ഉലമാ-ഉമറാ സഹവർത്തിത്വത്തിന്റെ മനോഹര കാഴ്ചകള്‍

ഒരു പണ്ഡിതനെ രൂപപ്പെടുത്തുന്നതിൽ അവന്റെ കുടുംബത്തിന്റെ പങ്ക് ഏറെ വലുതാണ്. അതുപോലെ പ്രധാനമാണ് ഭരണകൂടത്തിന്റെ പങ്കും. പല ഭരണാധികാരികളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പണ്ഡിതരെ ചേര്‍ത്ത് പിടിച്ചെങ്കില്‍, ഏത് കാര്യങ്ങളിലും അവരുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടി, അര്‍ഹമായ ആദരവുകളെല്ലാം നല്കി, ഉത്തമ സമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പ് ഉറപ്പ് വരുത്തിയ ഭരണാധികാരികളെയും ചരിത്രത്തില്‍ അനേകം കാണാം. ചരിത്രത്തിന്റെ അത്തരം മനോഹാരിതകളിലേക്ക് എത്തി നോക്കുകയാണ് ഈ എഴുത്ത്.

വിജ്ഞാനത്തോടുള്ള ആദരവും താല്പര്യവുമാണ് പല മുസ്‌ലിം ഭരണാധികാരികളെയും ഖലീഫമാരെയും പണ്ഡിതരിലേക്ക് അടുപ്പിച്ചത്. രാജ്യത്തിന്റെ പുരോഗമനത്തിനുള്ള ഇന്ധനമാണ് വിജ്ഞാനം. വിജ്ഞാന പ്രസരണം നടത്തുന്ന പണ്ഡിതരാണ് അതിന്റെ കടിഞ്ഞാൺ വാഹകരെന്ന് മുസ്‌ലിം രാഷ്ട്രത്തലവന്മാർ മനസ്സിലാക്കി. തദടിസ്ഥാനത്തിൽ യഥേഷ്ടം പാഠശാലകളും വ്യത്യസ്ത കലകൾക്കുള്ള വിഭിന്നമായ കേന്ദ്രങ്ങളും (ദാറുകൾ) അവർ പണികഴിപ്പിച്ചിരുന്നു. അവിടെയുള്ള ആലിമീങ്ങളെ അവർ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.

ബാല്യകാലം മുതൽക്കേ അവർക്ക് വേണ്ട വിദ്യാഭ്യാസം നൽകിയതിനു ശേഷം ഭരണകൂടം തന്നെ അവരെ ചേർത്തുപിടിക്കാൻ തുടങ്ങും. ജീവിതാവശ്യങ്ങൾക്ക് ഉതകുന്ന ശമ്പളം നൽകുന്നതിലുപരി സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കാനുള്ള അലവൻസും സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ രാഷ്ട്രത്തലവന്മാർ ബദ്ധശ്രദ്ധാലുക്കളായിരുന്നു. മഹാനായ സ്വലാഹുദ്ദീൻ അയ്യൂബി നിർമ്മിച്ച പാഠശാലയായ സ്വലാഹിയ മദ്രസയിലെ നിയുക്തനായിരുന്ന പണ്ഡിതനാണ് ഷാഫിഈ മദ്ഹബുകാരനായ ശൈഖ് നജ്മുദ്ദീൻ അൽ ഖബൂശാനി. അദ്ദേഹത്തിന് വിദ്യാഭ്യാസ വേതനമായി ഓരോ മാസവും 40 ദീനാർ സുൽത്താൻ അനുവദിച്ചിരുന്നു. മദ്രസയുടെ വഖഫ് പരിപാലകൻ എന്നർത്ഥത്തിൽ പത്ത് ദീനാറും ഓരോ ദിവസവും 60 ഈജിപ്ഷ്യൻ റാതൽ റൊട്ടിയും രണ്ടു വീപ്പ വെള്ളവും അദ്ദേഹത്തിനു നൽകപ്പെട്ടിരുന്നു.

അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ അധ്യക്ഷനാണ് ശൈഖുൽ അസ്ഹർ എന്ന പദവിയിലിരിക്കുന്നയാൾ. ശൈഖുൽ അസ്ഹറിന്റെ വേതനങ്ങളിൽ അദ്ദേഹത്തിന്റെ കോവർ കഴുതയുടെ ചെലവിനാവശ്യമായത് പോലും നൽകപ്പെട്ടിരുന്നു. ഇങ്ങനെയുള്ള അലവൻസും പ്രത്യേക പരിഗണനയും പണ്ഡിതരെ വിജ്ഞാനപ്രസരണം ശക്തിപ്പെടുത്താനും രചനകൾ നിർവ്വഹിക്കാനും പ്രേരിപ്പിച്ചു. 

അക്കാലത്ത് പണ്ഡിതരെ സംഘടിപ്പിക്കുന്ന കൂട്ടായ്മകൾ നിലനിന്നിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. പണ്ഡിതര്‍ തന്നെയാണ് അവരുടെ നേതാവിനെ തെരെഞ്ഞെടുത്തിരുന്നത്. വല്ല ആശയക്കുഴപ്പങ്ങളും ഉണ്ടാവുകയാണെങ്കിൽ മാത്രമേ രാഷ്ട്രത്തലവന്മാർ അവർക്കിടയിൽ ഇടപെടുകയുള്ളൂ. അതിൻറെ ലക്ഷ്യം രഞ്ജിപ്പിക്കലുമായിരുന്നു. 

ഡമസ്കസിലെ ദാറുൽ ഹദീസിൽ അഷ്റഫിയ്യയിൽ അധ്യാപകനായിരുന്ന അബൂ ശാമ ഇതു സംബന്ധമായ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. മുഖല്ലിദ് അദ്ധൗലഈ പറയുന്നു: ഹാഫിളുൽ മുറാദിയുടെ വിയോഗാനന്തരം ഞങ്ങൾ ഫഖീഹുകൾ രണ്ടു ചേരികളായി മാറി. ഒരു വിഭാഗം കുർദുകളും മറ്റൊന്ന് അറബികളും. ഒരുപക്ഷം മദ്ഹബിനെ പിന്താങ്ങുന്നവർ ആയിരുന്നു. അവർ നേതാവായി ആഗ്രഹിച്ചത് ഷറഫുദ്ദീൻ ഇബ്നു അബി അസറൂനിനെയാണ്. അദ്ദേഹം മൗസിലിലായിരുന്നു. മറ്റൊരുപക്ഷം യുക്തിക്കും തർക്കശാസ്ത്രത്തിനും പ്രാമുഖ്യം നൽകാനാഗ്രഹിച്ചവരായിരുന്നു. അവർ നേതാവായി ആഗ്രഹിച്ചത് ഖുത്തുബുദ്ധീൻ നൈസാബൂരിയെയും. അതോടുകൂടി ഞങ്ങൾക്കിടയിൽ കലഹം രൂപപ്പെട്ടു. രാഷ്ട്ര തലവനായ നൂറുദ്ദീൻ സങ്കി ഈ വിഷയമറിഞ്ഞയുടനെ ഫഖീഹുകളെ അലപ്പോയിലെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി. അവർക്കിടയിൽ മസ്ലഹത്ത് ഉണ്ടാക്കുന്നതിൽ അദ്ദേഹം വിജയം കൈവരിച്ചു. മാത്രമല്ല രണ്ടു പക്ഷക്കാരെയും തൃപ്തിപ്പെടുത്താൻ രണ്ട് ആലിമുകളെയും വ്യത്യസ്തയിടങ്ങളിൽ, അവിടത്തെ മദ്റസകളുടെ തലവന്മാരായി അദ്ദേഹം നിയോഗിക്കുകയും ചെയ്തു.

പണ്ഡിതരോടുള്ള സഹവർത്തിത്വവും അവരുടെ പിന്തുണയും അഭിമാനമായി കണ്ട പല ഭരണാധികാരികളുമുണ്ട്. മൊറോക്കൻ ഭരണകൂടമായിരുന്ന മുവഹിദുകളിൽ പെട്ട മൂന്നാമത്തെ ഭരണാധിപൻ അൽ മൻസൂർ യാക്കൂബ് അത്തരക്കാരിൽ ഒരാളായിരുന്നു. നിപുണരായ വിദ്യാർത്ഥികളെ വളർത്തിയെടുക്കാനായി അദ്ദേഹം "ബൈത്തു ത്വലബ" സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ സമയത്തിലെ വലിയൊരു ഭാഗവും അദ്ദേഹം അവിടെയാണ് ചെലവഴിച്ചിരുന്നത്. ഈ പ്രവണത അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെയും പരിചാരകയെയും അതൃപ്തരാക്കിയിരുന്നു. കാര്യമറിഞ്ഞ അദ്ദേഹം അവർക്കു മുമ്പിൽ സധീരം പ്രഖ്യാപിച്ചു: "മുവഹിദീ സാമ്രാജ്യത്തിലെ ധീര പ്രജകളേ,  നിങ്ങളെല്ലാവരും ഗോത്രീയരാണ്. ആർക്കെങ്കിലും വല്ല പ്രയാസവുമുണ്ടെങ്കിൽ അവൻ ശാന്തത തേടിയെത്തുന്നത് തന്റെ ഗോത്രത്തിലേക്കാണ്. ഈ വിദ്യാർത്ഥികൾക്ക് അങ്ങനെയൊരു ഗോത്രമില്ല. അവരുടെ ഏക ഗോത്രം ഞാനാണ്. അവർക്ക് എന്ത് സംഭവിച്ചാലും അവരുടെ ശാന്തികേന്ദ്രവും അഭയ തീരവും ഞാനാണ്. അവർക്ക് വല്ല കുടുംബമഹാത്മ്യവും പറയാനുണ്ടെങ്കിൽ അത് ഞാൻ മാത്രമാണ്. 

പണ്ഡിതര്‍ക്ക് വില പിടിപ്പുള്ള സമ്മാനങ്ങള്‍ നൽകിയാദരിക്കുന്നതും പതിവായിരുന്നു. അനറബി ഭാഷയിൽ നിന്നുള്ള ഒരു ഗ്രന്ഥം അറബി ഭാഷയിലേക്ക് തർജ്ജമ നിർവഹിച്ചയാൾക്ക് തന്റെ ഗ്രന്ഥത്തിന്റെ തൂക്കമനുസരിച്ച് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നൽകുന്ന ഒരു നടപടിക്രമം പോലുമുണ്ടായിരുന്നു. ഇതിന്റെ ഫലമെന്നോണം വിവർത്തനം ഒരു വിപ്ലവമായി മാറുകയും വിഭിന്നമായ കലകളിലുള്ള ഗ്രന്ഥങ്ങൾ മുസ്‍ലിംകളുടെ കരങ്ങളിലേക്ക് വിവർത്തിതമായി വരുകയും ചെയ്തു. ഉസ്മാനി ഖിലാഫത്ത് ഈ വിഷയത്തിൽ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. വ്യത്യസ്ത ദേശക്കാരായ വിജ്ഞാന, കലാ നിപുണരെ തങ്ങൾക്കു കീഴിൽ ഒരുമിച്ചുകൂട്ടാൻ അവർക്ക് സാധിച്ചിരുന്നു. ഉസ്മാനികളെ നാഗരികതയിൽ ഒന്നാമൻമാരാക്കിയതും അത് തന്നെയായിരുന്നു.

സ്വന്തം രാജ്യത്തിലെ പണ്ഡിതര്‍ക്ക് പുറമെ അന്യദേശക്കാരായ പണ്ഡിതരെയും പല രാഷ്ട്രത്തലവന്മാർ ആദരിച്ചിട്ടുണ്ട്. ഫാത്തിഹ് സുൽത്താൻ മുഹമ്മദ് അതിനൊരു മാതൃകയാണ്. ഒരു പണ്ഡിതനെ കുറിച്ച് കേട്ടാൽ സുൽത്താൻ മുഹമ്മദ് അദ്ദേഹത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിർവഹിക്കുകയും ചെയ്തിട്ടല്ലാതെ അദ്ദേഹത്തിന് സമാധാനം വരുമായിരുന്നില്ല. അദ്ദേഹം ശയ്യാവലംബിയായിരിക്കെ തന്റെ മകനു നൽകിയ വസ്വിയ്യത്തിൽ ഈ സൽഗുണങ്ങൾ ഏറെ പ്രകടമാണ്: രാഷ്ട്രത്തിൻറെ ശരീരമാകെ വ്യാപിച്ചിരിക്കുന്ന ശക്തിയാണ് പണ്ഡിതര്‍. നീയവരുടെ പക്ഷത്തെ മാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. അന്യദേശക്കാരനായ ഒരു ആലിമിനെക്കുറിച്ച് നീ അറിയുകയാണെങ്കിൽ അദ്ദേഹത്തെ  ക്ഷണിച്ചു വരുത്തി വേണ്ടതെല്ലാം നൽകി ആദരിക്കുക. 

പണ്ഡിതന്മാരോടുള്ള ഉജ്ജ്വലമായ സഹവർത്തിത്വത്തിന്റെ മാതൃകകൾ വെറുമൊരു ഇസ്‍ലാം എന്ന മതാടിസ്ഥാനത്തെ മാനിച്ചു കൊണ്ട് മാത്രമായിരുന്നില്ല. മറിച്ച് ഇതര മതസ്ഥരിലെ വിദ്വാന്മാരും ഈ പരിഗണനയാൽ അനുഗ്രഹീതരായിട്ടുണ്ട്. അതിനുദാഹരണമാണ് നെസ്തോരിയനുകളായ ബഖ്തിഷ് കുടുംബം. ഏകദേശം 70 വർഷത്തോളം ആ കുടുംബത്തിലെ വ്യത്യസ്ത വ്യക്തികൾ അബ്ബാസികളുടെ ഭിഷഗ്വരന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് പ്രത്യേക സ്ഥാനവും മഹിമയുമുണ്ടായിരുന്നു. അവരില്‍ ഹാറൂൺ റശീദിന്റെ ഭിഷഗ്വരനായിരുന്നു ജബ്രായിൽ. സ്വലാഹുദ്ദീൻ അയ്യൂബിയുടെ പേഴ്സണൽ ഡോക്ടറായിരുന്ന ജൂതനായിരുന്ന ഇബ്നു മൈമൂന് ലഭിച്ച പദവിയും താരതമ്യങ്ങൾക്കപ്പുറമാണ്.

ഇതര നാട്ടിലുള്ള പ്രസിദ്ധരായ പണ്ഡിതരുടെ ഗ്രന്ഥരചന പൂര്‍ത്തിയായാല്‍ അവ ഉടൻ തന്നെ വാങ്ങി തന്റെ രാഷ്ട്രത്തിലെത്തിച്ച് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതും ചില ഭരണാധികാരികളുടെ രീതിയായിരുന്നു. അബുൽ ഫറജുൽ ഇസ്ഫഹാനിയുടെ പ്രസിദ്ധ അറബി സാഹിത്യ കൃതിയായ "അൽ അഗാനിയെ" കുറിച്ച് സ്പാനിഷ് ഉമവി ഖലീഫയായിരുന്ന ഹക്കം രണ്ടാമൻ കേൾക്കാനിടയായി. ഉടനെയദ്ദേഹം ആയിരം ദീനാര്‍ നല്കി അതിന്റെ ഒരു കോപ്പി അന്തുലൂസിലേക്ക് എത്തിച്ചു. ഗ്രന്ഥകാരന്റെ സ്വന്തം നാടായ ഇറാഖില്‍ ഈ ഗ്രന്ഥം വായിച്ചു തുടങ്ങും മുമ്പേ സ്പെയിനിൽ ഇതിന് വായനക്കാരും ആരാധകരും ഉണ്ടായിക്കഴിഞ്ഞിരുന്നു എന്നതായിരുന്നു സത്യം.

മേൽ പ്രസ്താവിക്കപ്പെട്ട സംഭവ ശകലങ്ങൾ രാഷ്ട്രത്തലവന്മാരും ആലിമുകളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ നയന മനോഹരമായ ചരിത്ര ദൃശ്യങ്ങളാണ്. സമൂഹത്തെ യഥാവിധി മുന്നോട്ട് നയിച്ചതും ഈ പാരസ്പര്യം തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter