അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 20-23) വിവാഹബന്ധം നിഷിദ്ധമായവർ
ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന, ഇന്നും പലരും ചെയ്തുകൊണ്ടിരിക്കുന്ന ഒരു മോശം സമ്പ്രദായത്തെക്കുറിച്ച് പറയുകയാണിനി.
നിലവിലുള്ള ഭാര്യയെ – അല്ലെങ്കില്‍ ഭാര്യമാരിലൊരാളെ – വിവാഹമോചനം ചെയ്ത് പുതിയൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍, നിലവിലുള്ളവരെ വെറുക്കുകയും അവരോട് മോശമായി പെരുമാറുകയും, പലപ്പോഴും വ്യാജാരോപണങ്ങള്‍ വരെ ഉന്നയിക്കുകയും ചെയ്യുക. അങ്ങനെ, കൊടുത്തിരുന്ന മഹ്ര് മുതലായവ തിരിച്ചുവേണമെന്ന് പറയും. അത് തിരിച്ചുകൊടുക്കാന്‍ പെണ്ണ് നിര്‍ബ്ബന്ധിതയാവുകയും ചെയ്യും.
ഇത്തരം അവസരങ്ങളുണ്ടാകുമ്പോള്‍ പണ്ട്, കൊടുത്തത് തിരിച്ചു കിട്ടാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ഇന്ന് അതും അതിനപ്പുറം വലിയൊരു തുകകൂടി ആവശ്യപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്.
ഈ സമ്പ്രദായം കര്‍ശനമായി നിരോധിക്കുകയാണ് അല്ലാഹു. തക്കതായ കാരണമുണ്ടെങ്കില്‍, മറ്റു പോംവഴികളൊന്നുമില്ലെങ്കില് മാത്രമേ വിവാഹമോചനംതന്നെ പാടുള്ളൂ എന്നത് എല്ലാവര്ക്കും അറിയാമല്ലോ. അത്തരമൊരു നിര്‍ബന്ധ ഘട്ടത്തില്‍ ഥലാഖിന് തീരുമാനിച്ചാല്‍ തന്നെ അവളെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാക്കുകയോ അന്യായമായി ധനം തട്ടിയെടുക്കുകയോ ചെയ്യരുത്. അത് കടുത്ത അക്രമവും ഗുരുതരമായ പാപവുമാണെന്നുമാത്രമല്ല, കടുത്തൊരു കരാര്‍ ലംഘനം കൂടിയാ ണെന്നാണ് അല്ലാഹു പറയുന്നത്.
പ്രശ്നങ്ങളുണ്ടാകുന്നതിനു മുമ്പ് പരസ്പരം സ്നേഹത്തോടെ കഴിഞ്ഞിരുന്നവരാണല്ലോ നിങ്ങള്‍. ഇണകളായി കഴിഞ്ഞ് ശാരീരിക ബന്ധങ്ങളില്‍ വരെ ഏര്‍പ്പെടുകയും ചെയ്തിരുന്നുവല്ലോ. മാത്രവുമല്ല, നികാഹ് നടക്കുന്ന സമയത്ത്, വിശുദ്ധ ഖുര്‍ആന്‍ 2:229 ല്‍ പറഞ്ഞപോലെ, മര്യാദയനുസരിച്ച് അവരെ കൂടെ നിറുത്തുകയോ, നല്ല നിലയില്‍ പിരിച്ച് വിട്ടേക്കുകയോ (إِمْسَاكٌ بِمَعْرُوفٍ أَوْ تسْرِيِحٌ بإِحْسانٍ) ചെയ്യാമെന്ന് നിങ്ങളവര്‍ക്ക് ശക്തമായ ഉറപ്പു നല്‍കുകയും ചെയ്തിരുന്നല്ലോ.
വസ്തുതകള്‍ ഇങ്ങനെയെല്ലാമാണെന്നിരിക്കെ, നിങ്ങളവര്‍ക്ക് കൊടുത്തത് എങ്ങിനെ തിരിച്ചുവാങ്ങും? എന്ത് ന്യായമാണതിന് നിങ്ങള്‍ക്കുള്ളത്…?
وَإِنْ أَرَدْتُمُ اسْتِبْدَالَ زَوْجٍ مَكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنْطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُبِينًا (20)
ഇനി ഒരു ഭാര്യക്കുപകരം മറ്റൊരുത്തിയെ സ്വീകരിക്കാന്‍ നിങ്ങള്‍ വിചാരിച്ചു; അവരിലൊരാള്‍ക്ക് ധാരാളം ധനം കൊടുത്തിരുന്നുതാനും. എങ്കില്‍ അതില്‍ നിന്ന് ഒന്നും തന്നെ തിരിച്ചുവാങ്ങരുത്. വ്യാജമായും സ്പഷ്ടാപരാധമായും നിങ്ങളതു മടക്കിവാങ്ങുകയോ?
وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنْكُمْ مِيثَاقًا غَلِيظًا(21)
പരസ്പരം ഇണ ചേരുകയും നിങ്ങളില്‍ നിന്ന് അവര്‍ ഈടുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ അതെങ്ങനെ തിരിച്ചു വാങ്ങും?
قِنطَارٍ ന്റെ അര്‍ഥം സൂറ ആലുഇംറാന് 14 ല്‍ നമ്മള് പഠിച്ചിട്ടുണ്ട്. കൂമ്പാരം, ധാരാളം സമ്പത്ത്, ധനം എന്നൊക്കെയര്‍ത്ഥം.
ഇങ്ങനെ, കൊടുത്തത് മടക്കിവാങ്ങുക എന്നത് മഹാമോശവും നാണക്കേടുമാണെന്ന് അല്പം ചിന്തിച്ചാല്‍തന്നെ മനസ്സിലാകും. ഈ ആയത്തിലെ ശൈലിയും അതാണ് വ്യക്തമാക്കുന്നത്. നിങ്ങളതെങ്ങനെ വാങ്ങും എന്നല്ലേ സഗൗരവം ചോദിക്കുന്നത്.
وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ
അന്യോന്യം കൂടിച്ചേരുക എന്ന് പറഞ്ഞാല്‍, ശാരീരിക ബന്ധം എന്നുദ്ദേശ്യം. അതു മൂലമാണല്ലോ മഹ്റ് സ്ഥിരപ്പെടുന്നത്.
وَأَخَذْنَ مِنْكُمْ مِيثَاقًا غَلِيظًا
ഈടുറ്റ കരാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സൂറത്തുല്‍ ബഖറ 229 ല്‍ പറഞ്ഞ إِمْسَاكٌ بِمَعْرُوفٍ أَوْ تسْرِيِحٌ بإِحْسانٍ (നല്ല നിലക്ക് കൂടെ നിറുത്തുക; അല്ലെങ്കില്‍ നല്ല നിലക്ക് വിട്ടയക്കുക) എന്നതാണ്. ഇതാണ് ഒരഭിപ്രായം. പിരിച്ചയക്കേണ്ടിവരികയാണെങ്കില്, നല്ല രൂപത്തില്‍ വിട്ടയക്കണമെന്ന കല്പന അനുസരിച്ചാണല്ലോ വിവാഹത്തിന് തയ്യാറായത്. അപ്പോള്‍പിന്നെ, കൊടുത്തതില്‍നിന്ന് വല്ലതും തിരിച്ചുവാങ്ങി വിട്ടയക്കുന്നത്, നല്ല നിലക്കുള്ള വിട്ടയക്കലല്ലല്ലോ.
നകാഹിന്റെ സദസ്സുകളില്‍ ഈ വാക്യം കൂടി (إِمْسَاكٌ بِمَعْرُوفٍ أَوْ تسْرِيِحٌ بإِحْسانٍ) പ്രത്യേകം വരനെ ഓര്‍മിപ്പിക്കാറുണ്ട്. ഈടുറ്റ ഒരു കരാറാണിത്. തമാശയോ തോന്നിയതുപോലെ പെരുമാറാനുള്ളതോ അല്ലെന്ന് ഗൗരവത്തോടെ ഓര്‍മിപ്പിക്കുകയാണ്.
അടുത്ത ആയത്ത് 22
ജാഹിലിയ്യാ കാലത്തെ ചില വിവാഹരീതികള്‍ നിരോധിക്കുകയാണിനി.
സ്വന്തം പിതാവ് മരണപ്പെട്ടാല്‍ അയാളുടെ ഭാര്യയെ, അല്ലെങ്കില്‍ സ്വന്തം പിതാവ് വിവാഹമോചനം ചെയ്ത സ്ത്രീയെ, വേറെ ഭാര്യയില്‍ ജനിച്ച അയാളുടെ തന്നെ മകന് വിവാഹം കഴിക്കുന്ന മോശം സമ്പ്രദായം അന്നുണ്ടായിരുന്നു. അത് കര്‍ശനമായി നിരോധിക്കുകയാണ്.
സ്വന്തം പിതാവ് വിവാഹമോചനം ചെയ്ത സ്ത്രീയെ പിന്നീട് മകന്നു ഭാര്യയാക്കാന്‍ പാടില്ല. മുലകുടി ബന്ധമുള്ള ഉമ്മയെയോ അവരുടെ മക്കളെയോ വിവാഹം കഴിച്ചുകൂടാ. ഒരാളുടെ ഭാര്യക്ക് മുന്‍ വിവാഹത്തില്‍ ജനിച്ച മകളെ പൊതുവെ പറഞ്ഞാല്‍ വിവാഹം ചെയ്തുകൂടാ-അവര്‍ ലൈംഗിക ബന്ധത്തിലേര്പ്പെട്ടിരിക്കുമല്ലോ; ഇനി എന്തെങ്കിലും കാരണത്താല്‍ ഇണചേരും മുമ്പ് ബന്ധം വേര്‍പ്പെടുത്തിയാല്‍ ആ മകളെ വിവാഹം ചെയ്യാവുന്നതുമാണ്. സ്വപുത്രന്റെ ഭാര്യയെ അവന് മോചനം ചെയ്ത ശേഷം വരിച്ചു കൂടാ. ജ്യേഷ്ഠത്തി-അനുജത്തിമാര് ഒരേ സമയം ഒരാളുടെ ഇണകളാകാനും പാടില്ല.
ഈ കല്പന അവതരിക്കുന്നതിന് മുമ്പു കഴിഞ്ഞുപോയ അത്തരം വിവാഹങ്ങളെ നിരോധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവതരണാനന്തരം ഇതെല്ലാം നിഷിദ്ധമാകുന്നു.
وَلَا تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاءِ إِلَّا مَا قَدْ سَلَفَ ۚ إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا (22)
സ്വപിതാക്കള് വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ക്കു വിവാഹം ചെയ്തുകൂടാ; മുമ്പ് (അജ്ഞതായുഗത്തില്) ചെയ്തതൊഴികെ. നിശ്ചയം അതു മ്ലേച്ഛവൃത്തിയും ദിവ്യകോപത്തിന്നു കാരണവും ദുര്‍മാര്‍ഗവുമാണ്.
നികൃഷ്ടമായ ഈ സമ്പ്രദായം നിഷിദ്ധമാക്കുക മാത്രമല്ല അല്ലാഹു ചെയ്തത്. فَاحِشَةٍ (നീചവൃത്തി), مَقْت (വെറുക്കപ്പെട്ടത്, ദൈവകോപത്തിന് കാരണമായത്), سَاء سَبِيلا (വളരെ ദുഷിച്ച മാര്‍ഗം) എന്നെല്ലാം വിശേഷിപ്പിച്ച് അത് മഹാമോശവും നിന്ദ്യവും അപലപനീയവുമാണെന്നുകൂടി പറയുകയാണ്.
വ്യഭിചാരത്തോടടുക്കരുതെന്നും അത് മോശമാണെന്നും വിശുദ്ധ ഖുര്‍ആന്‍ 17:32 ല്‍ പറഞ്ഞിടത്ത്, ഇവിടെ പറഞ്ഞ 3 വിശേഷണങ്ങളില്‍ ആദ്യത്തേതും അവസാനത്തെതും മാത്രമേ പറഞ്ഞിട്ടുള്ളൂ.
وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا (32)الإسراء
ഇവിടെ ഈ ആയത്തില്‍, അതിന് പുറമെ مَقْتًا എന്നുകൂടി പറഞ്ഞിരിക്കുന്നു. കാരണം, ഇത് ഒരുതരം വ്യഭിചാരമാണെന്നു മാത്രമല്ല, പിതൃത്വത്തോടും മാതൃത്വത്തോടും കാണിക്കുന്ന ധിക്കാരവും കൂടിയാണ്. പിതാവിന്റെ ഭാര്യ നേരെ മാതാവല്ലെങ്കിലും മാതാവിന്റെ സ്ഥാനം കല്പിക്കപ്പെടേണ്ടവളാണല്ലോ. ഈ രീതി നടപ്പുണ്ടായിരുന്ന ജാഹിലിയ്യാ കാലത്തുപോലും ഇതിന് نِكَاح مَقِيت، نِكَاح المَقْتِ (വെറുക്കപ്പെട്ട വിവാഹം) എന്നെല്ലാം പറയപ്പെട്ടിരുന്നുവത്രെ.
وَلَا تَنْكِحُوا مَا نَكَحَ آبَاؤُكُمْ
പിതാക്കള്‍ (آبَاء) എന്ന വാക്കില്‍ പിതാമഹന്മാരും ഉള്‍പ്പെടും.
അടുത്ത ആയത്ത് 23
സ്വന്തം പിതാവ് വിവാഹം കഴിച്ച സ്ത്രീയെ പുത്രന് വിവാഹം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞല്ലോ. ഇനി ഇതേപോലെ, വിവാഹം നിഷിദ്ധമായ മറ്റു വിഭാഗങ്ങളെക്കുറിച്ച് പറയുകയാണ്. രക്തബന്ധം, മുലകുടിബന്ധം, വിവാഹബന്ധം എന്നീ മൂന്നു കാരണങ്ങളാലാണ് വിവാഹബന്ധം നിഷിദ്ധമാകുന്നത്.
രക്തബന്ധം കൊണ്ട് വിവാഹം ചെയ്യാന്‍ പാടില്ലാത്തവരെയാണ് ആദ്യം പറയുന്നത്:
(1) മാതാക്കള്‍: സ്വന്തം മാതാക്കള്‍ക്ക് പുറമെ, മാതാവിന്റെയും, പിതാവിന്റെയും മാതാക്കളും (വല്ലിമ്മമാര്) ഇതില്‍പെടും.
(2) പുത്രിമാര്‍: സ്വന്തം പുത്രിമാര്‍ക്ക് പുറമെ, സ്വന്തം മക്കളുടെ പുത്രിമാരും.
(3) സഹോദരിമാര്‍: മാതാവും പിതാവും ഒത്തവരോ, അല്ലെങ്കില്‍ പിതാവോ മാതാവോ മാത്രം ഒത്തവരോ ആയ എല്ലാ സഹോദരികളും.
(4) പിതാവിന്റെ സഹോദരികള്‍ (അമ്മായി): പിതാക്കളില്‍ പിതാമഹന്മാരും മാതാമഹന്മാരും ഉള്‍പെടുന്നതുകൊണ്ട് അവരുടെ സഹോദരികളായ അമ്മായികളും ഇതില്‍ ഉള്‍പെടും.
(5) മാതാവിന്റെ സഹോദരികളായ ഇളയമ്മമാരും, മൂത്തമ്മമാരും: ഇതില്‍ എല്ലാ തരം വല്ലിമ്മമാരുടെ സഹോദരികളും ഉള്‍പെടും.
(6) സഹോദരന്മാരുടെ പുത്രികള്‍.
(7) സഹോദരിമാരുടെ പുത്രികള്‍. ഈ രണ്ടിലും മേല്പറഞ്ഞ മൂന്നു തരത്തിലുള്ള സഹോദര സഹോദരിമാരുടെയും (ഉമ്മയും ബാപ്പയും ഒത്തവര്, ആരെങ്കിലും ഒരാളൊത്തവര്) പുത്രികള്‍ ഉള്‍പെടും.
മുലകുടിബന്ധം മൂലം വിവാഹം നിഷിദ്ധമായവരെക്കുറിച്ചാണ് പിന്നീട് പറയുന്നത്. വിവാഹ കാര്യത്തില്‍, രക്തബന്ധം പോലെയുള്ളൊരു ബന്ധമായിട്ടാണ് മുലകുടി ബന്ധവും വിശുദ്ധ ദീന് കാണുന്നത്.
ഒരു സ്ത്രീയുടെ മുലകുടിച്ച കുട്ടിക്ക് – അത് ആണാവട്ടെ, പെണ്ണാവട്ടെ – ആ സ്ത്രീ മാതാവും, ആ സ്ത്രീയുടെ അപ്പോഴത്തെ ഭര്‍ത്താവ് പിതാവും ആയിമാറുന്നു. മുല കുടിച്ച കുട്ടി ആണാണെങ്കില്‍ അവരുടെ മകനും, പെണ്ണാണെങ്കില്‍ അവരുടെ മകളുമായി ഗണിക്കപ്പെടും. അതോടെ ആ മാതാപിതാക്കളുടെ സഹോദര സഹോദരികള്‍ മുതലായവരും അവര്‍ക്ക് വിവാഹം നിഷിദ്ധമായവരായി മാറും. ഇവിടെ ചില നിബന്ധനകളൊക്കെയുണ്ട്; താഴെ വിശദീകരിക്കാം – إن شاء الله
പിന്നീട് പറയുന്നത് വിവാഹ ബന്ധം മൂലം കല്യാണം കഴിക്കാന്‍ പാടില്ലാത്തവരെക്കുറിച്ചാണ്:
(1) ഭാര്യമാരുടെ മാതാക്കള്‍: മാതാക്കളില്‍ മാതാമഹികളും പിതാമഹികളും ഉള്‍പെടുമെന്ന് മുമ്പ് പറഞ്ഞല്ലോ.
(2) വളര്‍ത്തുപുത്രികള്‍: അതായത്, ഭാര്യമാര്‍ക്ക് മുന്‍വിവാഹത്തില്‍ ജനിച്ച പെണ്മക്കള്. പക്ഷേ, ഭാര്യയുമായി ശാരീരിക ബന്ധം നടന്നിട്ടുണ്ടെങ്കില്‍ മാത്രമെ ഇവര്‍ നിഷിദ്ധമാകുകയുള്ളൂ. അതായത്, ഒരു സ്ത്രീയെ ഒരാള്‍ വിവാഹം കഴിച്ചതുകൊണ്ട് മാത്രം അവളുടെ മുന്‍വിവാഹത്തില്‍ ജനിച്ച മകള്‍ നിഷിദ്ധമാകുകയില്ലെന്നര്ത്ഥം.
(3) പുത്രന്മാരുടെ ഭാര്യമാര്‍: പുത്രന്മാര് എന്ന വാക്കില്‍ പൗത്രന്മാരും ഉള്‍പ്പെടും.
(4) ഒരേ സമയം രണ്ട് സഹോദരികളെ വിവാഹം കഴിക്കുക: അതായത് രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യുകയോ ഒരുവള്‍ വിവാഹത്തിലിരിക്കെ മറ്റെവളെ കൂടി വിവാഹം കഴിക്കുകയോ ചെയ്യുക.
ഇനി ആയത്ത് പഠിക്കാം:
حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ ۗ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا(23)
ഉമ്മമാര്, പുത്രികള്‍, സഹോദരികള്‍, പിതൃസഹോദരികള്‍, മാതൃസഹോദരികള്‍, സഹോദര-സഹോദരീ പുത്രികള്‍, മുല തന്ന ഉമ്മമാര്, മുലകുടിബന്ധത്തിലുള്ള സഹോദരികള്‍, ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാണ്; ഇണചേര്‍ന്ന സഹധര്‍മിണികളുടെ മക്കളായി നിങ്ങളുടെ കീഴിലുള്ള വളര്‍ത്തു പുത്രിമാരും; ഇണ ചേര്‍ന്നിട്ടില്ലെങ്കില്‍ തെറ്റില്ല. സ്വപുത്രരുടെ ഭാര്യമാരെ വരിക്കുന്നതും രണ്ടു സഹോദരികളെ സഹകളത്രങ്ങളാക്കുന്നതും നിഷിദ്ധമാണ്-മുമ്പ് സംഭവിച്ചവ ഇതില്‍ നിന്നൊഴിവാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ
وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ
മുലപ്പാല്തന്ന സ്ത്രീയെയും, മുലകുടിബന്ധത്താലുണ്ടാകുന്ന സഹോദരിമാരെയും മാത്രമാണ് ഇവിടെ പറഞ്ഞതെങ്കിലും, മറ്റുള്ളവരും ഇതുപോലെത്തന്നെയാണെന്ന് ഹദീസുകളുടെയും മറ്റും വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഇത്തരം വിഷയങ്ങളുമായ ബന്ധപ്പെട്ട വിശദവിവരങ്ങളെല്ലാം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടതാണ്.
عن عائشة أم المؤمنين أن رسول اللّه صلى الله عليه وسلم قال: (الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الوِلاَدَةُ) بخاري، مسلم
(ജനനം നിഷിദ്ധമാക്കുന്നതെല്ലാം മുലകുടിയും നിഷിദ്ധമാക്കും)
وفي لفظ لمسلم: قال رسول الله صلى الله عليه وسلم: "يَحْرُمُ مِنَ الرَّضَاعَةِ مَا يَحْرُمُ مِنَ النَّسَبِ"
(രക്തബന്ധം മൂലം വിവാഹം നിഷിദ്ധമായവരെല്ലാം മുലകുടിബന്ധം മൂലവും നിഷിദ്ധമാകുന്നതാണ്).
അപ്പോള്‍, മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവ് കുട്ടിയുടെ പിതാവാണ്. ഈ മാതാപിതാക്കളുടെ മാതാപിതാക്കള്‍, സന്താനങ്ങള്‍, സഹോദര-സഹോദരികള്‍ (അവര്‍ മുലകുടി ബന്ധം മുഖേനയുള്ളതും കുടംബ ബന്ധം മുഖേനയുള്ളതും) എന്നിവരിലേക്കെല്ലാം കുട്ടിയുടെ ബന്ധം വ്യാപിക്കുന്നതാണ്.
മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കളുമായി മുലകുടിച്ച ആളുടെ സന്താനങ്ങള്‍ക്കും (അവര്‍ എത്ര കീഴ്പോട്ട് പോയാലും) ബന്ധമുണ്ടാകും. അതേ സമയം, മുലകുടിച്ചയാളുടെ മാതാപിതാക്കളിലേക്കും സഹോദര സഹോദരികളിലേക്കും ആ ബന്ധം വ്യാപിക്കുന്നതല്ല.
മുലകുടിബന്ധം സ്ഥിരപ്പെടാന് രണ്ട് നിബന്ധനകളുണ്ട്:
1) കുട്ടി രണ്ടുവയസ്സിന്ന് താഴെയാവുക.
2) ഇടവിട്ട് അഞ്ച് പ്രാവശ്യം കുടിക്കുക.
അമുസ്ലിം സ്ത്രീയുടെ മുല കുടിച്ചാല്‍, അല്ലെങ്കില്‍ തിരിച്ചോ സംഭവിച്ചാലും മുലകുടി ബന്ധം സ്ഥിരപ്പെടും. മുല കൊടുത്തത് ഒമ്പത് വയസ്സായ ജീവനുള്ള സത്രീയായിരിക്കുക എന്നതാണ്, ഈ ബന്ധം സ്ഥിരപ്പെടാന് മുലകൊടുക്കുന്ന സ്ത്രീക്കുണ്ടാകേണ്ട നിബന്ധന.
وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ
(الرَّبَائِب: جَمْع رَبِيبَة وَهِيَ اِبْنَة امْرَأَة الرَّجُل، قِيلَ لَهَا رَبِيبَة، لِتَرْبِيَتِهِ إِيَّاهَا)
സാധാരണയായി കുട്ടികളുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ ആദ്യഭര്‍ത്താവില്‍ ജനിച്ച കുട്ടികള്‍ രണ്ടാമത്തെ ഭര്‍ത്താവിന്റെ കൂടെ, അയാളുടെ സംരക്ഷണയില്‍ കഴിയുകയാണല്ലോ പതിവ്. ആ നിലക്കാണ് ‘നിങ്ങളുടെ സംരക്ഷണയിലുള്ള വളര്‍ത്തുപുത്രികള്‍ (وَرَبَائبُكُمُ اللاّتيِ فِي حُجُورِكُم)’ എന്ന് പറഞ്ഞത്.
فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ
ഇങ്ങനെ വിവാഹം ചെയ്ത ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് വിവാഹബന്ധം വേര്‍പെടുത്തുകയോ അവള് മരണപ്പെടുകയോ ചെയ്താല്‍, അവളുടെ ആദ്യഭര്‍ത്താവിലുള്ള മകളെ വിവാഹം ചെയ്യാവുന്നതാണ്. അതാണിപ്പറഞ്ഞത്.
وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ
ദത്തുപുത്രന്മാരുടെ മകള്‍ ഇതിലുള്പെടുകയില്ല. അവളെ കല്യാണം കഴിക്കാവുന്നതാണ്. കാരണം അവനും ഇയാളുമായി രക്തബന്ധമോ മറ്റു തരത്തില്‍ ഇവിടെ പരിഗണനീയമാകുന്ന ബന്ധങ്ങളോ ഇല്ലല്ലോ. ദത്തുപുത്രന്മാര് ഇതില്‍ പെടില്ലെന്ന് അറിയിക്കാനാണ് مِنْ أَصْلَابِكُمْ (നിങ്ങളുടെ മുതുകെല്ലുകളില്‍ നിന്നുള്ള പുത്രന്മാര്) എന്ന് പറഞ്ഞത്. അതായത്, നിങ്ങളുടെ സ്വന്തം പുത്രന്മാര് എന്നര്‍ത്ഥം.
ദത്തുപുത്രന്മാര്ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്പിക്കുന്ന പതിവ് ജാഹിലിയ്യത്തിലുണ്ടായിരുന്നെങ്കിലും, ദത്ത് സമ്പ്രദായം ഇസ്ലാം നിരോധിച്ചിട്ടുണ്ട്. (സൂറത്തുല്‍ അഹ്സാബില് വിശദമായി പഠിക്കാം إن شاء الله)
وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ
രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹം ചെയ്യുകയോ ഒരുവള്‍ വിവാഹത്തിലിരിക്കെ മറ്റെവളെ കൂടി വിവാഹം കഴിക്കുകയോ ചെയ്യരുത്. ഈ സാഹോദര്യബന്ധം രക്തബന്ധം മൂലമായാലും മുലകുടിബന്ധം മൂലമായാലും തുല്യമാണ്. ജാഹിലിയ്യത്തില്‍ ഇതും പതിവുണ്ടായിരുന്നു.
രണ്ടു സഹോദരികളെക്കുറിച്ചാണിവിടെ പറഞ്ഞതെങ്കിലും, അതേപോലെത്തന്നെയാണ്, ഒരു പെണ്ണിന്റെ കൂടെ അവളുടെ അമ്മായി, ഇളയമ്മ – മൂത്തമ്മ (പിതാവിന്റെയോ മാതാവിന്റെയോ സഹോദരികള്‍), സഹോദര-സഹോദരിമാരുടെ പുത്രിയും. അവരെയും ഇങ്ങനെ ഒന്നിച്ച് വിവാഹം ചെയ്യാന്‍ പാടില്ലെന്നു തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിട്ടുണ്ട്. അതുകൂടെ ഇവിടെ ചേര്‍ത്തു മനസ്സിലാക്കണം.
മുകളില്‍ പറഞ്ഞ വിഷയങ്ങളുടെ വിശദവിവരങ്ങളെല്ലാം കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
 


            
            
                    
           
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment