നിസ്കാരം കഴിഞ്ഞാല്‍ പൂട്ടിക്കിടക്കേണ്ടതാണോ പള്ളികള്‍
നമ്മുടെ പള്ളികളെല്ലാം ഇന്ന് ഏറെ മനോഹരമാണ്. എയര്‍ കണ്ടീഷന്‍ ചെയ്യാത്ത പള്ളികളില്ലെന്ന് തന്നെ പറയാം. ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികളെ പോലും വെല്ലുന്നവിധമാണ് ഇന്ന് നമ്മുടെ പള്ളികള്‍.
എന്നാല്‍ പള്ളികള്‍ എന്നത് കേവലം നിസ്കാര സമയത്തേക്ക് മാത്രം തുറന്ന് മറ്റുസമയങ്ങളിലെല്ലാം പൂട്ടിയിടപ്പെടേണ്ട ഇടമായി നമുക്ക് മാറിയത് എന്ന് മുതലാണ്. മദീനയിലെ മസ്ജിദുന്നബവിയാണല്ലോ നമ്മുടെ പള്ളികളുടെയെല്ലാം ആദ്യമാൃക. അത് യാത്രക്കാർക്കും പള്ളിയിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇബാദത്ത് ചെയ്യുന്നവർക്കും മുന്നിൽ എന്നും തുറക്കപ്പെട്ടതായിരുന്നില്ലേ.
പള്ളി സംരക്ഷിക്കപ്പെടുകയില്ലെന്നോ മറ്റെന്തെങ്കിലും വസ്തുക്കൾ നഷ്ടമാകുമെന്നോ ഉള്ള ഭയമാണ് നമുക്ക് ഇതിന് തടസ്സമാവുന്നതെങ്കില്‍, അത് തീർത്തും അസ്ഥാനത്തല്ലേ. കാരണം പള്ളികളിൽ നഷ്ടപ്പെടാനുള്ളത് മൈക്കും ആംപ്ലിഫയറും മാത്രമാണ്. അവ അധിക പള്ളികളിലും സുരക്ഷിതമായി മിഹ്റാബുകളിൽ പൂട്ടി വെക്കപ്പെട്ടവയാണ് അല്ലെങ്കിൽ പൂട്ടി വെക്കാവുന്നവയാണ്. മാത്രവുമല്ല അധിക പള്ളികളും സിസിടിവിയുടെ നിരീക്ഷണത്തിലുമാണ്. എന്നിട്ടും എന്തേ നമുക്ക് അവ തുറന്നിടാനാവാത്തത്.
ഇഅ്തിക്കാഫിന്റെ കരുത്തോട് കൂടി പള്ളികളിൽ കഴിഞ്ഞുകൂടാൻ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കേണ്ടതല്ലേ. വേദനയും വിഷമവുമായി കരഞ്ഞു നടക്കുന്ന ആളുകൾക്ക് അൽപനേരം അല്ലാഹുവിൻറെ മുമ്പിൽ ഒറ്റയ്ക്കിരുന്ന് കരയാനുള്ള ഇടങ്ങളാവേണ്ടതും ഈ പള്ളികൾ തന്നെയല്ലേ. ഇരുപതോ ഇരുപത്തഞ്ചോ പേര്‍ക്ക് മാത്രമായി, അഞ്ചു വഖ്ത്ത് നിസ്കാരത്തിനും അതിൻറെ സുന്നത്തുകൾക്കും വേണ്ടിയും നാട്ടുകാര്‍ക്കെല്ലാം ആഴ്ചയില്‍ ഒരിക്കല്‍ അരമണിക്കൂറില്‍ താഴെ മാത്രം സമയവും ചെലവഴിക്കാനും മാത്രമല്ലല്ലോ ഇസ്‍ലാമിലെ പള്ളികള്‍. സദാസമയവും ഇബാദത്ത് ചെയ്യുന്നവരാൽ അലങ്കരിക്കപ്പെടേണ്ട ഇടങ്ങളാണ് പള്ളികള്‍. വിശ്വാസി സമൂഹത്തിന്റെയും അതിലെ പൗരന്മാരുടെയും യാത്രകള്‍, നല്ല പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാം തുടക്കവും ഒടുക്കവും നടക്കേണ്ട ഇടം കൂടിയാണ് പള്ളികള്‍. പ്രവാചകര്‍(സ്വ) യാത്ര കഴിഞ്ഞ് വരുമ്പോള്‍ ആദ്യം ചെയ്തിരുന്നത് പളളിയില്‍ കയറി രണ്ട് റക്അത് നിസ്കരിക്കുകയായിരുന്നുവല്ലോ. അതിനെല്ലാം നമ്മുടെ പള്ളികള്‍ സൗകര്യം ഒരുക്കുമ്പോഴല്ലേ, വിശ്വാസിജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പള്ളികള്‍ വര്‍ത്തിക്കുകയുള്ളൂ.
എന്തുകൊണ്ടാണ് നമ്മുടെ പള്ളികളിൽ ഖുർആൻ പഠന മജ്‌ലിസുകൾ ഇല്ലാത്തത്? എന്തുകൊണ്ടാണ് വിജ്ഞാന സദസ്സുകൾ നിരന്തരമായി നടക്കാത്തത്? എന്തുകൊണ്ടാണ് നമ്മുടെ പള്ളികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്‍ലാമിക കേന്ദ്രങ്ങളായി മാറാത്തത്? എന്തുകൊണ്ടാണ് അവിടങ്ങളിൽ ഇസ്‍ലാമിനെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് കടന്നു വരാനുള്ള ആഗ്രഹമോ ആവേശമോ ഉണ്ടാകാത്തത്? ഇതൊന്നുമില്ലാത്ത വെറും നിസ്കാരമുറികൾ ആയി നമ്മുടെ പള്ളികൾ മാറിപ്പോകുന്നത് സങ്കടകരമല്ലേ?
അലി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, റസൂലുല്ലാഹി (സ) അരുളി: താമസിയാതെ ജനങ്ങളിൽ ഒരു കാലഘട്ടം വരും അന്ന് പേരിൽ മാത്രമായിരിക്കും ഇസ്‍ലാം, അക്ഷരങ്ങളിൽ മാത്രമായിരിക്കും ഖുർആൻ, പ്രൗഢമായ പള്ളികൾ ഉണ്ടാകും പക്ഷേ അവിടെ സന്മാർഗം ലഭ്യമാവുകയില്ല, അന്ന് ആകാശത്തിന് താഴെ ഏറ്റവും മോശപ്പെട്ടവർ അവരിലെ പണ്ഡിതന്മാരായിരിക്കും അവരിൽ നിന്നായിരിക്കുംകുഴപ്പങ്ങൾ ഉടലെടുക്കുന്നത്, അതിൻറെ (അപകടം) അവരിലേക്ക് തന്നെയായിരിക്കും മടങ്ങുന്നതും (ബൈഹഖി).
ഈ റബീഉൽ അവ്വല്‍ മാസത്തില്‍, നാം തിരുനബിയുടെ ജീവിതത്തെ പാടുകയും പറയുകയും ചെയ്യുമ്പോള്‍, മദീനയെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇതും നമ്മുടെ ചിന്തകളിലേക്ക് കടന്നുവരട്ടെ. മദീനയിലെത്തിയ പ്രവാചകര്‍(സ്വ) ആദ്യം പണിതത് പള്ളിയായിരുന്നു. ശേഷം അവസാന നിമിഷങ്ങളില്‍പോലും ആ പള്ളിയെ കേന്ദ്രീകരിച്ചായിരുന്നു ആ തിരുജീവിതം. അത്തരം പള്ളികളെ വീണ്ടെടുക്കാനായിരിക്കട്ടെ നമ്മുടെ ശ്രമങ്ങള്‍.
മറ്റുള്ളവര്‍ക്ക് വഴികാട്ടുന്ന ഉത്തമസമുദായമായി അല്ലാഹു നമ്മെ മാറ്റട്ടെ! ആമീൻ!!
Leave A Comment