കാലാതീതമായി ജനമനസ്സുകളില്‍ ആദരവോടെയും ഭക്തിനിര്‍ഭരതയോടെയും നിറഞ്ഞുനില്‍ക്കുന്ന നാമമാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നുള്ളത്. വഴികേടിന്റെയും നെറികേടിന്റെയും വഴിയില്‍പെട്ട ഒരു ജനതയെ സല്‍സരണിയിലേക്ക് തന്റെ ദിവ്യപ്രഭ കൊണ്ട് വഴിനടത്തിയ നവോത്ഥാന നായകരാണ് ശൈഖ് ജീലാനി(റ). വിജ്ഞാനത്തിലും ആത്മീയതയിലും യുക്തിയിലും മറ്റെല്ലാവരെക്കാളും പ്രോജ്വലിച്ച അദ്ദേഹം ഔലിയാക്കളിലെ കുലപതിയാണ്.
ജനനം, ജീവിത പ്രാരംഭം, പശ്ചാത്തലം
വിശ്വവിഖ്യാതനും പണ്ഡിതവരേണ്യനുമായ മുഹ്‌യിദ്ദീന്‍ ശൈഖ്(റ) അവര്‍കള്‍ ഹിജ്‌റ 491 റമളാന്‍ ഒന്നാം തിയ്യതി ജീലാന്‍ സംസ്ഥാനത്തിലെ ഗെയ്ല്‍ പട്ടണത്തിലാണ് ജനിക്കുന്നത്. സൂഫിവര്യനും സൂക്ഷ്മാലുവുമായ അബൂസ്വാലിഹ് മൂസാ ജംഗി ദോസ്ത്(റ)യാണ് ശൈഖ് അവര്‍കളുടെ പിതാവ്. ശൈഖ് അവര്‍കളെ പ്രസവിക്കുന്ന സമയത്ത് മാതാവ് ഫാത്തിമക്ക് 60 വയസ്സായിരുന്നു.
അബൂമുഹമ്മദ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ശൈഖ് അവര്‍കള്‍ ഗൗസുല്‍ അഅ്‌ളം, മുഹ്‌യിദ്ദീന്‍, ഇമാമുല്‍ ഫാറിഖീന്‍, ഖുഥ്ബുര്‍റബ്ബാനീ എന്നീ സ്ഥാനപ്പേരുകളിലും വിഖ്യാതനാണ്. വംശപാരമ്പര്യാടിസ്ഥാനത്തില്‍ ഹസനിയും ഹുസൈനിയുമാണെന്നത് ജീലാനി(റ)യുടെ ഔന്നത്യത്തിന് പത്തരമാറ്റേകുന്നു.
മുഹ്‌യിദ്ദീനാകുന്നത്
'അങ്ങയെ മുഹ്‌യിദ്ദീന്‍ ശൈഖ് എന്നു വിളിക്കുന്നതിന്റെ കാരണമെന്താണ്?' എന്ന് ഒരിക്കല്‍ തന്റെ ശിഷ്യര്‍ ശൈഖിനോട് ചോദിച്ചു. ശാന്തനായി ശൈഖ് അതിന് മറുപടി പറഞ്ഞു: ''ഞാന്‍ ബഗ്ദാദിലേക്ക് തിരിച്ചുവരുമ്പോള്‍, നഗരപ്രാന്തത്തില്‍ ക്ഷീണിച്ചവശനായ ഒരു രോഗിയെ കണ്ടുമുട്ടി. അദ്ദേഹം എന്നോട് സലാം ചൊല്ലി. ഞാന്‍ സലാം മടക്കി. തന്നെ എഴുന്നേല്‍പ്പിക്കാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു. അത്ഭുതകരം, ആ രോഗിയില്‍ അതിമഹത്തായ മാറ്റം സംഭവിക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹം സന്തുഷ്ടനും ആരോഗ്യവാനും ശക്തനുമായി മാറി. അദ്ദേഹത്തില്‍ ക്ഷണികനേരം കൊണ്ടുണ്ടായ പരിവര്‍ത്തനം കണ്ട് ഞാന്‍ അത്ഭുതപ്പെടുകയും ഭയപ്പെടുകയും ചെയ്തു.
ആ മനുഷ്യന്‍ എന്നോട് ചോദിച്ചു: ''ഞാന്‍ ആരാണെന്ന് നിനക്ക് അറിയുമോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല.'' അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഇസ്‌ലാം മതമാണ്. ഞാന്‍ മരിക്കാറായിട്ടുണ്ട്. പക്ഷേ, നിനയ്ക്കുവേണ്ടി എന്നെ ഒരിക്കല്‍കൂടി സര്‍വശക്തനായ അല്ലാഹുവ ജീവിപ്പിച്ചിരിക്കുന്നു.''
വിദ്യാഭ്യാസ ജീവിതം
ശൈഖ് ജീലാനി(റ) തന്റെ മാതാവ് ഫാത്തിമ(റ)ക്ക് കീഴിലാണ് വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത്. വിശുദ്ധ ഖുര്‍ആനും ചില അഖീദ ഗ്രന്ഥങ്ങളും വന്ദ്യമാതാവില്‍നിന്നുതന്നെ പഠിച്ചു. അതിനുശേഷം ഗൈലിലെ ഒരു പള്ളിക്കൂടത്തില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. 18ാം വയസ്സില്‍ ഉപരിപഠനാര്‍ത്ഥം ബഗ്ദാദിലേക്ക് യാത്ര തിരിച്ചു.
ഇസ്‌ലാം മത ധര്‍മശാസ്ത്രങ്ങള്‍ ഖാളി അബൂസഈദ് മഖ്‌സരി(റ)വില്‍ നിന്നും ഹദീസ് അബൂബക്ര്‍ മുസഫ്ഫിര്‍(റ)യില്‍ നിന്നും അബൂഗാലിബ് ബല്‍ഖാനി(റ), അബൂഖാസിം ഇബ്‌നു ബനാര്‍(റ), അബൂ മുഹമ്മദ് ജഅ്ഫര്‍സിറാജ്(റ), അബൂസഈദ് ഇബ്‌നു ഹബിശ്(റ), അബൂത്വാലിബ് ഇബ്‌നു യൂസുഫ്(റ) എന്നീ പ്രശസ്ത പണ്ഡിതന്‍മാരില്‍നിന്നും ഗൗസുല്‍ അഅ്‌ളം (ഖ.സി.) പഠിക്കുകയുണ്ടായി.
നീണ്ട കാലത്തെ വൈജ്ഞാനിക പഠനത്തിനു ശേഷം ജീലാനി(റ) തന്റെ ഗുരുനാഥനായ ഖാസി അബൂസഈദ്(റ)യുടെ വിദ്യാലയത്തില്‍ തന്നെ അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. ഗാഢമായ വിജ്ഞാനവും തെളിഞ്ഞ ഓര്‍മശക്തിയും ആ അധ്യാപനത്തിനു മാറ്റു കൂട്ടി.
ആത്മീയ ജീവിതാരംഭം
വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിനു ശേഷം ആത്മീയതയുടെ അനന്തവിഹായസ്സിലേക്ക് ജീലാനി(റ) കടന്നുവന്നു. അങ്ങനെയാണ് ഖാളി അബൂസഈദ് അലി മുബാറക്(റ) എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യത്വം ശൈഖ് അവര്‍കള്‍ സ്വീകരിക്കുന്നത്. ബഗ്ദാദില്‍ വച്ച് ശൈഖ് ഹമ്മാദ്(റ)യുടെ ഗുരുദര്‍ശനവും ശൈഖിനെ സ്വാധീനിച്ചിട്ടുണ്ട്.
വ്യക്തിത്വവും സമീപനങ്ങളും
വിജഞാന പ്രേമിയും സുമനസ്‌കനും ദൃഢഗാത്രനും ആത്മീയത ജ്വലിക്കുന്നവരുമായിരുന്നു ശൈഖ് അവര്‍കള്‍. സമ്പന്നര്‍ക്കും ഖലീഫമാര്‍ക്കും യാതൊരു പരിഗണയും നല്‍കാറുണ്ടായിരുന്നില്ല എന്നത് ശൈഖിന്റെ വ്യക്തിത്വമഹത്വം വിളിച്ചോതുന്നു. ഭൗതികമായി ഒന്നും മോഹിച്ചില്ലയെന്നാണ് ഇതിനു കാരണം. മറ്റെല്ലാരെയും വെല്ലുന്ന യുക്തിയും ബുദ്ധിയുമുണ്ടായിരുന്ന അദ്ദേഹം സരസനും ഗാംഭീര്യം സ്ഫുരിക്കുന്നവരുമായിരുന്നു. മണല്‍ക്കാടുകളില്‍ ഒട്ടകപ്പുറത്തായിരുന്നു അദ്ദേഹം സഞ്ചരിക്കാറുണ്ടായിരുന്നത്.
പ്രഭാഷണ കലയില്‍ ജീലാനി(റ) യുടെ കഴിവ് അനിഷേധ്യമാണ്. അനുവാചകരെ നിശ്ശബ്ദരാക്കി തന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാനുള്ള എന്തോ ഒരു പ്രത്യേക ശക്തിയുള്ളതു പോലെ തോന്നപ്പെട്ടിരുന്നു. ഉന്നതമായ പദവിയും സ്ഥാനമാനങ്ങളും യശസ്സും സ്വാധീനവും ആഗാധജ്ഞാനവും എല്ലാം ഉണ്ടായിരുന്നിട്ടും ആ മഹാന്‍ അതിസൗമ്യനും വിനീതനുമായാണ് ജീവിച്ചത്. സല്‍ക്കാരപ്രിയനും അതിഥികളെ പരിചരിക്കുന്നതില്‍ അതിതല്‍പരനുമായിരുന്നു ശൈഖ് അവര്‍കള്‍.
കറാമത്തുകള്‍
ഇലാഹീ തൗഫീഖിനു ഭാഗ്യം ലഭിച്ച പണ്ഡിതനാണ് ശൈഖ് ജീലാനി അവര്‍കള്‍. ശൈഖിന്റെ പല കറാമത്തുകളും ലോകജനതയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല. അതൊരു വഴികാട്ടിക്കു തുല്യം വഴി നടത്തിക്കൊണ്ടിരിക്കുന്നു.
ചാരിത്ര്യവതിയുടെ രക്ഷ
ശൈഖ് അവര്‍കള്‍ക്ക് ചാരിത്ര്യവതിയും ധര്‍മനിഷ്ഠയും സുന്ദരിയുമായ ഒരു ആത്മീയ ശിഷ്യ ഉണ്ടായിരുന്നു. മദ്യപനും ദുര്‍മാര്‍ഗിയുമായ ഒരാള്‍ ആ സ്ത്രീയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാവുകയും ചാരിത്രത്തെ കളങ്കപ്പെടുത്താന്‍ ഒരുങ്ങുകയും ചെയ്തു. പക്ഷേ, ആ സ്ത്രീ അതിനു വഴങ്ങിയതേ ഇല്ല. അങ്ങനെയിരിക്കെ എന്തോ ആവശ്യാര്‍ത്ഥം ആ സ്ത്രീക്ക് കാട്ടിലേക്ക് പോകേണ്ടിവന്നു. വിവരം അറിഞ്ഞ ആ ദുഷ്ടന്‍ കാട്ടില്‍ പതിയിരിക്കുകയും സ്ത്രീ കാട്ടിലെത്തിയപ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
പരിഭ്രമിച്ചുപോയ ആ സ്ത്രീ വനാന്തരത്തില്‍ വച്ച് ഗൗസുല്‍ അഅ്‌ളം(റ)നെ വിളിച്ചു സഹായത്തിനായി കേണു. ശൈഖവര്‍കള്‍ തല്‍സന്ദര്‍ഭത്തില്‍ വുളൂഅ് ചെയ്യുകയായിരുന്നു. അദ്ദേഹം രോഷാകുലനായി തന്റെ പാദുകങ്ങളോടു കല്‍പ്പിച്ചു: ''പോവുക, ആ ചാരിത്ര്യവതിയെ രക്ഷിക്കുകയും ധൂര്‍നടപ്പുകാരനായ ധിക്കാരിയെ ശിക്ഷിക്കുകയും ചെയ്യുക.'' ഉടനെ ആ പാദുകങ്ങള്‍ ചെന്ന് ആ ധിക്കാരിയുടെ തല തച്ചുടച്ചു.
വടിയുടെ പ്രോജ്വലനം
അബ്ദുല്ലാ സിയാല്‍(റ) പറയുന്നു: ''ഞാന്‍ ഗൗസുല്‍ അഅ്‌ളം (ഖ.സി) മദ്‌റസയില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ആ മഹാപുരുഷന്‍ വീട്ടില്‍ നിന്നു പുറത്തുവന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു വടിയുണ്ടായിരുന്നു. ആ വടി കൊണ്ട് ശൈഖ് അവര്‍കള്‍ എന്തെങ്കിലും അത്ഭുതം കാണിക്കണം എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു.'
''ശൈഖ് അവര്‍കള്‍ക്ക് എന്റെ ഇംഗിതം മനസ്സിലാക്കാന്‍ സാധിച്ചു. അദ്ദേഹം എന്റെ മുഖത്ത് നോക്കി മന്ദഹസിച്ചുകൊണ്ട് വടി നിലത്തു നാട്ടി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വടി പ്രോജ്വലിച്ചു തുടങ്ങി. ഒരു മണിക്കൂറോളം നേരം ആ വടി ജ്വലിച്ചുകൊണ്ടു നിന്നു. വടിയുടെ വെളിച്ചം നാലുപാടും പരന്നു. വീടും പരിസരവും ആ ദീപ്തിയില്‍ മുങ്ങി.
വെള്ളപ്പൊക്കത്തെ നിയന്ത്രിച്ചു
ഒരിക്കല്‍ ടൈഗ്രീസ് നദി കരകവിഞ്ഞൊഴുകി. മനുഷ്യരുടെ ജീവനും സ്വത്തിനും ധാരാളം നാശനഷ്ടങ്ങള്‍ സംഭവിക്കും. തങ്ങള്‍ ആ വെള്ളപ്പൊക്കത്തില്‍ മുങ്ങി നശിക്കുമെന്ന് ബഗ്ദാദ് നിവാസികള്‍ ഭയപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അവര്‍ ശൈഖിനോട് അഭ്യര്‍ത്ഥിച്ചു.
ശൈഖ് തന്റെ വടിയുമായി ട്രൈഗീസ് നദീ തീരത്ത് ചെല്ലുകയും വടി നദീ തീരത്ത് നാട്ടിക്കൊണ്ട് നദിയോട് ഇപ്രകാരം പറയുകയും ചെയ്തു: '' ഇവിടെ നില്‍ക്കുക, ഇതിനപ്പുറം കടക്കരുത്.' ശൈഖ് കല്‍പ്പിച്ചയുടനെ നദി പിന്‍മാറുകയും മഹാന്‍ നിര്‍ദേശിച്ച അതിര്‍ത്തിയില്‍ ജലവിതാനം നിലയുറപ്പിക്കുകയും ചെയ്തു. അതോടെ വെള്ളപ്പൊക്കം ശമിക്കുകയുണ്ടായി.
മഴനിയന്ത്രണം
ഒരിക്കല്‍ തന്റെ മദ്‌റസാ പരിസരത്ത് തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ഗൗസുല്‍ അഅ്‌ളം മതോപദേശം നല്‍കുകയായിരുന്നു. പെട്ടെന്ന് കഠിനമായ മഴ പെയ്തു. ജനങ്ങള്‍ കൂട്ടംവിട്ട് നാലുപാടും നീങ്ങി. ഇതു കണ്ട് ആകാശത്തിലേക്ക് നോക്കിക്കൊണ്ട് ശൈഖ് പറഞ്ഞു: ''ഞാന്‍ നിനക്കുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടിയിരിക്കുന്നു. നീ അവരെ നാലുപാടും ഓടിച്ചുകളയുന്നു.'' ശൈഖ് ഇത് മൊഴിഞ്ഞതും മദ്‌റസയുടെ ഭാഗത്ത് മഴ പെയ്യാതായി. മദ്‌റസയും പരിസരവുമൊഴിച്ച് മറ്റു സ്ഥലത്തെല്ലാം കഠിനമഴ തുടരുകയും ചെയ്തു.
ദാമ്പത്യജീവിതം
ജ്ഞാനസമ്പാദനത്തിനും ഇലാഹീ സേവനത്തിനുമായുള്ള സാഫല്യത്തിന് ശൈഖ് 50 വര്‍ഷം തീവ്രയത്‌നം ചെയ്തു. അമ്പതാമത്തെ വയസ്സിലാണ് ആ മഹാപുരുഷന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അക്കൊല്ലം തന്നെയാണ് അദ്ദേഹം വിവാഹിതനാവുന്നതും. ഇസ്‌ലാം അനുശാസിച്ച പോലെ നാലു സ്ത്രീകളെ ശൈഖ് വിവാഹം ചെയ്തു. നാലുഭാര്യമാരിലായി 27 ആണ്‍മക്കളും 22 പെണ്‍മക്കളും ശൈഖിന് ജനിക്കുകയുണ്ടായി.
മദീനാ സാഹിബാ ബിന്‍തു മിര്‍മുഹമ്മദ്, സ്വാദിഖാ സ്വാഹിബാ ബിന്‍തു മുഹമ്മദ് ശരീഫ്, മുഅ്മിനാ സാഹിബാ, മെഹ്ബൂബാ സാഹിബാ(റ) എന്നിവരാണ് ശൈഖ് അവര്‍കളുടെ പത്‌നിമാര്‍.
പൊതുജീവിതം
ഹിജ്‌റ 541കളിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ് അവര്‍കള്‍ പൊതുജന മധ്യത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. അപ്പോഴേക്കും ശൈഖ് അവര്‍കള്‍ അനന്തമായ ആത്മീയ ഔന്ന്യത്യം നേടിക്കഴിഞ്ഞിരുന്നു. ജനങ്ങള്‍ക്ക് മതോപദേശം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് ആത്മീയ ശിക്ഷണം നല്‍കാനുമായി ആ വര്‍ഷം തന്നെ ശൈഖ് ഒരു മദ്‌റസ സ്ഥാപിച്ചു. ജീവിതപ്രധാനങ്ങളും വിവിധ പ്രശ്‌നങ്ങളെ സ്പര്‍ശിക്കുന്നതുമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ധര്‍മോപദേശങ്ങളും ഗ്രഹിച്ചു പുണ്യം നേടുവാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ആ സന്നിധിയിലേക്ക് പ്രവഹിച്ചുതുടങ്ങി.
ഗ്രന്ഥങ്ങള്‍
'ഗുന്‍യതുത്ത്വാലിബീന്‍', 'ഫുതുഹുല്‍ ഗയ്ബ്', 'ദിവാന്‍', 'ഖസീദ: ഗൗസിയ്യ', 'ബഹ്ജുത്തുല്‍ അസ്‌റാറ്, 'അല്‍ഫത്ഹുര്‍റബ്ബാനി', 'ജലാലുല്‍ ഖാതിര്‍', 'സിര്‍റുല്‍ അസ്‌റാര്‍', 'റദാഉര്‍റഫ്‌സിയ്യ', 'തഫ്‌സീര്‍ ഖുര്‍ആനെ കരീം', 'ജലാലുല്‍ ഖാത്വര് ഫില്‍ബാത്വിനി വള്ളാഹിര്‍', 'കിബ്‌രിയാതെ ഇഹ്മാര്‍' എന്നിവ ശൈഖ് അബ്ദുല്‍ ഖാദിര്‍(റ)വിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്.
ഇവയില്‍ ദീവാന്‍ എന്ന ഗ്രന്ഥം ശൈഖ് അവര്‍കളുടെ പേര്‍ഷ്യന്‍ കവിതകളുടെ സമാഹാരമാണ്. 'ഖസീദ: ഗൗസിയ്യ' എന്ന കൃതി ജനങ്ങള്‍ പ്രാര്‍ത്ഥനാകൃതിയാക്കി ഉപയോഗിച്ചുവരുന്നു. ഇവയ്ക്കുപുറമെ ശൈഖ് തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത പല പ്രസംഗങ്ങളും കത്തുകളും പലയിടങ്ങളിലായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 'തഫ്‌സീര്‍ ഖുര്‍ആനെ കരീം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാത്ത ഗ്രന്ഥങ്ങളില്‍ പെട്ടതാണ്. രണ്ടു വാള്യങ്ങളുള്ള ആ ബൃഹത്തായ കൈയെഴുത്ത് ഗ്രന്ഥം തറാബല്‍സിലെ റസീദെ ഖുര്‍ആന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ശൈഖിന്റെ സമകാലികര്‍
ശൈഖ് അബൂജനീബ് അബ്ദുല്‍ ഖാദിര്‍ സുഹ്‌റവര്‍ദി(റ), ഖാജാ യൂസുഫ്ബ്‌നു അയ്യൂബുല്‍ ഹമദാന്‍(റ), ശൈഖ് അലിയ്യുബ്‌നു വഹ്ഹാബുസ്സഞ്ചാരി(റ), ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി(റ) എന്നീ പണ്ഡിത വിശാരദര്‍ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ സമകാലികരാണ്.
ശൈഖ് അവര്‍കള്‍ തന്റെ 92ാമത്തെ വയസ്സിലാണ് ഇഹലോകവാസം വെടിയുന്നത്. മരണാസന്നമായ ശൈഖിനോട് തന്റെ പുത്രന്‍ സയ്യിദ് അബ്ദുല്‍ വഹാബ്(റ) അല്‍പം വസ്വിയ്യത്തിന് ആവശ്യപ്പെട്ടു. ആവശ്യം ശൈഖ് സ്വീകരിക്കുകയും വസ്വിയ്യത്ത് നല്‍കുകയും ചെയ്തു.
അല്ലാഹുവിനെ മാത്രം ഭയപ്പെടുക, അല്ലാഹുവില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക, അല്ലാഹു നിര്‍ദേശിച്ച അതിരുകളെ സംരക്ഷിക്കുക, ഹൃദയം തുറന്നുവയ്ക്കുക, ഔദാര്യവും മാഹാത്മ്യവും പാലിക്കുക, ദുര്‍നിധികളില്‍ നിന്ന് അകന്നുനില്‍ക്കുക, ആപല്‍ഘട്ടങ്ങളഇല്‍ ദുര്‍ഗടസന്ധികളിലും ശാന്തനായി സഹിഷ്ണുതയോടെ വര്‍ത്തിക്കുക, നിന്റെ സഹോദരങ്ങളുടെ കുറ്റങ്ങളെയും വീഴ്ചകളയും പരിഗണിക്കാതിരിക്കുക എന്നതാണ് ആ വിസ്വിയ്യത്തുകളില്‍ ചിലത്.
ശൈഖ് ജീലാനി(റ) വഫാത്തിന്റെ ആസന്ന ഘട്ടമായപ്പോള്‍ 'തഅസ്സസ' എന്ന് മൊഴിയാന്‍ അദ്ദേഹം ശ്രമിച്ചു. പിന്നെ മൂന്നുതവണ 'അല്ലാഹ് ' എന്നുച്ചരിച്ചു അവസാന വാക്യം മൊഴിഞ്ഞുകഴിഞ്ഞതും ആ മഹാമനീഷിയുടെ ശ്വാസഗതി നിലച്ചു. ഹിജ്‌റ 583 റബീഉല്‍ ആഖിര്‍ 11ാം തിയ്യതി ശൈഖ് അവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞു. 91 കൊല്ലവും ഏഴു മാസവുമാണ് ശൈഖ് ഈ ലോകത്ത് ജ്വലിച്ചു നിന്നത്. രാത്രി സമയത്താണ് ജീലാനി(റ) യുടെ ജനാസ ഖബറടക്കം ചെയ്തത്. വിശ്വമൊന്നടങ്കം പുണ്യപ്രഭ പരത്താന്‍ ബഗ്ദാദില്‍ ശൈഖ്(റ) സ്ഥാപിച്ച മദ്‌റസയില്‍ ആ മഹാമനീഷി അന്ത്യവിശ്രമം കൊള്ളുന്നു.
Leave A Comment