സൂപ്പ് കിച്ചനുകള്‍, തുടക്കം കുറിച്ചത് ഉസ്മാനി ഖലീഫമാരായിരുന്നു
പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണ പ്രവിശ്യകളിലൂടെനീളം നിലനിന്നിരുന്ന ജനകീയ ഭക്ഷണശാലകളാണ് (സൂപ് കിച്ചൺ) ഇമാറെത് എന്നപേരിൽ അറിയപ്പെടുന്നത്. സമൂഹത്തിലെ പട്ടിണിപ്പാവങ്ങൾക്കും മറ്റു ചില പ്രത്യേക വിഭാഗങ്ങൾക്കും സൗജന്യമായി അന്ന പാനീയങ്ങൾ വിതരണം ചെയ്യാനുള്ള സൗകര്യങ്ങളാണ് ഇമാറെതിലൂടെ ഓട്ടോമാൻ ഭരണാധികാരികൾ ഒരുക്കിയിരുന്നത്. ദാനധർമ്മങ്ങൾക്ക് ഇസ്‍ലാം നൽകിയിട്ടുള്ള പ്രാധാന്യങ്ങളെ ഉയർത്തിക്കാട്ടും വിധമാണ് ഇത്തരം സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്.
1336 ൽ അന്നത്തെ ഓട്ടോമാൻ സുൽത്താൻ ആയിരുന്ന ഓർഹാൻ ഒന്നാമനാണ് ആദ്യമായി ഇത്തരത്തിലുള്ള ഒരു ഭക്ഷണ വിതരണ കേന്ദ്രത്തിന് തുടക്കം കുറിച്ചത്. അനട്ടോളിയയിലെ ഇസ്നികിലായിരുന്നു അത്. തുടർന്നങ്ങോട്ടുള്ള കാലയളവിൽ ഓട്ടോമാൻ ഭരണ പ്രദേശങ്ങളിലെ ഒട്ടുമിക്ക മുസ്‍ലിം നഗരങ്ങളിലും ഇമാറെത് സംവിധാനങ്ങൾ നിലവിൽ വരുകയും കൂടുതൽ ജനകീയമാവുകയും ചെയ്തു.
ഇസ്‍ലാമിലെ വഖഫ് സംവിധാനങ്ങളും ഉസ്മാനികളുടെ ഇമാറത്തുകളും തമ്മിൽ വലിയ ബന്ധമുണ്ട്. പൗരന്മാർക്കുള്ള അത്യാവശ്യ സേവനങ്ങൾ നടപ്പിലാക്കാൻ ഓട്ടോമാൻ സുൽത്താൻമാർ വഖഫ് വരുമാനങ്ങൾ ആണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇമാറെതുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സാമ്പത്തിക കാര്യങ്ങളും മുന്നോട്ടുപോയത് വഖഫ് വരുമാനത്തിലൂടെയായിരുന്നു. വഖഫ് സ്വത്തുക്കൾ നിയന്ത്രിച്ചിരുന്ന ഓട്ടോമൻ ഔഖാഫിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നതായിരുന്നു. ആയതിനാൽ തന്നെ ഔഖാഫിന്റെ വരുമാനങ്ങളുടെ വലിയ ഒരു പങ്കും ഇമാറെതുകൾ പോലോത്ത സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കപ്പെട്ടത്.
ആരോഗ്യ കേന്ദ്രങ്ങൾ, പള്ളികൾ, വിശ്രമകേന്ദ്രങ്ങൾ, കോളേജുകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ കോംപ്ലക്സിന്റെ ഭാഗമായിട്ടാണ് കൂടുതലും ഇമാറെതുകൾ പ്രവർത്തിച്ചു പോന്നത്. ഇത്തരം കോംപ്ലക്സുകളും പൊതുവേ വഖഫ് സ്വത്തിന്റെ ഭാഗമായിരുന്നു. പ്രസ്തുത കോംപ്ലക്സുകളിൽ നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനങ്ങൾ വഖ്ഫിലേക്ക് സംഭാവന ചെയ്യപ്പെട്ടു. വ്യത്യസ്ത സ്ഥാപനങ്ങൾ ഉള്ളതിനാൽ തന്നെ കോംപ്ലക്സിന്റെ നടത്തിപ്പിനായി ഒരു മാനേജറും അദ്ദേഹത്തിന്റെ കീഴിൽ അല്പം തൊഴിലാളികളും സേവനനമനുഷ്ഠിച്ചിരുന്നു.
സ്വകാര്യ ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ലാതെ തികച്ചും സൗജന്യമായ സേവനങ്ങൾ ഒരുക്കിയിരുന്നു എന്നതാണ് ഇമാറെതുകളുടെ പ്രത്യേകത. പാവങ്ങളുടെ ദുരിതാശ്വാസ കേന്ദ്രമായിരുന്നു എന്നതിനാൽ തന്നെ, വരുമാനം കുറഞ്ഞ പൗരന്മാർക്ക് വേണ്ടി സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുക എന്നതാണ് ഇമാറെതുകളുടെ പ്രധാന ചുമതലകളിലൊന്ന്. പാവപ്പെട്ടവർക്ക് പുറമേ പള്ളിയിലെ ജോലിക്കാർ, മദ്‍റസ അധ്യാപകർ, വിദ്യാർഥികൾ, സൂഫികൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർക്കും സൗജന്യമായി എല്ലാ ഇമാറെതുകളിലും ഭക്ഷണം ലഭ്യമായിരുന്നു.
ഇസ്താംബൂൾ കീഴടക്കിയ ഓട്ടോമാൻ സുൽത്താൻ ആയിരുന്ന മുഹമ്മദ് രണ്ടാമന്റെ കീഴിൽ നിലനിന്നിരുന്ന ഇത്തരത്തിലുള്ള ഒരു കോംപ്ലക്സ് ആണ് "ഫതീഹ് കോംപ്ലക്സ്". നിരവധി സ്ഥാപനങ്ങൾ ഉൾക്കൊണ്ടിരുന്ന ഈ കെട്ടിടത്തിൽ ഫതീഹ് ഇമാറെത് എന്ന പേരിൽ ഒരു ജനകീയ ഭക്ഷണശാലയും പ്രവർത്തിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 1500 ഓളം പേർക്ക് ഓരോ ദിവസവും രണ്ട് നേരങ്ങളിലായി ഫതീഹ് ഇമാറെതിൽ മാത്രം ഭക്ഷണം വിതരണം ചെയ്യപ്പെട്ടിരുന്നു.
Read More: സുൽത്താൻ ഫാതിഹ്, കലയെയും വിജ്ഞാനത്തെയും പ്രണയിച്ച ഭരണാധികാരി
ഇത്തരത്തിലുള്ള നിരവധി ഇമാറത്തുകളാണ് ഓട്ടോമാൻ ഭരണ പ്രദേശങ്ങളിലെ വ്യത്യസ്ത ഭാഗങ്ങളിലായി നില നിന്നിരുന്നത്. 1530കളിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിൽ വിവിധയിടങ്ങളിലായി 83 ഓളം ഇമാറെതുകൾ നിലനിന്നിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബൂർസ, എദറിൻ, ഇസ്തംബൂൾ തുടങ്ങി ഉസ്മാനികൾക്ക് കീഴിലുള്ള നഗര പ്രദേശങ്ങളിലാണ് കാര്യമായും ഇമാറത്തുകൾ പ്രവർത്തിച്ചത്.
1769ൽ സുൽത്താൻ സലീം മൂന്നാമന്റെ മാതാവായിരുന്ന മിഹ്‍റിശ സുൽത്താന നിർമ്മിച്ച ഇമാറെത് ഇന്നും അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്. ഇപ്പോഴും നിലനിൽക്കുന്ന ഏക ഓട്ടോമൻ ഇമാറെത് സംവിധാനമാണ് അത്.
ഇസ്‍ലാമിക അധ്യാപനങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ദാനധര്‍മ്മത്തിന്റെ ഉത്തമ മാതൃകയായിട്ടാണ് ഇമാറെതുകൾ പ്രവർത്തിച്ചത്. നിലവിൽ ലോകത്ത് വിവിധ ഇടങ്ങളിൽ ആയി നിലനിൽക്കുന്ന "സൂപ്പ് കിച്ചനുകളുടെ" ഒരു മുൻ മാതൃക കൂടിയാണ് ഈ ഓട്ടോമൻ സംവിധാനം. ചുരുക്കത്തിൽ ഓട്ടോമാൻ ഭരണാധികാരികളുടെ സാമൂഹിക ക്ഷേമത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇമാറെത്ത് എന്ന് പറയാം.
Leave A Comment