സുഫ്‍യാനു ബ്നു ഉയയ്ന(റ): നബി വചനങ്ങളുടെ കാവലാള്‍
ഇസ്‍ലാമിന്റെ മൂല പ്രമാണങ്ങളിൽ രണ്ടാമത്തേതാണ് സുന്നത് അഥവാ ഹദീസ്. പ്രവാചകൻ (സ്വ)യുടെ വാക്കുകൾ, പ്രവൃത്തികൾ, മൗനാനുവാദങ്ങൾ എന്നിവയുടെ സംയോജനമാണിത്. ജിബ്‌രീൽ(അ)മുഖേന അല്ലാഹുവിൽനിന്നുള്ള വെളിപാട് ഖുർആൻ എന്നറിയപ്പെടുന്നു. ഖുർആൻ ദൈവവചനവും ഹദീസ് പ്രവാചക വചനവും ആണെന്ന് സാരം. അതിനാൽ ഹദീസ് പ്രചാരണത്തിന്റെ പ്രാധാന്യവും മഹത്വവും ആവശ്യകതയും പരശ്ശതം പണ്ഡിത മഹത്തുക്കളെ ഇതിനായി ജീവിതം മാറ്റിവെക്കാന്‍ വരെ പ്രേരിപ്പിച്ചു.
ഹദീസ് ശേഖരണത്തിനും സുന്നത്തിന്റെ ഏകീകരണത്തിനുമായി ഒരു കൂട്ടം മഹാരഥന്മാർ സജ്ജരായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ഹദീസുകൾ ശേഖരിച്ചു. ചുട്ടു തിളക്കുന്ന മണലാരണ്യത്തിലൂടെ ഒരറ്റ ഹദീസിനു വേണ്ടി യാത്ര ചെയ്തവരുണ്ടതിൽ. അത്തരം ത്യാഗോജ്വലമായി ഹദീസിനെ സംരക്ഷിക്കാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ഇമാം സുഫ്‍യാൻ ബ്നു ഉയൈന(റ).
ഹദീസ് വിജ്ഞാനത്തിൽ അതുല്യപ്രതിഭയായിരുന്ന സുഫ്‍യാനുബ്നു ഉയയ്ന(റ) കടന്നു ചെല്ലാത്ത വിജ്ഞാന ശാഖകളില്ല. ഖുർആൻ വ്യാഖ്യാതാവ്, കർമ്മ ശാസ്ത്ര വിശാരദൻ, വ്യാകരണ ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. എന്നാൽ ഹദീസിലുള്ള അവഗാഹവും പ്രാവീണ്യവും ഒരു മുഹദ്ദിസായാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
പ്രതിഭാശാലികളായ പണ്ഡിതന്മാർ ഇബ്നുഉയൈനയുടെ പണ്ഡിത്യത്തെ മാനിച്ചിരുന്നതായി കാണാം. ഇമാം ശാഫിഈ(റ) പറയുന്നു: ഹിജാസിനെ വിജ്ഞാന സമ്പന്നമാക്കിയ സമകാലികരായ പണ്ഡിതരായിരുന്നു ഇമാം മാലിക്ബ്നു അനസും സുഫ്‍യാനുബ്നു ഉയയ്നയും. ഇസ്‍ലാമിക കർമ്മശാസ്ത്രവിധികൾക്കാധാരമായ മിക്കവാറും ഹദീസുകൾ ഇമാം മാലിക്(റ)ന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ ഈ ഇനത്തിൽ പെട്ട മുപ്പത് ഹദീസുകൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല. സുഫ്‍യാനുബ്നു ഉയയ്ന(റ)യിൽ നിന്നാണ് പ്രസ്തുത ഹദീസുകൾ താൻ കരസ്ഥമാക്കിയത്.'
ഹിജ്റ 107-ൽ കൂഫയിലാണ് അദ്ദേഹം ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹദീസ് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇമാമുൽ അഅ്ളം അബൂഹനീഫ(റ)ന്റെ ശിഷ്യത്വത്തിൽ ആ വിജ്ഞാന യത്നം മരണം വരെ തുടര്‍ന്നു.
ഹദീസ് വിജ്ഞാനത്തിൽ 'അമീറുൽ മുഅമിനീൻ' എന്ന അപരനാമത്തിൽ വിഖ്യാതനായിരുന്നു സുഫ്‍യാനു ബ്നു ഉയയ്ന(റ). ചരിത്രത്തിലുടനീളം അതിനെ അന്വർത്ഥമാക്കുന്ന ഇടപെടലുകളാണ് ഈ കാലയളവിൽ ഹദീസ് മേഖലയിൽ കാണാൻ സാധിക്കുന്നത്.
അതിപ്രശസ്തമായിരുന്നു അവരുടെ തത്ത്വപ്രഭാഷണങ്ങൾ. മസ്ജിദുൽ ഹറമിലെ മുഹദ്ദിസായി സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് പ്രഭാഷണ വേദികളിൽ സജീവമായിത്തുടങ്ങിയത്. ചിന്തോദ്ദീപകങ്ങളായ ഉപദേശങ്ങൾ നൽകി ശ്രോതാക്കളെ കർമ്മോത്സുകരാക്കുന്നതിൽ അദ്ദേഹമൊരിക്കലും പിശുക്കു കാണിച്ചിരുന്നില്ല. അവയിൽ ചിലതു താഴെ ചേർക്കുന്നു.
'ജന മധ്യത്തിൽ മാന്യത നടിക്കുകയും സ്വയം നികൃഷ്ടനായി മാറുകയും ചെയ്യുന്നവൻ പരിഹാസ്യനും പരാജിതനുമാണ്.'
'അഭിജ്ഞൻ അഹങ്കാരിയാവരുത്. അറിവനുസരിച്ച് പ്രവർത്തിക്കുന്നവനും വിനയാന്വിതനുമായിരിക്കണം.'
മനുഷ്യജീവിതം ധന്യമാകുന്നത് ഭക്തി കൊണ്ടാണെങ്കിൽ അത് സുഫ്‍യാനുബിനു ഉയയ്നയുടെ ജീവിതത്തിൽ വേണ്ടുവോളമുണ്ടായിരുന്നു. വിജ്ഞാനത്തിൽ അധിഷ്ഠിതവും പ്രേരിതവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളുമെല്ലാം.
എഴുപത് പ്രാവശ്യം ഹജ്ജ് കർമ്മം അനുഷ്ഠിച്ച അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി, ഹജ്ജ് വേളയിൽ ഹജറുൽ അസ്‍വദിന്റെ സമീപത്തു നിന്ന് 'ഇനിയും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം നീ എനിക്ക് നല്കേണമേ' എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. എഴുപത് പ്രാവശ്യം തുടർച്ചയായി ഹജ്ജ് ചെയ്യുവാൻ എനിക്കു ഭാഗ്യം ലഭിച്ചതും അതുകൊണ്ടാണ്.
ഹിജ്റ 197ലായിരുന്നു അദ്ദേഹത്തിന്റെ എഴുപതാമത്തെ ഹജ്ജ്. അന്നദ്ദേഹം പറഞ്ഞു: “ഹജ്ജ് ചെയ്യുവാൻ ഇനിയും എന്നെ പിന്തിപ്പിക്കേണമെന്ന് പ്രാർത്ഥിക്കുവാൻ എനിക്ക് ലജ്ജതോന്നുന്നു.' ഈ ഹജ്ജിനു ശേഷം രണ്ടു മാസം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. ഹി.198-ൽ അദ്ദേഹം പരലോകം പൂകി. സുഖലോക സ്വർഗ്ഗത്തിൽ ഉന്നതപദവിനല്‍കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
Leave A Comment