മുഹമ്മദ്‌ ഹാശിം ഖാഫിഖാന്‍: മുഗള്‍ ഇന്ത്യയിലെ ചരിത്രകാരന്‍

മുഗള്‍ ഇന്ത്യയിലെ ഇന്തോ-പേര്‍ഷ്യന്‍ ചരിത്രകാരനായിരുന്നു ഖാഫിഖാന്‍. മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബിന്റെ കാലത്തെ പ്രധാന ചരിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹം ഗണിക്കപ്പെടുന്നത്. മുഗള്‍ ഭരണകൂടത്തിന്റെ ചരിത്രത്തെക്കുറിച്ചും മുഗള്‍ കാലത്തെ സാമൂഹികവും വൈജ്ഞാനികവും വിവിധ  മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം സവിസ്‌തരം വിശദീകരിക്കുന്നുണ്ട്. മുഗള്‍ ഭരണാധികാരികളായിരുന്ന ഔറംഗസീബിന്റെയും ഷാജഹാന്റെയും ചരിത്രത്തെ ഇന്ത്യന്‍ ജനതക്ക്‌ മുന്നില്‍ സമര്‍പ്പിക്കാനായത് അദ്ദേഹത്തിന്റെ നേട്ടമാണ്. "മുന്‍തഖബ്‌-അല്‍-ലുബാബ്‌" എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ് മുഗള്‍ ഭരണകാലത്തിന്റെ ചരിത്രം ശേഷം വന്നവര്‍ക്ക് ബാക്കിവെച്ചത് എന്ന് വരെ പറയാം.

അദ്ദേഹത്തിന്റെ പ്രപിതാക്കന്മാര്‍ ഇന്നത്തെ ഇറാനിലെ ഖാഫി പ്രദേശത്ത്‌ നിന്ന് ഇന്ത്യയിലേക്ക്‌ വന്നവരായിരുന്നു. ഇതിനാലായിരുന്നു മുഹമ്മദ്‌ ഷാ ഭരണാധികാരി അദ്ദേഹത്തിന്‌ ഖാഫി ഖാന്‍ എന്ന പേര് നല്കിയത്. യഥാര്‍ത്ഥ നാമം, മുഹമ്മദ്‌ ഹാശിം എന്നായിരുന്നു. അദ്ദേഹത്തിന്റെ ജനന തിയ്യതിയും കൃത്യമായ പ്രദേശവും ചരിത്രരേഖകളില്‍ അറിയപ്പെട്ടിട്ടില്ലെങ്കിലും ഡല്‍ഹിയായിരുന്നു സ്വദേശമെന്നാണ് കരുതപ്പെടുന്നത്. മുറാദ്‌ ബഖ്‌ഷിന്റെ കാലത്ത്‌ ഉന്നത റാങ്കിലുള്ള ഓഫീസര്‍മാരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ പിതാവ്‌ ഖാജാ മീര്‍,  ഔറംഗസീബിന്റെ കാലത്തും ആ സേവനം തുടര്‍ന്ന്‌ പോന്നു. അത് കൊണ്ട് തന്നെ, മുഗള്‍ ഭരണകൂടത്തിനോട്‌ അടുത്തിടപഴകിയായിരുന്നു ഖാഫിഖാന്‍ വളര്‍ന്നത്..

ബോംബെയില്‍ ക്ലര്‍ക്കായിട്ടായിരുന്നു ഖാഫിഖാന്റെ ജീവിതം ആരംഭിക്കുന്നത്‌. ഔറംഗസീബിന്റെ കാലത്ത്‌ സൈനികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ ഖാഫിഖാന്‌ അവസരങ്ങള്‍ ലഭിച്ചു. മാത്രമല്ല, ശീഈ ആശയം പിന്തുടര്‍ന്ന്‌ പോന്നിരുന്ന ഖാഫിഖാന്‍ തന്റെ എഴുത്തിലും ശിയാ അനുകൂല പ്രസ്താവനകള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഔറംഗസീബിന്റെ കാലശേഷം ഭരണത്തില്‍ വന്ന ബഹദൂര്‍ഷാ, ഫാറൂഖ്‌ സിയാര്‍, മുഹമ്മദ്‌ ഷാ തുടങ്ങിയവരുടെ സഹായിയായും ഖാഫിഖാന്‍ സേവനമനുഷ്ടിച്ചു.

മുഗള്‍ കാലഘട്ടത്തെ കുറിച്ച്‌ സവിസ്‌തരം പരാമര്‍ശിക്കുന്ന, മുന്‍തഖബ്‌-അല്‍-ലുബാബ് ആണ് അദ്ദേഹത്തിന്റെ സ്മരണ ഇന്നും ബാക്കിയാക്കിയത്. ബാബറിന്റെ കടന്നുവരവ് മുതല്‍ തുടങ്ങുന്ന ഗ്രന്ഥം അവസാനിക്കുന്നത്‌ മുഹമ്മദ്‌ ഷായുടെ ഭരണകാലഘട്ടത്തെ പ്രതിപാദിച്ചു കൊണ്ടാണ്‌. മാത്രമല്ല, മുഗള്‍ കാലത്തുണ്ടായിരുന്ന ഓരോ സൂക്ഷ്‌മമായ കാര്യങ്ങള്‍ക്കും ഏറെ പ്രസക്തി നല്‍കിക്കൊണ്ട്‌, അതിനെയെല്ലാം തന്റെ ഗ്രന്ഥത്തില്‍ അദ്ദേഹം പ്രസ്‌താവിക്കുന്നുണ്ട്‌. 1731 ലാണ്‌ ഖാഫിഖാന്‍ മുന്‍തഖബ്‌-അല്‍-ലുബാബ്‌ എഴുതി പൂര്‍ത്തീകരിക്കുന്നത്‌.

ലോദി ഭരണകൂടകാലത്തുണ്ടായിരുന്ന പ്രദേശിക ഭരണകൂടങ്ങള്‍, തിമൂരിദ്‌ ഭരണകൂടം, അക്‌ബറിന്റെ മരണശേഷമുള്ള മുഗള്‍ കാലഘട്ടം എന്നിങ്ങനെ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ ഖാഫിഖാന്‍ തന്റെ ഗ്രന്ഥം ആവിഷ്‌കരിച്ചിട്ടുള്ളത്‌. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥം, മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ ജീവിതത്തെയും ഭരണകാലത്തെയും ഏറെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ചരിത്രനിരൂപണത്തില്‍ ഖാഫിഖാന്‍ മറ്റു ചരിത്രകാരന്മാരില്‍ നിന്ന്‌ ഏറെ വ്യതിരിക്തത പുലര്‍ത്തിയിരുന്നു. അദ്ദേഹം ശിയാ വിഭാഗക്കാരനായത്‌ കൊണ്ട്‌ തന്നെ, ഇസ്‌ലാമിക വീക്ഷണത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ ചരിത്രത്തെയും സമീപിച്ചിരുന്നത്. തന്റെ ഗ്രന്ഥത്തില്‍ സ്വീകരിച്ച മാര്‍ഗങ്ങളെയും, താന്‍ എഴുതാന്‍ സ്വീകരിച്ച മാര്‍ഗ്ഗരേഖകളും ഖാഫിഖാന്‍ പ്രതിപാദിക്കുന്നുണ്ട്‌. മാത്രമല്ല, അദ്ദേഹം തന്നെ പറയുന്നുണ്ട്‌, ഒരു ചരിത്രകാരന്റെ മേല്‍ അവന്‍ സത്യസന്ധനായിരിക്കുക എന്നത്‌ നിര്‍ബന്ധമാണ്‌. അത്തരത്തിലുള്ള ചരിത്രശേഖരണങ്ങള്‍ക്ക്‌ മാത്രമേ ജനങ്ങള്‍ക്കിടയില്‍ പ്രസക്തിയുണ്ടാവുകയുള്ളൂ എന്ന്. ആ  യാഥാര്‍ത്ഥ്യത്തെ അദ്ദേഹം തന്റെ ഗ്രന്ഥത്തിലൂടെ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്.

ചരിത്രശേഖരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന ഖാഫിഖാന്‍, തന്റെ ഇഷ്ടാനുസരണം മാത്രമായിരുന്നു ചരിത്രം അടയാളപ്പെടുത്തിയിരുന്നത്‌. അക്കാലത്തെ ഇതര ചരിത്രകാരന്മാരെ പോലെ രാജാക്കന്മാരുടെ കല്‍പനകള്‍ അനുസരിച്ചോ അവരില്‍നിന്നുള്ള പാരിതോഷികങ്ങള്‍ പ്രതീക്ഷിച്ചോ ആയിരുന്നില്ല അദ്ദേഹത്തിന്റെ ചരിത്രാഖ്യാനം. അദ്ദേഹം പറയുന്നുണ്ട്‌: ഞാന്‍ ഒന്നിനെയും പിന്തുടര്‍ന്നിരുന്നില്ല. ഒരു അമീറിന്റെയോ മന്ത്രിയുടെയോ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ചരിത്രത്തെ മാറ്റിത്തിരുത്തിയിട്ടില്ല. ഞാന്‍ എഴുതിച്ചേര്‍ക്കുന്നതെല്ലാം ഞാന്‍ സ്വയം സാക്ഷ്യപ്പെടുത്തിയതാണ്. അതല്ലെങ്കില്‍ ഞാന്‍ കണ്ടതായിരിക്കും. അതുമല്ലെങ്കില്‍ വിശ്വസ്തരില്‍ നിന്നും നേരിട്ട് കേട്ടറിഞ്ഞതായിരിക്കും.

മുന്‍തഖബ്‌-അല്‍-ലുബാബ്‌ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ച്‌ മുഗള്‍ ഭരണകാലത്തെ ലോകത്തിന്‌ മുന്നില്‍ സവിസ്‌തരം സമര്‍പിക്കാന്‍ മുഹമ്മദ്‌ ഹാശിം ഖാഫി ഖാന്‍ എന്ന ചരിത്രകാരന്‌ സാധിച്ചു. അതോടൊപ്പം ഖാഫിഖാന്‍ എന്ന നാമമവും എന്നെന്നേക്കുമായി ജനമനസ്സുകളില്‍ ശേഷിക്കുകയും ചെയ്തു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter