അധ്യായം 5. സൂറത്തുല്‍ മാഇദ - (Ayath 109-113) ആകാശത്തു നിന്നൊരു ഭക്ഷണത്തളിക
വസ്വിയ്യത്തിനെക്കുറിച്ചും അതിന്റെ സാക്ഷികളെക്കുറിച്ചുമൊക്കെയായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അതിനു മുമ്പ് വേറെയും ചില വിധികളെക്കുറിച്ച് പറഞ്ഞിരുന്നു. ഇങ്ങനെ വിധികളെക്കുറിച്ച് പറഞ്ഞുകഴിഞ്ഞാല്‍, പിന്നെ പരലോകത്തെക്കുറിച്ചും അവിടെയുണ്ടാകുന്ന പല കാര്യങ്ങളെക്കുറിച്ചും ഉണര്‍ത്തുക എന്നത് വിശുദ്ധ ഖുര്ആനിന്റെയൊരു ശൈലിയാണ്.
ഇനിയുള്ള 109 ആം ആയത്തില്‍ അത്തരമൊരു വിഷയമാണ് പറയന്നത്. അതായത്, മുര്സലുകളെയെല്ലാം അല്ലാഹു പരലോകത്ത് ഒരുമിച്ചുകൂട്ടും. എന്നിട്ട്, അവരുടെ പ്രബോധനങ്ങള്‍ ഓരോത്തരുടെയും സമുദായത്തിലുണ്ടാക്കിയ പ്രതികരണം എന്തായിരുന്നുവെന്ന് അന്വേഷിക്കും. ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സൃഷ്ടികള്‍ മൊത്തം സമ്മേളിക്കുന്ന മഹ്ശറയില്‍ പ്രവാചകന്മാരെയും വിചാരണചെയ്യുമെന്നര്ത്ഥം.
അല്ലാഹുവിന് കാര്യങ്ങളറിയാനല്ല ഈ ചോദ്യം; മുഴുവന്‍ മനുഷ്യരുടെയും അറിവിനുവേണ്ടിയാണ്. എല്ലാം പൂര്‍ണമായും അറിഞ്ഞുതന്നെയാണവന് ചോദിക്കുന്നത്. അതാണ്, മുര്സലുകള് ആദരവോടെ, വിനയാന്വിതരായി ഇങ്ങനെ മറുപടിപറയുന്നത്: ‘ഞങ്ങള്‍ക്ക് യാതൊന്നുമറിയില്ല; അദൃശ്യകാര്യങ്ങള്‍ വളരെ നന്നായി നിനക്കറിയാമല്ലോ.’
يَوْمَ يَجْمَعُ اللَّهُ الرُّسُلَ فَيَقُولُ مَاذَا أُجِبْتُمْ ۖ قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ (109)
അല്ലാഹു മുര്‍സലുകളെ ഒരുമിച്ചുകൂട്ടുകയും 'ഉമ്മത്തില്‍ നിന്നു എന്തു പ്രതികരണമാണു നിങ്ങള്‍ക്ക് ലഭിച്ചത്' എന്നു ചോദിക്കുകയും ചെയ്യുന്ന ദിവസം സ്മരണീയമത്രേ. അന്നവര്‍ മറുപടി നല്‍കും: ഞങ്ങള്‍ക്ക് യാതൊന്നുമറിയില്ല; അദൃശ്യകാര്യങ്ങള്‍ വളരെ നന്നായി നിനക്കറിയാമല്ലോ!
ഖിയാമത്ത് നാളില്‍ പ്രാചകന്മാരെ ചോദ്യം ചെയ്യുന്ന കാര്യം സൂറത്തുല്‍ അഅ്റാഫ് 6 ലും പറയുന്നുണ്ട്: فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ (ഏതേത് സമൂഹങ്ങളിലേക്ക് പ്രവാചക നിയോഗമുണ്ടായോ, അവരെയൊക്കെയും ആ ദൂതന്മാരെയും നാം വിചാരണാവിധേയരാക്കുകതന്നെ ചെയ്യും.)
قَالُوا لَا عِلْمَ لَنَا ۖ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
ഞങ്ങള്‍ക്ക് യാതൊന്നുമറിയില്ല എന്ന ഈ പ്രതികരണം ത്രികാലജ്ഞനും സര്‍വജ്ഞാനിയുമായ അല്ലാഹുവിനോടുള്ള അദബും വിധേയത്വവും എളിമത്വവും പ്രകടിപ്പിച്ചുകൊണ്ടാണ്. അതായത്, ഞങ്ങള്ക്കെന്തൊക്കെയറിയുമോ, അതെല്ലാം ഏറ്റവും നന്നായി അറിയുന്നവന് നീയാണല്ലോ റബ്ബേ; ആ അറിവല്ലാതെ ഞങ്ങള്‍ക്ക് വേറെയൊന്നുമില്ല എന്നാണുദ്ദേശ്യം. ഇങ്ങനെയാണ് ഇബ്നു അബ്ബാസ്(رضي الله عنهما) ഇവിടെ വ്യാഖ്യാനം നല്കിയതും ഇബ്നുജരീര്‍(رحمه الله) പ്രബലമാക്കിയതും.
ഇമാം ഇബ്നു കസീര്‍ (رحمه الله) പറയുന്നു: അല്ലാഹുവിനോട് കാണിക്കേണ്ട ഒരു അദബാണിത്. അവര്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം, അല്ലാഹുവേ, നിന്റെ അറിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ക്കൊരു അറിവുമില്ല. ഞങ്ങള്‍ക്ക് കുറേയാളുകള്‍ മറുപടി തന്നെങ്കിലും, അവരെ ഞങ്ങള്‍ക്കറിയാമെങ്കിലും, അവരുടെ ബാഹ്യാവസ്ഥയല്ലേ ഞങ്ങള്‍ക്കറിയുകയുള്ളൂ. അവരുടെ മനസ്സിലുള്ളത് അറിയുന്നവന് നീയാണല്ലോ; നീ സര്‍വജ്ഞനാണ്. അതിനാല്‍ നിന്റെ അറിവുമായി തുലനം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഒരറിവുമില്ലാത്തതു പോലെയാണ് (ഇബ്നു കസീര്‍ 2:114).
വേറെയും ചില വ്യാഖ്യാനങ്ങള്‍ ഇവിടെയുണ്ട്.
അടുത്ത ആയത്ത് 110
പരലോകത്ത് അല്ലാഹു മുര്‍സലുകളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ആയത്തില്‍ പറഞ്ഞല്ലോ. എല്ലാ റസൂലുകളോടും ചോദിക്കുന്ന പൊതുവെയുള്ള ചോദ്യവും അതിനവര്‍ നല്കുന്ന മറുപടിയുമാണ് 109 ല്‍ പഠിച്ചത്.
അതുപോലെത്തന്നെ, മഹ്ശറയില്‍ വെച്ച് ഓരോ റസൂലിനോടും അവരുടെ സമുദായങ്ങളോടും പ്രത്യേകം പ്രത്യേകം ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകും. വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
തിരുനബി (صلى الله عليه وسلم) പറയുന്നു: അന്ത്യനാളില്‍ പ്രവാചകന്മാരെയും അവരുടെ സമുദായങ്ങളെയും ഹാജറാക്കും. ഈസാനബി(عليه السلام)യെയും അല്ലാഹു വിളിക്കും. എന്നിട്ട് താന്‍ ചെയ്ത അനുഗ്രഹങ്ങളെല്ലാം അനുസ്മരിപ്പിക്കും. അപ്പോള്‍ ഈസാനബി(عليه السلام) അവയത്രയും അംഗീകരിക്കുകയും ചെയ്യും (ദുര്റുല് മന്‍സൂര്‍ 7:229).
ഈ പറയപ്പെട്ട സംസാരത്തിന്റെ ഭാഗമായി ഈസാനബി(عليه السلام)നും മാതാവിനും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് 110 ആം ആയത്തില്‍. ഈ ആയത്തില്‍ പറയുന്ന കാര്യങ്ങള്‍ സൂറത്തു ആലുഇംറാന് 42 മുതല്‍ 51 വരെയുള്ള വചനങ്ങളിലും നമ്മള് പഠിച്ചിരുന്നു.
പുരുഷ സ്പര്‍ശമില്ലാതെ മര്‍യം ബീവി رضي الله عنها ഈസനബി(عليه السلام)യെ പ്രസവിച്ചപ്പോള്‍ യഹൂദികള്‍ അപവാദം പറഞ്ഞിരുന്നല്ലോ. നമ്മളത് മുമ്പ് പഠിച്ചിട്ടുണ്ട്. ആ സമയം, തൊട്ടിലില്‍ കിടക്കുന്ന ഈസാ(عليه السلام) തന്റെ മാതാവ് പരിശുദ്ധയാണെന്ന് തെളിയിച്ച് സംസാരിച്ചു. (വിശദവിവരം സൂറത്ത് മര്‍യമില്‍ വരുന്നുണ്ട്.)
ഇങ്ങനെ ഈസാ നബി (عليه السلام)നും മാതാവിനും ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ ആദ്യം പൊതുവെ ഓര്‍മിപ്പിച്ച ശേഷം, മഹാനവര്‍കള്‍ക്ക് പ്രത്യേകമായി നല്കിയ അസാധാരണമായ പല അനുഗ്രഹങ്ങളും ഓര്‍മിപ്പിക്കുന്നുണ്ട്.
ശിശുവായിരുന്നപ്പോഴും മധ്യവസ്കനായിരുന്നപ്പോഴും യാതൊരു വ്യത്യാസവുമില്ലാതെ ഈസാ നബി عليه السلام ജനങ്ങളോട് സംസാരിച്ചു, ദഅ്വത്ത് നിര്‍വഹിച്ചു. മഹാനവര്‍കള്‍ക്ക് മാത്രം ലഭിച്ചൊരു ശ്രേഷ്ഠതയാണിത്. മുമ്പോ ശേഷമോ മറ്റൊരു നബിക്കും ഈ സവിശേഷത ലഭിച്ചിട്ടില്ല (റാസി 12:125).
മാത്രമല്ല, ഈസാനബി(عليه السلام) പോകുന്നിടത്തെല്ലാം ജിബ്രീല്‍(عليه السلام)നെ കൂടെ അയച്ച് ശക്തി പകര്‍ന്നു. എഴുത്തും ഹിക്മത്തും തൗറാത്തും ഇന്ജീലും പഠിപ്പിച്ചുകൊടുത്തു. പുരാതനകാലത്ത് എഴുത്തും വായനയും വിദ്യാഭ്യാസവുമൊക്കെ വളരെ അപൂര്‍വമായിരുന്നല്ലോ. ഇങ്ങനെ പല അനുഗ്രഹങ്ങളും ഈസാനബി(عليه السلام)ക്ക് അല്ലാഹു നല്കി.
പല അസാധാരണ സംഭവങ്ങളും മഹാനവര്കള് കാണിച്ചിരുന്നു. പക്ഷികളുടെ രുപം കളിമണ്ണുകൊണ്ടുണ്ടാക്കി അവയ്ക്ക് ജീവന് നല്കി. സൂറത്തു ആലു ഇംറാന്‍ 49 ല്‍ ഇക്കാര്യമുണ്ട്. ജന്മാന്ധരെയും വെള്ളപ്പാണ്ടുരോഗികളെയും സുഖപ്പെടുത്തി. മരിച്ചു പോയവരെ ജീവിപ്പിച്ചു.
ഇതെല്ലാം അല്ലാഹു നല്കിയ കഴിവുകൊണ്ടും അവന്റെ അനുമതിപ്രകാരവും മാത്രമായിരുന്നു. അതുകൊണ്ടാണ് ‘എന്റെ അനുമതിയോടെ’ എന്ന പദം ഇനിയുള്ള ആയത്തില്‍ പലവുരു ആവര്‍ത്തിക്കുന്നത്.
ഇത്രയും വലിയ ദൃഷ്ടാന്തങ്ങളുമായി തന്റെ ജനതയായ ബനൂ ഇസ്രാഈലിന്റെ അടുത്ത് ചെന്നപ്പോഴോ, അവര്‍ നിഷേധിക്കുകയാണുണ്ടായത്.
അവിടെയുണ്ടായിരുന്ന ജൂതന്മാര് ഈസാനബി(عليه السلام) യെ തള്ളിക്കളഞ്ഞു. ജാരസന്തതിയാണെന്നുവരെ ജല്പിച്ചു. ദൃഷ്ടാന്തങ്ങളും അമാനുഷിക സിദ്ധികളും കാണിച്ചുകൊടുത്തപ്പോള്‍, എല്ലാം ആഭിചാരമാണെന്ന് തട്ടിവിട്ടു. മഹാനവര്‍കളെ മര്‍ദിക്കാനും അക്രമിക്കാനും മുതിര്‍ന്നു. അവസാനം കുരിശില്‍ തറച്ചുകൊല്ലാന്വരെ തീരുമാനിച്ചു.
എന്നാല്‍, അല്ലാഹു മഹാനവര്‍കളെ ആകാശത്തേക്കുയര്‍ത്തുകയും അവരുടെ ഗൂഢാലോചനയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഈ അനുഗ്രഹവും ആയത്തിന്റെ അവസാനഭാഗത്ത് എടുത്തുപറയുന്നുണ്ട് - ഇസ്റാഈല്യരെ തടുത്തു തന്നുവെന്നാണ് റബ്ബ് പറയുന്നത്.
إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدْتُكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنْجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنْفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنْكَ إِذْ جِئْتَهُمْ بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ (110)
ഈസാനബിയോട് അല്ലാഹു പരലോകത്തു വെച്ചു പറയുന്ന സന്ദര്‍ഭം സ്മരണീയമാണ്: ഓ ഈസബ്നു മര്‍യം, താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തു തന്ന അനുഗ്രഹം അനുസ്മരിക്കൂ! അതായത് തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായും താങ്കള്‍ ആളുകളോട് സംസാരിക്കവെ പരിശുദ്ധാത്മാവിനാല്‍ ഞാന്‍ പിന്‍ബലം നല്കിയ സന്ദര്‍ഭം; ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്ജീലും പഠിപ്പിച്ചു തന്ന സന്ദര്‍ഭം; എന്റെ ഉദ്ദേശ്യാനുസൃതം കളിമണ്ണുകൊണ്ടു താങ്കള്‍ പക്ഷിരൂപം പോലെയുണ്ടാക്കി അതില്‍ ഊതിയപ്പോള്‍ എന്റെ കല്പന പ്രകാരം അതു സാക്ഷാല്‍ പക്ഷിയായിത്തീര്‍ന്ന സന്ദര്‍ഭം; ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഉദ്ദേശ്യപ്രകാരം താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം; മരിച്ചു പോയവരെ എന്റെ അനുമതി യോടെ താങ്കള്‍ പുനര്‍ജീവിപ്പിച്ച സന്ദര്‍ഭം; ഇസ്രയേല്യരിലേക്കു വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ചെന്നപ്പോള്‍ ഇതു സ്പഷ്ടമായ മാരണവിദ്യ മാത്രമാണെന്നു നിഷേധികള്‍ ജല്പിച്ച ഘട്ടത്തില്‍ അവരില്‍ നിന്നു ഞാന്‍ താങ്കളെ പ്രതിരോധിച്ച സന്ദര്‍ഭം;
ആകാശത്തേക്ക് ഉയര്‍ത്തപ്പെടുന്നതിനു മുമ്പ് ഈ ലോകത്തുവെച്ചല്ല ഈ സംഭാഷണം നടന്നത്. മഹാനവര്‍കളെ ആകാശത്തേക്ക് ഉയര്‍ത്തിയ ശേഷം നടന്നതോ, അല്ലെങ്കില്‍ ഇബ്നുകസീര്‍ (رحمه الله) പറഞ്ഞപോലെ, പരലോകത്തു വെച്ചു ഖിയാമത്തു നാളില്‍ നടക്കുന്നതോ ആണ്. ഈ ആയത്തില്‍ പ്രയോഗിച്ച ഭൂതകാല ക്രിയാരൂപങ്ങള്‍ (الفعل الماضي) കണ്ട് തെറ്റിദ്ധരിക്കേണ്ടതില്ല. കാരണം, ഭാവിയില്‍ ഉറപ്പായും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയാന്‍ ഇങ്ങനെ ഭൂതകാലക്രിയ ഉപയോഗിക്കുകയെന്നത് വിശുദ്ധ ഖുര്ആന്റെയൊരു ശൈലിയാണ് - ഇബ്നു കസീര്‍ (رحمه الله).
അടുത്ത ആയത്ത് 111
ഈസാനബി(عليه السلام)ന് അല്ലാഹു ചെയ്ത മറ്റൊരു വലിയ അനുഗ്രഹമാണിനി പറയുന്നത്. മഹാനവര്കള് പ്രബോധനമാരംഭിച്ച സമയത്ത് ജൂതന്മാര് നാട്ടിലാകെ പ്രശ്നങ്ങളുണ്ടാക്കി. ആളുകള്‍ക്കിടയില്‍ രോഷാഗ്നി പടര്‍ത്തി. ഈ പശ്ചാത്തലത്തില്‍ കുറച്ചാളുകള്‍ (12 പേര്) മഹാനവര്‍കളുടെ സന്തതസഹചാരികളായി, എല്ലാവിധ സപ്പോര്‍ട്ടും നല്കി മുന്നോട്ടുവന്നു. ഇവരാണ് ഹവാരിയ്യുകള്‍ (അപ്പോസ്തലന്മാര്) എന്നറിയപ്പെടുന്നത്. വളരെ വേണ്ടപ്പെട്ട അടുത്ത ശിഷ്യന്മാര് എന്നുദ്ദേശ്യം.
ഇങ്ങനെ താങ്കളെ പിന്‍പറ്റണമെന്ന് ഞാനാണവര്‍ക്ക് ബോധനം നല്‍കിയതെന്നാണ് അല്ലാഹു ഈസാനബി عليه السلام യെ ഓര്‍മപ്പെടുത്തുന്നത്. ആ ബോധനം കിട്ടേണ്ട താമസം വിശ്വാസവും വിധേയത്വവും അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സൂറത്തു ആലു ഇംറാനിലും (52) ഈ വിഷയം നമ്മള് പഠിച്ചിട്ടുണ്ട്.
وَإِذْ أَوْحَيْتُ إِلَى الْحَوَارِيِّينَ أَنْ آمِنُوا بِي وَبِرَسُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ (111)
എന്നിലും എന്റെ ദൂതന് ഈസായിലും വിശ്വസിക്കൂ എന്ന് അപ്പോസ്തലന്മാര്ക്കു നാം അവബോധം നല്‍കുകയും 'ഞങ്ങള്‍ സത്യവിശ്വാസം കൈക്കൊണ്ടിരിക്കുന്നു; ഞങ്ങള്‍ മുസ്ലിംകളാണ് എന്നതിന് നീ സാക്ഷിയാകേണമേ' എന്ന് അവര്‍ പ്രതികരിക്കുകയും ചെയ്ത സന്ദര്‍ഭം.
ഹവാരിയ്യുകള്‍ക്ക് വഹ്യ് നല്കി എന്നാണിവിടെ പറഞ്ഞത്. ‘തോന്നിപ്പിച്ചു, ബോധനം നല്കി’ എന്ന ഭാഷാര്‍ത്ഥമാണ് ഇവിടെ ഉദ്ദേശ്യം. അല്ലാതെ നബിമാര്‍ക്ക് പ്രത്യേകമായി നല്കപ്പെടുന്ന സാങ്കേതികാര്‍ത്ഥത്തിലുള്ള വഹ്യല്ല.
ഇത്തരം പ്രയോഗം (നബിമാരല്ലാത്തവര്ക്കും വഹ്യ് നല്കി എന്ന പ്രയോഗം) വിശുദ്ധ ഖുര്‍ആനില്‍ വേറെയുമുണ്ട്. മൂസാ നബി عليه السلامന്റെ മാതാവിന് വഹ്യ് നല്കി എന്ന് 28:7 ലും, തേനീച്ചക്ക് വഹ്യ് നല്കി എന്ന് 16:68 ലും പറഞ്ഞിട്ടുണ്ട്.
അടുത്ത ആയത്ത് 112
ഇനി, ഈ സൂറത്തിനു المائدة (ഭക്ഷണത്തളിക) എന്ന് പേര് വരാന്‍ കാരണമായ സംഭവമാണ് വിവരിക്കുന്നത്. കഴിഞ്ഞ ആയത്തില്‍ പറഞ്ഞ ഹവാരിയ്യുകളുമായി ബന്ധപ്പെട്ടാണ് ആ സംഭവമുണ്ടായത്.
ഹവാരിയ്യുകള്‍, ഈസാനബി(عليه السلام)യോട് വാനലോകത്തുനിന്നൊരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ ആവശ്യപ്പെട്ടു. വിചിത്രമായൊരു ആവശ്യം! വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരാവശ്യം ഉന്നയിക്കുന്നതുതന്നെ ദുരൂഹമാണ്. ഇവിടെ ആവശ്യമുന്നയിക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിനത് സാധ്യമാണോ എന്ന് ചോദിക്കുക കൂടിയാണ് ചെയ്യുന്നത്.
ഏതായാലും ഈസാനബി(عليه السلام)ക്ക് അവരുടെ ഈ ആവശ്യം പിടിച്ചില്ല. `നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക' എന്നാണദ്ദേഹം അവരെ ഗുണദോഷിച്ചത്.
ഇത് സംബന്ധമായ ഹദീസിലിങ്ങനെ കാണാം. സല്‍മാനുല്‍ ഫാരിസി(رضي الله عنه)യില്‍ നിന്ന് ഇമാം തുര്‍മുദിയും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു: ഹവാരികള്‍ തന്നോട് ഭക്ഷണത്തളിക ആവശ്യപ്പെട്ടത് ഈസാനബി(عليه السلام)ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: അല്ലാഹു ഭൂമിയില്‍ സജ്ജീകരിച്ചുതന്ന ഭക്ഷ്യവസ്തുക്കള്‍ കൊണ്ട് നിങ്ങള്‍ തൃപ്തരാവുക. ആകാശത്തുനിന്നുള്ള ഭക്ഷണത്തളികയൊന്നും നിങ്ങള്‍ ചോദിക്കരുത്. കാരണം, അങ്ങനെയൊന്ന് ലഭിക്കുകയാണെങ്കില്‍ അതൊരു ഇലാഹിയ്യായ ദൃഷ്ടാന്തമായിരിക്കും. സമൂദ് ഗോത്രം അവരുടെ പ്രവാചകനായ സ്വാലിഹ് നബി(عليه السلام)യോട് ദൃഷ്ടാന്തമാവശ്യപ്പെട്ടപ്പോള്, അല്ലാഹു അത് നല്കി അവരെ പരീക്ഷിച്ചു. അതുതന്നെ, അവരുടെ ഉന്മൂലനാശത്തിനു കാരണമാവുകയും ചെയ്തു. (അദ്ദുര്റുല് മന്‍സൂര്‍ 7:232).
إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَنْ يُنَزِّلَ عَلَيْنَا مَائِدَةً مِنَ السَّمَاءِ ۖ قَالَ اتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ (112)
അപ്പോസ്തലന്മാര് ആവശ്യപ്പെട്ട ഘട്ടവും സ്മരണീയമാണ്: ഹേ ഈസബ്നു മര്‍യം, ഞങ്ങള്‍ക്കു ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ താങ്കളുടെ നാഥനു കഴിയുമോ? ഈസാ പ്രതികരിച്ചു: 'വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക!'
ഭക്ഷണസാധനങ്ങള്വെക്കാന് ഉപയോഗിക്കുന്ന സുപ്ര, മേശ, തളിക മുതലായവക്കാണ് المائدة എന്ന് പറയുക. പക്ഷേ, ഭക്ഷണസാധനങ്ങള്‍ അതിലുണ്ടായിരിക്കുമ്പോള് മാത്രമേ ആ വാക്ക് അതിന് ഉപയോഗിക്കൂ.
അടുത്ത ആയത്ത് 113
ഈസാ നബി عليه السلامയുടെ പ്രതികരണം കേട്ടപ്പോള്‍ അവരിങ്ങനെ പറഞ്ഞത്രേ:`ഈസാ നബിയേ, ഞങ്ങള്‍ നിഷേധസ്വരത്തിലല്ല ഈ ദൃഷ്ടാന്തമാവശ്യപ്പെടുന്നത്. മറിച്ച്:
(1) അത്ഭുതകരമായ ആ തളികയില്‍ നിന്ന് ഭക്ഷിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. ഭൗമികമല്ലാത്ത ഒരു ഭക്ഷ്യപദാര്‍ത്ഥം ആസ്വദിക്കാന്‍ ആഗ്രഹം തോന്നുക സ്വാഭാവികമാണല്ലോ.
(2) മനസ്സംതൃപ്തിയും സമാധാനവും ലഭിക്കണം. ദൃഷ്ടാന്തങ്ങള്‍ കാണുംതോറും വിശ്വാസം ദൃഢമാവുകയും മനസ്സമാധാനം കൂടുകയും ചെയ്യുമല്ലോ. ഇബ്റാഹീം നബി (عليه السلام) പോലും മനസ്സമാധാനത്തിനു വേണ്ടി ദൃഷ്ടാന്തത്തിന് അപേക്ഷിച്ച കാര്യം സൂറത്തുല്‍ ബഖറ 260 ലുണ്ട്.
(3) താങ്കള്‍ ഞങ്ങളോട് പറയുന്നതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടണം. അതായത്, മഹാനവര്കള് സത്യം തന്നെയാണ് പറയുന്നതെന്നവര്‍ വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസം കൂടുതല്‍ ദൃഢമായിത്തീരാന് ഈയൊരു സംഭവം കാരണമാകുമെന്നുദ്ദേശ്യം.
(4) അത്തരമൊരു ദൃഷ്ടാന്തത്തിന് ദൃക്സാക്ഷികളാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
പ്രബോധനദൌത്യത്തില് ഈസാ നബി (عليه السلام) യെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നവരാണല്ലോ ഹവാരിയ്യുകള്‍. ആ സ്ഥിതിക്ക്, മറ്റുള്ള ദൃഷ്ടാന്തങ്ങള്‍ക്ക് പുറമെ നേരില്‍ കണ്ടനുഭവിക്കുന്ന ഈയൊരു ദൃഷ്ടാന്തം കൂടി ലഭിക്കുന്നത്, ആ ദൌത്യം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ അവര്‍ക്ക് ഉപകരിക്കുമല്ലോ.
ഇങ്ങനെയെല്ലാം വിശദീകരണം നല്കി ഭക്ഷണത്തളിക അവതരിച്ചുകിട്ടാന് തന്നെയാണവര്‍ ആവശ്യപ്പെടുന്നത്.
قَالُوا نُرِيدُ أَنْ نَأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَنْ قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ (113)
അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാനും മനസ്സമാധാനമുണ്ടാകാനും താങ്കള്‍ പറയുന്നത് നേരാണെന്നു ബോധ്യപ്പെടാനും ആ അമാനുഷികത്വത്തിനു ദൃക്സാക്ഷികളാകാനുമാണ് അതാവശ്യപ്പെടുന്നത്.
ഈ ആവശ്യം തീര്‍ത്തും സദുദ്ദേശ്യപരം തന്നെയായിരുന്നുവെന്നാണ് മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നത്. ഇബ്രാഹീം നബി(عليه السلام) മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് അല്ലാഹുവിനോട് ചോദിച്ചതുപോലെ.
കാരണം, ഇവര്‍ സത്യവിശ്വാസം അംഗീകരിച്ചവരും പ്രബോധനത്തില്‍ ഈസാ (عليه السلام)നെ സഹായിക്കാന്‍ മുന്നോട്ട് വന്നവരുമാണ്. ഈ വസ്തുത ഈ സൂറയിലെ 114-ലും ആലുഇംറാന് 52 ലും വ്യക്തമായി പറഞ്ഞതുമാണ്. മാത്രമല്ല, അവരുടെ ഈ മാതൃക സ്വീകരിക്കണമെന്ന് സൂറത്തുസ്സ്വഫ്ഫ് 14 ല്‍ അല്ലാഹു നമ്മോടും പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിലും അവന്റെ മഹത്തായ കഴിവിലും ഈസാ നബി (عليه السلام)യിലും പരിപൂര്ണവിശ്വാസം ഉള്ളവരാണവര്‍ എന്നാണല്ലോ ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. അപ്പോള്‍പിന്നെ, ഭക്ഷണത്തളിക ഇറക്കിത്തരാന്‍ താങ്കളുടെ റബ്ബിന് കഴിയുമോ എന്ന് ചോദിക്കാന്‍ കാരണമെന്തായിരിക്കും? പല വിശദീകരണങ്ങളുമുണ്ടിവിടെ.
പ്രധാനപ്പെട്ട ഒന്ന്: അല്ലാഹു ഞങ്ങള്‍ക്ക് വേണ്ടി അങ്ങനെ ചെയ്തുതരുമോ, അല്ലെങ്കില്‍ താങ്കള്‍ക്ക് അല്ലാഹുവിനോട് അങ്ങനെ ചോദിക്കാമോ? ഈ അര്ത്ഥത്തിലാണാ ചോദ്യം. അല്ലാതെ, അല്ലാഹുവിനത് ചെയ്യാന്‍ കഴിയുമോ എന്ന അര്‍ത്ഥത്തിലല്ല. അവരുടെ ഉദ്ദേശ്യം അവര്‍തന്നെ പന്നീട് വിശദീകരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ. മാത്രമല്ല, നിരവധി ദൃഷ്ടാന്തങ്ങള്‍ കണ്ടുമനസ്സിലാക്കിയ അവര്‍ക്ക് അല്ലാഹുവിന്റെ കഴിവില്‍ സംശയമുണ്ടാകാനും സാധ്യതയില്ല.
അപ്പോള്‍പിന്നെ ‘നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെ സൂക്ഷിക്കുക’ എന്ന് ഈസാ (عليه السلام) പ്രതികരിച്ചത് എന്തുകൊണ്ടായിരിക്കും? ഈ വിശദീകരണമനുസരിച്ച് അതിന്റെ മറുപടി ഇതാണ്: നിങ്ങള്‍ സത്യവിശ്വാസികളാണല്ലോ, അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ സൂക്ഷിക്കണം. അല്ലാഹുവിന് എല്ലാ കാര്യത്തിനും കഴിവുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞ സ്ഥിതിക്ക് ഇനിയും ദൃഷ്ടാന്തം ആവശ്യപ്പെടുന്നത് സത്യവിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലല്ലോ.
ഏതായാലും ചോദ്യം സദുദ്ദേശ്യപരമാണെന്ന് മനസ്സിലായപ്പോള്‍ മഹാനവര്കള് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ഭക്ഷണത്തളിക ഇറക്കിക്കൊടുക്കുകയും ചെയ്തു. ഭൂരിഭാഗം വ്യാഖ്യാതാക്കളും ഇങ്ങനെയാണ് അഭിപ്രായപ്പെടുന്നത്.
അടുത്ത പേജില്‍ 115 ആം ആയത്തില്‍ കാണുന്ന താക്കീത് അല്ലാഹു നല്കിയതോടുകൂടി ഹവാരിയ്യുകള്‍ ഈ ആവശ്യം പിന്‍വലിച്ചുവെന്നും അങ്ങനെ തളിക ഇറക്കപ്പെടുകയുണ്ടായില്ലെന്നുമാണ് ഹസന്, മുജാഹിദ് (رحمهما الله) എന്നിവരുടെ റിപ്പോര്‍ട്ട്. ഇതാണ് വ്യാഖ്യാതാക്കളില്‍ ചിലരുടെ അഭിപ്രായം.
إن شاء الله അടുത്ത പേജില്‍ ആ വിഷയം പറയാം.
---------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment