള്‍ അതിലേക്ക് തന്നെ തിരിച്ചുവരേണ്ടിവരുന്നു.

യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഭീകരതകള്‍ ഒരുനാടിനെ എത്രമാത്രം ദുരന്തപൂര്‍ണ്ണമായി ബാധിച്ചുവെന്ന് വരച്ച് കാണിക്കുകയാണ്, ഇറാഖി സാഹിത്യകാരനായ സിനാന്‍ അന്‍തൂണ്‍ തന്റെ, മാതള മരം മാത്രം എന്ന നോവലിലൂടെ.  ഡോ.എന്‍ ഷംനാദാണ് അറബിയില്‍ നിന്ന് മലയാളത്തിലേക്ക്, വെള്ള പുതപ്പിക്കുന്നവര്‍ എന്ന പേരില്‍ ഈ നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഗ്രീന്‍ ബുക്ക്സാണ് പ്രസാധകര്‍.

അബ്ബാസി ഭരണാധികാരി അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ പണികഴിപ്പിച്ച ഒരുകാലത്ത് വൈജ്ഞാനിക കേന്ദ്രമായി അറിയപ്പെട്ടിരുന്ന ബാഗ്ദാദ് നിലവില്‍ യുദ്ധങ്ങളാല്‍ തകര്‍ന്ന് ശ്മശാന ഭൂമികയായി തീര്‍ന്നിരിക്കുന്നു, ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ആധുനിക ബാഗ്ദാദിനെയാണ് സിനാണ്‍ അണ്‍തൂണ്‍ ഈ നോവലില്‍ വരച്ച് കാണിക്കുന്നത്. 

പ്രധാന കഥാപത്രമായ ജവാദ് കാസിമിലൂടെയാണ് കഥ പുരോഗമിക്കുന്നത്, ബാഗ്ദാദിലെ ഫൈന്‍ ആര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ജവാദ് ശില്‍പിയാവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്തെ- പ്രത്യേകിച്ച് ബാഗ്ദാദിലെ- യുദ്ധാന്തരീക്ഷവും സാമ്രാജ്യത്വവും അധിനിവേശവും അക്രമവും അവന്റെ മോഹങ്ങളെ തല്ലിക്കെടുത്തുന്നു. ബാഗ്ദാദിലെ മൃതദേഹങ്ങള്‍ കുളിപ്പിച്ച് കഫന്‍ ചെയ്യുന്ന ജോലി പാരമ്പര്യമായി ചെയ്യുന്ന കുടുംബത്തില്‍ ഏറ്റവുമൊടുവില്‍ ആ ജോലി ഏറ്റെടുക്കേണ്ടിവന്ന ജവാദ് കാസിമിന്റെ ദുരന്തകഥയിലൂടെ ആധുനിക ബാഗ്ദാദിന്റെ നേര്‍ക്കാഴ്ചനോവലിസ്റ്റ് തുറന്നുകാണിക്കുന്നു.

ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖ്-കുവൈത്ത് യുദ്ധം, അമേരിക്കന്‍ അധിനിവേശം, സുന്നി-ശിയ തര്‍ക്കങ്ങള്‍, ബഅസ് പാര്‍ട്ടി-കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രശ്‌നങ്ങള്‍, തുടങ്ങിയവയെല്ലാം ചെന്നുപതിക്കുന്നത് സാധാരണ ജനങ്ങളുടെ നെഞ്ചിലേക്കാണ്, ടെലിവിഷന്‍ ചാനലുകള്‍ തുറന്നാല്‍ ദുരന്ത സ്‌ഫോടനത്തിന്റെ നേര്‍ചിത്രങ്ങള്‍, ജനങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍ നോവലില്‍ നിഴലിച്ചുകാണുന്നുണ്ട്,യുദ്ധശേഷിപ്പുകളെ കൃത്യമായി തുറന്നുകാണിക്കാനാവണം മൃതദേഹങ്ങള്‍ കുളിപ്പിക്കുന്ന കുളിപ്പുരയെ പ്രധാന പ്രമേയമായി നോവലിസ്റ്റ് തെരഞ്ഞടുത്തെന്ന് തോന്നി, കാരണം അവിടെയെത്തുന്ന മൃതദേഹങ്ങള്‍ക്കധികവും അവയവങ്ങള്‍ പൂര്‍ണ്ണമായി ഉണ്ടാവാറില്ല.  കണ്ണോ, കയ്യോ കാലോ നഷ്ടപ്പെട്ട വിവിധകോലത്തിലുള്ളതാണ്. ഒരിക്കല്‍ വെറും ശിരസ് മാത്രം കഫന്‍ ചെയ്യേണ്ടിവരുന്നുണ്ട് ജവാദിന്. ചാവേര്‍സ്‌ഫോടനങ്ങളും ബോംബാക്രമണങ്ങളും സാമ്രാജ്യത്വവും അധിനിവേശവും ഭരണകൂടഭീകരതയും രാഷ്ട്രീയസംഘര്‍ഷങ്ങളും എല്ലാം എത്ര ദുസ്സഹമായാണ് ഒരു ജനതയെ ഒന്നുമല്ലാതാക്കിയത് എന്ന് ഈ നോവല്‍ വായിച്ചാല്‍, ഏറെ നടുക്കത്തോടെ നമുക്ക് മനസ്സിലാക്കാനാവും.

Also Read:ബാഗ്ദാദ്: ഓര്‍മയിലെ പ്രതാപകാലം

ഈ മൃതദേഹങ്ങളെല്ലാം കുളിപ്പിക്കുന്ന വെള്ളം ചെന്നുചേരുന്നത് ഒരു മാതളമരത്തിന്റെ ചോട്ടിലാണ്,അതിനാലാവണം നോവലിന്റെ അറബി കൃതിയുടെ ടൈറ്റില്‍ വഹ്ദഹാ ശജറത് അല്‍ -റുമ്മാന്‍ (മാതളമരം മാത്രം) എന്ന് സിനാന്‍ അന്‍തൂണ്‍ തെരഞ്ഞെടുക്കാന്‍ കാരണം. എല്ലാ വേദനകളും അലിഞ്ഞുചേരുന്നിടം ആ മാതള മരമാണ്, എല്ലാവരുടെ വിലാപകാവ്യങ്ങളുടെയും അവസാനം അവിടെയാണ്. ആശയം വളരെ കൃത്യമാണെങ്കിലും മലയാളവിവര്‍ത്തനത്തിന്റെ വെള്ളപുതപ്പിക്കുന്നവര്‍ എന്ന തലക്കെട്ട് എന്തുകൊണ്ടോ അത്രമനോഹരമായി തോന്നിയില്ല. 

പ്രതിസന്ധി നിറഞ്ഞ ജവാദ് കാസിമിന്റെ ജീവിതത്തെ കരക്കടുപ്പിക്കാനും അവനിഷ്ടപ്പെട്ട മേഖലയിലൂടെ ഒരുപാട് സ്വപ്‌നങ്ങള്‍ കാണാനും പഠിപ്പിച്ച മാതൃകാ അധ്യാപകരെന്ന് വിളിക്കാവുന്ന റാഇദ് സാര്‍, പ്രൊഫസര്‍ ഇസാം അല്‍ജനാബി എന്നീ കഥാപാത്രങ്ങളെ ഏറെ ഇഷ്ടപെട്ടു, ഫൈന്‍ആര്‍ട്‌സ് അക്കാദമിയിലെ പഠനകാലത്ത് ജവാദിന്റെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറിയ റീം, അവര്‍ക്കിടയില്‍ വിരിഞ്ഞ ആത്മാര്‍ഥ പ്രണയം, ഒടുവില്‍ നിര്‍ബന്ധിതനായി മൃതദേഹം കുളിപ്പിക്കുന്ന മഗസൈലിലെ ജോലിക്കിടയിലും തുടരുന്ന വരകള്‍, ഒരിക്കല്‍ താന്‍ വിദേശത്ത് പോയി പഠനം പൂര്‍ത്തിയാക്കുമെന്ന ആഗ്രഹം, രാജ്യത്തെ അവസ്ഥക്കനുസരിച്ച് ജവാദ് കാണുന്ന പേക്കിനാവുകള്‍, അങ്ങനെ നിരവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് നോവല്‍. 55 അധ്യായങ്ങളുള്ള നോവല്‍ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും ശൈലികൊണ്ടും ഏറെ വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. 

അറബി സാഹിത്യ ലോകത്തെ അറിയപ്പെട്ട കവിയും നോവലിസ്റ്റും വിവര്‍ത്തകനും അധ്യാപകനും ഡോക്യുമെന്ററി സംവിധായകനും ഒക്കെയാണ് ഇറാഖുകാരനായ സിനാന്‍  അന്‍തൂണ്‍. എബൗട്ട് ബാഗ്ദാദെന്ന ഒരു ഡോക്യുമെന്ററി അന്‍തൂണ്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ നോവല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതും സിനാന്‍ തന്നെയാണ്. ഇറാന്‍-ഇറാഖ് യുദ്ധത്തെ കുറിച്ച് ഗാര്‍ഡിയന്‍ ന്യൂസ് പേപ്പര്‍ തെരഞ്ഞെടുത്ത ഏററവും നല്ല പത്ത് പുസതകങ്ങളിലൊന്ന് കൂടിയാണ് ഈ നോവല്‍. 

ജവാദിന്റെ ഉമ്മ ഒരവസരത്തില്‍ എന്റെ ഹൃദയം തകര്‍ന്നുപോയിരിക്കുന്നുവെന്ന് പറയുമ്പോള്‍ ജവാദ് തിരിച്ച് ചോദിക്കുന്നത്, ഈ നാട്ടില്‍ ഹൃദയം തകരാത്തവരായി ആരുമില്ലല്ലോ എന്നാണ്. സദ്ദാമാനന്തര ആധുനിക ബാഗ്ദാദിനെ അടയാളപ്പെടുത്തുന്ന ഈ നോവല്‍ എന്തുകൊണ്ടും വ്യത്യസ്ത വായനാനുഭവം തന്നെയാണ് നല്‍കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter