അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 10-15) ബദ്ർ

സത്യവിശ്വാസികളുടെ സുദൃഢമായ ഈമാനും സമ്പൂര്‍ണമായ അനുസരണവും വിധേയത്വവുമൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ സൂചിപ്പിച്ചിരുന്നത്. അല്ലാഹുവിനെക്കുറിച്ച ബോധത്തോടെയേ അവര്‍ ജീവിക്കൂ. സന്മാര്‍ഗത്തിന്‍റെ വഴിയില്‍ അടിയുറച്ചുനിറുത്താനും പരലോകരക്ഷക്കും വേണ്ടി അവര്‍ സദാ ദുആ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അവരെ ഇരുലോകത്തും വിജയിപ്പിക്കുകുയും ചെയ്യും.

 

അതേസമയം, സത്യനിഷേധികളുടെ അവസ്ഥ ഇങ്ങനെയല്ല. അവര്‍ അല്ലാഹുവിനെ അഗണ്യകോടിയില്‍ തള്ളുകയാണ് ചെയ്യുക. അവന്‍റെ മഹത്തായ കാരുണ്യത്തിന്‍റെയും അനുഗ്രഹാതിരേകത്തിന്‍റെയും സ്രോതസ്സുകള്‍ കാണാന്‍ അവര്‍ തയ്യാറാകില്ല. സമ്പത്തും സന്താനങ്ങളും ശിങ്കിടികളും ഭൗതികമായ മറ്റനുകൂല ചുറ്റുപാടുകളും തങ്ങളെ ഏത് പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുമെന്നാണ് അവര്‍ ധരിക്കുന്നത്. ഈ ധാരണ ശരിയല്ല. അത് തിരുത്തുകയാണ് അല്ലാഹു.

 

ഭൗതികനേട്ടങ്ങള്‍ ലാക്കാക്കി അല്ലാഹുവിന്‍റെ നിയമങ്ങള്‍ ധിക്കരിക്കുന്നവരെ, അവന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍, അവരുടെ സമ്പത്തുക്കളോ സന്താനങ്ങളോ മറ്റു ശക്തികളോ ഒന്നുംതന്നെ പര്യാപ്തമല്ല. അവര്‍ നരകത്തിന്‍റെ ഇന്ധനം തന്നെയായിരിക്കും.

 

إِنَّ الَّذِينَ كَفَرُوا لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ هُمْ وَقُودُ النَّارِ (10)

നിഷേധികള്‍ക്ക് അല്ലാഹുവിന്‍റെ പിടിയില്‍ നിന്നുള്ള മോചനത്തിനായി സ്വസന്താനങ്ങളോ സമ്പാദ്യങ്ങളോ യാതൊരു ഫലവും നേടിക്കൊടുക്കില്ല. അവര്‍ നരകത്തിന്‍റെ ഇന്ധനമായിരിക്കും.

 

അടുത്ത ആയത്ത് 11

 

ഭൗതികസുഖങ്ങളും മറ്റു പുരോഗതികളും എമ്പാടുമായുമുണ്ടായിരുന്ന പല മുന്‍കാല സമൂഹങ്ങളുടെയും ദയനീയ പരിണതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണിനി. ഭൗതികസുഖസൌകര്യങ്ങള്‍ രക്ഷപ്പെടുത്തുമെന്നായിരുന്നു  അവരെല്ലാം ധരിച്ചിരുന്നത്. പക്ഷേ, ധിക്കാരമനോഭാവവും പാപങ്ങളും കാരണം അല്ലാഹുവിന്‍റെ കടുത്ത ശിക്ഷകള്‍ക്ക് വിധേയരാവുകയാണവര്‍ ചെയ്തത്.

 

ഈജിപ്തിലെ സര്‍വാധിപതിയായി വാണിരുന്ന, ഭൗതികസുഖങ്ങളില്‍ മതിമറന്ന് അല്ലാഹുവിന്‍റെ സ്ഥാനം പോലും 'കൈയേറിയ' ആളായിരുന്നു ഫിര്‍ഔന്‍. അവനു മുമ്പ് ഈ ലോകത്ത് ജീവിച്ച ആദ്, സമൂദ് മുതലായവരും ധിക്കാരികളായിരുന്നു. പക്ഷേ, ആരുംതന്നെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടില്ല.

كَدَأْبِ آلِ فِرْعَوْنَ وَالَّذِينَ مِنْ قَبْلِهِمْ ۚ كَذَّبُوا بِآيَاتِنَا فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ وَاللَّهُ شَدِيدُ الْعِقَابِ (11)

ഫറോവാ സംഘത്തിന്‍റെയും അവരുടെ മുന്‍ഗാമികളുടെയും രീതി തന്നെ-അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കി; അപ്പോള്‍ പാപങ്ങള്‍ നിമിത്തം അല്ലാഹു അവരെ പിടികൂടി. കഠിനമായി ശിക്ഷിക്കുന്നവനാണവന്‍.

 

അടുത്ത ആയത്ത് 12

 

അവിശ്വാസികളെ താക്കീത് ചെയ്യുകയാണിനി. സത്യവിശ്വാസികള്‍ നിങ്ങളെ ജയിച്ചടക്കും; നിങ്ങള്‍ പരാജിതരാവുക തന്നെ ചെയ്യും. അവസാനം പരലോകത്ത് നരകത്തില്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യും.

 

അറേബ്യാ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിന് അധീനപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത അവസരത്തിലാണ് ഇത്തരമൊരു താക്കീത് അല്ലാഹു നല്‍കുന്നത്. ഇത് വിശുദ്ധ ഖുര്‍ആനും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിയോഗവും സത്യമാണെന്നതിന് നല്ലൊരു തെളിവാണ്. കാരണം, ഈ താക്കീത് കൃത്യമായി പുലര്‍ന്നതായാണല്ലോ ഇസ്‍ലാമികചരിത്രത്തില്‍ പിന്നീട് നമുക്ക് കാണാന്‍ കഴിഞ്ഞത്.

قُلْ لِلَّذِينَ كَفَرُوا سَتُغْلَبُونَ وَتُحْشَرُونَ إِلَىٰ جَهَنَّمَ ۚ وَبِئْسَ الْمِهَادُ (12)

നിഷേധികളോട് താങ്കള്‍ ഇങ്ങനെ പറയുക: നിങ്ങള്‍ ജയിച്ചടക്കപ്പെടുന്നതും നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതുമാണ്. എത്ര ദുഷിച്ച സങ്കേതമാണത്!

 

അടുത്ത ആയത്ത് 13

 

മഹത്തായ ബദ്ര്‍ യുദ്ധവിജയം ചൂണ്ടിക്കാട്ടി, മദീനയിലെ വേദക്കാരായ പുരോഹിതന്മാരെ, ജൂത സമൂഹത്തെ താക്കീത് ചെയ്യുകയാണിനി.  മക്കാമുശ്‌രിക്കുകള്‍ ചെയ്തതുപോലെ മുസ്‌ലിംകളോട് യുദ്ധത്തിന് പുറപ്പെട്ടാല്‍ നിങ്ങള്‍ പരാജയപ്പെടും. പരലോകത്ത് കഠിനമായ നരകശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.

 

ബദ്ര്‍ സംഭവത്തില്‍ നിന്ന് പാഠം പഠിക്കാന്‍ അവരെ ഉപദേശിക്കുകയാണ്. മാനവ ചരിത്രത്തിലെ തന്നെ അത്യത്ഭുതകരമായ സംഭവമാണല്ലോ ബദ്‌ര്‍. വിശ്വാസികള്‍ 313ഉം എതിരാളികള്‍ ആയിരവുമായിരുന്നു. പക്ഷേ ശത്രുക്കള്‍ക്ക് തോന്നിയത് മുസ്‌ലിംകള്‍ രണ്ടായിരത്തിലധികമുണ്ടെന്നാണ്. അവരില്‍ ഭീതിയുളവാക്കാനായി അല്ലാഹു ചെയ്ത ഒരു പ്രത്യേക നടപടിയായിരുന്നു അത്.

 

താരതമ്യേന ആള്‍ബലമോ ആയുധശക്തിയോ ഇല്ലാതിരുന്ന, ഈമാനികാവേശം മാത്രം കൈമുതലായുണ്ടായിരുന്ന സത്യവിശ്വാസികളും അവരുടെ രണ്ടിരട്ടി വരുന്ന സര്‍വായുധ വിഭൂഷിതരായ മുശ്‌രിക്കുകളും തമ്മിലാണ് പോരാട്ടം നടന്നത്. ഫലമോ? മുശ്‌രിക്കുകളുടെ നേതാക്കളെല്ലാം വധിക്കപ്പെടുകയോ ബന്ധനസ്ഥരാക്കപ്പെടുകയോ ചെയ്തു. ശേഷിച്ചവര്‍ തോറ്റോടി. സത്യവിശ്വാസികള്‍ വിജയശ്രീലാളിതരായി. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട്.

 

ആ വലിയ സംഘത്തെ പാടേ പരാജയപ്പെടുത്താന്‍ സത്യവിശ്വാസികള്‍ക്ക് സാധിച്ചത് അല്ലാഹുവിന്‍റെ സഹായം കൊണ്ടുമാത്രമാണ്. മേലിലും സത്യവിശ്വാസികളെ അല്ലാഹു വിജയിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കും. അങ്ങനെ, സത്യനിഷേധികള്‍ നിശ്ശേഷം പരാജിതരായിത്തീരുകയും ചെയ്യും. ദീര്‍ഘ ദൃഷ്ടിയും ചിന്താശേഷിയുമുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാമല്ലോ.

 

ഈ ആയത്തിറങ്ങാനുണ്ടായ സാഹചര്യം ഇങ്ങനെയാണ്: ബദ്ര്‍ വിജയ ശേഷം, മദീനയില്‍ തിരിച്ചെത്തിയ തിരുനബി صلى الله عليه وسلم ജൂതന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞത്രേ: 'ജൂതസമൂഹമേ, ബദ്‌റില്‍ മുശ്‍രിക്കുകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദയനീയവും തിക്തവുമായ അനുഭവം നിങ്ങള്‍ക്കും വരാന്‍ പോവുകയാണ്. അതിനുമുമ്പ് നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുക. ഞാന്‍ അല്ലാഹുവിന്‍റെ ദൂതനും പ്രവാചകനുമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ'.

 

ഇതുകേട്ടപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'മുഹമ്മദ്, ബദ്‌റിലെ അനുഭവത്തില്‍ നീ വഞ്ചിതനാകേണ്ട. ഖുറൈശികളിലെ കുറെ പാവപ്പെട്ട, കഥയില്ലാത്ത ആളുകളെയാണ് നീ കൊല ചെയ്തത്. യുദ്ധമെന്താണെന്നുപോലും അവര്‍ക്കറിയില്ല. ഞങ്ങളങ്ങനെയല്ല. ഞങ്ങളോട് യുദ്ധത്തിന് വന്നാല്‍, അപ്പോഴറിയാം, ഞങ്ങള്‍ 'ആണ്‍കുട്ടി'കളാണെന്ന്. ഞങ്ങളെപ്പോലെയുള്ള ധീരന്മാര്‍ വേറെയില്ലെന്നും തത്സമയം നിനക്ക് ബോധ്യപ്പെടും.' ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിച്ചത് (അസ്ബാബുന്നുസൂല്‍).

 

قَدْ كَانَ لَكُمْ آيَةٌ فِي فِئَتَيْنِ الْتَقَتَا ۖ فِئَةٌ تُقَاتِلُ فِي سَبِيلِ اللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُمْ مِثْلَيْهِمْ رَأْيَ الْعَيْنِ ۚ وَاللَّهُ يُؤَيِّدُ بِنَصْرِهِ مَنْ يَشَاءُ ۗ إِنَّ فِي ذَٰلِكَ لَعِبْرَةً لِأُولِي الْأَبْصَارِ (13)

 

ബദ്‌റില്‍ ഏറ്റുമുട്ടിയ രണ്ടു വിഭാഗങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്‍റെ വഴിയിലാണ് യുദ്ധം ചെയ്യുന്നത്; അപരരാകട്ടെ സത്യനിഷേധികള്‍. വിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് നിഷേധികള്‍ കണ്‍കാഴ്ചയില്‍ തന്നെ കണ്ടത്. ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം വഴി അല്ലാഹു പിന്‍ബലമേകുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പാഠമുണ്ടെന്നു തീര്‍ച്ച.

 

يَرَوْنَهُم مِّثْلَيْهِمْ رَأْيَ الْعَيْنِ (ബാഹ്യദൃഷ്ടിയില്‍ തന്നെ അവര്‍ ഇരട്ടിയുണ്ടെന്ന് നിഷേധികള്‍ കണ്ടിരുന്നു) -ഈ വാക്യത്തിലെ സര്‍വ്വനാമങ്ങള്‍ (ضمير) കൊണ്ടുള്ള ഉദ്ദേശ്യത്തെക്കുറിച്ച് മുഫസ്സിറുകള്‍ക്ക് വിവിധ അഭിപ്രായങ്ങളുണ്ട്.

 

സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടി, അതായത് രണ്ടായിരത്തോളം ഉള്ളതായി അവിശ്വാസികള്‍ക്ക് ബാഹ്യദൃഷ്ട്യാതന്നെ തോന്നിയിരുന്നു- ഇതാണ് ഒരഭിപ്രായം.

സത്യവിശ്വാസികളുടെ യഥാര്‍ത്ഥ എണ്ണത്തിന്‍റെ ഇരട്ടി, അതായത്, അറുനൂറില്‍ പരം ഉള്ളതായി അവിശ്വാസികള്‍ക്ക് തോന്നിയിരുന്നു. ഇതാണ് രണ്ടാമത്തെ അഭിപ്രായം.

 

രണ്ടായാലും സത്യവിശ്വാസികളുടെ എണ്ണം വളരെ കുറവാണെങ്കിലും, മുശ്‌രിക്കുകളുടെ കാഴ്ചയില്‍ അവര്‍ അധികമുള്ളതായി തോന്നിയിരുന്നുവെന്ന് സാരം.

അടുത്ത ആയത്ത് 14

 

ബഹുഭൂരിഭാഗം മനുഷ്യരെ സംബന്ധിച്ചിടത്തോളവും ജീവിതവിജയമെന്നത് ഭൗതികലോക ജീവിതത്തിന്‍റെ വിജയമാണ്. ഭൗതിക വിഭവങ്ങളുടെ സമൃദ്ധിയാണ് അവര്‍ക്കിഷ്ടം. സ്ത്രീകള്‍, മക്കള്‍, സ്വര്‍ണം-വെള്ളി, മുന്തിയ ഇനം മൃഗങ്ങള്‍, വാഹനങ്ങള്‍, കൃഷിയിടങ്ങള്‍  തുടങ്ങിയവയോടെല്ലാം വല്ലാത്ത ഇഷ്ടവും താല്‍പര്യവുമാണവര്‍ക്ക്.  

 

സത്യത്തില്‍ അതെല്ലാം താല്‍ക്കാലികവും നശ്വരവുമായ ഐഹിക സുഖങ്ങള്‍ മാത്രമാണ്. അതിനോടൊന്നുമല്ല മനുഷ്യന് ഇഷ്ടമുണ്ടാകേണ്ടത്. അതിനേക്കാളൊക്കെ എത്രയോ ഉന്നതമായ, അനശ്വരമായ സ്വര്‍ഗീയ അനുഗ്രഹങ്ങളാണ് അല്ലാഹുവിന്‍റെയടുത്തുള്ളത്. എല്ലാറ്റിലും മീതെയാണ് അല്ലാഹുവിന്‍റെ പ്രീതി. ഇതിനോടെല്ലാമാണ് ഇഷ്ടം കാണിക്കേണ്ടത്. അതിനു വേണ്ടിയാണ് പരിശ്രമിക്കേണ്ടതും.

 

ഐഹിക സുഖങ്ങളോടുള്ള അമിതമായ സ്‌നേഹം വലിയ ആപത്താണ്. അത്തരം വിഭവങ്ങളെല്ലാം, അല്ലാഹുവിന്‍റെയടുത്തുള്ള ഉല്‍കൃഷ്ട്ര പ്രതിഫലം ലഭിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്.

 

അല്ലാത്ത പക്ഷം, ഇതെല്ലാം അവനെ സത്യനിഷേധിയും ധിക്കാരിയും താന്തോന്നിയുമൊക്കെയാക്കി മാറ്റും. നേരത്തെ സൂചിപ്പിച്ച ഫിര്‍ഔനും അവനെപ്പോലെയുള്ള നിരവധി ധിക്കാരികളും ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്കെറിയപ്പെട്ടത് ഇപ്പറഞ്ഞ ഐഹിക വിഭവങ്ങളുടെ പകിട്ടില്‍ കുടുങ്ങിപ്പോയതുകൊണ്ടാണ്.  

 

زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِنْدَهُ حُسْنُ الْمَآبِ (14)

സ്ത്രീകള്‍, പുത്രന്മാര്‍, സ്വര്‍ണ-വെള്ളിക്കൂനകള്‍, മുന്തിയ കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള ഭ്രമം മനുഷ്യര്‍ക്ക് അലംകൃതമാക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയും ഇഹലോക ജീവിത വിഭവങ്ങളാണ്; ഉല്‍കൃഷ്ട ഭവനമുള്ളത് അല്ലാഹുവിങ്കലത്രേ.

 

قِنْطَار ന്‍റെ ബഹുവചനമാണ്قَنَاطِيرِ. കൂമ്പാരം, അട്ടി എന്നൊക്കെയാണ് അര്‍ത്ഥം. ധാരാളം സമ്പത്ത് എന്ന അര്‍ത്ഥത്തിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ഇവിടെ അതാണുദ്ദേശ്യം.

ഇപ്പറഞ്ഞതെല്ലാം ഭൗതികലോകത്തിന്‍റെ ആഡംബരങ്ങളാണെങ്കിലും, നല്ല  രൂപത്തിലാണതിനോടുള്ള സമീപനമെങ്കില്‍ അത് ഗുണകരമായി മാറുകതന്നെ ചെയ്യും. ഉദാഹരണമായി, വൈവാഹിക ബന്ധത്തിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന നല്ല തലമുറയുടെ രൂപീകരമാണ് ഉദ്ദേശ്യമെങ്കില്‍ അത് നല്ലതാണ്. മറിച്ച്, അഹങ്കാരവും പെരുമയുമാണുദ്ദേശ്യമെങ്കില്‍ ആക്ഷേപാര്‍ഹവുമാണ്.

 

സമ്പത്തുവര്‍ധന കൊണ്ട് അഹങ്കാരവും ദുരഭിമാനവും സാധുമര്‍ദ്ദനവുമാണ് ഉദ്ദേശ്യമെങ്കില്‍ അത് പാടില്ലാത്തതാണ്. അല്ലാഹുവിന് ഇഷ്ടപ്പെട്ട വഴിയില്‍ ചെലവഴിക്കലാണുദ്ദേശ്യമെങ്കില്‍ പ്രശംസിക്കപ്പെടേണ്ടതുമാണ്.

 

മേത്തരം കുതിരകളെ സ്‌നേഹിക്കുന്നത്, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാനും മറ്റുമൊക്കെ ഉപയോഗിക്കുക പോലെയുള്ള  നല്ല കാര്യം ഉദ്ദേശിച്ചാണെങ്കില്‍ അതിന് പ്രതിഫലമുണ്ട്. ദീനിന് ക്ഷീണം വരുത്താനാണ് ഉദ്ദേശ്യമെങ്കില്‍ അത് കുറ്റകരവുമാണ്.

 

നാല്‍ക്കാലികളെയും കൃഷിയും ഇഷ്ടപ്പെടുന്നതും അങ്ങനെതന്നെ. അല്ലാഹു തൃപ്തിപ്പെടുന്ന വഴിയില്‍ ഉപയോഗപ്പെടുത്തലാണ് ഉദ്ദേശ്യമെങ്കില്‍ നല്ലത്, മറിച്ചാണെങ്കില്‍ ആക്ഷേപാര്‍ഹവും. إنَّمَا الأعْمَالُ بِالنِّيَّاتِ وَإنَّمَا لِكُلِّ امْرِئٍ مَا نَوَى

(കര്‍മങ്ങളെല്ലാം ഉദ്ദേശ്യമനുസരിച്ചാണ്; ഓരോ മനുഷ്യനും താനുദ്ദേശിച്ചത് ലഭിക്കും) എന്ന പ്രസിദ്ധമായ ഹദീസും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.

 

അടുത്ത ആയത്ത് 15

 

ബഹുഭൂരിഭാഗം മനുഷ്യരെ സംബന്ധിച്ചിടത്തോളവും ജീവിതവിജയമെന്നത് ഭൗതികലോക ജീവിതത്തിന്‍റെ വിജയമാണ്. സമ്പത്ത്, ഭൗതികവിദ്യ, ലൗകികമായ സ്ഥാനമാനങ്ങള്‍, ആളുകള്‍ക്കിടയില്‍ വലിയ പദവി, അനുയായികള്‍ തുടങ്ങിയവ അല്ലാഹുവിന് തൃപ്തികരമല്ലാത്ത നിലയില്‍ ഉണ്ടായാല്‍തന്നെ മനുഷ്യന്‍ യോഗ്യനും ശ്രേഷ്ഠനുമൊക്കെയായി കണക്കാക്കപ്പെടുന്നു. നമസ്‌കരിക്കാതിരിക്കുന്നതോ പലിശ വാങ്ങുന്നതോ മദ്യപാനമോ മറ്റു രീതിയിലുള്ള പാപപങ്കിലമായ ജീവിതമോ ഒന്നും ഇവിടെ പ്രശ്‌നമാകാറില്ല.

 

ഇത്തരം ഭൗതികമായ സ്ഥാനമാനങ്ങളെക്കാള്‍ എത്രയോ മെച്ചപ്പെട്ടത് പാരത്രികനേട്ടമാണെന്ന് പഠിപ്പിക്കുകയാണിനി അല്ലാഹു.

 

പരലോകത്തുള്ള വിജയം ലക്ഷ്യം വെച്ച് ജീവിക്കുന്ന മനുഷ്യന് പലപ്പോഴും ഭൗതിക പരിഗണനയോ സ്ഥാനമാനങ്ങളോ ലഭിക്കില്ല. ജനദൃഷ്ടിയില്‍ പലപ്പോഴും അയാള്‍ നിസ്സാരനും കൊള്ളരുതാത്തവനുമായേക്കും. എന്നാല്‍ അവര്‍ക്കാണ് ശാശ്വത വിജയവും അനന്തമായ സുഖാനുഭൂതികളുമുള്ളത്. അത് ലക്ഷ്യം വെച്ച് ജീവിക്കുന്നവന്‍റെ പ്രതിഫലം പാഴായിപ്പോകില്ല. തന്‍റെ ഉദ്ദേശ്യശുദ്ധിയും സല്‍കര്‍മങ്ങളും അല്ലാഹു അറിയുമോ എന്ന ശങ്കയും വേണ്ട. സര്‍വജ്ഞാനിയും സര്‍വവ്യാപിയുമായ അവന്‍ അവയൊക്കെ സ്പഷ്ടമായി അറിയുകയും കാണുകയും ചെയ്യുന്നുണ്ട്. തദനുസൃതം അവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.

 

قُلْ أَؤُنَبِّئُكُمْ بِخَيْرٍ مِنْ ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِنْدَ رَبِّهِمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُطَهَّرَةٌ وَرِضْوَانٌ مِنَ اللَّهِ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ (15)

എന്നാല്‍ ഇവയെക്കാള്‍ ഗുണകരമായത് ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരട്ടെയോ എന്നു താങ്കള്‍ ചോദിക്കുക: ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്, അടിയിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ റബ്ബിങ്കലുണ്ട്. അവരതില്‍ ശാശ്വതരാണ്. നിര്‍മലരായ ഇണകളും അല്ലാഹുവിന്‍റെ പൊരുത്തവും അവര്‍ക്കുണ്ടാകും. തന്‍റെ ദാസരുടെ കാര്യങ്ങള്‍ അല്ലാഹു നന്നായി കാണുന്നവനാണ്.

 

നേരത്തെ പറഞ്ഞ ഇഹലോക വിഭവങ്ങളൊന്നും സമ്പാദിച്ചുകൂടാ എന്നോ ഉപയോഗപ്പെടുത്തിക്കൂടാ എന്നോ ഒന്നുമല്ല ഇപ്പറഞ്ഞത്. അതെല്ലാം വേണമെന്നുതന്നെയാണ് അല്ലാഹു സൂറ അഅ്റാഫ് 32 ലൂടെ ആഹ്വാനം ചെയ്യുന്നത്:

قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ ۚ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ ۗ كَذَٰلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ (32)سورة الأعراف.

(പറയുക: തന്‍റെ അടിമകള്‍ക്കായി അല്ലാഹു ഉല്‍പാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണ് നിഷിദ്ധമാക്കിയത്?!.......

 

അതിനൊന്നും അമിതമായ വില കല്‍പിക്കുകയോ, പരലോകാനുഗ്രഹങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുകയോ, അതിലങ്ങോട്ട് മുഴുകി പരലോകം വിസ്മരിക്കുകയോ ചെയ്യരുതെന്നാണ് പറഞ്ഞുവരുന്നത്. അത്തരം അനുഗ്രങ്ങള്‍ നല്‍കിയതിന് അല്ലാഹുവിനോട് എപ്പോഴും നന്ദികാണിക്കുകയും അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധത്തിന് അത് തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. .

 

وَاللَّهُ بَصِيرٌ بِالْعِبَادِ 

ആരൊക്കെയാണ് ഭൗതിക സുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്, അത് പ്രധാന അജണ്ടയാക്കി ജീവിക്കുന്നത്, ദുരുപയോഗപ്പെടുത്തുന്നത്, ആരൊക്കെയാണ് മിതവും നിയമാനുസൃതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നത്, പരലോകാനുഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്‍റെ പ്രീതിക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് - ഇത്യാദി കാര്യങ്ങളെല്ലാം അല്ലാഹുവിന് ശരിക്കും അറിയാം. അര്‍ഹിക്കുന്ന പ്രതിഫലം ഓരോരുത്തര്‍ക്കുമവന്‍ കൊടുക്കുകയും ചെയ്യും. ഇതൊക്കെയാണ് ഈ അവസാന വാക്യത്തിന്‍റെ താല്‍പര്യം.

-----------------

 ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter