ലോക്ക് ഡൗണ്‍ കാലത്തെ ഇസ്‌ലാമിക ജീവിതം
ഈ ഒറ്റയ്ക്കിരിക്കല്‍ കൊണ്ട് നമ്മുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കാരണം ഒറ്റയ്ക്കിരിക്കുന്നവര്‍ക്കൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗസ്സാലി(റ) ഒറ്റയ്ക്കിരിക്കലിന് ശേഷമാണ് ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന കിതാബിന് രൂപം നല്‍കിയത്. സൗകര്യപ്രദമായ ഒരു വീടും സ്വാലിഹത്തായ ഒരു ഇണയും ഉണ്ടെങ്കില്‍ എല്ലാമായി എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നിസ്‌കാരം വീട്ടില്‍വച്ച് ചെയ്യേണ്ട അവസ്ഥയുണ്ടാകുമ്പോള്‍ അതു തന്നെയാണ് ഏറ്റവും പുണ്യമായത്. അനുകൂലവും പ്രതികൂലവുമായ സാഹചര്യത്തില്‍ മുസ്‌ലിമും ആബിദും മുത്തഖിയും ഒക്കെയായി ജീവിക്കാന്‍ കഴിയുമെന്നത് ഈ ശരീഅത്തിന്റെ പ്രത്യേകതയാണ്.
ഇത്തരം കൊറോണക്കാലത്ത് നാം ജുമുഅക്ക് പോകുന്നില്ല, കാരണം നമുക്ക് ജുമുഅ നിര്‍ബന്ധമോ സുന്നത്തോ ഇല്ല. ഇങ്ങനെയാണ് കാര്യങ്ങളെ മനസ്സിലാക്കേണ്ടത്. തന്നില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഒറ്റയ്ക്കിരിക്കേണ്ടി വന്നാല്‍ അതാണ് ഏറ്റവും പുണ്യമായതെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലം ഇലാഹിയായ ചിന്തകള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടത്. ഒരു മണിക്കൂര്‍ അല്ലാഹുവിനെക്കുറിച്ച് ചിന്തിച്ചിരിക്കല്‍ ഒരു വര്‍ഷം ഇബാദത്ത് ചെയ്യുന്നതിനേക്കാള്‍ പുണ്യമാണെന്ന നബി വചനം കശ്ഫുല്‍ അസ്‌റാറില്‍ കാണാവുന്നതാണ്. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ശക്തി, മനുഷ്യന്റെ നിസ്സാരത തുടങ്ങി പലതും ഈ സന്ദര്‍ഭത്തില്‍ ചിന്താവിഷയങ്ങളാണ്. സംസാരവും കളി തമാശയും കുറയ്ക്കണം. കൂടുതല്‍ സമയം ആരാധനകള്‍ക്ക് മാറ്റിവയ്ക്കണം. പിശാച് മനുഷ്യരില്‍ സ്വാധീനിക്കുന്ന ആദ്യത്തെ അവയവം നാവാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്ന് മുഹമ്മദ് (സ്വ) പറഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയ നല്ലതിനുള്ളതാണ്. നല്ല ഏതിനെയും ചീത്തയായി ഉപയോഗിക്കാം. ആവശ്യമില്ലാത്ത വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം ലഫ്റ്റാകണം. നിലനില്‍ക്കുന്ന ഗ്രൂപ്പ് ഏത് ആവശ്യത്തിനു വേണ്ടിയുള്ളതാണെന്ന് ഉറപ്പിക്കണം. അതില്‍ നാം നിലനില്‍ക്കേണ്ടതുണ്ടോ എന്ന് ബോധ്യപ്പെണം. ഫോര്‍വേഡ് മെസേജുകള്‍ പരമാവധി ഒഴിവാക്കണം. കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ വ്യാജ വാര്‍ത്തകളുണ്ടാവാന്‍ സാധ്യതയുണ്ട്. ഒരാളുടെ പേര് കള്ളന്മാരുടെ ലിസ്റ്റില്‍ വരാന്‍ കേട്ടതൊക്കെ പറഞ്ഞാല്‍മതി എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. പലതും നാം ഷെയര്‍ ചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് അത് വ്യാജമായിരുന്നു എന്ന് വ്യക്തമാകുന്നത്.
സാമൂഹ്യ മാധ്യമങ്ങള്‍ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തണം. പലസ്ഥലത്തും ഖത്മുല്‍ ഖുര്‍ആനിനും മറ്റുമായി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ പണ്ഡിതന്മാര്‍ ദഅ്‌വത്തിനുവേണ്ടി ഉപയോഗപ്പെടുത്തേണ്ട അനിവാര്യ ഘട്ടമാണിത്. ആളുകള്‍ വീടുകളില്‍ ഒഴിഞ്ഞിരിക്കുകയാണ്, അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണം. അതിന് നൂതന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. മാനസിക ബലവും പിന്തുണയും നല്‍കണം. ഖുര്‍ആനും പ്രവാചക വചനങ്ങളും കേള്‍പ്പിക്കണം. നല്ല ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കണം. ഈ ഒഴിവ് സമയത്ത് വായനക്ക് നല്ലൊരു സമയം മാറ്റിവയ്ക്കണം. സ്വന്തത്തിന്റെയും കുടുംബത്തിന്റെയും വായനാശീലം പരിപോഷിപ്പിക്കണം. വായിക്കുന്ന പത്രത്തിന്റെ എഡിറ്റോറിയല്‍ കോളം എന്തായാലും വായിച്ചിരിക്കണം. വായിച്ചത് വീണ്ടും വായിക്കലും വായന തന്നെയാണ് എന്ന് മനസ്സിലാക്കണം. വായനയ്ക്ക് ഓണ്‍ലൈന്‍ പുസ്തകങ്ങളെയും ആശ്രയിക്കാവുന്നതാണ്. ഓരോ ദിവസവും വൈവിധ്യമായിരിക്കണം. എല്ലാദിവസവും ഒരുപോലെയായാല്‍ ജീവിതത്തിന് എന്തര്‍ഥമാണുള്ളത്.
ഈ വൈവിധ്യം ഭക്ഷണത്തിലും പ്രകടമാകണം. വീട്ടില്‍ ഇരുപ്പ് കാലമായതിനാല്‍ സാധനങ്ങള്‍ കുറവായിരിക്കാം. ഉള്ളത് കൊണ്ട് വൈവിധ്യം തീര്‍ക്കുന്നതാണ് മിടുക്ക്. വീട്ടുകാരിക്ക് എന്നും ലോക്ക് ഡൗണ്‍ തന്നെയാണ്. അവര്‍ക്ക് പുരുഷന്മാരും മുതിര്‍ന്ന മക്കളും ഒരു ഭാരമായി കൂടാ. അതിനാല്‍ കിച്ചണ്‍ മാനേജ്‌മെന്റ് ഓരോ ദിവസവും ഓരോരുത്തര്‍ ഏറ്റെടുക്കണം. മാനേജ് ചെയ്യുന്നയാളാണ് ഓരോ ദിവസത്തെയും ഭക്ഷണത്തിന്റെ വൈവിധ്യം തീരുമാനിക്കേണ്ടത്. മറ്റുള്ളവര്‍ സഹായിക്കണം. പാത്രം കഴുകേണ്ടത് എല്ലാവരും ചേര്‍ന്ന്.
കൊറോണ മൂലം രണ്ടാഴ്ചയായി നമുക്ക് ജുമുഅ ഇല്ല എന്നത് ശരിയാണ്. എന്നാലും വെള്ളിയാഴ്ചയ്ക്ക് അതിന്റെ പ്രാധാന്യമുണ്ട്. നഖം മുറിക്കലും താടി, മുടി എന്നിവ നന്നാക്കലും കൃത്യമായി നടക്കണം. ഒന്നിനും ഒരു കുറവും വരുത്തരുത്. ഉച്ചയ്ക്ക് നടക്കാറുള്ള സിയാറത്തിന് പകരം വീട്ടില്‍നിന്ന് ഭക്ഷണത്തിനു മുന്‍പ് യാസീന്‍ ഓതി മക്കളെ കൂട്ടി ദുആ ചെയ്യണം. കിട്ടുമെങ്കില്‍ ഉച്ചയ്ക്ക് മാംസഭക്ഷണം തന്നെയാകാം. കുട്ടികളോടുള്ള കളികളില്‍ പോലും നേരത്തെ പറഞ്ഞ വൈവിധ്യങ്ങള്‍ ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. എന്നും ഒരേ കളിയാകരുത്.
തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒക്കെയുള്ള ഇസ്‌ലാമിക മര്യാദകള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ഈ സന്ദര്‍ഭം മുതലാക്കണം. ഓര്‍ക്കുക, എല്ലാം നല്ലതിനാണ്. രാവിലത്തെ കുളി കൃത്യമായി നടക്കണം. വസ്ത്രം മുഴുവനായും മാറുന്നില്ലെങ്കില്‍ ബനിയനെങ്കിലും നല്ലത് ധരിക്കണം. പണ്ഡിതര്‍ പ്രത്യേകിച്ചും, വീട്ടില്‍ തൊപ്പിയെങ്കിലും ധരിക്കണം.
റമദാനിന്റെ മുന്നോടിയായി നടത്തിവരാറുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ (നനച്ചുകുളി) നേരത്തെ ആരംഭിക്കാം. കുടുംബസമേതം ക്ലീനിങ്ങില്‍ പങ്കുചേരാം. സാധാരണ അത് വീട്ടിലുള്ളവര്‍ മാത്രം ചെയ്യേണ്ട പണിയായിരുന്നു. ഇക്കുറി എല്ലാവരും ചേര്‍ന്ന ഒരു ഗ്രാന്റ് ക്ലീനിങ്. തിങ്കളാഴ്ച രാവില്‍ മങ്കൂസ് മൗലിദ്, വെള്ളിയാഴ്ച രാവില്‍ മജ്‌ലിസുന്നൂര്‍. ചീരിണിയായി തല്‍ബീന എന്ന പ്രത്യേക പായസം ഉണ്ടാക്കാം. നബി (സ) പ്രോത്സാഹിപ്പിച്ച പായസമാണിത്. മാവും തേനും പാലും അല്‍പം ഉപ്പും ചേര്‍ത്ത് കൊണ്ടാണ് ഇത് തയ്യാര്‍ ചെയ്യേണ്ടത്. അങ്ങനെ ലോക്ക് ഡൗണ്‍ കാലം സുന്നത്തുകള്‍ കൊണ്ടുള്ള ഒരു ആഘോഷമായി മാറട്ടെ.
രാവിലെ കുടുംബസമേതം നേരത്തെ എഴുന്നേല്‍ക്കുക. തഹജ്ജുദ് നിസ്‌കാരം, ജമാഅത്തായുള്ള സുബഹി നിസ്‌കാരം, ഖുര്‍ആന്‍ പാരായണം എന്നിവകള്‍ക്ക് ശേഷം അല്‍പം വ്യായാമം. പിന്നെ എല്ലാവരും ചേര്‍ന്ന് പ്രാതല്‍ തയാറാക്കുക. അതു കഴിഞ്ഞ് പത്രവായന. ആനുകാലിക വിഷയങ്ങളില്‍ ഒരു കുടുംബ ചര്‍ച്ച. പഴയ കാലത്തെ കുറിച്ച് ഒരു അയവിറക്കല്‍. ഒരു നാടന്‍ ചര്‍ച്ചയുമാവാം. ളുഹറിന് മുമ്ബ് അല്‍പം ഉച്ചയുറക്കം. ഖൈലൂലത്ത് എന്ന സുന്നത്തായ ഉറക്കത്തെ നിയ്യത്ത് ചെയ്യണം. ഉച്ചയ്ക്ക് കൂട്ടമായി ഭക്ഷണം കഴിക്കല്‍. അസര്‍ ജമാഅത്തിനു ശേഷം കുട്ടികള്‍ മുറ്റത്തേക്ക് കളിക്കാന്‍ ഇറങ്ങുന്നു. രക്ഷിതാക്കള്‍ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു. മഗ്‌രിബിന് അല്‍പം മുന്‍പ് കുളികഴിഞ്ഞ് വീടിനകത്തേക്ക്.
കുട്ടികളും മുതിര്‍ന്നവരും ഒരുമിച്ചിരുന്ന് നൂറ് തസ്ബീഹ്. തസ്ബീഹ് പകര്‍ച്ചവ്യാധികളില്‍ നിന്ന് തടയുമെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ട്. നിസ്‌കാരശേഷം കുട്ടികളുടെ മദ്‌റസ, സ്‌കൂള്‍ പഠനം. ഇശാഅ് വാങ്ക് വിളിച്ച ഉടനെ എല്ലാവരും ഇരുന്നു മൻഖൂസ് മൗലിദ് മുഴുവനായും ഓതി ദുആ ചെയ്യുന്നു, ശേഷം ഹദ്ദാദ് റാത്തീബും പിന്നീട് ഇശാഅ് ജമാഅത്ത്. താമസിയാതെ ഉറക്കം രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. കഴിയുമെങ്കില്‍ തിങ്കളും വ്യാഴവും സുന്നത്ത് നോമ്പ്. ഇല്ലെങ്കില്‍ തിങ്കളാഴ്ച എന്തായാലും നോമ്പ്. ഇങ്ങനെ ഒരു പ്രത്യേക ജീവിതക്രമം കൊണ്ടുവരാന്‍ ഈ ലോക്ക് ഡൗണ്‍ ഉപയോഗപ്പെടുത്തിയാല്‍ വ്യക്തിപരമായും കുടുംബപരമായും വലിയ മുന്നേറ്റം ഉണ്ടാക്കാനാവും. അധികപേരും വഞ്ചിതരാകുന്നത് രണ്ട് അനുഗ്രഹങ്ങളാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഒന്ന്, ആരോഗ്യവും മറ്റൊന്ന് ഒഴിവ് സമയവുമാണ്.
Leave A Comment