സൂഫീ ചിന്തയുടെ അടിവേര്

ഡമാസ്കസിൽ വിശുദ്ധനായൊരു ജ്ഞാനി ജീവിച്ചിരുന്നു,പേര് ശൈഖ് അഹ്മദ് ശാമി. കർമ്മ ശാസ്ത്രപരമായി, ഹമ്പലി സരണിയിലെ വിശാരദനും മുഫ്തിയുമായിരുന്നു അദ്ദേഹം.

ഒരിക്കൽ ശൈഖിൻ്റെ ഭവനത്തിൽ കള്ളൻ കയറി, തപ്പിത്തെരഞ്ഞ് വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കാൻ തുടങ്ങി. ഉറക്കത്തിൽ നിന്നുണർന്ന ശൈഖ് മോഷ്ടാവിനോട് കൈക്കലാക്കിയ ചില സാധനങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടു പറഞ്ഞു: ദയവായി അതെടുക്കരുത്, വിശ്വസിച്ചു ആളുകൾ എന്നെ എലപ്പിച്ച ആ മുതലുകൾക്കു പകരം എൻ്റെ ധനമെടുത്തുകൊള്ളൂ,അവരുടെ മനസ്സ് വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല .
കയ്യിൽ കിട്ടിയെതെല്ലാം വാരിയെടുത്തു തസ്കരൻ വേഗം സ്ഥലം വിട്ടു. എന്നാൽ പിറ്റേന്നു രാവിലെ  വയോധികനായ ഗുരു മോഷ്ടാവിൻ്റെ വീട്ടു വാതിലിൽ മുട്ടി. വാതിൽ തുറന്ന തസ്കരൻ്റെ കയ്യിലേക്ക് കുറച്ചു പണം വച്ചു കൊടുത്ത് അദേഹം പറഞ്ഞു: സുഹൃത്തേ, വിധിന്യായ ദിവസത്തിൽ എനിക്കു നീ മാപ്പു തരണം. ദാരിദ്ര്യമാണ് നിന്നെ മോഷണത്തിലേക്കു നയിച്ചതെന്നു മനസ്സിലാക്കാനോ, എന്നാൽ കഴിയുന്നത് തന്ന് സഹായിക്കാനോ ഞാൻ നേരത്തെ ശ്രമിച്ചില്ലല്ലോ!
ഗുരുവിൻ്റെ വാക്കു കേട്ട്, പാശ്ചാത്താപത്തിൻ്റെ അശ്രുകണങ്ങളാൽ മനസ്സു വിമലീക്കരിച്ച് അയാളൊരു ഭക്തനായിത്തീർന്നു. 

വലിയ കാലപ്പഴക്കമില്ലാത്ത ഈ കഥയുടെ ഉൾസാരമിതാണ്. സൂഫികൾ തങ്ങളുടെ കർമ്മങ്ങളെ പ്രത്യക്ഷമായ ന്യായീകരണങ്ങൾ കൊണ്ടു  വ്യാഖ്യാനിക്കുകയല്ല. തങ്ങൾക്കുമീതെ നിതാന്താമായി നിലനിലക്കുന്ന ദൈവിക നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ പുനരാലോചന നടത്തുകയാണ്.

ഈ പുനരാലോചനയുടെ വ്യാപതി ഒരു ചെറുചോദ്യത്തിലേക്ക് പരുവപ്പെടുത്താൻ പറ്റുന്ന കൊച്ചു കഥയിതാ.
അബ്ദുല്ലാഹിബിനു ഉമർ (റ) വിദൂരതയിലെവിടെയോ യാത്ര ചെയ്യവേ, വിജനദേശത്ത് ഒരു ഇടയനെ കാണുന്നു. അദ്ദേഹം ഇടയനോട് ഇപ്രകാരം ചോദിക്കുന്നു. ഒരാടിനെ എനിക്ക് തരുമോ?
 ഇല്ല, ഇവകളത്രയും എൻ്റെ മുതലാളിയുടേതാണ്, എനിക്ക് വിൽക്കാൻ അധികാരമില്ല.
"അതിനെന്ത്? ഒരെണ്ണത്തെ ചെന്നായ പിടിച്ചെന്നു അയാളോട് പറഞ്ഞാൽ മതിയല്ലോ"!
ഇടയൻ മറുപടി പറഞ്ഞു.അപ്പോൾ അല്ലാഹു എവിടെയാണു?
പില്ക്കാലത്ത്, ആഖ്യാനങ്ങൾക്കും ചർച്ചകൾക്കും മധ്യേ, പലപ്പോഴും അദ്ദേഹം സ്വയം ബോധ്യത്തിനും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുമായി ആവർ ത്തിച്ചുകൊണ്ടിരുന്നു.
"അപ്പോൾ അള്ളാഹു എ വിടെയാണ്?"

ഈ ചോദ്യം, അല്ലാഹു വിൻ്റെ നിരീക്ഷണത്തെപ്പറ്റി    യുള്ള വിചാരം, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്നൊരു പവിത്രക്കെട്ടായി സൂഫി തത്വശാസത്രം വികസിപ്പിച്ചിരിക്കുന്നു. കർമ്മങ്ങൾ മാത്രമല്ല, വിചാരങ്ങൾ പോലും എവിടെനിന്നു തുടങ്ങി എവിടെപ്പോയി നിൽക്കുന്നുവെന്നതിലേക്കുള്ള ദർശനരേഖയായി മാറുന്നു. 
അസാമാന്യമായ ഉൾക്കാഴ്ചയോടെ ഇമാം ഇബ്നു അത്വാഇല്ലാഹി സിക്കന്ദരി 
രേഖപ്പെടുത്തി വെക്കുന്നത്, പവിത്രമായ കർമ്മങ്ങളുടെ വൈവിധ്യങ്ങൾ ദൈവദത്തമായ വിചാരപ്പെടലുകളാൽ സാധ്യമാകുന്നതും, അതിനാൽ, വിമർശനങ്ങൾക്കു വിധേയമാക്കാൻ കഴിയാത്തതുമാണന്നാകുന്നു. നാം നമ്മുടെ ഓരോ ഇന്ദ്രിയങ്ങളിൽ നിന്നും പാപത്തെ പിഴുതുമാറ്റാൻ ശ്രമിക്കുന്നു. സൂഫിയാകട്ടെ, തൻ്റെ വിചാരങ്ങളെ മുഴുവൻ "ഒന്നിൽ" കേന്ദ്രീകരിച്ചു, അഗോചരമായൊരു ചരടുകൊണ്ടെന്നപോലെ, മനസ്സുകൊണ്ട് ബാഹ്യേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ടു പോകുന്നു. നിയന്ത്രണം നിയമവാഴചയുടെ ഭീതിയെക്കാളേറെ നിയമ ദാതാവിനോടുള്ള സ്നേഹമായി, ആസ്വാദനത്തിൻ്റെ നിറവിൽ,ഒരു സുഷുപ്തിയിലെന്ന പോലെ ലയിച്ചു പോകുന്നു.

ജലാലുദ്ദീൻ റൂമി ഒരു കഥയിൽ ഇപ്രകാരമെഴുതുന്നു.

ഒരു സൂഫി സ്വാസ്ഥ്യം കൊള്ളുന്നതിനായി ഉദ്യാനത്തിലെത്തിച്ചേർന്നു.പച്ചപരവതാനിപോലെയുള്ള പുൽതകിടി, കുഞ്ഞുങ്ങളുടെ ചിരി പോലെ വിടർന്നു നില്ക്കുന്ന പുഷപങ്ങൾ, ഇളം കാറ്റിൽ പതുക്കെ ഇളകിയാടുന്ന മുന്തിരിക്കുലകൾ, തണുപ്പും വശ്യതയും നല്കുന്ന മനോഹര വൃക്ഷങ്ങൾ. കലാകാരനായ സ്രഷ്ടാവിൻ്റെ സൃഷ്ടി വൈവിധ്യം ഓർത്തിരിക്കാനും ആലോചിക്കാനും പുറപ്പെട്ട സൂഫിയുടെ ഉണർവ്വ്, പുറം കാഴചയുടെ പരിമിതികളിൽനിന്നു എപ്പഴോ വഴിമാറി അനന്തതയുടെ കാര്യവിചാരത്തിലേക്കു കടന്നു പോയി. ഇപ്പോൾ, ഉണർന്നിരുന്നു ലോക കൗതുകം കാണുന്ന സർവ്വസാധാരണമായൊരു സന്ദർശകനുപകരം, നിദ്രാ സമാനമായി കണ്ണടച്ചിരിക്കുന്ന ധ്യാനിയാണുള്ളത്. ഈ നില കുറേ സമയം തുടർന്നപ്പോൾ, സൂഫിയെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്ന മറ്റൊരു സന്ദർശകൻ, അദ്ദേഹത്തെ തൊട്ടുണർത്തി അന്വേഷിച്ചു.

നിങ്ങൾ പ്രപഞ്ചത്തിൻ്റെ വൈവിധ്യത്തിലൂടെ ദൈവ ദർശനം സാധ്യമാക്കിയെടുക്കാമെന്നു കരുതുന്ന  ഒരു ആത്മീയ വാദിയല്ലേ? ഈ കാഴചകളിൽ ദൈവിക ചേതനയെ തിരിച്ചറിയാതെ ഉറക്കം തൂങ്ങുകയാണോ നിങ്ങൾ?

സൂഫി ഇദ്ദേഹത്തെ അരുകിലിരുത്തി ഇങ്ങനെ വിശദീകരിച്ചു കൊടുത്തു. തെളിനീരൊഴുകുന്ന അരുവിയുടെ തീരത്താണ് നാം ഇരിക്കുന്നതെന്നു കരുതുക. വെള്ളത്തിൻ്റെ തെളിമയിൽ മരങ്ങൾ പ്രതിബിംബിക്കുന്നതു മാത്രം ശ്രദ്ധിച്ചാൽ അരുവിയുടെ കിന്നാരത്തിൽ നാം ലയിച്ചു പോയേക്കും. പക്ഷേ, യാഥാർത്ഥ്യമായ വൃക്ഷത്തിൻ്റെ സൗന്ദര്യം അരുവിയിൽനിന്നു കണ്ണെടുത്തു ശരിക്കും പുറത്തെ വൃക്ഷത്തെ നോക്കുമ്പോഴാണ്. മന്ത്രി യെക്കാണുമ്പോൾ ആശ്ചര്യപ്പെടുന്നവൻ, മഹാരാജാവിനെകാണുമ്പോൾ മഹാത്ഭുതം കൊള്ളുന്നതു പോലെ, സത്യത്തെ കൂടുതൽ അടുത്തറിയുമ്പോഴാണു, അതിൻ്റെ ഗരിമ ബോധ്യപ്പെടുന്നത്.

സൂഫികളെ സംബന്ധിച്ചിടത്തോളം, ദർശനത്തിൻ്റെ ഫോക്കൽ പോയിൻ്റ് മനസ്സാണ്. അത് അനുഭൂതിയിൽ ലയിക്കുന്നത്, അല്ലാഹുവുമായുള്ള ആത്മ ബന്ധത്തിലാണ്. യഥാർത്ഥമായ ഈ തിരിച്ചറിവിൽ ലയിക്കുമ്പോൾ, അതിൻ്റെ പ്രതിച്ഛായ മാത്രമായി ഈ ലോകം നിലനില്ക്കുന്നു. പ്രതിച്ഛായയിൽ മാത്രമായി കറങ്ങിത്തിരിയുന്ന മനുഷ്യനാകട്ടെ, ഖുർആൻ്റെ പ്രസ്താവന മറന്നു പോകുന്നു. ഐഹിക ജീവിതം കേവലം വഞ്ചനാ നിബദ്ധമായ ആസ്വാദനം മാത്രമാകുന്നു ( ആലു ഇംറാൻ: 185)

സൂഫീ ദർശനത്തെ നിർണ്ണയിക്കുന്നിടത്ത്, ദർശനത്തിൻ്റെ കേന്ദ്ര ബിന്ദുവായി, കർമ്മങ്ങളുടെ ചേതനയും പ്രേരണയുമായി, മനസ്സിനെ മുൻനിർത്തിക്കൊണ്ട് ഇമാം ഗസാലി (റ) ഇങ്ങനെ ഉപന്യസിക്കുന്നു.

സദാചാര - സംസ്കാരമെന്നത്, മനോ നിലയിൽ രൂഢമായൊരു ബോധമാണ്. പരിശുദ്ധ ശരീഅത്തിനും യുക്തിചിന്തക്കും അനുയോജ്യമായ രീതിയിൽ കർമ്മങ്ങളെ ആവിഷ്ക്കരിക്കാൻ ഈ ബോധത്തിന്, രണ്ടാമത് ഒന്നുകൂടി ആലോചിക്കേണ്ടതില്ല. യാന്ത്രികമായിത്തന്നെ നന്മകളിലേക്ക് വഴിമാറുന്ന ഈ ബോധം വ്യക്തിയിൽ സ്വയം  വളർന്നു കഴിഞ്ഞാൽ സത്സ്വഭാവമെന്ന് വിലയിരുത്താം. മറിച്ച്, തിന്മയുടെ ആഭിമുഖ്യത്തിലേക്ക് ബോധം വഴി നടത്തുന്നുവെങ്കിൽ സദാചാരത്തിനു പകരം ദുരാചാരമായി ജീവിതം പരിണമിക്കുന്നു.

ജുനനെദുൽ ബഗ്ദാദി (റ) തൻ്റെ പ്രമുഖരായ നാലു ശിഷ്യന്മാരെ വിളിച്ചു വരുത്തി ഓരോരുത്തരുടെയും കയ്യിൽ ഓരോ കോഴിയെയും, ഏറ്റവും രഹസ്യമായി അവയെ അറുത്തു കൊണ്ടുവരാൻ ഓരോ കത്തിയും കൊടുത്തു വിടുന്നുണ്ട്. മൂന്നു പേരും പരമ രഹസ്യമായി കൃത്യം നിർവ്വഹിച്ചു, ഗുരുവിനു മുമ്പിൽ ഒന്നാമനായി തിരികെയെത്താൻ മൽസരിക്കുന്നുണ്ട്. നാലാമനാകട്ടെ, ഒരു നാഴിക നേരംകൂടി കഴിഞ്ഞ്, ക്ഷമാപണത്തോടെ കടന്നു വരുന്നുണ്ട്.
ഗുരു ചോദിച്ചു: നീ എന്തേ ഞാൻ ഏല്പിച്ചതുപോലെ ചെയ്തില്ല?
ശിഷ്യൻ: ക്ഷമിക്കണം ഗുരോ... അല്ലാഹു കാണാതെ ഈ കോഴിയെ ഒന്നു അറുത്തെടുക്കാൻ ഒരിടവും എനിക്ക് കിട്ടിയില്ല!
ജുനൈദുൽ ബഗ്ദാദി(റ) ഈ ശിഷ്യനെ ചേർത്തു പിടിച്ച് ആശ്ലേഷിക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിനു മേൽ അല്ലാഹുവിൻ്റെ നിരീക്ഷണം എത്ര സൂക്ഷമവും രൂഢവുമാണെന്നു അനുയായികളെ പഠിപ്പിക്കുകയാണദ്ദേഹം.

അല്ലാഹുവിൻ്റെ നിരീക്ഷണത്തെപ്പറ്റിയുള്ള ഈ വിചാരം ഒരു സിദ്ധാന്തമായി വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഉയർത്തിപ്പിടിക്കുന്നതാണ് സൂഫികളുടെ കർമ്മപഥം. ആ ഒരു ബോധത്തോടെയുള്ള ജീവിതത്തിൽ മാത്രമേ വിജയമുള്ളൂവെന്ന് ഉറപ്പിക്കുകയും മറ്റുള്ള പരിഗണനകൾ മാറ്റിവെക്കുകയുമാണ് പൂർവ്വീകരുടെ വഴി.

നൂഹു ബ്നു മറിയം എന്നു പേരുള്ള ഒരു ധനികനുണ്ടായിരുന്നു. ധനാഢ്യനും ഭക്തനുമായ അദ്ദേഹത്തിനു ഒരു അടിമയുണ്ടായിരുന്നു, പേര്  മുബാറക്.
ഒരിക്കൽ അടിമയോട് അദ്ദേഹം പറഞ്ഞു. മുബാറക്, നീ നമ്മുടെ തോട്ടത്തിൽ പോയി മുന്തിരിവള്ളികൾ ശരിക്കു പരിചരിച്ചു കൃഷി ഉഷാറാക്കണം. കുറച്ചു ദിവസം കഴിഞ്ഞ് ഞാൻ അതു വഴി വരുന്നുണ്ട്.

ആഴ്ചകൾ കഴിഞ്ഞ്, കൃഷിയൊക്കെ വിളവെടുക്കുന്ന സമയമാകുമ്പോൾ ഉടമ കൃഷി സ്ഥലത്തെത്തി. വിവരവും വർത്തമാനവും പായുന്നതിനിടയിൽ, അടിമയോട് നല്ല ഒരു കുല മുന്തിരി കൊണ്ടുവരാൻ ആവശ്യപ്പെട്ടു.ഭൃത്യൻ കൊണ്ടുവന്നു കൊടുത്തു. ഒരെണ്ണം എടുത്ത് കടിച്ചു നോക്കിയ മുതലാളി പറഞ്ഞു.
മുബാറക്, ഇതു പുളിക്കുന്നുണ്ടല്ലോ. തിന്നാൻ കഴിയുന്നില്ല, വേറെ ഒരു കുല കൊണ്ടുവരൂ. 
അടിമ രണ്ടാമതും, അതു കഴിഞ്ഞ് മൂന്നാമതും കൊണ്ടുവന്നത് പുളിപ്പുള്ള കുലകൾ മാത്രമായിരുന്നു. മുതലാളിക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു.
മുബാറക്, എത്ര ദിവസമായി ഈ തോട്ടത്തിൽ നീ കഴിഞ്ഞു കൂടുന്നു. ഏതു വള്ളിയിലാണ് മധുരമുള്ളൊരു കുല മുന്തിരി കിട്ടുകയെന്നു പോലും നിനക്കറിയില്ല?
ഭൃത്യൻ ഭവ്യതയോടെ പറഞ്ഞു. പ്രഭോ... അങ്ങ് എന്നെ ഏല്പിച്ചത് ഈ കൃഷിയും തോട്ടവും പരിപാലിക്കാനാണ്. ഇതിൽ നിന്നു ഭക്ഷിക്കാൻ പറഞ്ഞിട്ടില്ല. അതു കൊണ്ട്, ഒരെണ്ണം പോലും ഞാൻ രുചിച്ചു നോക്കിയിട്ടില്ല.

സ്തബ്ധനായ മുതലാളി പറഞ്ഞു. മുബാറക്, നിങ്ങൾ ഇനി മുതൽ അടിമയല്ല, സ്വതന്ത്രനാണ്! നാട്ടുപ്രമാണികൾ പലരും വിവാഹാന്വേഷണം നടത്തിയ സുശീലയും ഭക്ത യുമായ ഒരു പുത്രി എനിക്കുണ്ട്. ഞാൻ അവളെ നിങ്ങൾക്കു വിവാഹം ചെയ്തു തരട്ടെ?
മുബാറക് പറഞ്ഞു. സുഹൃത്തേ.. അറബി പ്രമുഖർ തറവാടു നോക്കി വിവാഹ ബന്ധം തെരഞ്ഞെടുത്തു.
ജൂതന്മാർ പണം നോക്കി വിവാഹം ചെയ്തു.
ക്രൈസ്തവർ സൗന്ദര്യം നോക്കി വിവാഹം നടത്തുന്നു.
പ്രവാചകൻ്റെ അനുയായികൾ സ്വഭാവവും സത്യസന്ധതയും നോക്കി വിവാഹം തെരഞ്ഞെടുക്കുന്നു. അതു കൊണ്ട്, ആദ്യമായി മകളോട് അഭിപ്രായം ആരായുക.
മുതലാളി വീട്ടിൽ പോയി, മകളെ വിളിച്ചു കഥ പറഞ്ഞു തൻ്റെ ആഗ്രഹം അറിയിച്ചു. മകൾ തിരിച്ചു ചോദിച്ചു. ഉപ്പ എനിക്ക് ഭർത്താവായി അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ടോ?
പിതാവ്: തീർച്ചയായും.
മകൾ: എന്നാൽ എനിക്കും തൃപ്തിയായിരിക്കുന്നു!
പിന്നീട്, ഈ ദമ്പതികൾക്ക് ഒരു കുഞ്ഞ് പിറന്നു, കുട്ടിയുടെ പേര് അബ്ദുല്ലാഹിബ്നുൽ മുബാറക്.
പണ്ഡിത ലോകത്തിനു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ലാത്ത ഈ മഹാത്മാവിനെപ്പറ്റി വിക്കിപീഡിയയുടെ ആദ്യ വരി ഇപ്രകാരം പറയുന്നു.
ഹിജ്റ വർഷം 118-ൽ ജനിച്ചു 181-ൽ അന്തരിച്ച അബ്ദുല്ലാഹിബ്നുൽ മുബാറക് പണ്ഡിതനാണ്, നേതാവും യോദ്ധാവുമാണ്. ഐഹികവും മതപരവുമായ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഗവേഷകനാണ് (മുജ്തഹിദ്).

അല്ലാഹുവാണ് ജീവിതത്തിൻ്റെ മൂല്യ പരിശോദനയിൽ മാനദണ്ഡമെന്നു വ്യക്തമാക്കുന്ന ഈ കഥയുടെ പരിസമാപ്തി ഗ്രാമ്യ ഭാഷയിലെ ഒരു തമാശയിലൊതുക്കാം. മത്തൻ കുത്തിയിട്ടാൽ കുമ്പളം മുളക്കില്ല.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter