ശാദുലീ സരണി: ആത്മീയതയുടെ ശാദ്വല തീരം

ശാദുലയെന്ന തുനീഷ്യൻ ഗ്രാമത്തിലേക്കായിരുന്നു മൊറോക്കോയിലെ തന്റെ ഗൊമാറാ ദേശം വിട്ട് ശൈഖ് അബുൽ ഹസൻ ചേക്കേറിയത്. ശാദുലക്ക് ശേഷം അലക്‌സാൻഡ്രിയയിൽ താമസമാക്കിയ ശൈഖ് അവിടെ നിന്ന് തന്നെയാണ് നികാഹ് കഴിക്കുന്നത്. ശേഷം അദ്ദേഹം ഈജിപ്തിലേക്ക് നീങ്ങുകയും തന്റെ ത്വരീഖത്തിന്റെ പ്രചാരണത്തിലേർപ്പെടുകയും ചെയ്തു. ഹിജ്‌റ 652 ൽ അയ്ആബ് എന്ന ദേശത്തേക്കുള്ള യാത്രക്കിടെ മഹാൻ  ഇഹലോകത്തോട് വിടപറഞ്ഞു. അയ്ആബിലേക്കെത്തുന്ന ആത്മീയദാഹികൾക്ക് അഭയ കേന്ദ്രമായി ശൈഖ് അബുൽ ഹസന്‍ ശാദുലിയുടെ ദർഗാ ഷെരീഫ് പ്രൗഢിയോടെ നിലകൊള്ളുന്നു.

ശൈഖിന് ശേഷം പ്രിയശിഷ്യൻ അബുൽ അബ്ബാസ് മുർസിയാണ് സരണിയുടെ ഖിലാഫത് പദവിയിലേക്ക് നിയുക്തനാകുന്നത്. മുർസിക്ക് ശേഷം മിസ്‌രിയായ ഇബ്നു അതാഇല്ലാഹ് സിക്കന്ദരി ഖലീഫയായി. ശാദുലി ത്വരീഖത്തിന്റെ നെടുംതൂണുകളായി പരിലസിച്ച ഈ മഹാരഥന്മാർ "അൽ അഖ്ത്താബുസ്സലാസ്സ" എന്ന പേരിൽ വിശ്രുതരാണ്.

ശാദുലീ സരണി: വിചിത്രം, വിസ്മയം

അബുൽ ഹസൻ ശാദുലിയുടെ നിഷ്‌ഠകളിലും ചിന്തകളിലുമാണ് ത്വരീഖത്ത് പടുത്തയർത്തപ്പെട്ടിട്ടുള്ളത്. ആദ്യം അല്ലാഹുവിനെ അറിയുക, എന്നിട്ട് നീ നിന്റെ ഇഷ്ടം പോലെ ജീവിച്ചോ! അല്ലാഹുവിനെ അറിഞ്ഞവർ സുഖസുന്ദരമായി വയറു നിറച്ചാലും ഒരു കുഴപ്പവുമില്ല എന്ന് മഹാനവർകൾ ഇടയ്ക്കിടെ പറയുമായിരുന്നു. അതെ, ശാദുലീ ത്വരീഖത്ത് സന്യാസ ജീവിതത്തെയോ റൊട്ടിയിലും ഗോതമ്പിലും തൃപ്തിപ്പെട്ടുള്ള സർവത്യാഗത്തെയോ പ്രതിനിധീകരിക്കുന്നില്ല. ദൈവ കല്പനകൾക്ക് ക്ഷമാപൂർവം വഴിപ്പെടുക, സത്യമാർഗത്തിൽ അചഞ്ചലമായി വിശ്വസിക്കുക എന്ന് മാത്രമാണത് ആഹ്വാനം ചെയ്യുന്നത്.

ശൈഖ് ശാദുലി തന്റെ മുരീദുമാർ ദാനധർമങ്ങൾ സ്വീകരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. മഹാനവർകൾ ഇപ്രകാരം പറയുമായിരുന്നു: "ഔലിയാക്കൾക്കെല്ലാം ഓരോ മറയുണ്ടാകും, ജീവിക്കാനുള്ള ജോലി ചെയ്യലാണ് എന്റെ മറ". ആ വാക്കുകൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് കൃഷിയിലേർപ്പെട്ടും കാളകളെ പരിപാലിച്ചുമൊക്കെയാണ് അദ്ദേഹം നിത്യച്ചെലവുകൾ നിർവഹിച്ചുപോന്നത്.

ശൈഖിന്റെ വിശ്രുതമായ മറ്റൊരുപദേശം നോക്കാം : "ചൂടുവെള്ളം കുടിച്ചിട്ട് നീ ചൊല്ലുന്ന ഹംദിന് ഒരു ഉഷാറുണ്ടായെന്ന് വരില്ല. പക്ഷേ, തണുത്ത വെള്ളം കുടിച്ച ശേഷം നീ അൽഹംദുലില്ലാഹ് എന്ന പറയുമ്പോൾ സർവ അവയവങ്ങളും ആനന്ദത്തോടെ നിന്റെ കൂടെ ഹംദോതുന്നു". എത്ര സത്യസന്ധമായ വാക്കുകളാണ് തസവുഫിന്റെ മേമ്പൊടി ചാലിച്ച് ശാദുലി ലളിതമായി അവതരിപ്പിച്ചത്. തന്റെ അവസാനകാലത്ത് പടുവൃദ്ധനായി അന്ധത ബാധിച്ചിട്ടും മൻസൂറ യുദ്ധത്തിന്റെ മുൻനിരയിൽ തന്നെ നിലയുറപ്പിച്ച ശൈഖിനെ ചരിത്രത്തിൽ നമുക്ക് കാണാം. എന്ത്‌കൊണ്ടാണ് ഈ അവശതയിലും അങ്ങ് പോരാട്ടത്തിനിറങ്ങിയതെന്ന് ചോദിക്കപ്പെട്ടപ്പോൾ "അല്ലാഹുവിന്റെ വിലായത് ഒരാൾക്കുണ്ടെന്ന് ഉറപ്പാകുന്നതോടെ അയാളിൽ നിന്ന് മരണഭയം പടിയിറങ്ങുന്നു" എന്നായിരുന്നു ശൈഖിന്റെ മറുപടി.

അദ്ദേഹം തന്റെ അടുത്തേക്ക് പരാതിയും പരിഭവവുമായി വരുന്ന ജനസഞ്ചയത്തെ ആശ്വസിപ്പിക്കുകയും ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി പരമാവധി സഹായിക്കുകയും ചെയ്തിരുന്നു. രഹസ്യങ്ങൾ പങ്കുവയ്ക്കാൻ കൊള്ളാത്ത ആയിരം മുരീദുകളെക്കാളും എന്തുകൊണ്ടും നല്ലത് വിശ്വസ്തനായ ഒരു മുരീദാണെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം.

ഇബ്നു അറബിയോടും അദ്ദേഹത്തിന്റെ ചിന്താധാരയോടും ശാദുലീ സരണി അകലം പാലിച്ചുപോന്നു. അതേ സമയം, ഇമാം ഗസാലിയോട് അവർ പ്രേത്യക പ്രതിപത്തി പുലർത്തുകയും ചെയ്തു ."നിങ്ങൾക്ക് അല്ലാഹുവിനോടെന്തെങ്കിലും തേടാനുണ്ടെങ്കില്‍ ഇമാം ഗസാലിയെ മുൻ നിർത്തി തവസ്സുല് ചെയ്തോളൂ എന്ന് ഇമാം ശാദുലി ഇടക്കിടെ ഉപദേശിച്ചിരുന്നുവത്രെ. ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ധീനിലൂടെ വിജ്ഞാനവും അബൂ ത്വാലിബുൽ മക്കിയുടെ ഖൂത്തുൽ ഖുലൂബിലൂടെ പ്രകാശവും പ്രസരിക്കുമെന്ന് ശൈഖ് ഇടയ്ക്കിടെ അവരെ ഓർമിപ്പിച്ചിരുന്നു.

ഖാദിരി സരണിയിലെ ത്നന്നെ മറ്റൊരു ത്വരീഖത്തായ ശാദുലീ സരണി ഇസ്‍ലാമിക ലോകത്താകെ പ്രചുരപ്രചാരം നേടുകയും സ്‌പൈനടക്കമുള്ള വിദൂര ദിക്കുകളിൽ പോലും സ്വാധീനം നിലനിർത്തുകയും ചെയ്തു. കൂടാതെ, കിഴക്കനേഷ്യയിലും ആഫ്രിക്കയുടെ പടിഞ്ഞാർ ഭാഗങ്ങളിലും തുർക്കി ദേശത്തും അറേബ്യൻ പ്രവിശ്യാകളിലും ഇന്ന് ശാദുലീ ത്വരീഖത്തിന്റെ സാന്നിധ്യം കാണാം.


റഫറൻസ്
لطائف المنن لابن عطاء الله السكندري ص164، ص145
 كتاب أبو الحسن الشاذلي للأستاذ علي سالم عمار
 كتاب أبو الحسن الشاذلي للإمام الدكتور عبد الحليم محمود
 الطريقة الشاذلية
الشاذلية : من طرق الصوفية
 الـطـريـقـة الـشــاذلـيـة : المبادرة الملكية بإنشاء مؤسسة محمد السادس للعلماء الأفارقة

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter