കേരള മുസ്‌ലിം സമൂഹവും കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്‌ലിയാരും – മുസ്‍ലിം ചരിത്രവായനയുടെ വീണ്ടെടുപ്പ്
പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളിലെ മുസ്‌ലിം പശ്ചാത്തലത്തെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങളുടെ ഏറ്റവും വലിയ പരിമിതി അവ പ്രസ്തുത നൂറ്റാണ്ടുകളിലെ കൊളോണിയലിസത്തിന്റെ ഓരംചേര്‍ന്ന് രൂപപ്പെട്ടു എന്നതാണ്. ഈ പരിമിതിയുടെ അനന്തരമായി പല കോട്ടങ്ങളും മുസ്‌ലിം സമുദായത്തിനുണ്ടായി. സമുദായമെന്ന നിലയില്‍ മുസ്‌ലിംകളുടെ ചരിത്രം കോളണി അനുകൂലം-വിരുദ്ധം എന്നീ സംജ്ഞകളോട് മാത്രം ബന്ധപ്പെട്ടിരുന്നവയാണെന്നും അതിനപ്പറുത്തേക്കുള്ള ഏര്‍പ്പാടുകളൊന്നും ഇവരില്‍നിന്ന് ഉണ്ടായിട്ടില്ലെന്നുമുള്ള പറച്ചിലുകളുമാണ് അതില്‍ ഏറെ പ്രധാനം. നിലനില്‍പ്പ്, രാഷ്ട്രീയം, പോരാട്ടം എന്നിവയോട് മാത്രം സംവദിച്ച ഒരു തരം കായിക മുസ്‌ലിംകളെയാണ് നിലവിലെ ചരിത്രാഖ്യാനങ്ങള്‍ വരച്ചിടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്‌ലിം സമൂഹവും കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീംകുട്ടി മുസ്‌ലിയാരും എന്ന പേരില്‍ ബുക്പ്ലസ് പുറത്തിറക്കിയ ശമീര്‍ പി. ഹസന്റെ കൃതി ഈ പ്രശ്‌നങ്ങളെ കണ്ടെത്തുന്നതിലും അഭിമുഖീകരിക്കുന്നതിലും ചെറുതായെങ്കിലും പരിഹാരം പറയുന്നതിലുമുള്ള പ്രാഥമിക ശ്രമമാണെന്ന് പറയാതെ വയ്യ.
ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികള്‍ എന്നിവരുടെ ചലനങ്ങള്‍, ചാന്നാര്‍ സ്ത്രീകളുടെ മാറുമറക്കല്‍ സമരം, ജന്മിത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ തുടങ്ങി ജാതീയതയുടെ പിടിവലയത്തില്‍പെട്ട് നീതിനിഷേധിക്കപ്പെട്ടവരുടെ സമുദായ-മത പരിഷ്‌കരണ നീക്കങ്ങളായിരുന്നു കേരളത്തില്‍ മുസ്‌ലിമേതര വിഭാഗങ്ങളുടെ ഇരുപതാം നൂറ്റാണ്ടടക്കമുള്ള കാലത്തെ വിശേഷങ്ങള്‍. അതേസമയം, ഉമര്‍ഖാളിയുടെ നികുതിനിഷേധം, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍, വിവിധ ലഹളകള്‍ എന്നിവയായിരുന്നു ചരിത്രം കാത്തുസൂക്ഷിച്ച മുസ്‌ലിം സമുദായത്തിന്റെ ഭൂതകാല ഓര്‍മകള്‍. ഭാഷയിലും കാഴ്ചപ്പാടുകളിലും മക്തിതങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച പരിഷ്‌കരണങ്ങളും കൂട്ടത്തില്‍വായിക്കപ്പെടണം. ചരിത്രപരതയില്‍ മേല്‍സൂചിത സംഭവങ്ങളിലും വ്യക്തികളിലും മാത്രം പരിമിതപ്പെട്ട ട്രെന്റുകള്‍ രൂപപ്പെട്ടതിനാല്‍ മുസ്‌ലിം ചരിത്രം സമരങ്ങളിലും പറഞ്ഞുണ്ടാക്കിയ ചില പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും ഒതുങ്ങിനിന്നു. സമര, വിദ്വേഷ സ്വഭാവമുള്ള വ്യക്തികള്‍മാത്രം ചരിത്രപുരുഷന്മാരാവുകയും സമുദായത്തില്‍നിന്നുണ്ടായ ധൈഷണിക ഇടപെടലുകള്‍ രേഖപ്പെടുത്താത്തതിനാല്‍ തമസ്‌കൃതമാവുകയും ചെയ്തു. അതുവഴി, ധിഷണയെ ഉദ്ദീപിക്കുകയും അറിവുല്‍പാദന-പ്രസാരണ രംഗത്ത് വലിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത് ആധ്യാത്മിക തലത്തില്‍ സ്വന്തം സമുദായത്തെയും മറുതലക്കല്‍ ഇതരസമുദായങ്ങളെയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത ശ്രമങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പണ്ഡിതമുന്നേറ്റങ്ങളെയും ക്രിയാത്മക പ്രവര്‍ത്തനങ്ങളെയും രേഖപ്പെടുത്തിയ ഇടങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാതെ പോയ നാമമാണ് കൊങ്ങണം വീട്ടില്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്ന മഖ്ദൂം പണ്ഡിതന്റേത്. ഫത്ഹുല്‍ മുഈന്‍ എന്ന പില്‍ക്കാല കേരളത്തിന്റെ കര്‍മശാസ്ത്രപഠനങ്ങളെ നിര്‍ണയിച്ച ഗ്രന്ഥത്തിന്റെയും പോര്‍ച്ചുഗീസ്‌വിരുദ്ധ വികാരം രൂപപ്പെടുത്തിയ തുഹ്ഫത്തുല്‍ മുജാഹിദീന്റെയും രചയിതാവായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പരമ്പരയില്‍ വരികയും, സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്റെ ആദ്യമകനായി ജനിച്ചു എന്നതൊന്നുമല്ല ഇബ്‌റാഹീം മുസ്‌ലിയാരുടെ ചരിത്രയിടവും പ്രസക്തിയും. മഅ്ബറില്‍നിന്ന് ചേക്കേറിയ മഖ്ദൂം കുടുംബം മലബാറിലും അയല്‍നാടുകളിലും തിരിതെളിച്ചുവച്ച ആത്മീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ പ്രചാരകനാവുകയും ഒരു കാലത്തെ അതിന്റെ കേന്ദ്രമാവുകയും ആധുനികതയോടും അതിന്റെ നവവ്യവഹാരങ്ങളോടും ക്രിയാത്മകമായി ഇടപെടുകയുംചെയ്ത പണ്ഡിതന്‍ എന്ന നിലയിലാണ് ഇബ്‌റാഹീം മുസ്‌ലിയാര്‍ അടയാളപ്പെടുത്തപ്പെടേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്ന് മാത്രം.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളമുസ്‌ലിമിന്റെ വിശ്വാസം, സംസ്‌കാരം, ഭാഷ തുടങ്ങിയ വിഷയങ്ങളെയെല്ലാം തിരുത്തോടെ സമീപിച്ച പരിഷ്‌കരണ വാദങ്ങള്‍ക്കെല്ലാം ഈജിപ്തുമായും സൗദിയുമായും അവിടത്തെ പരിഷ്‌കരണവാദങ്ങളുമായും ബന്ധമുണ്ടായിരുന്നു. മാത്രമല്ല, മേല്‍സൂചിത പരിഷ്‌കരണ വാദങ്ങള്‍ക്കെല്ലാം യൂറോപ്യന്‍ സ്വാധീനവുമുണ്ടായിരുന്നു. മറ്റുസമുദായങ്ങളില്‍ നടന്നുകൊണ്ടിരുന്ന നവോത്ഥാനങ്ങളുടെ സ്വാധീനമായിരുന്നു ഇവയെന്ന് ചുരുക്കിപ്പറയാം. അതേസമയം, നിലവില്‍ കേരളം അനുഭവിക്കുന്ന രീതിയിലുള്ള അന്ധമായ യൂറോഅനുകരണത്തിന്റെ പ്രശ്‌നംകൂടി ഇവക്കുണ്ടായിരുന്നു. ഈ ചലനങ്ങള്‍ നവോത്ഥാനം അനിവാര്യമായ സമൂഹം എന്ന രീതിയിലേക്ക് മലബാര്‍ മുസ്‌ലിംകളുടെ ചരിത്രത്തെ എഴുതാന്‍ പ്രേരിപ്പിക്കുകയും സ്വന്തം വളര്‍ച്ചക്ക് ആക്കംകൂട്ടുകയും ചെയ്തു. അതേസമയം, വ്യാവഹാരിക രംഗങ്ങളില്‍ സമൃദ്ധമായൊരു ചരിത്രത്തെ തിരസ്‌കരിക്കാന്‍ അത് പ്രേരകമാവുകയും ചെയ്തു.
ചില പേരുകള്‍ പറഞ്ഞുകഴിഞ്ഞാല്‍, പിതനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകള്‍ ശൂന്യമാണ്. എങ്കിലും, മത-മതേതര വിജ്ഞാനം, അവയുടെ പ്രസാരണം, മതത്തെയും സംസ്‌കാരത്തെയും മുന്‍നിര്‍ത്തിയുള്ള ഗ്രന്ഥരചന, അച്ചടി വിപ്ലവം, മതപ്രചാരണം, മതപരിവര്‍ത്തനം, മതബോധനം, ചികിത്സ, പൈശാചിക ചികിത്സയുടെ സമാന്തര രൂപമായ ത്വല്‍സമാത്ത് എന്നിവയുമായി ചേര്‍ത്തുവക്കേണ്ട നിരവധി വ്യക്തികളെ അവിടെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഈ വ്യക്തികള്‍ വിവിധ ജ്ഞാനങ്ങള്‍ സ്വായത്തമാക്കുകയും സര്‍വോന്മുഖമായ നിര്‍ദേശപ്രക്രിയകളിലൂടെ സമുദായത്തെ സജീവമാക്കാന്‍ ശ്രമിക്കുകയും സഹോദര സമുദായങ്ങളുടെ വേദനകള്‍ മനസ്സിലാക്കുകയും ചെയ്തവരായിരുന്നു. ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, ബാവ മുസ്‌ലിയാര്‍, ശുജാഈ മൊയ്തു മുസ്‌ലിയാര്‍ എന്നിവര്‍ ഇത്തരത്തില്‍ പൊന്നാനിയെ മാത്രം കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന പേരുകളാണ്. ഇതില്‍ കവിയും ഗ്രന്ഥകാരനും കര്‍മശാസ്ത്രവിശാരദനും പ്രഭാഷകനുമായ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാരെ ഗവേഷണവിഷയമാക്കി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉലമാ ആക്ടിവിസത്തെ കണ്ടെത്തുകയാണ് ഈ കൃതി. നിരവധി പണ്ഡിതന്മാരെയും പരിഷ്‌കര്‍ത്താക്കളെയും മുന്‍നിര്‍ത്തി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം അന്വേഷിക്കാമെന്ന പ്രാഥമിക ആലോചനയാണ് ശമീര്‍ പി ഹസന്‍ കൃതിയിലൂടെ മുന്നോട്ടുവെക്കുന്നത്.
അക്കാലത്തെ പണ്ഡിതന്മാര്‍ സമുദായത്തെ വഴിനടത്തിയ രീതികള്‍ തുലോം വ്യത്യസ്തമായിരുന്നു. മഖ്ദൂമികളായ ഒന്നാമന്‍ മുതല്‍ അഖീര്‍ വരെയുള്ളവരെ തേടി വിജ്ഞാനദാഹികള്‍ പള്ളികളിലെത്തിയപ്പോള്‍ ഇബ്‌റാഹീം മുസ്‌ലിയാരും സമകാലികരും നാടുനീളെ യാത്രചെയ്ത് വേണ്ടിടത്തെല്ലാം നാല്‍പത് ദിന പ്രഭാഷണങ്ങള്‍ നടത്തി ഒരു മുസ്‌ലിമിന് വേണ്ടതെല്ലാം വ്യക്തികളെ പഠിപ്പിച്ചു. ഉലമാ ആക്ടിവിസത്തിന്റെ കോലങ്ങളിലും രീതികളിലും മാറ്റങ്ങള്‍ വന്ന കാലമായിരുന്നു അതെന്ന് സാരം.
അറബി മലയാളം, ഗ്രന്ഥരചന, പ്രിന്റ് എന്നിവയെ ചുറ്റിപ്പറ്റിയാണ് പ്രസ്തുത പണ്ഡിതന്‍ അടയാളപ്പെടുത്തപ്പെടുന്നത്. അച്ചടിവിദ്യ രംഗപ്രവേശനം നടത്തിയ കാലത്ത്, വിശുദ്ധ ഖുര്‍ആനിന്റെ തര്‍ജമകളടക്കം അറബിയിലും അറബി-മലയാളത്തിലുമായി മികച്ച നാല്‍പതോളം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി അദ്ദേഹം. കര്‍മശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം, ചികിത്സ, വിഷചികിത്സ, ഖുതുബ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള രചനകളായിരുന്നു അദ്ദേഹത്തിന്റേത്. അറബിയില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന അദ്ദേഹം നൂറോളം പേജുള്ള ഫാതിഹ വ്യാഖ്യാനവും യാസീന്‍ വ്യാഖ്യാനവും തുടങ്ങി തന്റെ പ്രധാന ഗ്രന്ഥങ്ങളെല്ലാം അറബി-മലയാളത്തിലായിരുന്നു രചിച്ചത്. കാരണം, അക്കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നത് അറബി-മലയാളമായിരുന്നു. അന്നത്തെ സംസ്‌കൃത ചുവയുള്ള മലയാളത്തിന്റെ അത്രതന്നെ കടിക്കട്ടിയുണ്ടായിരുന്ന അറബി-മലയാളത്തിന്റെ വൈവിധ്യങ്ങളില്‍നിന്ന് അദ്ദേഹം ലളിതരീതിയാണ് തെരഞ്ഞെടുത്തിരുന്നത്. സമുദായത്തിന്റെ ഉത്തരവാദിത്വമുള്ള വ്യക്തിയാണ് താനെന്ന ബോധ്യമാണ് സമൂഹത്തിനാവശ്യമായ അറിവുകള്‍ അവര്‍ക്ക് പ്രാപ്യമായ ഭാഷയിലും ശൈലിയിലും എഴുതപ്പെടണമെന്ന തെരഞ്ഞെടുപ്പിന് പിന്നിലുണ്ടായിരുന്നത്.
ഒരുപക്ഷേ, പ്രപിതാവ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഫത്ഹുല്‍ മുഈന്‍ അറബിയിലെഴുതിയതുപോലെ ഇബ്‌റാഹീം മുസ്‌ലിയാര്‍ തന്റെ ഗ്രന്ഥങ്ങള്‍ അറബി ഭാഷക്ക് സമര്‍പ്പിക്കുകയായിരുന്നെങ്കില്‍ വിശ്വശ്രദ്ധ പിടിച്ചുപറ്റാന്‍ അത് നിമിത്തമായിരുന്നേനെ. കിതാബുകള്‍ക്കെന്നപോലെ പണ്ഡിതന്മാര്‍ക്കും അവരവരുടേതായ ദൗത്യങ്ങളുള്ളതിനാല്‍ അത്തരം കീര്‍ത്തിജനകമായ ഉദ്യോഗങ്ങളിലൊന്നും അദ്ദേഹം മുഴുകിയില്ല. അറബി-മലയാളത്തെ അവലംബിച്ചവര്‍ ഭാഷാപരിമിതിയുള്ളവരായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. മലയാളത്തിലും സംസ്‌കൃതത്തിലും ഇതര ഭാഷകളിലും വലിയ അവഗാഹമുള്ള പണ്ഡിതരുടെ നൂറ്റാണ്ടുകൂടിയായിരുന്നു പത്തൊമ്പത്. കടിച്ചിറക്കാനാവാത്ത ഭാഷ പ്രയോഗങ്ങളിലൂടെ മാത്രം സംസാരിക്കുകയും അതിനെത്തുടര്‍ന്ന് സംസ്‌കൃത മുസ്‌ലിയാര്‍ എന്ന പേര് ലഭിക്കുകയും ചെയ്ത പണ്ഡിതനുണ്ടായിരുന്നത്രെ മലബാറില്‍.
ഖുര്‍ആന്‍, ഹദീസ്, തസ്വവ്വുഫ്, ഫിഖ്ഹ്, അഖീദ, അറബി വ്യാകരണം, സാഹിത്യം, ചരിത്രം, വൈദ്യം, തത്ത്വശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അക്കാലത്ത് അറബിയിലും അറബി മലയാളത്തിലും രചനകള്‍ നടന്നിരുന്നു. എന്നാല്‍, ഭക്ഷിക്കല്‍ അനുവദനീയമായവയും അല്ലാത്തവയും വേര്‍ത്തിരിച്ച് പറയുകയും, അറവിന്റെ നിയമങ്ങളും നിയമലംഘന രീതികളും പ്രതിപാദിക്കുകയും ചെയ്യുന്ന നിരവധി കിതാബുകളും, ലഘുകൃതികളും, കവിതകളും വലിയതോതില്‍ വിരചിതമായി എന്നത് പണ്ഡിതന്മാര്‍ കാലഘട്ടത്തിനനുസരിച്ച് പ്രവര്‍ത്തിച്ചതിന്റെ നേര്‍ചിത്രമാണ്. കൈയില്‍കിട്ടിയ ജീവികളെ തന്നാലാവുന്ന സുഗമമായ രീതില്‍ ജീവനെടുത്ത് ഭക്ഷിച്ചിരുന്ന സ്വഭാവം പരിവര്‍ത്തിത വ്യക്തികളുടെ ഇസ്‌ലാമാനന്തര ജീവിതത്തിലും തുടരുക സ്വഭാവികമാണ്. ഈ പ്രശ്‌നത്തെ മുഖവിലക്കെടുത്ത രചനകളായിരുന്നു അവ.
കൃതികളുടെ ചരിത്രത്തിന് സമാന്തരമായി കേരളത്തിലെ അച്ചുകൂടങ്ങളെ മുസ്‌ലിംകള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയതിന്റെ രേഖകളുണ്ട്. 1821 ല്‍ കേരളത്തില്‍ പ്രസ്സുകള്‍ ആരംഭിച്ചെങ്കിലും 1868 കള്‍ക്ക് ശേഷമാണ് ആദ്യ അറബി-മലയാള കല്ലച്ചു പ്രസ്സ് സ്ഥാപിതമാവുന്നത്. തീകൂത്തില്‍ മുഞ്ഞഹമ്മദ് പിതാവ് മേലേക്കണ്ടില്‍ കോയാലി ഹാജിയുടെ നിര്‍ദേശപ്രകാരം ഇല്ലിക്കുന്നിലെ ബേസല്‍ മിഷന്‍ അച്ചുകൂടത്തില്‍ പോയി അച്ചടിവിദ്യ പഠിക്കുകയും, പിന്നീട് പഴയ തലശ്ശേരിയിലെ നയ്യാംവീട്ടില്‍ സ്വന്തമായൊരു പ്രസ്സ് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് തലശ്ശേരിയില്‍ നിരവധി പ്രസ്സുകള്‍ ആരംഭിച്ചു. അണിയാപുരത്ത് അമ്മു സാഹിബ് പൊന്നാനിയിലും പരിസരത്തും പ്രസ്സുകള്‍ ആരംഭിച്ചു. ഇതോടെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള പ്രസ്സുകള്‍ സ്ഥാപിതമാവുകയും അവ വിജയകരമായി തുടരുകയും ചെയ്തു. ഈ അച്ചുകൂട വിപ്ലവം പത്രങ്ങളും, മാഗസിനുകളും, ലഘുലേഖകളും അച്ചടിച്ചിറക്കാന്‍ മലബാറിനെ സഹായിച്ചു. ആധുനികതയോട് പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിംകള്‍ സംവദിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ഈ സാംസ്‌കാരിക സമ്പന്നത.
മുസ്‌ലിംകള്‍ ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന ഭാഷ അറബിമലയാളമായിരുന്നെന്ന് സൂചിപ്പിച്ചല്ലോ. നിലവില്‍ മദ്‌റസാപാഠഭാഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രസ്തുത ഭാഷ ഇരുപതാം നൂറ്റാണ്ടുവരെ അതിസമ്പന്നമായിരുന്നു. ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ പത്ത് വാള്യങ്ങളുള്ള തുഹ്ഫത്തുല്‍ മുഹ്താജിന്റെ വിവര്‍ത്തനം, ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, മതഗ്രന്ഥങ്ങള്‍ മുതല്‍ നോവലുകളും, കഥകളും, കവിതകളും അടങ്ങുന്ന സാഹിത്യരചനകള്‍വരെ അറബി-മലയാളത്തില്‍ വ്യാപകമായി എഴുതപ്പെടുകയും സമുദായം അവ വ്യാപകമായി വായിക്കുകയും ചെയ്തിരുന്നു.
മഖ്ദൂമികളുടെ രാഷ്ട്രീയ കാഴ്ചപ്പാട്, അച്ചുകൂടങ്ങളുടെ നടത്തിപ്പ് എന്നിവയെ പൊതുവായും ഒരു വ്യക്തിയെന്ന നിലയില്‍ ഇബ്‌റാഹീംകുട്ടി മുസ്‌ലിയാരെ സൂക്ഷ്മമായും വിലയിരുത്തുന്നുണ്ട് കൃതി. അവ പറഞ്ഞുപോവാതെ, ഗ്രന്ഥകാരന്റെ നൈപുണ്യമാര്‍ന്ന ഭാഷാലങ്കാരങ്ങളോടെ വായനക്കാരനെ വായിക്കാന്‍ വിടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉലമാ അക്ടിവിസത്തെക്കുറിച്ച് അതിസൂക്ഷ്മമായ രേഖകള്‍ പങ്കുവക്കുന്ന ഈ ഗ്രന്ഥത്തിന്റെ ആശയത്തിലേക്ക് ശമീര്‍ പി ഹസന്‍ വളരെ അവിചാരിതിമായി എത്തുകയായിരുന്നെന്ന് തുടക്കത്തില്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍, നന്മകള്‍ക്ക് വിചാരങ്ങളും അവിചാരങ്ങളുമില്ലല്ലോ.
Leave A Comment