അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 38-44) രിയാഅ്, പിശാച്, തയമ്മും
Page 85 (Juz’u 5)
അധ്യായം 4. സൂറത്തുന്നിസാഅ് - (Ayath 38-44) 7 Aayas
പിശുക്കും അതുമായി ബന്ധപ്പെട്ട മറ്റു മോശം സ്വഭാവങ്ങളും കാരണമായി മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ തയ്യാറാകാത്തവരെപ്പറ്റിയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്.
മറ്റൊരു കൂട്ടരെപ്പറ്റിയാണിനി പറയുന്നത്: ചെലവഴിക്കാന്‍ മടിയൊന്നുമില്ല, പക്ഷേ, അതിന്‍റെ ലക്ഷ്യം അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള പ്രതിഫലമോ പരലോക രക്ഷയോ ഒന്നുമല്ല; പേരും പ്രശസ്തിയുമാണ്.
ഇവരെയും അല്ലാഹുവിന് ഇഷ്ടമല്ല, പിശാചാണ് അവരുടെ കൂട്ടുകാരന്‍. ഇങ്ങനെ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നത് അവനാണ്. പിശാചുമായുള്ള കൂട്ടുകെട്ടിന്‍റെ അനന്തരഫലം വളരെ ഗുരുതരമായിരിക്കും. കാരണം, അവന്‍ മനുഷ്യരെ പിഴപ്പിക്കുകയും നരകത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
وَالَّذِينَ يُنْفِقُونَ أَمْوَالَهُمْ رِئَاءَ النَّاسِ وَلاَ يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ ۗ وَمَنْ يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا﴿٣٨﴾
ജനങ്ങളെ കാണിക്കുവാനായി സ്വധനം ചെലവുചെയ്യുകയും അല്ലാഹുവിലോ അന്ത്യ ദിനത്തിലോ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരാണവര്‍. (അവരുടെ ചങ്ങാതി പിശാചാകുന്നു.) ചെകുത്താന്‍ ആരൊരാളുടെ ചങ്ങാതിയായോ, ആ ചങ്ങാതി മഹാ ചീത്ത തന്നെ.
കൊടുക്കുന്ന സാധനത്തിന് ഏറ്റവും കൂടിയ വില തരുന്ന ആളുമായല്ലേ സാധാരണഗതിയില്‍ ഇടപാടുകള്‍ നടക്കാറുള്ളത്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കാണതിന് കഴിയുക. അതുകൊണ്ട് നമ്മുടെ അമലുകളെല്ലാം അല്ലാഹുവിന് മാത്രം കൊടുക്കുക. മികച്ച പ്രതിഫലം അവന്‍ തിരിച്ചുതരികതന്നെ ചെയ്യും.
കൊടുക്കുമ്പോള്‍പിന്നെ മട്ടത്തില്‍തന്നെ കൊടുക്കുക. ആളുകളെ കാണിക്കാനാണെങ്കില്‍ ആ കാണല്‍ മാത്രമേ ഉണ്ടാകൂ... കൊടുത്തത് പോയിക്കിട്ടും. നഷ്ടക്കച്ചവടമാണത്. രിയാഉള്ള ഏത് അമലും അല്ലാഹു തള്ളുമെന്ന കാര്യം തീര്‍ച്ചയാണ്. നിരവധി ഹദീസുകളും അതുസംബന്ധമായുണ്ട്.
ചെയ്ത അമലിന് കൂലി ഇവിടെ നിന്നുതന്നെ വാങ്ങലാണ് രിയാഅ്; ആഖിറത്തിലൊന്നും ഉണ്ടാകില്ല. മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്തത്, വിചാരണാവേളയില്‍ അവര്‍ക്കുതന്നെ കൊടുത്തേക്കാന്‍ പറയുമത്രേ അല്ലാഹു. കൂലിയും അവന്‍റെയടുത്തുനിന്ന് വാങ്ങാന്‍ പറയും. എന്‍റെയടുത്തൊന്നും ഇല്ല എന്ന് തീര്‍ത്തുപറയുകയും ചെയ്യും. പിന്നീട് നരകത്തിലേക്കയക്കുകയും ചെയ്യും.
ഇത്രയും ഗൌരവമുള്ളതുകൊണ്ടല്ലേ ദജ്ജാലിനേക്കാളും ഞാന്‍ പേടിക്കുന്നത് ഈ രിയാആണെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞത്. ഇതും ശിര്‍ക്കിന്‍റെ ലഘുവായൊരു ഇനമാണെന്നും, ഒളിഞ്ഞുകിടക്കുന്ന ശിര്‍ക്കാണെന്നും ഹദീസുകളില്‍ പരാമര്‍ശമുണ്ട്.
وَمَنْ يَكُنِ الشَّيْطَانُ لَهُ قَرِينًا فَسَاءَ قَرِينًا
പിശാച്, മുതലാളിമാരോട് പിശുക്കാനും പറയും, പാവങ്ങളോട് ഏതു വിധേനയും പൈസയുണ്ടാക്കാനുള്ള മാര്‍ഗം ഉപദേശിക്കുകയും ചെയ്യും. അങ്ങനെ എല്ലാവരെയും നാശത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.
ഇവനോടുള്ള കൂട്ടുകെട്ട് തീരെ വേണ്ട, അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ് എന്നൊക്കെ റബ്ബ് എത്രയോ തവണ പറഞ്ഞതാണ്, നമുക്കെല്ലാവര്‍ക്കും അത് ബോധ്യപ്പെട്ടതുമാണ്. എന്നിട്ടും നമ്മള്‍ പലപ്പോഴും അവന്‍റെ കൂടെക്കൂടുകയാണ്.
കൂടെക്കൂടിയിട്ട് വല്ല കാര്യവുമുണ്ടോ, ഒരു കാര്യവുമില്ലെന്നുമാത്രമല്ല, നിര്‍ണായക ഘട്ടങ്ങളില്‍ നമ്മളെയവന്‍ കൈയൊഴിയുകകൂടി ചെയ്യും. ഞാന്‍ വിളിച്ചപ്പോഴേക്കും എന്തിനാ നിങ്ങളെന്‍റെ കൂടെ പോന്നത്, എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. ഈ നരകശിക്ഷയില്‍ നിന്ന് എനിക്ക് നിങ്ങളെ രക്ഷപ്പെടുത്താനോ, നിങ്ങള്‍ക്കെന്നെ രക്ഷപ്പെടുത്താനോ കഴിയില്ല (സൂറത്തു ഇബ്റാഹീം 22).
ദുന്‍യാവില്‍നിന്നുതന്നെ ഒഴിഞ്ഞുമാറിയിട്ടില്ലേ.. ബദ്റില്‍ ‘കട്ടക്ക്’ കൂടെയുണ്ടാകുമെന്ന് മുശ്‍രിക്കുകളോട് പറഞ്ഞുനില്‍ക്കുന്നതിനിടയില്‍, മലക്കുകളിറങ്ങിവരുന്നത് കണ്ടപ്പോള്‍, ഓടി രക്ഷപ്പെട്ടില്ലേ..
സാക്ഷാല്‍ ശൈഥാന്‍ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്, നമ്മളെക്കുറിച്ച്: ‘മനുഷ്യരുടെ കാര്യം അത്ഭുതം തന്നെ. അല്ലാഹുവിനെ അവര്‍ സ്നേഹിക്കുന്നു, പക്ഷേ, ധിക്കരിക്കുകയും ചെയ്യുന്നു. എന്നെ അവര്‍ക്ക് ഭയങ്കര ദേഷ്യമാണ്, എന്നിട്ടും എന്നെയവര്‍ അനുസരിക്കുന്നു.’
പിശാചിനെ നന്നായി സൂക്ഷിക്കണം. കള്ളുഷാപ്പിന്‍റെ മുന്നില്‍ മാത്രമല്ല, പള്ളിയുടെ മുന്നിലുമുണ്ടാകും. നേര്‍വഴിയിലാണ് പിഴപ്പിക്കാനിരിക്കുക.
നമ്മളെ സ്വാധീനിക്കാനുള്ള അവസരങ്ങളുണ്ടാക്കിക്കൊടുക്കരുത്. നമ്മള്‍ പിടികൊടുക്കാതിരിക്കുക. മുങ്ങിനടക്കുക. ഇബ്‍ലീസിനെ കാണാത്തതുകൊണ്ടാണ് മുങ്ങാന്‍ കഴിയാത്തതെന്ന് പറയേണ്ടതില്ല. കാരണം, അതിനാണല്ലോ റബ്ബ് ഇത്രയും കൃത്യമായി പല സ്ഥലത്തും ഇവനെക്കുറിച്ച് മുന്നറിയിപ്പ് തരുന്നത്.
നല്ല ഈമാനും തവക്കുലും കൂടെക്കൊണ്ടുനടന്നാല്‍ ഇവന്‍റെ ദുര്‍ബോധനങ്ങളേല്‍ക്കാതെ രക്ഷപ്പെടാം (സൂറത്തുന്നഹ്ല്‍ 99). അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ-ആമീന്‍. ഒപ്പം കൂടിപ്പോയിട്ടുണ്ടെങ്കില്‍ പെട്ടെന്ന് തൌബ ചെയ്തുമടങ്ങുക. അല്ലാഹു ഏറ്റം പൊറുക്കുന്നവനും കാരുണ്യവാനുമാണല്ലോ.
അടുത്ത ആയത്ത് 39
ആളുകളെ കാണിക്കാന്‍വേണ്ടി സമ്പത്ത് ചിലവഴിക്കുന്നവര്‍, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച്, അവന്‍റെ പ്രതിഫലം ഉദ്ദേശിച്ച് ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണിനി പറയുന്നത്. അല്ലാഹു അതൊന്നും അറിയാതെ പോകില്ല. ഒട്ടും അക്രമവും അനീതിയും അവന്‍റെ ഭാഗത്തുനിന്നുണ്ടാവുകയുമില്ല.
وَمَاذَا عَلَيْهِمْ لَوْ آمَنُوا بِاللَّهِ وَالْيَوْمِ الْآخِرِ وَأَنْفَقُوا مِمَّا رَزَقَهُمُ اللَّهُ ۚ وَكَانَ اللَّهُ بِهِمْ عَلِيمًا ﴿٣٩﴾
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അവന്‍ കനിഞ്ഞേകിയ സമ്പത്തില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുന്നതിനു അവര്‍ക്ക് എന്തുണ്ട് തടസ്സം? അല്ലാഹു അവരെപ്പറ്റി സൂക്ഷ്മ ജ്ഞാനിയത്രേ.
എന്താണ് തടസ്സം, കൊടുത്താല്‍ എന്‍റെ പൈസ പോയിക്കിട്ടില്ലേ എന്ന ചിന്ത തന്നെ. പിശാചിട്ടുകൊടുക്കുന്ന ചിന്തയാണിത്.
ദാനധര്‍മങ്ങള്‍ ഒരിക്കലും സമ്പത്ത് കുറക്കുകയില്ല എന്നല്ലേ അല്ലാഹുവും തിരുനബി صلى الله عليه وسلم യും മനസ്സിലാക്കിത്തരുന്നത്. അത് നിരവധി ബറകത്തുകള്‍ക്ക് കാരണമാവുകയാണ് ചെയ്യുക. ഇരുപതോളം ആയത്തുകള്‍ ഇവ്വിഷയകമായുണ്ട്. നിരവധി ഹദീസുകളുമുണ്ട്. ചെലവഴിക്കുന്നവര്‍ക്ക് പകരം നല്‍കേണേ എന്നും അല്ലാത്തവര്‍ക്ക് നഷ്ടം നല്‍കണേ എന്നും ദിവസവും ദുആ ചെയ്യുന്ന മലക്കുകളുണ്ട്.
وَكَانَ اللَّهُ بِهِمْ عَلِيمًا
അല്ലാഹു അറിയുകയും ചെയ്യും, പകരം തരികയും ചെയ്യും. ഇത് രണ്ടും ഉറപ്പാണ്. പകരും തരുമെന്ന് മാത്രല്ല, ഇരട്ടി എന്നും അല്ല, ഒരുപാട് ഇരട്ടികളായി തരും. അടുത്ത ആയത്തില്‍ ആ വിഷയം പറയുന്നുണ്ട്. സൂറത്തുല്‍ ബഖറയില്‍ നമ്മളക്കാര്യം പഠിച്ചിട്ടുമുണ്ട്.
അടുത്ത ആയത്ത് 40
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ ۖ وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا (40)
നിശ്ചയം, അല്ലാഹു ഒരണു അളവ് അനീതി കാട്ടില്ല. കടുകിട നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും; തന്‍റെ പക്കല്‍ നിന്നുള്ള മഹത്തായ കൂലി നല്‍കുകയും ചെയ്യും.
എത്ര പാപിയാണെങ്കിലും ചെറിയൊരു കണിക ഇമാനുണ്ടെങ്കില്‍ അവനോടും അതിക്രമമില്ല. നരകത്തില്‍ നിന്ന് അവനെ മോചിപ്പിക്കും എന്ന് ഹദീസിലുണ്ട്.
إِنَّ اللَّهَ لَا يَظْلِمُ مِثْقَالَ ذَرَّةٍ
എന്തൊരു ആശ്വാസമുള്ള വാക്കാണല്ലേ. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കുകയോ ചെയ്ത നന്മക്ക് പ്രതിഫലം കൊടുക്കാതിരിക്കുകയോ ഇല്ല. എല്ലാറ്റിനും കൃത്യമായി തരും.
മീസാനില്‍ തൂക്കിക്കണക്കാക്കുന്നതും കിതാബ് കൊടുത്ത് ബോധ്യപ്പെടുത്തുന്നതും അതിനാണ്, അനീതി ലവലേശമില്ലെന്ന് കാണിക്കാന്‍. എല്ലാം ബോധ്യപ്പെടുന്ന, ബോധ്യപ്പെടുത്തുന്ന സ്ഥലമാണ് ആഖിറം.
അല്ലെങ്കിലെന്താണതിന്‍റെ ആവശ്യം? റബ്ബിനങ്ങ് അയച്ചാല്‍ പേരെ, സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും! ആര്‍ക്കെങ്കിലും ചോദ്യം ചെയ്യാനാകുമോ? ഇല്ലല്ലോ.
وَإِنْ تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا
നന്മക്ക് ഇരട്ടികള്‍ എന്നാണ് പറഞ്ഞത്, തിന്മകളെക്കുറിച്ചങ്ങനെ പറഞ്ഞിട്ടില്ല. തിന്മക്ക് ആ ഒരു കുറ്റം മാത്രമേ ഉണ്ടാകൂ, വേറെ പല സ്ഥലത്തും അത് പറഞ്ഞിട്ടുണ്ട്. സൂറത്തുല്‍ അന്‍ആം 160 ഉദാഹരണം.
ഇതെന്തൊരു റഹ്മത്താണ് അല്ലേ. ഏത് നന്മക്കും അങ്ങനെത്തന്നെയാണ്, അതെത്ര ചെറുതാണെങ്കിലും. ഇത് ശരിക്കങ്ങോട്ട് ബോധ്യമായാല്‍ മതി. പിന്നെ നമ്മള്‍ ഏത് ചെറിയ നന്മയും ഒഴിവാക്കില്ല. അശ്രദ്ധരായി പ്രതിഫലം നഷ്ടപ്പെടുത്തുകയുമില്ല.
ചെരുപ്പ് ധരിക്കുമ്പോള്‍ വലതും അഴിക്കുമ്പോള്‍ ഇടതും നമ്മള്‍ ശ്രദ്ധിക്കും. ഡ്രസണിയുമ്പോഴും അഴിക്കുമ്പോഴും ഇടതും വലതും ശ്രദ്ധിക്കും. മാര്‍ക്കറ്റിലേക്ക് കയറുമ്പോള്‍ ചൊല്ലേണ്ട ദിക്റ് മറക്കാതെ ചൊല്ലും. ഉദാഹരണായി പറഞ്ഞതാണ്. ഇങ്ങനെ ഓരോ നന്മയും വിടാതെ കൊണ്ടുനടക്കാന്‍ നേരത്തെ ആ പറഞ്ഞ ആ ബോധ്യം നമ്മളെ സഹായിക്കും.
وَإِنْ تَكُ حَسَنَةً يُضَاعِفْهَا
ഈ ഇരട്ടി എന്ന് പറഞ്ഞത് ഒരിരട്ടിയല്ല. പത്തിരട്ടിയാണ്. ഒന്നിന് പത്തല്ലേ മിനിമം. അതാണ് റബ്ബിന്‍റെ പോളിസി. ഒന്നിന് പത്ത് കിട്ടുന്ന ബിസിനസ് വേറെ വല്ലതുമുണ്ടോ.
وَيُؤْتِ مِنْ لَدُنْهُ أَجْرًا عَظِيمًا
കുറെ ഇരട്ടി കൊടുക്കും എന്ന് പറഞ്ഞ് നിര്‍ത്തുകയല്ല റബ്ബ് ചെയ്തത്. വേറെയും മഹത്തായ ഒരുപാട് പ്രതിഫലം നല്‍കും എന്നുകൂടി പറഞ്ഞാണ് ആയത്ത് അവസാനിപ്പിച്ചത്.
അടുത്ത ആയത്ത് 41
ഓരോ പ്രവാചകനെയും മഹ്ശറില്‍ വെച്ച് അല്ലാഹു വിചാരണ ചെയ്യും - പ്രബോധന ദൌത്യം യഥാവിധി നിര്‍വഹിച്ചിരുന്നോ എന്ന്. അതെ എന്ന് അവര്‍ മറുപടി നല്കും. പക്ഷേ, അനുയായികളത് നിഷേധിക്കും. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണവര്‍.
തത്സമയം തിരുനബി صلى الله عليه وسلم യുടെ ഉമ്മത്ത് പ്രവചാകന്മാര്‍ക്കനുകൂലമായി സാക്ഷി പറയും. ഉമ്മത്തിന്‍റെ സാക്ഷ്യം സത്യമാണെന്ന് തിരുനബി صلى الله عليه وسلم യും സാക്ഷ്യം വഹിക്കും.
ഈ സമയത്ത്, പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്നവര്‍ക്ക് രക്ഷയില്ലെന്നു ബോധ്യപ്പെടും. ‘ഇതിനൊന്നും ഇടവരാതെ ഞങ്ങളടക്കം ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനേ!’ എന്ന് കൊതിച്ചുപോകും.
സൂറത്തുന്നബഇല്‍ പറഞ്ഞതുപോലെ ‘ഞാന്‍ മണ്ണായിത്തീര്‍ന്നെങ്കില്‍ നന്നായേനേ! (يَا لَيْتَنِي كُنتُ تُرَابًا)’ എന്ന് ഓരോ അവിശ്വാസിയും പറഞ്ഞുപോകും. അന്നത്തെ ദിവസം, അവരുടെ ദുഷ്‌ചെയ്തികളും രഹസ്യങ്ങളും ഒന്നും തന്നെ അല്ലാഹുവിന്‍റെ മുമ്പില്‍ മറച്ചുവെക്കാനോ, അങ്ങനെ രക്ഷപ്പെടാനോ കഴിയുകയില്ല.
فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا ﴿٤١﴾
നബിയേ, എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെയും അവര്‍ക്കു സാക്ഷിയായി താങ്കളെയും നാം ഹാജരാക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി?
നമ്മളും സാക്ഷ്യം പറയും. ഈ ഉമ്മത്തിന്‍റെ മാത്രം പ്രത്യേകതയാണത്. സൂറത്തുല്‍ ബഖറ 143 ലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ പ്രത്യേകതക്ക് കാരണം, തിരുനബി صلى الله عليه وسلمയുടെ ഉമ്മത്തായി എന്നതുമാത്രം. വേറെ എന്ത് യോഗ്യതയാണ് നമുക്കുള്ളത്?!
ഈ ശ്രേഷ്ഠസ്ഥാനം മുഖവിലെടുക്കണം നമ്മള്‍. വിലകളയാതെ കാത്തുസൂക്ഷിക്കണം. ആ അന്തസ്സിന് ചേരുന്നതേ ചെയ്യാന്‍ പാടുള്ളൂ. എന്നാലേ, ഈ ഉമ്മത്തിനുള്ള ആനുകൂല്യങ്ങളാസ്വദിക്കാന്‍ അര്‍ഹതയുണ്ടാകൂ.
ഈ സാക്ഷിപറയലടക്കം ഒരുപാട് ആനുകൂല്യങ്ങള്‍ ഖിയാമ നാളിലുണ്ട്. നിങ്ങളുടെ ഉമ്മത്തിനെ ഞാന്‍ കൈവെടിയില്ലെന്നും ഉമ്മത്തിന്‍റെ കാര്യത്തില്‍ അങ്ങയെ തൃപ്തിപ്പെടുത്തുമെന്നും ഉറപ്പ് കൊടുത്തിട്ടുണ്ട് റബ്ബ് തിരുനബി صلى الله عليه وسلمക്ക്.
فَكَيْفََ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا
ഓതുമ്പോഴെല്ലാം തിരുനബി صلى الله عليه وسلم കരഞ്ഞുപോയിരുന്ന ആയത്താണിത്. ആ രംഗമങ്ങനെ ആലോചിച്ച് കണ്ണീര്‍വാര്‍ക്കും. മഹ്ശറാ വന്‍സഭയില്‍ എല്ലാ പ്രവാചകന്മാര്‍ക്കു വേണ്ടിയും തിരുനബി صلى الله عليه وسلم സാക്ഷ്യം വഹിക്കുമെന്നത് നിസ്തുലമായ ഒരു മാഹാത്മ്യം തന്നെയാണല്ലോ.
അടുത്ത ആയത്ത് 42
മുകളില്‍ പറഞ്ഞതുപോലെ, സാക്ഷി പറയുന്ന ദിവസം സത്യനിഷേധികളുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കും. അവരാകെ പരിഭ്രാന്തരാകും. രക്ഷയില്ലെന്നു ബോധ്യപ്പെടും. ‘ഇതിനൊന്നും ഇടവരാതെ ഞങ്ങളടക്കം ഭൂമി സമനിരപ്പാക്കപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായേനേ!’ എന്ന് കൊതിച്ചുപോകും.
മനുഷ്യരുടെ വായകള്‍ മുദ്രചെയ്യപ്പെടും. അവയവങ്ങള്‍ മുഴുവന്‍കാര്യങ്ങളും ഏറ്റുപറയും. ഒന്നും മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. (സൂറത്തു യാസീന്‍ 59-65 ലും ഇത് കാണാം).
يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّىٰ بِهِمُ الْأَرْضُ وَلَا يَكْتُمُونَ اللَّهَ حَدِيثًا﴿٤٢﴾
നിഷേധികളാവുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവരെല്ലാം തങ്ങള്‍ മണ്ണോടു ചേര്‍ന്നിരുന്നെങ്കില്‍ എന്ന് ആ ദിവസം അഭിലഷിച്ചു പോകും. ഒരു വിഷയവും അല്ലാഹുവില്‍ നിന്നു ഒളിച്ചു വെക്കാന്‍ അവര്‍ക്കാവില്ല.
അടുത്ത ആയത്ത് 43
പരലോകരംഗങ്ങളുടെ ഭയാനകതയെക്കുറിച്ച് പറഞ്ഞ ശേഷം അവിടെ രക്ഷപ്പെടാനുള്ള പ്രധാനമാര്‍ഗമായ നമസ്‌കാരത്തെക്കുറിച്ചും അനുഷ്ഠാനപരമായ ചില നിയമങ്ങളെക്കുറിച്ചും പറയുകയാണ്.
മദ്യപാനം നിരോധിച്ചത് രണ്ടു മൂന്നു ഘട്ടങ്ങളിലായിട്ടാണെന്ന് സൂറത്തുല്‍ ബഖറയില്‍ പഠിച്ചിരുന്നല്ലോ. അത് പൂര്‍ണമായും നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു ഈ സൂക്തം അവതരിച്ചത്.
ആദ്യഘട്ടം: അതില്‍ ചില ഗുണങ്ങളും ദോഷങ്ങളുമുണ്ടെങ്കിലും ദോഷമാണ് കൂടുതലും (അല്‍ബഖറ: 219). ഇങ്ങനെയൊരു നിരുത്സാഹനം വന്നപ്പോള്‍, ചിലരൊക്കെ മദ്യപാനം നിറുത്തി. എന്നാലും പലരുമത് തുടര്‍ന്നുകൊണ്ടിരുന്നു. അതുകാരണം ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി. ചിലര്‍ മദ്യപിച്ച് ലഹരി ബാധിച്ച് നമസ്‌കരിച്ചു, ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റി ഓതി. ഇതിനെത്തുടര്‍ന്നാണ് ഇനി നമ്മള്‍ പഠിക്കുന്ന ആയത്തിലുള്ള രണ്ടാം ഘട്ട നിരോധനം വന്നത്. അതായത്, ലഹരിബാധിച്ചവരായി നമസ്‌കാരത്തെ സമീപിക്കരുതെന്ന്.
ഈ വാക്യം അവതരിച്ച ശേഷം പലരും മദ്യപാനം പാടെ ഉപേക്ഷിച്ചുവെങ്കിലും, നമസ്‌കാരത്തെ ബാധിക്കാത്ത നിലയില്‍ ചിലര്‍ പിന്നെയും ഉപയോഗിച്ചുവന്നു. ഇശാഅ് നമസ്‌കരിച്ച ശേഷം കുടിക്കും. സ്വുബ്ഹ് ആകുമ്പോഴേക്ക് ലഹരിയൊക്കെ മാറുകയും ചെയ്യും.
അധികം താമസിയാതെത്തന്നെ, പാടേ ഒഴിവാക്കേണ്ടതാണീ മദ്യപാനം എന്നൊരു തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായി. അങ്ങനെയാണ് തിരുനബി صلى الله عليه وسلم യോട് അന്തിമ തീരുമാനം പലരും ആരാഞ്ഞത്. അപ്പോഴാണ് അവസാന ഘട്ട നിരോധനമായി, സൂറത്തുല്‍ മാഇദ 90-93 വരെയുള്ള ആയത്തുകളവതരിച്ച് മദ്യപാനം കര്‍ശനമായി നിരോധിച്ചത്. ഇതോടെ മുസ്‌ലിംകളത് പാടെ ഉപേക്ഷിക്കുകയും ചെയ്തു.
يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا﴿٤٣﴾
സത്യവിശ്വാസികളേ, ലഹരിബാധിതരായി നിങ്ങള്‍ നമസ്‌കാരത്തോടടുക്കരുത്-ഉരുവിടുന്നത് എന്താണ് എന്നു മനസ്സിലാകുന്നത് വരെ. ജനാബത്തുണ്ടായാല്‍ കുളിക്കുന്നതുവരെയും (നിസ്കാരത്തോടടുക്കരുത്) - വഴികടന്നുപോകുന്നവരായിട്ടല്ലാതെ (പള്ളിയില്‍ താമസിക്കരുത്). ഇനി നിങ്ങള്‍ രോഗികളോ യാത്രയിലോ ആയി, അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു, അഥവാ സ്ത്രീകളെ സ്പര്‍ശിച്ചു. എന്നിട്ട്, വെള്ളം കിട്ടാതെ വന്നുവെങ്കില്‍ ശുദ്ധിയുള്ള മണ്ണ് ലക്ഷീകരിക്കുകയും അതുകൊണ്ട് മുഖങ്ങളും കൈകളും തടവുകയും ചെയ്യുക. അല്ലാഹു ഏറെ മാപ്പരുളുന്നവനും ഏറ്റം പൊറുക്കുന്നവനും തന്നെയാകുന്നു.
മഹോന്നതനായ അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍, അവനുമായി നേരിട്ട് സംഭാഷണം നടത്തുന്ന അതിമഹത്തായ ഇബാദത്താണല്ലോ നമസ്‌കാരം. പൂര്‍ണമായ ഹൃദയസാന്നിദ്ധ്യത്തോടും ശുദ്ധിയോടും കൂടി ആവണമത്.
وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ
ജനാബത്തുകാരായും സമീപിക്കരുത്. വലിയ അശുദ്ധി ഉള്ളവര്‍ കുളിച്ച് ശുദ്ധിയാകുന്നതുവരെ നമസ്‌കാരത്തെ സമീപിക്കരുതെന്നര്‍ത്ഥം.
‘ജനാബത്ത്’ എന്ന വാക്കിന് ‘അകന്നു നില്‍ക്കുക, ദൂരെയാവുക’ എന്നാണര്‍ഥം. സംയോഗം, ഇന്ദ്രിയസ്ഖലനം എന്നിവ മൂലമുണ്ടാകുന്ന വലിയ അശുദ്ധിയാണ് സാങ്കേതികമായ ഉദ്ദേശ്യം.
إِلَّا عَابِرِي سَبِيلٍ
ജനാബത്തുകാരായിരിക്കെ, എന്തെങ്കിലും ആവശ്യാര്‍ത്ഥം പള്ളിയിലൂടെ നടന്നുപോകുന്നതിന് വിരോധമില്ല, പള്ളിയില്‍ തങ്ങാന്‍ പാടില്ല. പ്രമുഖ വ്യാഖ്യാതാക്കളെല്ലാം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. വേറെയും അഭിപ്രായങ്ങള്‍ ഇവിടെയുണ്ട്.
മസ്ജിദുന്നബവിയുടെ തൊട്ടടുത്ത വീടുകളില്‍ താമസിച്ചിരുന്ന ചില അന്‍സ്വാരി സ്വഹാബികളുടെ വാതിലുകള്‍ പള്ളിയിലേക്കായിരുന്നു. അവര്‍ക്ക് ജനാബത്തുണ്ടാകുമ്പോള്‍ വെള്ളം കൊണ്ടുവരുവാനും മറ്റും പള്ളിയിലൂടെ കടന്നു പോകേണ്ടിയിരുന്നു. അതിന് അനുമതി നല്‍കുകയാണ് ഈ വാക്യം.
وَإِنْ كُنْتُمْ مَرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا﴿٤٣﴾
വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത ഘട്ടങ്ങളില്‍ എന്തു ചെയ്യണമെന്ന് പറയുകയാണ്. തയമ്മും ചെയ്യാവുന്നതാണ്.
രോഗം മൂലം വെള്ളമുപയോഗിക്കാന്‍ പറ്റാതാവുകയോ അല്ലെങ്കില്‍ വെള്ളം കിട്ടാതെ വരികയോ ചെയ്യുമ്പോള്‍ വുളൂവിനും കുളിക്കും പകരമായി തയമ്മും ചെയ്താല്‍ മതിയാകും. അതിന്‍റെ നിയമവ്യവസ്ഥകളും വശദീകരണങ്ങളും കര്‍മ ശസ്ത്ര ഗ്രന്ഥങ്ങളിര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കരുതുക എന്നാണ് തയമ്മുമിന്‍റെ വാക്കര്‍ത്ഥം. ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നാണ് ശറഇയ്യായ അര്‍ത്ഥം.
മണ്ണില്‍ രണ്ടു പ്രാവശ്യം അടിക്കുകയും ഒന്നാമത്തെ അടികൊണ്ട് മുഖവും രണ്ടാമത്തെ അടികൊണ്ട് ഇരുകൈകളും തടകുകയും വേണമെന്നാണ് ശാഫിഈ മദ്ഹബ്.
തയമ്മുമിന് ശുദ്ധിയുള്ള മണ്ണുതന്നെ വേണം. ഇതാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം.
നാല് അവസ്ഥകളാണ് ഈ ആയത്തില്‍ എടുത്തുപറഞ്ഞത്:
(1) രോഗിയാവുക. പേരിന് രോഗിയായാല്‍ പോരാ. വെള്ളം ഉപയോഗിക്കുന്നതുമൂലം കാര്യമായ വല്ല ദോഷവും ബാധിച്ചേക്കുന്ന രോഗമാകണം.
(2) യാത്രയിലാവുക. സാധാരണഗതിയില്‍ യാത്ര (سَفَر) എന്നു പറയപ്പെടാവുന്ന സഞ്ചാരമായാല്‍ മതി. ദീര്‍ഘയാത്രയെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ലല്ലോ.
(3) മലമൂത്രവിസര്‍ജ്ജന സ്ഥലത്തുനിന്നു വരിക. അതായത്, മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യുക. ചെരിഞ്ഞ, താഴ്ന്ന സ്ഥലം എന്നൊക്കെയാണ് غَآئِط ന്‍റെ വാക്കര്‍ഥം. ജനങ്ങളില്‍ നിന്ന് മറക്കിരിക്കാന്‍ അത്തരം സ്ഥലങ്ങളിലാണല്ലോ ഇരിക്കാറുള്ളത്. അതുകൊണ്ട് മറക്കിരിക്കുന്ന സ്ഥലം –എന്ന അര്‍ഥത്തില്‍ അത് ഉപയോഗിക്കപ്പെട്ടുവരുന്നു. ‘കാഷ്ടം എന്ന അര്‍ഥവുമുണ്ട്.
(4) അന്യ സ്ത്രീകളെ മറയില്ലാതെ തൊടുക
സ്ത്രീകളെ തൊട്ടാല്‍ എന്ന അര്‍ത്ഥം നല്‍കിയത് ഇബ്‌നുമസ്ഊദ്, ഇബ്‌നുഉമര്‍(رضي الله عنهم) തുടങ്ങി അനേകം മഹാന്മാരുടെ അഭിപ്രായമനുസരിച്ചാണ്. സ്ത്രീകളെ മറയില്ലാതെ തൊട്ടാല്‍ വുളു മുറിയും. ഇമാം ശാഫിഈ, ഇമാം മാലിക് എന്നിവരുടെ മദ്ഹബും, ഇമാം അഹ്മദിന്‍റെ رحمة الله عليهم പ്രസിദ്ധമായ അഭിപ്രായവും അതുതന്നെയാണ്.
ഇബ്‌നുഅബ്ബാസ്(رضي الله عنهما) തുടങ്ങി പലരും 'സ്ത്രീകളെ സംയോഗം ചെയ്യുക' എന്നാണ് ഈ വാക്യത്തിനര്‍ത്ഥം നല്‍കിയത്. ഇതനുസരിച്ച്, തൊട്ടതുകൊണ്ടുമാത്രം വുളുമുറിയില്ല എന്നാണ് ഹനഫീ മദ്ഹബിലെ അഭിപ്രായം.
തയമ്മും ഈ ഉമ്മത്തിന്‍റെ മാത്രം പ്രത്യേകതയാണ്. മുൻ സമുദായങ്ങൾക്ക് തയമ്മും നിയമമാക്കപ്പെട്ടിരുന്നില്ല. ഒരു ഹദീസിലിങ്ങനെയുണ്ട്: മൂന്ന് കാര്യങ്ങള്‍ കൊണ്ട് മറ്റുള്ളവരേക്കാള്‍ നമുക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരത്തിലെ) അണികള്‍ മലക്കുകളുടെ അണികളെപ്പോലെയാണ്. ഭൂമി മുഴുവനും നമുക്ക് പള്ളിയാണ് (നമസ്‌കരിക്കാന്‍ പറ്റുന്ന സ്ഥലം). വെള്ളം കിട്ടിയില്ലെങ്കില്‍ അതിലെ മണ്ണുപയോഗിച്ച് നമുക്ക് ശുദ്ധിവരുത്താവുന്നതാണ്.
തയമ്മും നിയമമാക്കപ്പെട്ടതുസംബന്ധമായി ഹദീസ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ആയിശ(رضي الله عنها) പറയുന്നു: ഞങ്ങള്‍ തിരുമേനി(صلى الله عليه وسلم) യോടൊപ്പം ഒരു യാത്രയില്‍ പുറപ്പെട്ടു. ബൈദാഇല്‍ അല്ലെങ്കില്‍ ദാത്തുല്‍ ജൈശില്‍ എത്തിയപ്പോള്‍ എന്‍റെ മാല വീണുപോയി. തിരുമേനി(صلى الله عليه وسلم) അതു തെരഞ്ഞുപിടിക്കാന്‍ വേണ്ടി അവിടെ നിന്നു. ജനങ്ങളും തിരുമേനി(صلى الله عليه وسلم) യോടൊപ്പം നിന്നു. അവരുടെ കൂടെ വെള്ളമുണ്ടായിരുന്നില്ല.
അവസാനം ജനങ്ങള്‍ അബൂബക്ര്‍(رضي الله عنه)ന്‍റെ അടുക്കലെത്തി പരാതി പറഞ്ഞു: ആയിശ(رضي الله عنها) ചെയ്തതു നിങ്ങള്‍ കാണുന്നില്ലേ? തിരുമേനി(صلى الله عليه وسلم)യുടെ യാത്ര അവര്‍ തടസ്സപ്പെടുത്തി. ജനങ്ങളുടേതും. ആളുകള്‍ക്കാണെങ്കില്‍ വെളളം കിട്ടാനില്ല. അവര്‍ കൂടെ വെള്ളം കൊണ്ടുവന്നിട്ടുമില്ല.
ഉടനെ അബൂബക്ര്‍(رضي الله عنه) എന്‍റെയടുത്തേക്ക് വന്നു. തിരുമേനി(صلى الله عليه وسلم) എന്‍റെ മടിയില്‍ തലവെച്ച് കിടന്നുറങ്ങിക്കഴിഞ്ഞിരുന്നു. അബൂബക്ര്‍(رضي الله عنه) പറഞ്ഞു: തിരുമേനി(صلى الله عليه وسلم)യുടെയും ജനങ്ങളുടെയും യാത്ര നീ തടസ്സപ്പെടുത്തി. ആളുകള്‍ വെള്ളമുള്ള സ്ഥലത്തല്ല ഉള്ളത്. അവര്‍ വെള്ളം കൂടെ കൊണ്ടുവന്നിട്ടുമില്ല.
ആയിശ(رضي الله عنها) പറയുന്നു: അബൂബക്ര്‍(رضي الله عنه) എന്തെക്കെയോ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി. മാത്രമല്ല. എന്‍റെ വാരിയെല്ലുകളുടെ താഴെ കൈകൊണ്ട് കുത്താന്‍ തുടങ്ങി. തിരുമേനി(صلى الله عليه وسلم) എന്‍റെ കാല്‍ തുടയിന്മേല്‍ തല വെച്ചു ഉറങ്ങിയിരുന്നതാണ് എന്നെ ചലനത്തില്‍ നിന്നും തടഞ്ഞത് (വേദനയുണ്ടായിട്ടും അവിടുത്തെ ഉറക്കത്തെ തടസ്സപ്പെടുത്തരുതെന്ന ചിന്ത).
അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ തിരുമേനി(صلى الله عليه وسلم) ഉണ്ടായിരുന്നത് വെള്ളമില്ലാത്തൊരു സ്ഥലത്തായിരുന്നു. അപ്പോള്‍ അല്ലാഹു തയമ്മും ചെയ്യാനുള്ള ആയത്തുകള്‍ അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും തയമ്മും ചെയ്യുകയും ചെയ്തു.
ഹുസൈദ്ബ്നുഹുളൈര്‍ رضي الله عنهപറഞ്ഞു. അബൂബക്റിന്‍റെ കുടുംബമേ! ഇതു നിങ്ങളുടെ ഒന്നാമത്തെ ബറക്കത്തല്ല. ആയിശ(رضي الله عنها) പറയുന്നു: അവസാനം ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തെ ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അതിനിടയില്‍ നിന്ന് മാല കണ്ടു കിട്ടി. (ബുഖാരി)
إِنَّ اللَّهَ كَانَ عَفُوًّا غَفُورًا
അല്ലാഹു മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമായതുകൊണ്ടാണ് വുളുവിന് കഴിയാത്തപ്പോള്‍ തയമ്മും അനുവദിച്ചത്.
അടുത്ത ആയത്ത് 44
പല നിയമവിധികളെ കുറിച്ചും പറഞ്ഞുകഴിഞ്ഞ ശേഷം, ഇനിയുള്ള മൂന്ന് ആയത്തുകളില്‍ (44-46) പൂര്‍വ സമുദായങ്ങളുടെ ചരിത്രം വിവരിക്കുകയാണ്. വിഷയങ്ങള്‍ മാറ്റി മാറ്റി പറയുക എന്നത് ഖുര്‍ആന്‍റെ രീതിയാണ്. ശ്രോതാക്കള്‍ക്ക് ആവേശമുണ്ടാക്കാന്‍ അത് സഹായകമാണല്ലോ.
അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമായ തൗറാത്തും ഇന്‍ജീലും കൈയില്‍ വെച്ചുകൊണ്ടുതന്നെ ദുര്‍മാര്‍ഗം പുല്‍കിയ വേദക്കാര്‍ ഗുരുതരമായ നഷ്ടത്തിലും പരാജയത്തിലുമാണ് എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്.
അല്ലാഹുവിന്‍റെ കിതാബ് നല്‍കപ്പെട്ടിട്ടുകൂടി സന്മാര്‍ഗത്തിനു പകരം ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുകയും തങ്ങളെപോലെ മുസ്‌ലിംകളും സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കണമെന്നുദ്ദേശിക്കുകയും ചെയ്യുന്നവരാണവര്‍.
أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يَشْتَرُونَ الضَّلَالَةَ وَيُرِيدُونَ أَنْ تَضِلُّوا السَّبِيلَ (44)
വേദത്തില്‍ നിന്ന് ഒരു ഓഹരി നല്‍കപ്പെട്ടവരെ താങ്കള്‍ കണ്ടില്ലേ? അവര്‍ ദുര്‍മാര്‍ഗം വിലകൊടുത്തു വാങ്ങുകയും നിങ്ങള്‍ വഴിപിഴച്ചു പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.
ദുര്‍മാര്‍ഗം വിലകൊടുത്തുവാങ്ങുന്നവര്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഇന്നും അത്തരക്കാരെ കാണാം. ദീനായാലും ദുന്യാവായാലും, കാശ് കിട്ടുമെന്ന് കണ്ടാല്‍ ദീന്‍ വലിച്ചെറിയുന്നവര്‍. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.
മുസ്‍ലിംകളേ, നിങ്ങളുടെ ശത്രുക്കളെപ്പറ്റി അല്ലാഹുവിനു നന്നായറിയാം. നിങ്ങള്‍ക്ക് രക്ഷകനും സഹായിയുമായി അല്ലാഹു തന്നെ മതി എന്നാണിനി അടുത്ത പേജില്‍ അല്ലാഹു പറയുന്നത്. അവിടെ പഠിക്കാം-إن شاء الله
------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment