കാരക്കച്ചീന്തുകൊണ്ട് സ്വര്‍ഗം മോഹിച്ചവരുടെ വഴി
ജാബിര്‍(റ) നിവേദനം ചെയ്യുന്നു: ''ഒരാള്‍ ഉഹുദ് (യുദ്ധ) ദിവസം നബി(സ)യോട് ഇങ്ങനെ ചോദിച്ചു: ''ഞാന്‍ വധിക്കപ്പെടുന്നപക്ഷം എവിടെയായിരിക്കുമെ ന്ന് പറഞ്ഞുതന്നാലും.'' ''സ്വര്‍ഗത്തില്‍'' -നബി(സ) പ്രതിവചിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ കയ്യിലുണ്ടാ യിരുന്ന കാരക്കകള്‍ എറിഞ്ഞുകളഞ്ഞശേഷം (രണാങ്കണത്തിലിറങ്ങി) യുദ്ധം ചെയ്തു. അവസാനം അദ്ദേഹം വധിക്കപ്പെട്ടു'' (ബുഖാരി, മുസ്‌ലിം).
സ്വര്‍ഗത്തിനുവേണ്ടി എന്തുംചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസിയുടെ ജീവത്യാഗത്തെയാണ് ഈ തിരുവചനം വ്യക്തമാക്കുന്നത്. സ്വഹാബത്തിന്റെ ജീവിതത്തില്‍ ഇതുപോലെ വേറെയും അനേകം ഉജ്വല മാതൃകകളുണ്ട്. ദീനിന്റെ വിജയത്തിനും നിലനില്‍പ്പിനുമാണവര്‍ സര്‍വത്തേക്കാളും മുന്‍ഗണന നല്‍കിയിട്ടുള്ളത്. സ്വന്തം ജീവന്‍പോലും അതിന് വേണ്ടി ബലിയര്‍പ്പിക്കുന്നതില്‍ അവര്‍ക്കൊട്ടും മടിയുണ്ടായിരുന്നില്ല.
'സ്വര്‍ഗം' എന്നു കേട്ടാല്‍ സര്‍വ്വസ്വവും മറക്കുന്നവരാണ് വിശ്വാസികള്‍. നരകം എന്നു കേട്ടാല്‍ ഞെട്ടുന്നവരും. ഒരു സംഭവം പറയാം:
നബി തിരുമേനി(സ)യുടെ സന്നിധിയില്‍ രണ്ടു പേര്‍ വന്നു. അനന്തര സ്വത്ത് തര്‍ക്കത്തിന് പരിഹാരം തേടിയാണവര്‍ വന്നത്. ഓരോരുത്തരും സ്വത്ത് തന്റേതാണെന്ന് വാദിച്ചു. രണ്ടു പേര്‍ക്കും ഈ വാദമല്ലാതെ വേറെ തെളിവൊന്നുമില്ല. കുഴഞ്ഞ പ്രശ്‌നം തന്നെ.
വാദം മൂത്തു. അടിയോടടുത്തു. രംഗം ചൂടാകുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ വാദങ്ങളെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു. കേട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ കൂടുതല്‍ വാചാലതയും സാമര്‍ത്ഥ്യവുമുള്ള ആള്‍ക്ക് അനുകൂലമായി വിധിക്കുകയും ചെയ്‌തേക്കാം. അങ്ങനെ അപരന്റെ അവകാശം നിങ്ങള്‍ക്ക് അനുവദി ച്ചുകിട്ടുകയാണെങ്കില്‍ നിങ്ങളത് സ്വീകരിക്കരുത്. അത് നരകത്തിന്റെ തൂണാണെന്ന് മനസ്സിലാക്കി അയാള്‍ അതില്‍നിന്നും പിന്‍മാറുകയാണു വേണ്ടത്.
'നരകത്തിന്റെ തൂണാ'ണെന്ന പ്രവാചകന്റെ ഈ പരാമര്‍ശം അവരിരുവരുടെയും ഹൃദയത്തെ വല്ലാതെ ഞെട്ടിച്ചു. ദുന്‍യാവില്‍ എന്തുതന്നെ നഷ്ടപ്പെട്ടാലും നാളെ നരകാഗ്നിയില്‍നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്ന് ഇവര്‍ക്കിരുവര്‍ക്കും തോന്നി. ഉടനെ അവര്‍ നബി(സ)യുടെ സന്നിധിയില്‍ ഇങ്ങനെ പറഞ്ഞു: ''ഞാന്‍ എന്റെ അവകാശം താങ്കള്‍ക്ക് തന്നിരിക്കുന്നു.'' പ്രശ്‌നം അതോടെ തീര്‍ന്നു. നരകം എന്ന വാക്കാണ് അവരെ ഇതിന്ന് പ്രേരിപ്പിച്ചതെന്ന് വ്യക്തമാണല്ലോ. സത്യവിശ്വാസത്തിന്റെ സവിശേഷതയും അതുതന്നെ.
ഐഹിക ജീവിതത്തിലെ നേട്ടങ്ങളും വിജയങ്ങളും തികച്ചും താല്‍ക്കാലികമാണ്. ഈ വിജയത്തില്‍ മതിമറന്നാഹ്ലാദിക്കുന്നതില്‍ ഒട്ടും അര്‍ത്ഥമില്ല. അതേ സമയം, പരലോകത്ത് എങ്ങനെയെങ്കിലും സ്വര്‍ഗം നേടാന്‍ സാധിച്ചാല്‍ അതാണ് സമ്പൂര്‍ണ വിജയം. അവിടെ സ്വര്‍ഗം ലഭിക്കുവാന്‍ നാം ഇവിടെ സല്‍ക്കര്‍മങ്ങള്‍ ചെയ്തു മുന്നേറണം.
സ്വര്‍ഗത്തിലേക്കുള്ള സരണി സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളുമത്രെ. ഖുര്‍ആന്‍ പറയുന്നത് കേള്‍ക്കുക: ''വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനു ഷ്ഠിക്കുകയും ചെയ്തവരാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും'' (വി.ഖു. 2/82).
ഇതിന്റെ നേരെ മറിച്ചാണ് നരകം. അസഹനീയ മായ കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞ സങ്കേതമാണത്. അക്രമികള്‍ക്കും അധര്‍മകാരികള്‍ ക്കും ഉള്ളതാണ് നരകം. സമ്പൂര്‍ണ പരാജയമാണത്.
അബൂഹുറൈറ(റ) പറയുന്നു: തിരുമേനി(സ) അരുളി: ''സര്‍ഗവും നരകവും തമ്മില്‍ തര്‍ക്കിക്കും. നരകം പറയും: എനിക്ക് അഹങ്കാരികളെയും സ്വേഛാധിപതികളെയും കിട്ടിയിരിക്കുന്നു. സ്വര്‍ഗം പറയുന്നു: ''എനിക്കെന്തുപറ്റി''. മനുഷ്യരിലെ ദുര്‍ബലരും താഴേക്കിടയിലുള്ളവരും മാത്രമാണ് എന്നില്‍ പ്രവേശിച്ചിരിക്കുന്നത്. സ്വര്‍ഗത്തോട് അല്ലാഹു പറയും: ''നീ എന്റെ കാരുണ്യമാണ്; നീ മുഖേനയാണ് ഞാന്‍ ഇഛിക്കുന്നവര്‍ക്ക് കരുണ ചെയ്യുന്നത്.'' അല്ലാഹു നരകത്തോട് പറയും: ''നീ എന്റെ ശിക്ഷയാണ്; നീ മുഖേനയാണ് ഞാന്‍ ഇഛിക്കുന്നവരെ ശിക്ഷിക്കുക'' (ബുഖാരി). സ്വര്‍ഗപ്രാപ്തിയും നരകമുക്തിയുമാണ് നമ്മുടെ ലക്ഷ്യം.



Leave A Comment