കിതാബുൽ ഖറാജ്: ഭരണകൂടങ്ങള്‍ക്കൊരു മാര്‍ഗ്ഗ രേഖ
ഹനഫി ഫിഖ്ഹീ ധാരയുടെ പിതാവായ ഇമാം അബൂഹനീഫയുടെ പ്രമുഖ ശിഷ്യനാണ് ഇമാം അബൂ യൂസുഫ്. കർമ്മ ശാസ്ത്ര സംബന്ധമായ നിരവധി സംഭാവനകൾ നടത്തിയ അദ്ദേഹം അബ്ബാസിയ ഭരണകൂടത്തിലെ മുഖ്യ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു. സാമ്പത്തികമായും മറ്റും ഒരു ഭരണാധികാരിയുടെ മേലിലുള്ള ഉത്തരവാദിത്വങ്ങൾ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ രചനകളിൽ ഒന്നായ "കിതാബുൽ ഖറാജ്" ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഗ്രന്ഥമാണ്.
ഇന്നത്തെ ഇറാഖിലെ കൂഫയിൽ ക്രി. എട്ടാം നൂറ്റാണ്ടിലാണ് ഇമാം അബൂ യൂസുഫ് ജനിക്കുന്നത്. തന്റെ ജന്മസ്ഥലത്തിലേക്ക് ചേർത്തി കൂഫി എന്ന നാമത്തിലും തന്റെ പരമ്പരയിലേക്ക് ചേർത്തി അൻസാരി എന്ന നാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. യഅ്ക്കൂബ് ബിൻ ഇബ്രാഹിം എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. പിന്നീട് യൂസുഫ് എന്ന അദ്ദേഹത്തിന്റെ മകന്റെ നാമത്തിലേക്ക് ചേർത്തി അബൂ യൂസുഫ് എന്ന പേരിൽ അറിയപ്പെട്ടു. ചെറു പ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ പിതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നു.
ഇമാം അബു ഹനീഫ(റ)യാണ് അബൂ യൂസുഫിന്റെ സുപ്രധാന ഗുരുവര്യൻ. ഒരു പാവപ്പെട്ട വിധവ സ്ത്രീയുടെ മകൻ ആയതിനാൽ തന്നെ ഒരു ദരിദ്ര കുടുംബമായിരുന്നു അബൂ യൂസുഫിന്റെത്. അതിനാൽ തന്നെ പഠനസമയത്ത് അദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ മാതാവ് തന്റെ മകനെ പഠനം ഉപേക്ഷിച്ച് എന്തെങ്കിലും ജോലിക്ക് പറഞ്ഞയക്കാൻ താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ അറിവിനോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം അദ്ദേഹം അബു ഹനീഫ ഇമാമിന്റെ സവിധത്തിലേക്ക് പോയിക്കൊണ്ടിരുന്നു. തന്റെ ശിഷ്യന്റെ പ്രയാസം മനസ്സിലാക്കിയ ഉസ്താദ് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ട സാമ്പത്തിക സഹായങ്ങൾ അനുവദിച്ചുകൊണ്ടുതന്നെ പഠനം മുന്നോട്ടു കൊണ്ടുപോകുവാനുള്ള അവസരം ഒരുക്കി. അബൂ ലൈല എന്ന പണ്ഡിതന്റെ കീഴിലും അബൂ യൂസുഫ് വർഷങ്ങളോളം വിദ്യ നുകർന്നു. ഹദീസിലും ഫിഖ്ഹിലും അങ്ങേയറ്റത്തെ പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി. അത്ര തന്നെ ബുദ്ധിവൈഭവം ഇല്ലായിരുന്നെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഇതെല്ലാം നേടിയെടുത്തതെന്ന് പറയപ്പെടുന്നു. വിജ്ഞാന സമ്പാദന രംഗത്ത് കഠിനാധ്വാനം പ്രധാനമാണെന്നതിന് ഉദാഹരിക്കപ്പെടാറുള്ളത് തന്നെ, കഠിനാധ്വാനത്തിലൂടെ, ഏറ്റവും വലിയ ബുദ്ധിമാനായ ഇമാം അബൂഹനീഫയോളം ഉയര്‍ അബൂയൂസുഫ്(റ) ആണ്.
ഇമാം അബൂഹനീഫയുടെ മരണശേഷം അബൂയൂസുഫ് തന്റെ കുടുംബത്തോടൊപ്പം ബഗ്ദാദിലേക്ക് പുറപ്പെട്ടു. ബഗ്ദാദിൽ അദ്ദേഹം അബ്ബാസി ഖലീഫ ഹാദിയുടെ ഖാളിയായി സ്ഥാനമേറ്റു. പിന്നീട് ഹാറൂൻ റഷീദിന്റെ കാലഘട്ടത്തിലും അദ്ദേഹം അബ്ബാസികളുടെ ഖാളിയായി സേവനമനുഷ്ഠിച്ചു. ഇങ്ങനെ പതിനാറ് വർഷത്തോളം അബ്ബാസിയ ഭരണകൂടത്തിന്റെ ഖാളിയായി പ്രവർത്തിച്ച അദ്ദേഹം ഖാളിൽഖുളാത് എന്ന നാമത്തിൽ പ്രസിദ്ധി നേടി.
നിരവധി ഗ്രന്ഥങ്ങളും ഇമാം അബൂയൂസുഫ് രചിക്കുകയുണ്ടായി. കിതാബുൽ ഖറാജ്, അൽ-അമാലീ ഫിൽ ഫിഖ്ഹ്, അൽ-ആസാർ (ഹദീസ്), കിതാബുൽ ഫറാഇള്, കിതാബുൽ ബുയൂഅ്, കിതാബുൽ വകാല തുടങ്ങി ഫിഖ്ഹിലും ഹദീസിലുമായി നിരവധി രചനകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. സാമ്പത്തിക സംബന്ധവും അല്ലാത്തതുമായ നിരവധി ചിന്തകൾ ഉൾക്കൊള്ളുന്ന കിതാബുൽ ഖറാജ് ആണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.
കിതാബുൽ ഖറാജ്
പ്രധാനമായും നികുതി വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഗ്രന്ഥമാണ് കിതാബുൽ ഖറാജ്. മുസ്‍ലിം ഭരണകൂട പ്രവിശ്യയിൽ വസിക്കുന്ന ജനങ്ങളിൽ നിന്നും ഈടാക്കുന്ന നികുതിയെയാണ് "ഖറാജ്" എന്ന് വിശേഷിപ്പിക്കുന്നത്. ഖലീഫ ഹാറൂൻ റഷീദിന്റെ കാലഘട്ടം വരെയുള്ള ഇസ്‍ലാമിക ലോകത്തെ നിരവധി സാമ്പത്തിക വിഷയങ്ങളും കിതാബുൽ ഖറാജിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഹാറൂൻ റഷീദിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് അബൂയൂസുഫ് കിതാബുൽ ഖറാജ് രചിക്കുന്നത്. അദ്ദേഹത്തോട് സംവദിക്കുന്ന രീതിയിലാണ് കാര്യമായും കിതാബിലെ ചർച്ചകൾ മുന്നോട്ടുപോകുന്നത്.
സാമ്പത്തിക സംബന്ധവും അല്ലാത്തതുമായി ഒരു ഭരണാധികാരി ശ്രദ്ധിക്കേണ്ട വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന 33 അധ്യായങ്ങള്‍ ആയിട്ടാണ് കിതാബുൽ ഖറാജ് രചിക്കപ്പെട്ടിരിക്കുന്നത്. ഓരോ അധ്യായത്തിലെയും ചർച്ചാവിഷയങ്ങൾ തലക്കെട്ടിൽ നിന്ന് തന്നെ കൃത്യമായി മനസ്സിലാക്കാനാവും. സാമ്പത്തിക വിഷയങ്ങൾക്ക് പുറമെ നിയമപരവും ഭരണപരവുമായ വിഷയങ്ങളും കിതാബിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ആദ്യ അദ്ധ്യായത്തിൽ ഖലീഫയോടുള്ള വ്യത്യസ്തങ്ങളായ ഉപദേശങ്ങളാണ് അബൂയൂസുഫ് കൊണ്ടുവന്നിരിക്കുന്നത്. ഒരു ഖലീഫ എന്നത് രാജ്യത്തിന്റെ പരമാധികാരിയല്ലെന്ന് അദ്ദേഹം ഉണർത്തുന്നുണ്ട്. പടച്ചവനോട് മാത്രമല്ല മറിച്ച് ജനങ്ങളോടും മറുപടി പറയേണ്ട ആളാണ് ഖലീഫയെന്നും ഒരു ഭരണാധികാരിയെ വിമർശിക്കാനുള്ള അവകാശം ഓരോ മുസ്‍ലിം പൗരനും ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ഇമാം അബൂയൂസുഫിന്റെ അഭിപ്രായത്തിൽ ജനങ്ങളെ അല്ലാഹുവിന്റെ വിധി വിലക്കുകൾക്കനുസരിച്ച് മാത്രം മുന്നോട്ടു നയിക്കുക എന്നത് അവരുടെ ഭരണാധികാരിയായ ഖലീഫയുടെ മേൽ നിർബന്ധമാണ്. അതുപോലെ തന്നെ ജനങ്ങളിൽ നിന്ന് നികുതികൾ പിരിക്കുമ്പോൾ അവ നിയമാനുസൃതമായി മാത്രം സ്വരൂപിച്ച് നിയമാനുസൃതമായി മാത്രം ചെലവഴിക്കേണ്ട ഉത്തരവാദിത്വവും ഖലീഫക്കുണ്ട്. ഇസ്‍ലാമിക ഭരണത്തിന്റെ കീഴിൽ വസിക്കുന്ന മുസ്‍ലിം പൗരന്മാർ പാലിക്കേണ്ട മര്യാദകളും കിതാബുൽ ഖറാജിലൂടെ അബൂയൂസുഫ് (റ) വിവരിക്കുന്നതായി കാണാം. അവർ തങ്ങളുടെ ഭരണാധികാരിയെ നിർബന്ധമായും അനുസരിക്കണമെന്നും അവർക്ക് എതിരെ അനാവശ്യ കലാപങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം ഉണർത്തുന്നു. അതിനുപുറമേ അവർ ഭരണാധികാരികളുടെ തെറ്റായ പ്രവൃത്തികൾ തിരുത്താൻ ശ്രമിക്കുകയും അവരെ സഹായിക്കുകയും എല്ലാ നല്ല പ്രവൃത്തികളിലും അവരുമായി സഹകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ഇസ്‍ലാമിക ഭരണകൂടത്തിലെ സുപ്രധാന ഘടകമായിരുന്ന "ബൈതുൽ മാൽ" സംബന്ധമായും നികുതി പിരിവുമായി ബന്ധപ്പെട്ടും ഒരുപാട് കാര്യങ്ങൾ മഹാനവർകൾ തന്റെ കിതാബിൽ പ്രസ്താവിക്കുന്നുണ്ട്. ഖലീഫ ഉമർ (റ) വിന്റെ കാലഘട്ടത്തിൽ അദ്ദേഹം ബൈതുൽ-മാൽ ഉപയോഗിച്ചിരുന്ന രീതികളും നികുതി പിരിക്കാൻ സ്വീകരിച്ച മാർഗങ്ങളും ഒരു മാതൃകയെന്നോണം അദ്ദേഹം എടുത്ത് ഉദ്ധരിക്കുന്നുണ്ട്. ഒരു ഖലീഫയുടെ സാമ്പത്തിക സ്ഥിതി ഭേദപ്പെട്ടതാണെങ്കിൽ അവൻ ജനങ്ങളിൽ നിന്ന് ഒന്നും തന്നെ കൈപ്പറ്റാൻ പാടില്ലെന്നും ഉമർ(റ) ചെയ്തതുപോലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ് അവരിൽ നിന്ന് നികുതി പിരിക്കേണ്ടതെന്നും അദ്ദേഹം വിവരിക്കുന്നു. ആയതിനാൽ ജനങ്ങളുടെ സാമ്പത്തിക കഴിവുകൾക്ക് അനുസരിച്ച് നികുതിയുടെ അളവിൽ വ്യത്യാസം ഉണ്ടാവണം എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
അമുസ്‍ലിംകളോടുള്ള ഭരണകൂടത്തിന്റെ സമീപനമാണ് കിതാബുൽ ഖറാജ് ചര്‍ച്ചക്കെടുക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഇവിടെയും ഖലീഫ ഉമർ(റ) അക്കാലത്തെ അമുസ്‍ലിംകളോട് സ്വീകരിച്ച നിലപാടുകൾ ഒരു മാതൃകയായി അദ്ദേഹം കൊണ്ടുവരുന്നുണ്ട്. അവരുടെതായ അവകാശങ്ങൾ അവർക്ക് അനുവദിച്ചു കൊടുക്കണമെന്നും നിശ്ചയിക്കപ്പെട്ടതിനേക്കാള്‍ കൂടുതലായി ജിസ്‍യ (മുസ്‍ലിം ഭരണകൂടത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഇതര മതസ്ഥർ അടക്കേണ്ട നിശ്ചിത നികുതി) അവരിൽ നിന്ന് ഈടാക്കരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം യുദ്ധശേഷം ലഭിക്കുന്ന അനന്തര സ്വത്ത് വിഹിതം വെക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇസ്‍ലാമിക ഭരണകൂടത്തിന്റെ കീഴിലുള്ള കോടതിയുടെ ഉത്തരവാദിത്വങ്ങൾ സംബന്ധമായ ചില കാര്യങ്ങളും കിതാബുൽ ഖറാജിൽ വിവരിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ അനീതികൾ ഉന്മൂലനം ചെയ്ത് ജനങ്ങൾക്ക് തങ്ങളുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കുന്നതിൽ കോടതിക്ക് എത്രത്തോളം വലിയ പങ്കുണ്ടെന്ന് ഇമാം അബൂയൂസുഫ് വ്യക്തമാക്കുന്നു. ഒരു നിരപരാധിയെ ശിക്ഷിക്കുകയോ ഒരു കുറ്റവാളിയെ വെറുതെ വിടുകയോ ചെയ്യുന്നത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും ജനങ്ങളുടെ സ്ഥാനമാനങ്ങൾ കോടതിവിധിയെ ഒരു നിലക്കും സ്വാധീനിക്കാൻ പാടില്ലെന്നും അദ്ദേഹം ഉണർത്തുന്നുണ്ട്. അതുപോലെ കേവലം ഒരു ആരോപണത്തിന്റെ പേരിൽ ഒരാളെയും ജയിലിലടക്കരുതെന്നും കുറ്റം തെളിഞ്ഞതിനു ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഹാറൂൻ റഷീദിന്റെ ചോദ്യങ്ങൾ എടുത്തുദ്ധരിച്ച് അവയ്ക്കുള്ള മറുപടിയായി രചയിതാവിന്റെ ആശയങ്ങളും മറ്റും പങ്കുവെച്ച ശേഷം അതിനുള്ള തെളിവായി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മറ്റുമുള്ള ഉദ്ധരണികൾ എടുത്തു പറയുകയും ചെയ്തു കൊണ്ടാണ് കിത്താബ് മുന്നോട്ട് പോകുന്നത്. നികുതി വ്യവസ്ഥകൾ സംബന്ധിച്ചും അല്ലാതെയും ഒരു ഭരണാധികാരി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ വിശദീകരിക്കുന്ന അതി മഹത്തരമായ ഒരു ഗ്രന്ഥമാണ് ഇമാം അബൂ യൂസുഫിന്റെ കിതാബുൽ ഖറാജ് എന്ന് ചുരുക്കം. അത് എക്കാലത്തുമുള്ള ഭരണകൂടങ്ങള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഒരു മാര്‍ഗ്ഗ രേഖ തന്നെയാണ്, തീര്‍ച്ച.
Leave A Comment