മുറാദ് ഹോഫ്മാനെ ഓര്‍ക്കുമ്പോള്‍

പ്രമുഖ ജര്‍മ്മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനും ചിന്തകനും പ്രഭാഷകനുമായ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളുടെ അംബാസിഡറായും ജര്‍മ്മന്‍ നയന്ത്ര വക്തവായും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച ശേഷം  വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും തന്റെ തൂലികയിലൂടെ അദ്ദേഹം രചിച്ചിട്ടുണ്ട്.

മുറാദ് വില്‍ഫ്രഡ് ഹോഫ്മാനെന്ന ജര്‍മ്മന്‍ നയന്ത്രജ്ഞനും ഗ്രന്ഥകാരനുമായ വ്യക്തി ലോകത്തിലൂടെ കടന്നുപോയത് വരാനുള്ളവര്‍ക്ക് കാണുവാനും വായിക്കുവാനും ഒരുപാട് ചരിത്രങ്ങള്‍ രേഖപ്പെടുത്തിവെച്ചാണ്.

ജനനവും വിദ്യഭ്യാസവും

1931 ജൂലൈ 6 ന് ജര്‍മ്മന്‍ നഗരമായ ആഷ്ഫന്‍ബര്‍ഗില്‍ റോമന്‍ കത്തോലിക്ക കുടുംബത്തിലായിരുന്നു മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്റെ പിറവി. 1950 ല്‍ ന്യൂയോര്‍ക്ക് യൂണിയന്‍ കോളേജിലാണ് അദ്ദേഹത്തിന്റെ സര്‍വ്വകലാശാല വിദ്യഭ്യാസം ആരംഭിക്കുന്നത്. 1957 മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജര്‍മ്മന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

1960 ല്‍  ഹാര്‍ഡ്‌വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

തൊഴില്‍ 
വിദ്യഭ്യാസത്തിന് ശേഷം 1961 മുതല്‍ 1994 വരെ ജര്‍മ്മന്‍ ഫോറിന്‍ സര്‍വ്വീസിലായിരുന്നു മുറാദ് ഹോഫ്മാന്റെ  സേവനം.ന്യൂക്ലിയര്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വിദഗ്ദന്‍ എന്ന നിലയില്‍ ദീര്‍ഘ കാലം അള്‍ജീരിയയിലായിരുന്നു അദ്ദേഹം.
1983-1987 വരെ ബ്രസ്സല്‍ നാറ്റോ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി സേവനമനുഷ്ഠിച്ചു. 1987 മുതല്‍ 1990 വരെ അള്‍ജീരിയന്‍ അംബാസിഡര്‍ ആയിരുന്നു. 1990 -1994 വരെ മൊറൊക്കെ അംബാസിഡറായും സേവനനിരതനായി.

ഇസ്‌ലാമിലേക്ക് 
1980 ലാണ് വില്‍ഫ്രഡ് ഹോഫ്മാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നത്. വില്‍ഫ്രഡ് മതം മാറിയപ്പോള്‍ തന്റെ പേരിന് മുന്നില്‍ മുറാദ് എന്ന് സ്വീകരിക്കുകയായിരുന്നു, അങ്ങനെയാണ് മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ എന്ന പേരായി മാറുന്നത്. അള്‍ജീരിയന്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ക്ക് സാക്ഷിയായതാണ് ഹോഫ്മാന്റെ ഇസ്‌ലാം ആശ്ലേഷണത്തിന് കാരണമായത്.
ആ ചരിത്രം ഇങ്ങനെ വായിക്കാം.
മുറാദ് ഹോഫ്മാന്‍ അള്‍ജീരിയയില്‍ ജോലി ചെയ്യുന്ന കാലം, അള്‍ജീരിയക്കാര്‍ക്ക് യൂറോപ്പിനോടും യൂറോപ്പുകാരോടും ശക്തമായ വിരോധമുണ്ടായിരുന്നു.അള്‍ജീരിയന്‍ യുദ്ധവും മറ്റു സംഭവങ്ങളും അധിനിവേശവുമെല്ലാം അതിന് കാരണമായിരുന്നിരിക്കാം. യൂറോപ്പ്കാരോട് വിരോധമുണ്ടായിട്ടും  തന്നോട് സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് ജനങ്ങള്‍ പെരുമാറിയത് മുറാദ് ഹോഫ്മാനെ അത്ഭുതപ്പെടുത്തി. അള്‍ജീരിയില്‍ വെച്ച്  ഒരിക്കല്‍ ഭാര്യക്ക് രോഗമായി, സമയം അര്‍ധരാത്രി. എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ട്  നില്‍ക്കെ ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തെ സഹായിച്ചു. ഡോക്ടര്‍ പരിശോധിച്ച് ഭാര്യയുടെ ചികിത്സക്കായ് രക്തം വേണമെന്ന് ആവശ്യപ്പെട്ടു. ചികിത്സക്കുള്ള രക്തം ജര്‍മ്മന്‍ കാരനായ തനിക്ക് എവിടെ നിന്ന ലഭിക്കുമെന്ന് ചിന്തിച്ച്  പ്രയാസപ്പെട്ട നില്‍ക്കെ നേരത്തെ സഹായിച്ച  അതേ   ചെറുപ്പക്കാരന്‍ രക്തം നല്‍കാന്‍ തയ്യാറായി വീണ്ടുമെത്തി,  പ്രതിഫലം നല്‍കിയപ്പോള്‍ ആ മുസ്‌ലിമായ ചെറുപ്പക്കാരന്‍ പറഞ്ഞു. 'ഇത് എന്റെ ഇസ്‌ലാമിക ബാധ്യതയാണ്'.
 ഇത് പോലുള്ള നിരവധി അനുഭവങ്ങളും അള്‍ജീരിയക്കാരുടെ യുദ്ധാനന്തര വിമോചന സമരങ്ങളും ഇസ്‌ലാമിക കലയുമാണ് മുറാദ് ഹോഫ്മാനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. ഇസ്‌ലാമിനെ കുറിച്ചുള്ള തന്റെ പഠനങ്ങളും നേരിട്ടനുഭവങ്ങളും അദ്ദേഹത്തെ സത്യപാതയിലേക്ക് നയിച്ചു.
അദ്ദേഹത്തിന് ഇസ്‌ലാമിക കലകളോട് തോന്നിയ ഇഷ്ടവും ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ മറ്റൊരു പ്രധാന കാരണമായിരുന്നു.
അങ്ങനെ 1980 ല്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ച് മുറാദ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മുറാദ് ഹോഫ്മാന്റെ ഇസ്‌ലാം ആശ്ലേഷണം ഏറെ ചര്‍ച്ചയായിരുന്നു. ജര്‍മ്മന്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഇസ്‌ലാം ആശ്ലേഷണത്തില്‍  മാധ്യങ്ങള്‍ പ്രത്യേകം കടന്നാക്രമണം നടത്തി, തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും നല്‍കിയിരുന്നു. അദ്ദേഹം അതിലൊന്നും പതറുവാനോ പിന്മാറുവാനോ തയ്യാറായിരുന്നില്ല.
ഇസ്‌ലാം സ്വീകരിച്ച ശേഷം 1982 ല്‍ അദ്ദേഹം അഞ്ച് ഉംറകള്‍ നിര്‍വഹിച്ചു. 1992 ലാണ്അദ്ദേഹം വിശുദ്ധ ഹജ്ജ്കര്‍മ്മം ചെയ്യുന്നത്. 
ജര്‍മ്മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിംസ് എന്ന സംഘടനയിലെ ഹോണററി അംഗവും ഉപദേശകനുമായ അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിച്ചിരുന്നത് ഇസ്‌ലാമിലെയും പടിഞ്ഞാറിനുമിടയിലെ പാലമെന്നായിരുന്നു.1994 ന് ശേഷം തൊഴില്‍ രംഗത്ത് നിന്ന് വിരമിച്ച അദ്ദേഹം ഇസ്‌ലാമിക സജീവ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. 2008 ആയപ്പോഴേക്കും 31 രാജ്യങ്ങളില്‍ ഇസ്‌ലാമിക വിഷയങ്ങളെ സംബന്ധിച്ച് 350 ഓളം പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

രചനാലോകം
പ്രമുഖ ഗ്രന്ഥകാരനും കൂടിയായിരുന്നു മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍, നിരവധി രചനകള്‍ കൃതികളായും ലേഖനങ്ങളായും അദ്ദേഹത്തിന്റെ തൂലികത്തുമ്പിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്.
വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷം എഴുതിയ രചനയായിരുന്നു ജേര്‍ണി ടു മക്ക (മക്കയിലേക്കുള്ള പാത 1998), മറ്റൊരു പ്രധാനപ്പെട്ട ഗ്രന്ഥമായിരുന്നു ഇസ്‌ലാം ദി ആള്‍ട്രര്‍നേറ്റീവ് (ഇസ്‌ലാം ബദല്‍ മാര്‍ഗ്ഗം 1992). ഈ രണ്ട് പ്രസിദ്ധ ഗ്രന്ഥങ്ങള്‍ക്ക് പുറമെ എ ഫിലോസഫിക്കല്‍ അപ്രോച്ച് ടു ഇസ്‌ലാം (1983), ഡയറി ഓഫ് എ ജര്‍മന്‍ മുസ്‌ലിം(1985),ഇസ്‌ലാം 2000(1996),റിലീജിയന്‍ ഓണ്‍ ദി റൈസ് ഇസ്‌ലാം ഇന്‍ ദ തേര്‍ഡ് മില്യേനിയം(2001), ഇസ്‌ലാം ആന്‍ഡ് ഖുര്‍ആന്‍ ആന്‍ ഇന്‍ഡ്രക്ഷന്‍ ( 2007),  തുടങ്ങി നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 
സെപ്തംബര്‍ 11 അമേരിക്കന്‍ ആക്രമണ ശേഷം ഇസ്‌ലാമിനെ നിര്‍ണ്ണയിക്കുന്ന എഴുത്തുകള്‍ കൂടിയായിരുന്നു മുറാദ് ഹോഫ്മാന്റേത്. സമാധാനവും പരസ്പര സ്‌നേഹവും പ്രതീക്ഷിച്ച് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ക്കെഴുതി കത്തില്‍ ഒപ്പുവെച്ച ഒരാളായിരുന്നു മുറാദ് ഹോഫ് മാന്‍. 'ഞങ്ങളുടെയും നിങ്ങളുടെ ഇടയിലെ പൊതുവാക്ക്' എന്നതായിരുന്നു ഈ കത്തിന്റെ തലക്കെട്ട്. 

പുരസ്‌കാരങ്ങള്‍
ജര്‍മ്മനിയുടെ ഫെഡറല്‍ ക്രോസ്സ് ഓഫ് മെറിറ്റ്, ഇറ്റലിയുടെ കമാണ്ടര്‍ ഓഫ് ദ മെറിറ്റ്, ഈജിപ്തിലെ ഓര്‍ഡര്‍ ഓഫ് മെറിററ് ഇന്‍ ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഫസ്‌ററ് ക്ലാസ്, ഗ്രാന്‍ഡ് കോര്‍ഡന്‍, ദുബൈ അന്തര്‍ദേശീയ ഹോളി ഖുര്‍ആന്‍ കമ്മറ്റിയുടെ ഇസ് ലാമിക് പേഴ്‌സനാലിറ്റി അവാര്‍ഡ്, തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളായിരുന്നു അദ്ദേഹം.

വിടവാങ്ങല്‍ 
അസുഖബാധിതനായ മുറാദ് ഹോഫ്മാന്‍ 13-1-2020 കഴിഞ്ഞ ദിവസമാണ് ഈ ലോകത്തോട് വിടവാങ്ങിയത്, അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter