ആന്തരികദര്‍ശനം
സ്വൂഫികള്‍ക്കുണ്ടാകുന്ന ഒരു സവിശേഷ സിദ്ധിയാണ് കശ്ഫ് (ആന്തരികദര്‍ശനം). മനസ്സിന്റെ പരമമായ വിശുദ്ധിയും തെളിമയും കാരണം ആ മനസ്സുകൊണ്ട് കാര്യങ്ങള്‍ വായിച്ചെടുക്കാനുള്ള അനുഗൃഹീത സിദ്ധിയാണിത്. ഇതുമായി ബന്ധപ്പെട്ടതുതന്നെയാണ് മുഖലക്ഷണ ശാസ്ത്രം (ഫിറാസത്ത്). സയ്യിദ് ജുര്‍ജാനി(റ) തന്റെ തഅ്‌രീഫാത്തില്‍ പറയുന്നു: മുഖലക്ഷണ ശാസ്ത്രം (അല്‍ഫിറാസ) എന്നാല്‍, ഭാഷയില്‍ ഒരു വിഷയത്തില്‍ അവധാനത കൈക്കൊള്ളുകയും ചിന്തിക്കുകയും ചെയ്യുക എന്നാണ്. ഹഖീഖത്തിന്റെയാളുകളുടെ കാഴ്ചപ്പാടിലതിന് മറ്റൊരര്‍ഥമാണുള്ളത്-ദൃഢവിജ്ഞാനത്തിന്റെ ആന്തരികദര്‍ശനവും അദൃശ്യകാര്യങ്ങള്‍ കണ്ടറിയലുമത്രേ അത്.
ശൈഖ് ഇബ്‌നു അജീബ(റ) പറയുന്നു: മുഖലക്ഷണ ശാസ്ത്രം എന്നാല്‍ ഹൃദയത്തില്‍ പെട്ടെന്നുദയം ചെയ്യുന്ന ഒരു തോന്നലാണ്; അല്ലെങ്കില്‍ അതില്‍ തെളിഞ്ഞുവരുന്ന ഒരു കാഴ്ചപ്പാട്. തെളിമയാര്‍ന്ന ഹൃദയമാണെങ്കില്‍ മിക്കപ്പോഴും അതില്‍ പിഴവുണ്ടാകില്ല. തിരുമേനി(സ്വ) ഇങ്ങനെ പറഞ്ഞിരിക്കുന്നു: സത്യവിശ്വാസിയുടെ മുഖലക്ഷണ പ്രസ്താവം നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. കാരണം, അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് അവന്‍ നോക്കുക. ആത്മജ്ഞാനത്തിന്റെയും ദിവ്യസാമീപ്യത്തിന്റെയും ശക്തിയനുസരിച്ചായിരിക്കും അതുണ്ടാകുന്നത്. ആ സാമീപ്യം ശക്തമാവുകയും ആത്മജ്ഞാനം രൂഢമൂലമാവുകയും ചെയ്യുമ്പോള്‍ മുഖലക്ഷണജ്ഞാനം സത്യസന്ധമായിത്തീരുന്നതാണ്. കാരണം, സത്യസന്ധനായ റബ്ബിന്റെ മഹനീയ സാന്നിധ്യവുമായി ആത്മാവ് സമീപസ്ഥമായിക്കഴിഞ്ഞാല്‍ പിന്നെ മിക്കപ്പോവും സത്യം മാത്രമേ അതില്‍ തെളിഞ്ഞുവരികയുള്ളൂ.
ആത്മജ്ഞാനികളായ മഹാന്മാര്‍ക്ക് അല്ലാഹുവിങ്കലേക്കുള്ള സഞ്ചാരവേളയില്‍ ലഭിക്കുന്ന ഒരു പ്രകാശമാണ് ആന്തരികദര്‍ശനം (അല്‍കശ്ഫ്). ഇന്ദ്രിയജ്ഞാനത്തിന്റെ മറകള്‍ അവര്‍ക്ക് തുറന്നുവെക്കപ്പെടുകയും ഭൗതിക മാധ്യമങ്ങള്‍ അവരുടെ മുമ്പില്‍ നിന്ന് നീക്കപ്പെടുകയും ചെയ്യും. മനസ്സമരമുറകള്‍, ഏകാഗ്രതാവാസം, ദിക്‌റ് മുതലായവയിലൂടെ തങ്ങളുടെ മനസ്സുകളുമായി ഏതൊരു സവിശേഷവഴിയില്‍ അവര്‍ പ്രവേശിച്ചുവോ അതിന്റെ ഫലമായാണിതുണ്ടാകുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ ഉള്‍ക്കാഴ്ചകളില്‍ പ്രതിബിംബിക്കും. അപ്പോള്‍ അല്ലാഹുവിന്റെ പ്രകാശം മാധ്യമമായാണവര്‍ നോക്കുക. സമയത്തിന്റെയും കാലത്തിന്റെയും മാനദണ്ഡങ്ങള്‍ തത്സമയം അവരുടെ മുമ്പില്‍ നിന്ന് മാഞ്ഞുപോവുകയും അല്ലാഹുവിന്റെ കൈകാര്യകര്‍തൃത്വങ്ങളില്‍ ചിലത് അവര്‍ ഗ്രഹിക്കുകയും ചെയ്യും. എന്നാല്‍ പൈശാചിക ദുര്‍ബോധനങ്ങള്‍, വിശ്വാസപരമായ പുത്തനാശയങ്ങള്‍, സംശയങ്ങളും ദേഹേച്ഛകളും മുതലായവയില്‍ കുടുങ്ങിക്കഴിയുന്നവര്‍ക്ക് മേല്‍പറഞ്ഞവ മനസ്സിലാക്കാനാവില്ല.
ഭൗതികതയുടെ അന്ധകാരങ്ങളും ദുന്‍യാവിന്റെ ആവരണങ്ങളും നീങ്ങിപ്പോയ സുരക്ഷിതവും സുശോഭിതവുമായ ഹൃദയങ്ങള്‍ക്കു മാത്രമേ ഇത്തരമൊരവസ്ഥ പ്രാപിക്കാനാകൂ. സന്ദേഹങ്ങളുടെ ദുര്‍ബോധനങ്ങളും അവയുടെ കാര്‍മേഘപടലങ്ങളും തുറസ്സായിക്കഴിയുകയും ഐഹിക വിഭവങ്ങളുടെ പാരുഷ്യവും കാഠിന്യവും നീങ്ങിപ്പോവുകയും ചെയ്ത മനസ്സുകള്‍ക്കല്ലാതെ ഈദൃശമായ ഒരു വിശാലത ആര്‍ജിച്ചെടുക്കുക ക്ഷിപ്രസാധ്യമാകുന്നതല്ല.
അതെ, നിഷിദ്ധ ദര്‍ശനങ്ങളില്‍ നിന്ന് കണ്ണുകള്‍ തിരിച്ചുകളയുകയും, ദേഹേച്ഛകളില്‍ നിന്ന് സ്വന്തത്തെ തടുത്തു നിറുത്തുകയും, അന്തരംഗത്തെ അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ വ്യാപൃതമാക്കുകയും, ഹലാലായ ഭക്ഷണം കഴിക്കുന്നത് പതിവാക്കുകയും ചെയ്ത ഒരാളുടെ മുഖലക്ഷണ പ്രസ്താവവും ആന്തരികദര്‍ശനവും പിഴച്ചുപോവുന്നതല്ല. പ്രത്യുത, ഹറാമുകളിലേക്ക് ഒരാള്‍ നോക്കുകയാണെങ്കില്‍ അന്ധകാരമയമായ അവന്റെ മനസ്സ് തന്റെ ഹൃദയത്തിന്റെ കണ്ണാടിയില്‍ ഉച്ഛ്വസിക്കുന്നതും
അങ്ങനെ അതിന്റെ പ്രകാശം കെടുത്തിക്കളയുന്നതുമാണ്.
ഒരാള്‍ തന്റെ ബാഹ്യേന്ദ്രിയങ്ങളെ വിട്ട് ആന്തരികേന്ദ്രിയത്തിലേക്ക് തിരിയുമ്പോള്‍, തന്റെ ശരീരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മൃഗീയമനസ്സിന്റെ മേല്‍ ആത്മാവ് മേല്‍ക്കോയ്മ സ്ഥാപിക്കുകയും-ആത്മാവാകട്ടെ സുതാര്യവും സൂക്ഷ്മവുമായിരിക്കും-അങ്ങനെ ആന്തരികദര്‍ശനം ലഭ്യമാവുകയും ഉള്‍വിളികളുടെ പ്രവാഹങ്ങള്‍ അവന് കിട്ടുകയും ചെയ്യുന്നതാണ്.
നാം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ ആന്തരിക ദര്‍ശനം സംബന്ധിച്ച് പ്രസിദ്ധ ചരിത്രപണ്ഡിതനായ ഇബ്‌നു ഖല്‍ദൂന്‍(റ) പറയുന്നു: ഈ മനസ്സമരവും ഏകാഗ്രതാവാസവും ദിക്‌റുമൊക്കെ ഉണ്ടായിക്കഴിഞ്ഞാല്‍, മിക്കവാറും അതിന്റെ പിന്നിലായി ഇന്ദ്രിയജ്ഞാനങ്ങളുടെ മറ തുറസ്സാക്കപ്പെടും; അല്ലാഹുവിന്റെ കാര്യങ്ങളില്‍ നിന്ന് പലതും അവന് വെളിപ്പെടുത്തപ്പെടുന്നതുമാണ്. ഇന്ദ്രിയജ്ഞാനങ്ങള്‍ മാത്രമുള്ള ഒരാള്‍ക്ക് അവയില്‍ ഒന്നുപോലും ഗ്രഹിക്കാന്‍ കഴിയില്ല. ആത്മാവ് അക്കാര്യങ്ങളില്‍ പെട്ടതത്രേ. ഇങ്ങനെയൊരു ആന്തരിക ദര്‍ശനമുണ്ടാകുന്നതിന് കാരണമുണ്ട്: ബാഹ്യേന്ദ്രിയങ്ങളില്‍ നിന്ന് ആന്തരികേന്ദ്രിയത്തിലേക്ക് ആത്മാവ് മടങ്ങുകയാണെങ്കില്‍, ആ ബാഹ്യേന്ദ്രിയങ്ങളുടെ അവസ്ഥകള്‍ ദുര്‍ബലമായിത്തീരുന്നതാണ്. മാത്രമല്ല, ആത്മാവിന്റെ സ്ഥിതിഗതികള്‍ ശക്തമാവുകയും ആന്തരികേന്ദ്രിയത്തിന്റെ ആധിപത്യം മികച്ചുവരികയും ഉന്മേഷം നവ്യമാവുകയും ഈ നില ദിക്‌റിന് സഹായകമാവുകയും ചെയ്യും.-കാരണം, ആത്മാവിന്റെ വളര്‍ച്ചക്കുള്ള ഒരു ഭക്ഷണം പോലെയാണ് ദിക്‌റ്-അങ്ങനെ ആ ആന്തരികേന്ദ്രിയം വര്‍ധിക്കുകയും വളരുകയും നേരത്തെയുണ്ടായിരുന്ന വൈജ്ഞാനിക അവസ്ഥ മാറി സാക്ഷ്യാവസ്ഥയായിത്തീരുകയും ചെയ്യും. തുടര്‍ന്ന് ബാഹ്യേന്ദ്രിയത്തിന്റെ മറകള്‍ തുറസ്സാക്കപ്പെടുകയും മനസ്സിന്റെ സ്വയമേവയുള്ള തെളിമ പൂര്‍ണമാവുകയും ചെയ്യും. നേര്‍ക്കുനേരെ കാര്യങ്ങള്‍ കാണുക എന്നതാണത്. ഈ ഘട്ടമെത്തുമ്പോള്‍ ദിവ്യമായ വരദാനങ്ങള്‍ക്കും നേര്‍വിജ്ഞാനങ്ങള്‍ക്കും ദൈവികോദ്ഘാതങ്ങള്‍ക്കും അവന്‍ വിധേയനാകുന്നതാണ്.
ഇബ്‌നു ഖല്‍ദൂന്‍(റ) തുടരുന്നു: ഈ ആന്തരികദര്‍ശനം മിക്കപ്പോഴുമുണ്ടാവുക മനസ്സമരമുറകള്‍ അനുഷ്ഠിക്കുന്നയാളുകള്‍ക്കാണ്. ഇതുണ്ടാകുമ്പോള്‍ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന്, മറ്റുള്ളവര്‍ക്ക് ഗ്രഹിക്കാനാകാത്ത പലതും ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും… തിരുമേനി(സ്വ)യുടെ മഹാന്മാരായ സ്വഹാബികള്‍ ഉപര്യുക്ത മനസ്സമരമുറകളിലായിരുന്നു. മേല്‍പറഞ്ഞ വിധം അത്ഭുതസംഭവങ്ങള്‍ ധാരാളം അവരില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, അതിന്നത്ര വലിയ പരിഗണനയൊന്നും അവര്‍ കല്‍പിക്കയുണ്ടായില്ല. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുബ്‌നുല്‍ ഖത്ത്വാബ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീഥാലിബ്(റ) എന്നിവരുടെ അപദാനപ്രകീര്‍ത്തന ഹദീസുകളില്‍ അങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ കാണാം. പില്‍ക്കാലക്കാരായ ഥരീഖത്തുകളുടെ വക്താക്കളും അനുയായികളും ഇങ്ങനെത്തന്നെയായിരുന്നു. രിസാലത്തുല്‍ ഖുശൈരിയ്യയില്‍ അത്തരം നിരവധിയാളുകളെക്കുറിച്ച പ്രസ്താവങ്ങളുണ്ട്. അതിനുശേഷം ഥരീഖത്തുകള്‍ അനുധാവനം ചെയ്തവരുടെ സ്ഥിതിയും ഇതുതന്നെ.
ഈ ആന്തരികദര്‍ശനം സത്യസന്ധമായ ഒരു മുഹമ്മദീയ പൈതൃകമത്രേ. നബിതിരുമേനി(സ്വ)യില്‍ നിന്ന് സ്വഹാബികള്‍ക്ക് അത് അനന്തരമായി ലഭിക്കുകയുണ്ടായി. തങ്ങളുടെ സത്യസന്ധതയും സത്യവല്‍ക്കരണവും ആന്തരികത്തെളിമയും നിമിത്തമാണ് ഈ പാരമ്പര്യം അവര്‍ക്ക് കിട്ടിയത്.
Leave A Comment