അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 102-105) വഞ്ചകര്‍ക്കു വേണ്ടി വാദിക്കരുത്
യാത്രയില്‍ നിസ്കാരം ഖസ്റാക്കുന്നത് സംബന്ധിച്ചാണല്ലോ കഴിഞ്ഞ പേജില്‍ പറഞ്ഞിരുന്നത്. പൊതുവെ ശത്രുക്കളെ പേടിച്ച് യാത്ര ചെയ്തിരുന്ന കാലമായിരുന്നു അതെന്നും സൂചിപ്പിച്ചു.
ഇങ്ങനെ പേടിയുണ്ടാകുമ്പോള്‍ ശരിയായ രൂപത്തില്‍ നിസ്കരിക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. ആ സന്ദര്‍ഭങ്ങളില്‍ നിസ്കരിക്കാന്‍ ചില പ്രത്യേക രൂപങ്ങളുണ്ട്. അത്തരം നിസ്കാരത്തിനാണ് صَلاَةُ الخَوْف (പേടിസമയത്തുള്ള നിസ്കാരം) എന്ന് പറയുക. അതിന്‍റെ പ്രധാന വശങ്ങളാണ് ഇനി പറയുന്നത്.
ശത്രുക്കളെക്കുറിച്ച് ഭയമുണ്ടായിരുന്ന സന്ദര്‍ഭങ്ങളില്‍ പല രൂപത്തിലും തിരുനബി (صلى الله عليه وسلم) നമസ്‌കരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇതിന്‍റെ വിവിധരൂപങ്ങള്‍ വിസ്തരിക്കപ്പെട്ടിട്ടുമുണ്ട്.
മുസലിംകളുടെമേല്‍ ചാടിവീഴാന്‍ ശത്രുക്കള്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ നമസ്‌കാരവേളയില്‍ പോലും അക്കാര്യത്തില്‍ തികഞ്ഞ ശ്രദ്ധയുള്ളവരായിരിക്കണമെന്നും ഉണര്‍ത്തുകയാണ്. അപ്പോഴും നമസ്‌കാരം ഉപേക്ഷിക്കരുത്. അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന ശ്രേഷ്ഠകര്‍മമാണത്.
മാത്രമല്ല ഈ സമയത്തെ നമസ്‌കാരം പോലും സംഘടിതമായി നിര്‍വഹിക്കണമെന്നും കല്‍പിക്കുകയാണ്. ജമാഅത്ത് നമസ്‌കാരത്തിന്‍റെ പ്രാധാന്യവും ശ്രേഷ്ഠതയുമാണിത് വിളിച്ചോതുന്നത്.
ഇനി ഇവിടെ പറയുന്ന രൂപത്തിലൊന്നും നമസ്‌കരിക്കാന്‍ സാധിക്കാതെ വന്നാല്‍ (ഏറ്റുമുട്ടലുകള്‍ നടന്നു കൊണ്ടിരിക്കുമ്പോഴും മറ്റും അങ്ങനെയും വരാമല്ലോ), എങ്ങനെയാണോ ഓരോരുത്തര്‍ക്കും സാധിക്കുന്നത്, നടന്നോ വാഹനത്തിന്മേലോ ഖിബ്‌ലക്ക്‌നേരെ തിരിഞ്ഞോ അല്ലാതെയോ സാധ്യമായ ഏതെങ്കിലും നിലക്ക് നമസ്‌കരിക്കണം. സൂറത്തുല്‍ ബഖറ 239 ല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ശത്രുക്കള്‍ തക്കം പാര്‍ത്തിരിക്കുക പതിവുള്ള കാലമായിരുന്നു അത്. നിസ്കാരത്തിന്‍റെ സമയത്ത്, പ്രത്യേകിച്ച് റുകൂഇലും സുജൂദിലും ചാടിവീഴാന്‍ പദ്ധതിയിടുകയും ചെയ്യാറുണ്ടായിരുന്നു. ഈ പദ്ധതികളെല്ലാം തിരുനബി صلى الله عليه وسلمയെ അല്ലാഹു അറിയിക്കുകയും പേടിയുടെ നമസ്കാരത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും ചെയ്തതാണ് ഈ ആയത്തുകളുടെ അവതരണപശ്ചാത്തലം.
صَلاَةُ الخَوْف ന്‍റെ രൂപം ഇവിടെ വിവരിക്കുന്നതിങ്ങനെയാണ്: സൈന്യത്തെ രണ്ടായി വിഭജിക്കുക. എന്നിട്ട് ഒരു വിഭാഗത്തെ കൂട്ടി തിരുനബി (صلّى الله عليه وسلّم) നമസ്‌കാരം ആരംഭിക്കുക. സുജൂദ് കഴിഞ്ഞ് തിരുനബി صلى الله عليه وسلم രണ്ടാം റക്അത്തിലേക്ക് എഴുന്നേറ്റാല്‍, ആ വിഭാഗക്കാര്‍ ഇമാമുമായി വേര്‍പിരിയുന്നുവെന്ന് കരുതി ഒറ്റക്ക് നിസ്കാരം പൂര്‍ത്തിയാക്കുക. എന്നിട്ട് പിന്നോട്ടുമാറി ശത്രുക്കള്‍ വരുന്നതുനോക്കി നില്‍ക്കുക.
ഇമാം അപ്പോഴും ഖിയാമില്‍ കാത്തുനില്‍ക്കും. ഇനി മറ്റേ വിഭാഗം മുമ്പോട്ട് വന്ന് തിരുനബി (صلّى الله عليه وسلّم) യോടൊപ്പം ഇതേപോലെ ഒരു റക്അത്ത് നമസ്‌കരിക്കും. തിരുനബി صلى الله عليه وسلم അത്തഹിയ്യാത്തിനിരിക്കുമ്പോള്‍, ഈ രണ്ടാം ടീം സുജൂദില്‍ നിന്ന് നേരെ എഴുന്നേറ്റ് ബാക്കിയുള്ള റക്അത്ത് പൂര്‍ത്തിയാക്കും. തിരുനബിصلى الله عليه وسلم അവരെ അത്തഹിയ്യാത്തില്‍ കാത്തിരിക്കും. അവര്‍ ആ റക്അത്ത് പൂര്‍ത്തിയാക്കി തിരുനബിصلى الله عليه وسلم യോടൊപ്പം ചേരും. എന്നിട്ട് ഇമാം അവരൊന്നിച്ച് സലാം വീട്ടും. ഇതാണേറ്റവും ശ്രേഷ്ഠമായ രൂപമെന്നും അഭിപ്രായമുണ്ട്. ദാത്തുര്‍രിഖാഅ് (ذات الرقاع)സംഭവസമയത്ത് ഇങ്ങനെ നിസ്കരിച്ചതായി ഹദീസുകളിലുണ്ട്.
ദാത്തുര്‍രിഖാഅ് യുദ്ധത്തില്‍ നബി صلى الله عليه وسلم സ്വഹാബികള്‍ക്ക് ഒന്നടങ്കം ഇമാമായി ളുഹ്‌റ് നമസ്‌കരിച്ചു. അതു തീര്‍ന്നപ്പോള്‍ ശത്രുക്കള്‍ നഷ്ടബോധം പങ്കുവെച്ചുവത്രേ: ഈ നമസ്‌കാരവേളയില്‍ മുസ്‌ലിംകളുടെ മേല്‍ ഒന്നായി ചാടിവീണ് അവരെ കൂട്ടമായി നശിപ്പിക്കാമയിരുന്നില്ലേ നമുക്ക്? അപ്പോള്‍ നിഷേധികളില്‍ പെട്ട ഒരാളുടെ ബുദ്ധി ഉണര്‍ന്നു: അതു സാരമില്ല, കുറച്ചു കഴിഞ്ഞാല്‍ ഇതിനേക്കാള്‍ പ്രിയംകരമായ മറ്റൊരു നമസ്‌കാരം (അസ്ര്‍) അവര്‍ക്ക് വരാനുണ്ട്. അതില്‍ പരിപാടി നടപ്പാക്കാമല്ലോ. അപ്പോഴാണ് പുതിയരീതിയിലുള്ള നമസ്‌കാരവുമായി ഈ ആയത്തിറങ്ങിയത്.
وَإِذَا كُنْتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِنْهُمْ مَعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِنْ وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ ۗ وَدَّ الَّذِينَ كَفَرُوا لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُمْ مَيْلَةً وَاحِدَةً ۚ وَلَا جُنَاحَ عَلَيْكُمْ إِنْ كَانَ بِكُمْ أَذًى مِنْ مَطَرٍ أَوْ كُنْتُمْ مَرْضَىٰ أَنْ تَضَعُوا أَسْلِحَتَكُمْ ۖ وَخُذُوا حِذْرَكُمْ ۗ إِنَّ اللَّهَ أَعَدَّ لِلْكَافِرِينَ عَذَابًا مُهِينًا (102)
താങ്കള്‍ അനുയായികളൊന്നിച്ചാവുകയും അവര്‍ക്ക് ഇമാമായി നമസ്‌കരിക്കുകയുമാണെങ്കില്‍ അവരിലൊരു വിഭാഗം ആയുധ പാണികളായി താങ്കളൊന്നിച്ചു നമസ്‌കരിക്കട്ടെ. അവരുടെ നമസ്‌കാരം തീര്‍ന്നാല്‍ പിന്നിലേക്കുമാറുകയും നമസ്‌കരിക്കാത്ത മറ്റേ വിഭാഗം വന്ന് ജാഗ്രത്തുക്കളും ആയുധ പാണികളുമായി താങ്കളൊന്നിച്ചു നമസ്‌കരിക്കുകയും ചെയ്യട്ടെ. സ്വന്തം ആയുധങ്ങളെയും സാധനങ്ങളെയും കുറിച്ച് നിങ്ങള്‍ അശ്രദ്ധരായാല്‍ തല്‍ക്ഷണം ഒരൊറ്റ ആഞ്ഞടി നടത്താമെന്നാണ് സത്യനിഷേധികളുടെ പൂതി! ഇനി മഴ മൂലം ബുദ്ധിമുട്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ നിങ്ങള്‍ ആയുധം താഴെ വെക്കുന്നതിനു കുഴപ്പമില്ല; എന്നാലും നിതാന്ത ജാഗ്രത പുലര്‍ത്തണം. സത്യനിഷേധികള്‍ക്ക് അല്ലാഹു അപമാനകരമായ ശിക്ഷ ഒരുക്കിവെക്കുക തന്നെ ചെയ്തിരിക്കുന്നു.
സമയ-സ്ഥല-സാഹചര്യങ്ങള്‍ക്കനുസരിച്ച് പല രൂപത്തിലും നിസ്കരിക്കേണ്ടിവരും. ശത്രുസൈന്യം ഖിബ്‍ലയുടെ നേരെയാണെങ്കില്‍ ഒരു രൂപം, അല്ലങ്കില്‍ മറ്റൊരു രൂപം. പിന്നെുയുള്ളത് യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയം. അപ്പോള്‍പിന്നെ സാധ്യമാകുംവിധം നിസ്കരിക്കുകയാണ് വേണ്ടത്.
ഈ നമസ്‌കാരം തിരുനബി (صلّى الله عليه وسلّم) ഒന്നിലധികം രൂപത്തില്‍ നിര്‍വഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതായത് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ രൂപമായിരുന്നു തിരുനബി صلى الله عليه وسلم സ്വീകരിച്ചിരുന്നത്. എല്ലാസമയത്തും ഒരു പ്രത്യേക രൂപത്തില്‍ മാത്രമായിരുന്നില്ല നിസ്കരിച്ചത് എന്നര്‍ത്ഥം.
മുസ്‌ലിം സൈന്യത്തിന്‍റെയും ശത്രുസൈന്യത്തിന്‍റെയും എണ്ണത്തിലുള്ള താരതമ്യം, ഇരുകൂട്ടരും നില്‍ക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകത, നിര്‍വ്വഹിക്കപ്പെടുന്ന നമസ്‌കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണം, സംഘട്ടനങ്ങളുടെ സ്വഭാവം തുടങ്ങി പലതും, അതുപോലെ യുദ്ധക്കളത്തില്‍ സംഘട്ടനം ആരംഭിച്ചിട്ടുണ്ടോ ഇല്ലേ എന്ന വസ്തുതയുമൊക്കെ കണക്കിലെടുക്കുമ്പോള്‍, ഒരേ രൂപം എല്ലാസമയത്തും പ്രായോഗികമായിരിക്കില്ലല്ലോ. തിരുനബി (صلّى الله عليه وسلّم) സ്വീകരിച്ച രൂപങ്ങളെല്ലാംതന്നെ, അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടിയ അടിസ്ഥാന രൂപത്തില്‍ നിന്നും പുറത്തുപോകുന്നില്ലെന്നും, വിശദാംശങ്ങളില്‍ മാത്രം സന്ദര്‍ഭത്തിനൊത്ത മാറ്റങ്ങള്‍ സ്വീകരിക്കുകയാണ് അവിടുന്ന് ചെയ്തിട്ടുള്ളതെന്നും മനസ്സിലാക്കാം.
നിയമങ്ങള്‍ പറയുമ്പോള്‍, ആ നിയമത്തിന് ആസ്പദമായ തത്വങ്ങള്‍, അതിലടങ്ങിയ യുക്തികള്‍, അത് നിര്‍ഹിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നിവ കൂടി പറയുകയെന്നത് വിശുദ്ധ ഖുര്‍ആന്‍റെ പതിവാണല്ലോ. ഈ വചനങ്ങളിലും അതുണ്ട്:
ആദ്യവിഭാഗം തിരുനബി (صلّى الله عليه وسلّم)യൊന്നിച്ചു നമസ്‌കരിക്കണമെന്ന് പറഞ്ഞതോടൊപ്പം ആയുധങ്ങള്‍ കൂടി കൈയിലെടുക്കണം (وَلْيَأْخُذُوا أَسْلِحَتهُمْ) എന്ന് ഉപദേശിച്ചിരിക്കുന്നു. നമസ്‌കാരത്തിലായിതുകൊണ്ട് ആയുധം ധരിച്ചുകൂടാ എന്നു കരുതരുത്. വേണ്ടിവന്നാല്‍ നമസ്‌കാരത്തിലും പ്രതിരോധിക്കാന്‍ സാധിക്കണം. ആയുധമേന്താതെ നമസ്‌കാരത്തിന് നിന്നാല്‍ ശത്രുക്കള്‍ ആ തക്കം ഉപയോഗപ്പെടുത്തിയേക്കാം.
രണ്ടാം വിഭാഗം നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോഴും ആയുധമേന്തണമെന്ന് വീണ്ടും പറയുന്നുണ്ട്. ഒന്നാമത്തെ വിഭാഗത്തെയും കൂട്ടി തിരുനബി (صلّى الله عليه وسلّم) നമസ്‌കാരം ആരംഭിക്കുന്നത് ശത്രുക്കള്‍ മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ മിക്കവാറും സാധ്യതയില്ല. പക്ഷേ, രണ്ടാം വിഭാഗത്തെയും കൂട്ടി നിസ്കാരം ആരംഭിച്ചു കഴിഞ്ഞാല്‍, അവര്‍ മുസ്‌ലിംകളുടെ ചലനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ്, ആയുധങ്ങള്‍ ധരിക്കണമെന്നുപറഞ്ഞു മതിയാക്കാതെ, അവര്‍ ജാഗ്രത പാലിക്കുകയും വേണം (وَلْيَأْخُذُوا حِذْرَهُمْ) എന്നുകൂടി ഉണര്‍ത്തിയിരിക്കുന്നത്.
ജാഗ്രത പാലിക്കണമെന്ന് പറയാനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. അതായത്, നിങ്ങളുടെ ആയുധങ്ങളെയും സാധനസാമഗ്രികളെയും കുറിച്ച് എങ്ങനെയെങ്കിലും നിങ്ങള്‍ അശ്രദ്ധരായാല്‍ തല്‍ക്ഷണെം ഒരൊറ്റ ആഞ്ഞടി നടത്താമെന്നാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നത്. സത്യവിശ്വാസികളോടുള്ള അല്ലാഹുവിനുള്ള സ്‌നേഹവും കാരുണ്യവുമാണ് ഈ വിവരണങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്.
നിസ്കാരത്തിന്‍റെ ഗൌരവമാണ് ഇവിടെ പ്രധാനമായി മനസ്സിലാക്കേണ്ടത്. ഏതവസരത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. അതുപോലെത്തന്നെ ജമാഅത്തിന്‍റെ കാര്യവും. നോക്കൂ, യുദ്ധ സമയത്തുപോലും ജമാഅത്തായി നിസ്കരിക്കാനല്ലേ അല്ലാഹു പറയുന്നത്...
ഇത്രയേറെ ഊന്നിപ്പറഞ്ഞിട്ടും ജമാഅത്തിന്‍റെ കാര്യമിരിക്കട്ടെ, നമസ്‌കാരംതന്നെ മുറപ്രകാരം നിര്‍വഹിക്കുന്ന കാര്യത്തില്‍ എത്രമാത്രം ഉദാസീനതയാണിന്ന് പലരും കാണിക്കുന്നത്!
നമ്മള്‍ അക്കൂട്ടത്തില്‍ പെടരുത്. നിസ്കാരവും ജമാഅത്തും നന്നായി ശ്രദ്ധിക്കണം. 27 ഇരട്ടിയല്ലേ ജമാഅത്ത് നിസ്കാരത്തിന്‍റെ പ്രതിഫലം. ഒരു കൊല്ലം ജമാഅത്തായി നിസ്കരിച്ച കൂലി ഒറ്റക്ക് നിസ്കരിച്ചിട്ട് കിട്ടണമെങ്കില്‍ 27 കൊല്ലം നിസ്കരിക്കണമെന്നല്ലേ അതിനര്‍ത്ഥം.
പള്ളിയിലെ ജമാഅത്ത് എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് നഷ്ടപ്പെട്ടാല്‍തന്നെയും ഒറ്റക്ക് നിസ്കരിക്കാതെ, ആരെയെങ്കിലും ഒപ്പം കൂട്ടി നിസ്കരിക്കാന്‍ ശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ-ആമീന്‍.
അടുത്ത ആയത്ത് 103
മേല്‍പറഞ്ഞതുപോലെ നിസ്‌കാരം നിര്‍വ്വഹിച്ചുകഴിഞ്ഞ ശേഷവും അല്ലാഹുവിനെ ഓര്‍ക്കേണ്ട ബാധ്യത തീര്‍ന്നുവെന്ന് കരുതരുത്. സന്ദര്‍ഭമനുസരിച്ച് നിന്നോ ഇരുന്നോ കിടന്നോ എങ്ങനെയായാലും അല്ലാഹുവിന്‍റെ സ്മരണ നിലനിറുത്തണം എന്നാണിനി പറയുന്നത്. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാനുള്ള മാര്‍ഗമാണത്.
അതുപോലെ, യുദ്ധം കഴിഞ്ഞു, പേടിയൊക്കെ മാറി, സ്ഥിതി ശാന്തമായി, ഇനി പതിവ് പ്രകാരം നമസ്‌കാരം മുറപ്രകാരംതന്നെ അനുഷ്ഠിച്ചുപോരണം എന്നും ഓര്‍മപ്പെടുത്തുന്നുണ്ട്. അതായത് ജമാഅത്തായും, നിബന്ധനകളും മര്യാദകളുമെല്ലാം പാലിച്ചും ശരിയായ രൂപത്തില്‍തന്നെ നിലനിറുത്തിപ്പോരണം.
നമസ്‌കാരത്തിന്‍റെ കാര്യം – യുദ്ധത്തില്‍ പോലും ഒഴിവില്ലാത്തവിധം – ഇത്രയും കര്‍ശനമായി പറയാന്‍ കാരണം, ഒഴിവാക്കാന്‍ പാടില്ലാത്ത സമയം നിശ്ചയിക്കപ്പെട്ടൊരു നിര്‍ബ്ബന്ധകര്‍മമാണത് എന്നതുകൊണ്ടാണെന്നും പറയുന്നുണ്ട്.
فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ ۚ فَإِذَا اطْمَأْنَنْتُمْ فَأَقِيمُوا الصَّلَاةَ ۚ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا (103)
ഇനി നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിന്നും ഇരുന്നും കിടന്നും സര്‍വദാ അല്ലാഹുവിനെ സ്മരിക്കുക; സമാധാന നില പ്രാപിച്ചാല്‍ മുറപോലെ നമസ്‌കരിക്കണം. നിശ്ചയമായും സത്യവിശ്വാസികള്‍ക്ക് സമയനിര്‍ണിതമായ നിര്‍ബന്ധബാധ്യതയത്രേ നമസ്‌കാരം.
നമ്മളെല്ലാവരും വളരെ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ട ആയത്താണിത്. യുദ്ധത്തില്‍ പോലും നമസ്‌കാരം സമയം തെറ്റാതെ ചെയ്യണമെന്നും സാധാരണ രൂപത്തില്‍ നിന്ന് കുറെയെല്ലാം വിട്ടുവീഴ്ചകള്‍ അനുവദിച്ചുകൊണ്ടാണെങ്കിലും ജമാഅത്തായിത്തന്നെ അത് നിര്‍വ്വഹിക്കണമെന്ന് നിര്‍ദ്ദേശിച്ചതിനുശേഷമാണ് ഈ വാക്യം അല്ലാഹു പറഞ്ഞതെന്നുകൂടി ഓര്‍ക്കണം
ഇബ്‌നു മസ്ഊദ് (رضي الله عنه) പറയുന്നു: ‘കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിങ്കലേക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്?’ എന്ന് ഞാന്‍ തിരുനബി (صلّى الله عليه وسلّم)യോട് ചോദിച്ചു. ‘നമസ്‌കാരം സമയത്ത് നമസ്‌കരിക്കലാണ്’ എന്നായിരുന്നു അവിടന്ന് മറുപടി പറഞ്ഞത്.
ഇസ്‌ലാമിനും കുഫ്‌റിനും ഇടക്കുള്ള അതിര്‍വരമ്പാണ് നമസ്‌കാരം. രണ്ടുകൂട്ടരും തമ്മിലുള്ള വ്യത്യാസമാണത്. വിശുദ്ധ ദീനിന്‍റെ നെടുംതൂണാണത്.
യുദ്ധം ചെയ്യുന്ന സമയത്തുവരെ ദിക്ര്‍ വേണമെന്നല്ലേ അല്ലാഹു ഇവിടെ പറയുന്നത്. ഒരു സമയത്തും ഇലാഹീ സ്മരണ ഉപേക്ഷിക്കരുതെന്നര്‍ത്ഥം.
إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا
ഏതു കാര്യവും സമയബന്ധിതമായി തീര്‍ക്കാന്‍ ബോസ് നമ്മളോട് പറഞ്ഞാല്‍ അതങ്ങനെത്തന്നെ തീര്‍ത്തുകൊടുക്കുന്നവരാണല്ലോ നമ്മള്‍. എത്ര മെനക്കെട്ടും ഓവര്‍ടൈമെടുത്തും ഉറക്കൊഴിച്ചും എങ്ങനെയെങ്കിലും ടാര്‍ജറ്റിനുള്ളില്‍ അത് തീര്‍ക്കും. ഇവിടെ സര്‍വാധി രാജനായ അല്ലാഹു തആലാ പറയുമ്പോഴോ, പലരും പിന്നോട്ടടിക്കുകയാണ്! നിസ്കാരം മുറപ്രകാരം അനുഷ്ഠിച്ചുപോരുന്നതില്‍ ഗുരുതരമായ അലംഭാവം കാണിക്കുകയാണ്!
ഭയഭക്തിയോടെയും മനസ്സാന്നിധ്യത്തോടെയും നിസ്കരിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തണം. നല്ല ഒന്നാന്തരം നിസ്കാരമാണെങ്കില്‍ എല്ലാ ഗുണഫലങ്ങളും അതുകൊണ്ടുണ്ടാകും. അത്തരം നിസ്കാരങ്ങള്‍ തെറ്റുകളില്‍ നിന്ന് നമ്മെ തടയുകയും ചെയ്യും. ഇല്ലെങ്കില്‍ ബാധ്യത തീര്‍ക്കലല്ലാതെ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാകില്ല.
നമ്മള്‍ പലരും നിസ്കാരം വേഗം കഴിച്ചിട്ട് ആശ്വാസം കൊള്ളുന്നവരാണ്; നിസ്കാരത്തിലൂടെ ആശ്വാസവും റാഹത്തും കൊള്ളുന്നവരല്ല!
നിസ്കാരമടക്കം എല്ലാ ഇബാദത്തുകളും ഇഹ്സാന്‍ സഹിതം ചെയ്യണം എന്നല്ലേ. അല്ലാഹുവിനെ നമ്മളങ്ങോട്ട് കാണുന്നില്ലെങ്കിലും അവന്‍ നമ്മെയിങ്ങോട്ട് കണ്ടുകൊണ്ടിരിക്കുന്നു എന്ന ബോധ്യത്തോടെ നിര്‍വഹിക്കുക – അതാണല്ലോ ഇഹ്സാന്‍ (Beautification).
മലയാള ഭാഷയില്‍ മനോഹരമാക്കുക എന്ന് പറയാം. മനോ-ഹരം (മനസ്സിന് ഹരമുള്ളതാക്കുക). നിസ്കരിക്കുമ്പോള്‍ മനസ്സിന് സന്തോഷം വേണം. നിസ്കാരത്തില്‍ ഹരം വേണം. നോമ്പു നോല്‍ക്കുമ്പോഴുമത് വേണം. ഹജ്ജിലും സകാത്തിലും എല്ലാ അനുഷ്ഠാനങ്ങളിലും വേണം....
നിസ്കാരം തുടങ്ങിയാല്‍, എങ്ങനെയെങ്കിലുമൊന്ന് കഴിഞ്ഞുകിട്ടിയാല്‍ മതി യോന്ന് തോന്നാറുണ്ടോ? മനസ്സിന് ഹരമില്ലാത്തതുകൊണ്ടാണത്.
പള്ളിയില്‍ കയറിയാല്‍ എങ്ങനെയെങ്കിലും പുറത്തുചാടിക്കിട്ടണമെന്ന് തോന്നാറുണ്ടോ?
ശരിയായ ഈമാന്‍ ഖല്‍ബിലുണ്ടെങ്കില്‍ അങ്ങനെ തോന്നില്ല. മുഅ്മിന്‍ പള്ളിയിലെത്തിയാല്‍ വെള്ളത്തിലെ മീന്‍ പോലെയാണ് (പുറത്തുകടക്കുന്നത് ആലോചിക്കാനേ വയ്യ). മുനാഫിഖ് പള്ളിയിലെത്തിയാലോ, കൂട്ടിലിട്ട പക്ഷിയെപ്പോലെയും. (എങ്ങനെയെങ്കിലും പുറത്തുകടക്കാനായിരിക്കുമല്ലോ ശ്രമം). (ഇമാം മാലികുബ്നു ദീനാര്‍ رحمه الله).
നിസ്കാരമടക്കമുള്ള ഇബാദത്തുകള്‍ ആനന്ദകരമാകാന്‍, അല്ലാഹു നമ്മുടെ ഇലാഹാണെന്നതോടൊപ്പം നമ്മുടെ റബ്ബാണെന്നുകൂടി മനസ്സിലാക്കിയിട്ട് ചെയ്താല്‍ മതി.
റബ്ബെന്നു പറഞ്ഞാല്‍, നമ്മളെയോരോരുത്തരെയും വേണ്ടതുപോലെ, വേണ്ടതെല്ലാം തന്ന് സമയാസമയം പരിപാലിച്ചുകൊണ്ടിരിക്കുന്നവനെന്നല്ലേ അര്‍ത്ഥം. ആ പരിപാലകനു വേണ്ടി ചെയ്യുന്നതെല്ലാം നിറഞ്ഞ മനസ്സോടെ, മികച്ച ഭക്തിയോടെ, ആവേശത്തോടെത്തന്നെ ആയിരിക്കേണ്ടതല്ലേ?! അങ്ങനെയല്ലേ നന്ദിയും കടപ്പാടും കാണിക്കുക?!
നിസ്കാരത്തില്‍ എത്ര തവണയാണ് ഈ റബ്ബെന്ന പദം നമ്മളാവര്‍ത്തിച്ചുരുവിടുന്നത്!
പരമാവധി ഖുശൂഓടെ നിസ്കരിക്കുക. മറ്റു ചിന്തകള്‍ ഒഴിവാക്കുക.
മഹാന്മാരായ സ്വഹാബികളൊക്കെ നിസ്കാരത്തില്‍ എന്തിനെക്കുറിച്ചെങ്കിലും ചിന്ത വന്നാല്‍പിന്നെ, അതങ്ങോട്ട് കൊടുത്തൊഴിവാക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ പിന്നെ അതിനെക്കുറിച്ച് ചിന്ത വരില്ലല്ലോ!
അബൂഥല്‍ഹ رضي الله عنه വിന്‍റെ സംഭവം പ്രസിദ്ധമല്ലേ. തോട്ടത്തില്‍ നിസ്കരിച്ചുകൊണ്ടിരിക്കെ ഒരു പച്ചക്കിളി മഹാനവര്‍കളുടെ ശ്രദ്ധ തെറ്റിച്ചു. മൂന്ന് റക്അത്താണോ നാലാണോ നിസ്കരിച്ചതെന്ന് കണ്‍ഫ്യൂഷനായി. ഏതായാലും നിസ്കാരം പൂര്‍ത്തിയാക്കി നേരെ തിരുനബി صلى الله عليه وسلم യുടെ സവിധത്തിലേക്ക് ചെന്ന് സംഭവിച്ചതെല്ലാം പറഞ്ഞു. എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു: ‘തിരുനബിയേ, ഈ തോട്ടം ഞാനിതാ അല്ലാഹുവിനുവേണ്ടി ധര്‍മ ചെയ്തിരിക്കുന്നു’. (മുവഥ്ഥ-ഇമാം മാലിക് رحمه الله)
നമ്മളെങ്ങാനും ഇങ്ങന കൊടുത്തൊഴിവാക്കാന്‍ നിന്നാല്‍ പിന്നെ എന്താണുണ്ടാവുക? അതായത്, എന്തെങ്കിലും കൊടുത്തൊഴിവാക്കിയെന്ന് സങ്കല്‍പിക്കുക. എന്നാല്‍, പിന്നെയുള്ള നിസ്കാരത്തില്‍ അതിനെക്കുറിച്ചായിരിക്കും ചിന്ത അല്ലേ?!
നമ്മുടെ റബ്ബുമായുള്ള മുനാജാത്തല്ലേ നിസ്കാരം. മിഅ്റാജിന്‍റന്ന് തിരുനബി صلى الله عليه وسلم രാജാധിരാജനുമായുള്ള മുനാജാത്ത് കഴിഞ്ഞ് മടങ്ങവെ
ഉമ്മത്തിന് സമ്മാനമായി കൊണ്ടുവന്നുതന്നതല്ലേ അത്! നമുക്ക് ഭാരമാകരുതെന്ന് കരുതി വഖ്തുകളുടെ എണ്ണം കുറച്ചുകിട്ടാന്‍ വേണ്ടി നിരവധി തവണ അവിടന്ന് മടങ്ങിപ്പോയതല്ലേ... അഞ്ചു വഖ്തിലേക്ക് ചുരുക്കിക്കിട്ടിയത് എത്ര വലിയ അനുഗ്രഹമാണ്. അതെങ്കിലും കൃത്യനിഷ്ഠതയോടെ കൊണ്ടുനടക്കാന്‍ എന്തിനാണ് മടി കാണിക്കുന്നത്?!
അടുത്ത ആയത്ത് 104
ശത്രുക്കളെ നേരിടുന്നതില്‍ ഭീരുത്വം കാട്ടരുതെന്നുണര്‍ത്തുകയാണിനി. ക്ഷമയോടും വീറോടും കൂടി അക്കാര്യത്തില്‍ നിങ്ങള്‍ ബദ്ധശ്രദ്ധരായിരിക്കണം.
പല കഷ്ടനഷ്ടങ്ങളും പരിക്കുകളും ഉണ്ടായേക്കാം. മുറിവേല്‍ക്കുക, ധനനഷ്ടമുണ്ടാകുക, ജീവഹാനിവരെ സംഭവിക്കുക തുടങ്ങി പലതുമുണ്ടാകാം. അതിന്‍റെ പേരില്‍ നിങ്ങള്‍ പിന്നോക്കം നില്‍ക്കരുത്.
നിങ്ങളെപ്പോലെത്തന്നെ ശത്രുക്കള്‍ക്കും ആ വിഷമങ്ങളൊക്കെ ഉണ്ടല്ലോ.
പക്ഷേ, അവര്‍ക്കില്ലാത്ത ഒരു സവിശേഷത നിങ്ങള്‍ക്കുണ്ട്, നിങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുന്ന ഏറ്റം മഹനീയവും വിലമതിക്കാനാവാത്തതുമായ ഒരു വ്യത്യാസം. ആ സവിശേഷത ശരിക്ക് മനസ്സിലാക്കിയാല്‍ എല്ലാ വിഷമങ്ങളും പ്രതിബന്ധങ്ങളും തൃണവല്‍ഗണിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
അതായത്, ഏത് പ്രയാസങ്ങള്‍ക്കും പകരം ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കല്‍നിന്നുള്ള പല അനുഗ്രഹങ്ങളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് നിങ്ങള്‍. അവര്‍ക്ക് ആ പ്രതീക്ഷയില്ല. അപ്പോള്‍, അവരെക്കാള്‍ ക്ഷമയും ചൊടിയും ചുണയും നിങ്ങള്‍ക്കുണ്ടാകണം.
നിങ്ങളുടെ സ്ഥിതിഗതികളെല്ലാം അല്ലാഹുവിന്ന് നന്നായി അറിയാമെന്നും അവന്‍ യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനാണെന്നും സത്യവിശ്വാസികളെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
وَلَا تَهِنُوا فِي ابْتِغَاءِ الْقَوْمِ ۖ إِنْ تَكُونُوا تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ اللَّهِ مَا لَا يَرْجُونَ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا (104)
എതിരാളികളെ അന്വേഷിച്ചു പിടിക്കുന്നതില്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ക്ക് വേദനാജനകമായ അവസ്ഥകളുണ്ടാകുന്നുണ്ട് എങ്കില്‍ അതേ പോലെ അവരും വേദനിക്കുന്നുണ്ട്. എന്നാല്‍ നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്ത ദിവ്യാനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നു പ്രത്യാശിക്കുന്നുണ്ട് താനും. അല്ലാഹു പരമജ്ഞാനിയും യുക്തിമാനുമാകുന്നു.
മുഅ്മിനായൊരു മനുഷ്യന് നേരിടേണ്ടിവരുന്ന ഏത് ബുദ്ധിമുട്ടുകളും ക്ഷമിക്കാനും സഹിക്കാനും തയ്യാറായാല്‍, വലിയ നേട്ടങ്ങളാണതു വഴി ലഭിക്കുന്നത്. കാലിലൊരു മുള്ളുതറച്ചാല്‍ വരെ, അതുകാരണം, ദറജകള്‍ ഉയര്‍ത്തപ്പെടുമെന്നും ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുമെന്നും ഹദീസുകളിലുണ്ട്.
വല്ലാത്തൊരു കാരുണ്യമല്ലേ ഇത്. ചെറിയ ചെറിയ കാര്യങ്ങള്‍ കൊണ്ട് നമ്മുടെ തെറ്റുകള്‍ പോലും പൊറുക്കപ്പെടുകയാണ്!
ചെയ്യുന്നതിനുതന്നെ എമ്പാടും കൂലിയും തരികയാണ്.
ഉടമ അടിമക്ക് കൂലി കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ? ഇല്ലല്ലോ.
എന്നിട്ടും വാരിക്കോരി തരികയാണ്.
ചെറിയ കാര്യങ്ങള്‍ക്കുവരെ വലിയ പ്രതിഫലം! ഉറങ്ങുമ്പോഴൊന്ന് നിയ്യത്ത് നന്നാക്കിയാല്‍, ഉറങ്ങുന്ന സമയത്രയും (7-8 മണിക്കൂര്‍) ഇബാദത്ത് ചെയ്ത ഫലം! ഭക്ഷണം കഴിച്ചുകഴിഞ്ഞ് ദിക്ര്‍ പൂര്‍ണമായി ചൊല്ലിയാല്‍ ചെറുതെറ്റുകള്‍ പൊറുത്തുതരുന്നു! ഡ്രസ് ധരിക്കുമ്പോഴുള്ള ദിക്റ് ചൊല്ലിയാലും അങ്ങനെത്തന്നെ. ചെരുപ്പ് അഴിക്കുമ്പോള്‍ ഇടതുകൊണ്ടും ധരിക്കുമ്പോള്‍ വലതുകൊണ്ടുമാണ് തുടങ്ങിയതെങ്കില്‍ ഓരോന്നിനും മിനിമം 10 നന്മകളല്ലേ രേഖപ്പെടുത്തുന്നത്... ! ഉദാഹരണങ്ങള്‍ നിരവധി.
അടുത്ത ആയത്ത് 105
മദീനയില്‍ നടന്ന ഒരു മോഷണക്കഥയെക്കുറിച്ചാണിനി പറയുന്നത്.
തിരുനബി صلى الله عليه وسلم പങ്കെടുത്ത ഒരു യുദ്ധത്തില്‍ അന്‍സ്വാരികളില്‍പെട്ട ഖത്താദത്തുബ്‌നു നുഅ്മാനും, അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ രിഫാഅത്തും (رضي الله عنهما) പങ്കെടുത്തിരുന്നു. അവരില്‍ ഒരാളുടെ (ഖതാദ/രിഫാഅത്തിന്‍റെ) പടയങ്കി കളവുപോയി. അന്‍സ്വാരി ഗോത്രമായ ബനൂള്വഫ്ര്‍ (بَنوُ ظَفَر) ലെ ഥുഅ്മതുബ്നു ഉബൈരിഖിനെ ചുറ്റിപ്പറ്റി സംശയം തോന്നി. മുസ്‌ലിംകള്‍ക്കെതിരെ കവിതകള്‍ പ്രചരിപ്പിച്ചുനടന്നിരുന്നൊരു മുനാഫിഖാണിയാള്‍.
അങ്കിയുടെ ഉടമസ്ഥന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സവിധത്തിലെത്തി, ഉബൈരിക്വിന്‍റെ മകന്‍ ഥുഅ്മത്ത് എന്‍റെ അങ്കി മോഷ്ടിച്ചുവെന്ന് പരാതി പറഞ്ഞു.
ഈ വിവരം മോഷ്ടാവ് അറിഞ്ഞപ്പോള്‍, മോഷ്ടിച്ച അങ്കി രാത്രി സൈദുബ്‌നുസ്സമീന്‍ എന്നൊരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയിവെച്ചു. (കുറച്ചു ഭക്ഷണസാധനങ്ങളും ആ അങ്കിയും കൂടി അയാളുടെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പിക്കാന്‍ കൊടുക്കുന്നതുപോലെയാണ് കൊണ്ടുകൊടുത്തത്. ഗോതമ്പുപൊടിയുടെ ചാക്കിലാണ് അങ്കിയുള്ളത്. പക്ഷേ, ചാക്കിന്ന് ഓട്ടയുള്ള കാര്യം ഥുഅ്മ ശ്രദ്ധിച്ചിരുന്നില്ല. വഴിനീളെ പൊടി ചോര്‍ന്നുപോയിക്കൊണ്ടിരുന്നു. പോയ വഴിയിലൊക്കെ കൃത്യമായ അടയാളം!)
ഇങ്ങനെ ചെയ്ത വിവരം മോഷ്ടാവ് തന്‍റെ കുടുംബത്തില്‍പെട്ട ചിലരെ അറിയിച്ചു. മോഷണമല്ലേ, പുറത്തറിഞ്ഞാല്‍ ഗോത്രത്തിനുതന്നെ അപമാനമല്ലേ എന്ന് കരുതി അവര്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുത്തെത്തി, ഥഅ്മത്ത് നിരപരാധിയാണെന്നും, യഥാര്‍ഥത്തില്‍ അങ്കി മോഷ്ടിച്ചത് ആ യഹൂദിയാണെന്നും, കളവ് മുതല്‍ അവന്‍റെയടുത്തു നിന്ന് കിട്ടിയിട്ടുണ്ടെന്നും അറിയിച്ചു.
അവര്‍ ഇങ്ങനെകൂടി അപേക്ഷിച്ചു: ഥുഅ്മത്ത് മുസ്‌ലിമും, മോഷ്ടിച്ചവന്‍ യഹൂദിയുമായതുകൊണ്ട്, ഥുഅ്മത്തിന്‍റെ നിരപരാധിത്വം പരസ്യമായി പ്രഖ്യാപിക്കണം, അവനുവേണ്ടി തിരുനബി صلى الله عليه وسلم വാദിക്കുകയും വേണം. മോഷ്ടാവ് ജൂതനാണെന്ന് അവിടന്ന് വിധി പറയണമെന്നാണവരുടെ ആഗ്രഹം.
കളവ് മുതല്‍ ജൂതന്‍റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതും, ഥുഅ്മത്തിന്‍റെ ആളുകളുടെ കള്ളസാക്ഷ്യങ്ങളുമൊക്കെ കേട്ട് തിരുനബി (صلى الله عليه وسلم) യും ഏറെക്കുറെ ആ വഴിക്ക് ചിന്തിക്കുകയായിരുന്നു.
യഹൂദിയാകട്ടെ, തന്‍റെ നിരപരാധിത്വവും സംഭവത്തിന്‍റെ സത്യാവസ്ഥയും വിവരിക്കുകയും, തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതാണ് ആയത്തിന്‍റെ അവതരണപശ്ചാത്തലം.
ആയത്തിറങ്ങിയതോടുകൂടി ഥുഅ്മ മുര്‍തദ്ദാവുകയും മക്കയിലേക്ക് രക്ഷപ്പെട്ട് മുശ്‌രിക്കുകളോടൊപ്പം ചേരുകയും ചെയ്തു. അവിടെ ഒരു വീട്ടില്‍ മോഷണം നടത്താനായി ചുമര്‍ തുരന്ന് കൊണ്ടിരിക്കുമ്പോള്‍, അതിടിഞ്ഞുവീണ് മരണപ്പെടുകയും ചെയ്തു (തഫ്‌സീര്‍ അബുസ്സുഊദ് 1:380).
إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُنْ لِلْخَائِنِينَ خَصِيمًا (105)
അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ വിധികല്‍പിക്കാനാണ് സത്യസമേതം താങ്കള്‍ക്ക് നാം ഈ ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്; വഞ്ചകന്മാര്‍ക്കു വേണ്ടി വാദിക്കുന്നവനാകരുത് താങ്കള്‍;
അല്ലാഹുവിനോട് പാപമോചനമര്‍ത്ഥിക്കുക. അല്ലാഹു വളരെയേറെ പൊറുക്കുന്നവനും കരുണാമയനുമാണ് തീര്‍ച്ച.
ഒരു യഹൂദിയുടെ നിരപരാധിത്വമാണിവിടെ അല്ലാഹു തെളിയിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതോടൊപ്പം മുസ്‍ലിംകളില്‍ പെട്ട ചിലരുടെ കാപട്യവും ചതിയും തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു.
മറ്റേത് സമുദായത്തെക്കാളും, വിശുദ്ധ ഖുര്‍ആന്‍റെ ആക്ഷേപങ്ങള്‍ക്കിരയായ ഒരു സമുദായമാണ് യഹൂദികള്‍. മദീനയിലെ യഹൂദികള്‍ വിശേഷിച്ചും. എന്നിട്ടുപോലും ഇത്രയും ശക്തമായ, യുക്തമായ ഭാഷയില്‍ – എല്ലാ വശവും വിശദീകരിച്ച്, വിശദമായ സ്റ്റേറ്റ്മെന്‍റ് ഇറക്കുകയാണ് അല്ലാഹു തആലാ ചെയ്തത്. സത്യദീക്ഷയിലും നീതിനിര്‍വഹണത്തിലും വിട്ടുവീഴ്ചയില്ലെന്നര്‍ത്ഥം. അവതരണ പശ്ചാത്തലം എന്താണെങ്കിലും നമ്മളോരോരുത്തരും ശരിയായി മനസ്സിലാക്കുകയും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട കാര്യവുമാണിത്.
-----------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ



Leave A Comment