ഫഹദ് രാജാവ്: ഹറമുകളുടെ സേവകന്‍

ഖാദിമുല്‍ ഹറമൈന്‍' ചരിത്രത്തിന്റെ ഭാഗമായി. രാജാധിപതി എന്ന അധികാര ദണ്ഡ് ജനകീയ മുന്നേറ്റത്തിന്റെ ധ്വജമാക്കി മാറ്റിയ ഫഹദ് രാജാവ് സൗദിയുടെ സൗന്ദര്യം മാലോകര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. ജനസേവകനായ അദ്ദേഹം വൈജ്ഞാനിക-രാഷ്ട്രീയ-സാമ്പത്തിക-വ്യാവസായിക രംഗങ്ങളില്‍ വരുത്തിയ പരിവര്‍ത്തനങ്ങള്‍ സൗദിയുടെ മുഖച്ഛായയില്‍ എന്നും ഒളിലങ്കുന്നതാണ്.

സഹാറാ മരുഭൂമിയുടെ നിശ്ശബ്ദതയില്‍, ആളും അര്‍ത്ഥവുമില്ലാതെ കിടന്ന ഒരു ജനതയ്ക്ക് നാളെയെക്കുറിച്ചുള്ള ബോധം നല്‍കിയ ഫഹദ് രാജാവ്, പ്രകൃതിയുടെ വരദാനമായ പെട്രോളിയം എങ്ങനെ രാഷ്ട്ര പുരോഗതിയുടെ ചാലകമാക്കാമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഗള്‍ഫു യുദ്ധ ശേഷവും  ആ പ്രഭ മങ്ങാതെ നിലനിര്‍ത്താന്‍ സാധിച്ചത് ഫഹദ് രാജാവിന്റെ തന്ത്രം ഒന്നുകൊണ്ടു മാത്രമാണ്.

വൈജ്ഞാനിക വിപ്ലവമാണ് പുരോഗതിയുടെ സോപാനമെന്ന് സ്വജനതയെ അദ്ദേഹം പഠിപ്പിച്ചു. പാശ്ചാത്യന്റെ പേനത്തുമ്പിനു താഴെ കടലാസ് തുണ്ടുമായി നില്‍ക്കുന്നത് അടിമത്തമാണെന്നും ശത്രുവിന്റെ വലക്കണ്ണികള്‍ പൊട്ടിക്കാന്‍ കലാലയങ്ങള്‍ വളരേണ്ടതുണ്ടെന്നും മനസ്സിലാക്കിയ അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി സൗദിയില്‍ സാര്‍വത്രിക വൈജ്ഞാനിക മുന്നേറ്റത്തിന് തിരികൊളുത്തി. ഇന്നവിടെ ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ ഉണ്ട്. ഭൗതികവും ആത്മീയവുമായ അറിവ് നല്‍കുന്നു എന്നതാണവിടെ ശ്രദ്ധേയമായിട്ടുള്ളത്. ഒരു സമൂഹത്തിന്റെ നിമ്‌നോന്നതങ്ങളിലേക്കുള്ള കുതിപ്പിനു വേണ്ടതെല്ലാം ചെയ്ത മഹാനായിരുന്നു ഫഹദ് രാജാവ്.

രാഷ്ട്രീയ രംഗത്ത് വിസ്മയം സൃഷ്ടിച്ച ഫഹദ് രാജാവ്, അയല്‍ രാജ്യങ്ങളുമായി സുന്ദരവും സുഭദ്രവുമായ ബന്ധമാണ് കൊണ്ടുനടന്നത്. സൗഹാര്‍ദ്ദത്തിന്റെ സ്വര്‍ണച്ചിറകിലേന്തി കത്തിയമരുന്ന ഭൂമികയിലൂടെ പറന്ന ഈ നയതന്ത്രജ്ഞന്‍ ലബനാനില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

കീഴ്‌വഴക്കങ്ങള്‍ക്ക് കീഴടങ്ങാതെ എല്ലാത്തിലും പുതുമ കൈവരിക്കുകയായിരുന്നു ഈ എണ്‍പത്തിയൊന്നുകാരന്‍. നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തു ത്യാഗത്തിനും അദ്ദേഹം തയ്യാറായിരുന്നു. അതുകൊണ്ട് ന്യൂയോര്‍ക്കിലും പാരീസിലും മാത്രം കണ്ടിരുന്ന വികസനങ്ങള്‍ സൗദിയിലും ഇടംതേടി അംബര ചുംബികളായ കെട്ടിടങ്ങളും രാജകീയ വാഹനങ്ങളും മറ്റു ആധുനിക സൗകര്യങ്ങളും സൗദിക്ക് സമ്മാനിച്ച നായകനാണ് ഫഹദ് രാജാവ്.

മുസ്‌ലിം തീര്‍ത്ഥാടക കേന്ദ്രമായ മക്കയെയും മദീനയെയും വിപുലപ്പെടുത്തുകയും അതുല്യമാം വിധം സുന്ദരമാക്കുകയും ചെയ്തതിലൂടെയാണ് മുസ്‌ലിം ഹൃദയങ്ങളില്‍ ഫഹദ് രാജാവ് ഇടംതേടിയത്.

'ഖാദിമുല്‍ ഹറമൈന്‍' എന്ന പേരില്‍ അറിയപ്പെടാന്‍ അഗ്രഹിച്ച അദ്ദേഹം പ്രവാചക തിരുമേനി(സ)യുടെ കാലത്തുണ്ടായ മദീനയെ ഒന്നടങ്കം ഇന്ന് പള്ളിയും അനുബന്ധ സ്ഥലങ്ങളുമായി വികസിപ്പിച്ചിരിക്കുന്നു. ഏകദേശം മുപ്പത്തിമുന്നായിരത്തി അഞ്ഞൂറ് ചതുരശ്ര മീറ്റര്‍ വിസ്താരമുണ്ട് അതിന്.

ഹറമൈനില്‍ ഇത്രമാത്രം വിപുലീകരണം നടത്തിയ മറ്റൊരാളെ ചരിത്രം പരിചയപ്പെടുത്തുന്നില്ല. പല ഘട്ടങ്ങളിലായി ഹറമൈന്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഖൈബര്‍ യുദ്ധത്തിനു ശേഷം നബി(സ) 1415 സ്‌ക്വയര്‍ മീറ്റര്‍ വികസിപ്പിച്ചു. ശേഷം ഉമര്‍(റ) 1100 ഉം, ഉസ്മാന്‍(റ) 296 ഉം, അബ്ബാസി ഖലീഫ മഹദീ 2450ഉം, സുല്‍ത്താന്‍ അഷ്‌റഫ് 160ഉം, ഫഹദ് രാജാവിന്റെ പിതാവ് അബ്ദുല്‍ അസീസ് 6024ഉം സ്‌ക്വയര്‍ മീറ്റര്‍ വ്യാപ്തി കൂട്ടി. ഫഹദ് രാജാവ് തന്റെ ഭരണത്തിന്‍ കീഴില്‍ 82000 സ്‌ക്വയര്‍ മീറ്ററാണ് വ്യാപ്തി കൂട്ടിയത്. അഥവാ മുമ്പത്തതിനേക്കാള്‍ അഞ്ചിരട്ടി വിസ്തീര്‍ണം.

1984 (1405 സഫര്‍)ലായിരുന്നു ഹറമൈനിയുടെ പുതുക്കപ്പണിയലിനു ഫഹദ് രാജാവ് തറക്കല്ലിട്ടത്. 1406 മുഹര്‍റ മാസത്തില്‍ പണി തുടങ്ങി. 4-11-1414 വെള്ളി (15-04-1994)നു അദ്ദേഹം തന്നെ അവസാന കല്ലും വെച്ച് പണി അവസാനിപ്പിച്ചു.

ഒരേ സമയം ആറായിരത്തോളം പേര്‍ക്ക് അംഗശുദ്ധി വരുത്താന്‍ സൗകര്യവും നാലായിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാന്‍ മാത്രം വിശാലവുമായ അണ്ടര്‍ഗ്രൗണ്ടുമുണ്ടവിടെ.

ചുറ്റുഭാഗത്തു നിന്നുമായി ഒരു ലക്ഷത്തോളം ചതുരശ്രമീറ്റര്‍ സ്ഥലം വിലക്കെടുത്തുകൊണ്ടാണ് വികസനം നടത്തിയിരിക്കുന്നത്. പ്രധാനമായും വടക്ക് കിഴക്ക്, പടിഞ്ഞാറന്‍ ഭാഗത്താണ് വികസനം നടന്നിരിക്കുന്നത്.

98500 മീറ്റര്‍ ചുറ്റളവുള്ള ഈ പള്ളിയില്‍ ഒരേസമയം ഏകദേശം ആറു ലക്ഷത്തി എണ്ണായിരം പേര്‍ക്ക് നിസ്‌കരിക്കാം. റമളാനിലും ഹജ്ജ് വേളകളിലും മില്യന്‍ കണക്കിനു ജനങ്ങളാണവിടെ എത്തുന്നത്. എല്ലാവര്‍ക്കും ആതിഥ്യമരുളുന്ന ഫഹദ് രാജാവിന്റെ മനസ്സിന്റെ വിശാലത ഇവിടെ പ്രകടമാവുന്നു. ഹജ്ജാജിമാര്‍ക്ക് ഭക്ഷണവും വെള്ളവും നിറച്ച കിറ്റ് സൗജന്യമായി വിതരണം നടത്തുന്നവരും അവരുടെ അവശ്യകാര്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കുന്നതും എന്തുകൊണ്ടും പ്രശംസനീയമാണ്.

കെ. ആലിക്കുട്ടി മുസ് ലിയാര്‍

 

<img alt=" width=" 1"="" height="1">

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter