സഅ്ദിനെയും സിയയെയും നമുക്ക് ചേര്‍ത്ത് നിര്‍ത്താം, അവര്‍ കുഞ്ഞിനോടൊപ്പം സ്വസ്ഥമായി ജീവിക്കട്ടെ..

സഅ്ദ് എന്ന പിതാവ്, സിയയില്‍നിന്ന് ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിന് ജന്മം നല്കിയത് വലിയ ആവേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അവസാനമായി, ഔദ്യോഗിക രേഖകളില്‍ ജനനം നല്കിയ സഅ്ദിനെ പിതാവ് ആയും ഗര്‍ഭത്തിന് ഉത്തരവാദിയായ സിയയെ മാതാവ് ആയും രേഖപ്പെടുത്തണമെന്ന അവരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ് ആശുപത്രി രേഖകള്‍ പ്രകാരം തന്നെ അധികൃതര്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റും നല്കിയിരിക്കുന്നു. അഥവാ, മാതാവ് ജന്മം നല്കിയ സഅ്ദും പിതാവ് സിയയും തന്നെയെന്നാണ് രേഖകള്‍ പറയുന്നത്.

ഗര്‍ഭം ധരിച്ച് ജന്മം നല്കിയത് പിതാവ് അല്ല മറിച്ച് മാതാവ് തന്നെയാണെന്നത് ഇവിടെ വളരെ വ്യക്തമാണ്. സ്ത്രീയുടെ ശരീരവുമായി ജനിച്ച സഅ്ദിന്റെ മനസ്സ് പുരുഷഭാവത്തിലായതിനാല്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമായാണ്, സഅ്ദ് എന്ന പേര് സ്വീകരിച്ച് ശാരീരികമായി കൂടി പുരുഷനായിത്തീരാനുള്ള ശ്രമങ്ങള്‍ നടത്തിയത്. സ്തനങ്ങള്‍ മുറിച്ച് മാറ്റുക വരെ ചെയ്തുവെങ്കിലും അവസാനം ഗര്‍ഭപാത്രം നീക്കം ചെയ്യുന്നിടത്ത്, അത് തല്ക്കാലം വേണ്ടെന്ന് വെച്ചതാണ് ഇപ്പോള്‍ സഅ്ദിന് അനുഗ്രഹമായി തീര്‍ന്നതും ഗര്‍ഭധാരണം സാധ്യമാക്കിയതും. ഒരു കുഞ്ഞിന് ജന്മം നല്കാനാവുന്നത് സഅ്ദിന് നല്കുന്ന സന്തോഷം ആ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാനാവുന്നുമുണ്ട്. ആ വീണ്ടുവിചാരത്തിന് നില്ക്കാതെ, ഗര്‍ഭപാത്രം കൂടി മാറ്റി പൂര്‍ണ്ണപുരുഷനാവാനുള്ള ശ്രമം നടത്തിയിരുന്നെങ്കില്‍, ഇന്ന് സഅ്ദിന് അമ്മയാവാന്‍ സാധിക്കുമായിരുന്നില്ല. സിയ പേര് മാറ്റിയതോടൊപ്പം ശാരീരികമായി പൂര്‍ണ്ണമായി സ്ത്രീയായും മാറിയിരുന്നുവെങ്കില്‍ പിതാവാകാനും കഴിയാതെ പോവുമായിരുന്നു. അഥവാ, ട്രാന്‍സിഷന്‍ പൂര്‍ണ്ണമാക്കിയിരുന്നെങ്കില്‍, ഇന്ന് വാപ്പയും ഉമ്മയുമായത് ആഘോഷിക്കുന്ന അവര്‍, സ്ത്രീയില്‍നിന്ന് വിട്ട് പുരുഷനിലേക്കും പുരുഷത്വം വിട്ട് സ്ത്രീത്വത്തിലേക്കും എത്താത്ത രണ്ട് പാഴ് ജന്മങ്ങളായി മാറുമായിരുന്നു അവര്‍. അത്തരത്തില്‍ ജീവിതം വഴിമുട്ടി മാനസികമായി പ്രയാസമനുഭവിക്കുന്ന എത്രയോ പേര്‍ സമൂഹത്തില്‍ ജീവിക്കുന്നുമുണ്ട്.

അഥവാ, മതനിയമങ്ങള്‍ പറയുന്നിടത്ത് തന്നെയാണ് കാര്യങ്ങള്‍ എന്ന് വീണ്ടും ബോധ്യപ്പെടുകയാണ് ഇവിടെ. ശരീരപ്രകൃതം നോക്കി ലിംഗം തീരുമാനിക്കണമെന്നും മനസ്സിനെ അത് പ്രകാരം പാകപ്പെടുത്തണമെന്നും സാരം. മറിച്ച് ചിന്തിക്കുന്നതും മനസ്സിന് അനുസൃതമായി ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ദൂരവ്യാപകമായ അപകടങ്ങളും പരിഹരിക്കാനാവാത്ത മാനസിക-ആരോഗ്യ പ്രശ്നങ്ങളും വരുത്തി വെക്കുമെന്ന് സാക്ഷ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ധാരാളമാണ്. ശരീരപ്രകൃതത്തില്‍ മാറ്റങ്ങള്‍ വരുത്തി, ശേഷം വിട്ടുമാറാത്ത മാനസിക പ്രശ്നങ്ങളിലും ആത്മഹത്യയിലും വരെ അഭയം തേടിയ എത്രയോ പേരുടെ അനുഭവങ്ങള്‍ പങ്ക് വെക്കുന്ന പുസ്തകങ്ങളും വെബ്സൈറ്റുകളും ഇന്ന് സുലഭമാണ്.

ഈ വാര്‍ത്തകള്‍ വായിച്ചപ്പോഴെല്ലാം ഞാന്‍ ആലോചിച്ചത് ആ രണ്ട് വ്യക്തികളെ കുറിച്ചും നമുക്കിടയില്‍ ജീവിക്കുന്ന അവരെ പോലോത്തവരെ കുറിച്ചുമായിരുന്നു. നമ്മെയൊക്കെ പോലെ സ്വസ്ഥമായി സന്തോഷത്തോടെ ജീവിതം നയിക്കാന്‍ കൊതിക്കുന്നവരായിരിക്കും സഅ്ദും സിയയും. എല്ലാവരും ആഗ്രഹിക്കുന്നതും അതാണല്ലോ. സമൂഹത്തില്‍, ശരീരവും മനസ്സും ഭിന്ന ദിശകളിലേക്ക് സഞ്ചരിക്കുന്ന ജന്‍ഡര്‍ ഡിസ്ഫോറിയ അനുഭവിക്കുന്നവര്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മാനസികമായും പലപ്പോഴും ശാരീരികമായും പ്രയാസം നേരിടുന്നവരാണ് ഈ വ്യക്തികളും അവരുടെ കുടുംബങ്ങളും. അതേ സമയം, ഇതൊരു ആക്ടിവിസമായി വന്നതോടെ, അവരുടെ പ്രചണ്ഡമായ പ്രചാരണങ്ങളുടെ ഫലമായി അതില്‍ ആകൃഷ്ടരായി രംഗത്ത് വരുന്നവരാണ് അധികവും എന്നതും ചേര്‍ത്ത് വായിക്കേണ്ടത് തന്നെ.

ഇത്തരക്കാരുടെ ഈ പ്രശ്നങ്ങളെ മനസ്സിലാക്കുക എന്നതാണ് അവരോട് നമുക്ക് ചെയ്യാനാവുന്ന ആദ്യകടമ. തങ്ങളുടെ നിയന്ത്രണത്തിലോ പരിധിയിലോ അല്ലാത്ത, സൃഷ്ടിപ്പിലെ ചില പ്രശ്നങ്ങളുടെ പേരില്‍ അവരെ പഴിക്കുന്നതോ മാറ്റി നിര്‍ത്തുന്നതോ ഉചിതമല്ല. അങ്ങനെ ചെയ്യുമ്പോഴാണ്, ചുറ്റുമുള്ള സമൂഹത്തോട് വെറുപ്പും വിദ്വേഷവും പ്രതികാര ദാഹവുമുള്ളവരായി അവര്‍ മാറുന്നത്. കൂട്ടുകൂടാനോ സംസാരിക്കാന്‍ പോലുമോ ആരുമില്ലാതാവുമ്പോള്‍, തങ്ങളുടെ കുടുംബക്കാര്‍ പോലും വേറിട്ട കണ്ണിലൂടെ തങ്ങളെ നോക്കിക്കാണുമ്പോള്‍, അവസാനം അവര്‍ക്ക് ട്രാന്‍സ് കമ്യൂണിറ്റികളില്‍ അഭയം തേടുകയല്ലാതെ വേറെ വഴികളില്ലാതെയാവുന്നു. സമാനചിന്താഗതിക്കാരുടെ കൂട്ടത്തിലെത്തിപ്പെടുന്നതോടെ, അവര്‍ക്കുള്ളില്‍ നീറിപ്പുകയുന്ന പകയും വിദ്വേഷവും വര്‍ദ്ധിക്കുകയും അതൊരു ആക്റ്റിവിസമായി പ്രകടിപ്പിക്കപ്പെടുകയും പലപ്പോഴും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് നാം കാണുന്നതും ഇത് തന്നെയാണ്.

നമുക്ക് ഇത്തരത്തില്‍ ഒരു കുഞ്ഞ് പിറന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. നമുക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരക്കാരെയും അവരുടെ കുടുംബങ്ങളെയും ചേര്‍ത്ത് പിടിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാവാന്‍ ആ ചിന്ത തന്നെ മതിയാവും. അതിന് നാം ഇനിയെങ്കിലും തയ്യാറാവണം. അവരെ ഒരിക്കലും മാറ്റി നിര്‍ത്താതെ, ചെറുപ്പം മുതലേ കൂടെ നിര്‍ത്താനും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനും നമുക്കാവണം. മറ്റു കുട്ടികളെ പോലെ തന്നെ അവര്‍ക്കും എല്ലാ പരിഗണനയും ലഭിക്കണം, സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും മഹല്ല് കമ്മിറ്റികളില്‍ പോലും അവര്‍ സമൂഹത്തിന്റെ ഭാഗമായി തന്നെ തുടരണം. എല്ലായ്‍പ്പോഴും മാനസിക പിന്തുണയും ആവശ്യമാവുന്ന മുറക്ക് മാനസിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചും അതിന് ആവശ്യമായ സൌകര്യങ്ങളൊരുക്കിയും അവരെ നാം കൂട്ടിപ്പിടിക്കേണ്ടതും ഏറ്റവും നല്ല പരിഹാരത്തിലേക്ക് അവരെ പ്രേരിപ്പിക്കണം.  അതിനായി നാം സ്വയം പാകപ്പെടുകയും നമ്മുടെ മക്കളെയും കുടുംബത്തെയും നാടിനെയും സമൂഹത്തെയും പാകപ്പെടുത്തുകയും വേണം. അല്ലാത്ത പക്ഷം, പ്രസവിക്കുന്നവര്‍ പിതാക്കളാവണമെന്നും ബീജം നല്കുന്നവര്‍ മാതാവാകണമെന്നുമുള്ള വാദങ്ങള്‍ ഇനിയും ആവര്‍ത്തിക്കും, അതിന് ഉത്തരവാദികള്‍ നാം തന്നെയായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter