ഫാഷിസത്തിന്റെ ബുള്‍ഡോസര്‍ രാജ്, മുസ്‍ലിംകള്‍ക്ക് മാത്രമായിരിക്കില്ല
നിലവില്‍ യുപി ഭരിക്കുന്ന യോഗി ആദിത്യനാഥിലൂടെ ബുള്‍ഡോസര്‍ രാജ് ഇന്ത്യക്ക് പരിചിതമാവാന്‍ തുടങ്ങുന്നത് 2017ലാണ്. 2020ല്‍ ക്രിമിനല്‍ കുറ്റവാളിയായിരുന്ന വികാസ് ദുബയുടെ ഭവനം ബുള്‍ഡോസറുപയോഗിച്ച് തകര്‍ത്തോടെ പ്രായോഗികവല്‍ക്കരിക്കപ്പെട്ട ഈ അലിഖിത നിയമം അധികം വൈകാതെ തന്നെ ഭരണകൂട ഭീകരതക്ക് കുടപിടിക്കാന്‍ തുടങ്ങി. 2021 അവസാനമായപ്പോഴേക്കും മുഖ്താര്‍ അന്‍സാരിയുടെയും ആതിക് അഹ്മദിന്റെയും ഭവനങ്ങള്‍ തകര്‍ത്തതോടെ ബുള്‍ഡോസര്‍ പൊളിറ്റിക്സിന്റെ ഏകദേശ രൂപം ഇന്ത്യന്‍ ജനത മനസ്സിലാക്കി തുടങ്ങിയിരുന്നു. ഇന്ന്, ഭരണകൂട അക്രമത്തിനും അപരവല്‍കരണ ശ്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ മനോവീര്യം തകര്‍ക്കാനും പ്രതിഷേധങ്ങളെ തന്നെ ഇല്ലായ്മ ചെയ്യാനുമാണ് അവ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതില്‍ ഹൈന്ദവ പുരാണത്തെ താത്വികമായി അപരവല്‍കരിക്കുന്നതാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചവരോടോ ഹിന്ദുത്വവല്‍ക്കരണ വിളംബരത്തിനായി വര്‍ഗീയത പുലമ്പിയവരോടോ ഒന്നും തന്നെ നടപടിയെടുക്കാതെ, പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെയും സമരക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചവരുടെയും ഭവനങ്ങള്‍ തിരഞ്ഞ് പിടിച്ച് ധൂളീകരിക്കുന്നുവെന്നിടത്താണ് ബുള്‍ഡോസറുകളുടെ മതം വ്യക്തമാവുന്നത്. ഭരണകൂടത്തിനെതിരെയോ ആര്യവല്‍കരണത്തിനെതിരെയോ ശബ്ദം ഉയര്‍ത്തുമ്പോഴേക്ക്, അധികൃതമായി സ്വഭവനങ്ങളില്‍ ജീവിക്കുന്നവര്‍ പോലും ഇന്ന് അനധികൃത ചാപ്പ കുത്തപ്പെട്ട് ബുള്‍ഡോസറുകള്‍ക്ക് അന്നമായി മാറുകയാണ്.
ഭരണകക്ഷിക്കെതിരെ നിരന്തരം പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിന് പോലും വേതനം കൊടുക്കുന്ന തരത്തിലുള്ള ജനാധിപത്യ പരിതസ്ഥിതിയുള്ള ഇന്ത്യയില്‍, ഭരണകൂട ഭീകരതക്കും ഭൂരിപക്ഷ പ്രീണനത്തിലൂന്നിയ ന്യൂനപക്ഷ പീഡനങ്ങള്‍ക്കും നിയമ സംരക്ഷണം നല്കപ്പെടുന്നത് കൂടി കാണുമ്പോള്‍, ആശങ്കകള്‍ എവിടെ എത്തി നില്ക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് ഇങ്ങനെയെല്ലാമാണെങ്കിലും ഇത് മുസ്‍ലിംകള്‍ക്ക് മാത്രമായിരിക്കില്ല, മറിച്ച്, വൈകാതെ തന്നെ ഫാഷിസ്റ്റുകളുടെ ഈ ബുള്‍ഡോസറുകള്‍ ഇന്ത്യയിലെ ദളിതരെയെല്ലാം തേടിവരുമെന്ന് മാത്രമല്ല, ആര്യന്മാരല്ലാത്ത ആരെയും ഏത് സമയവും അത് തേടി വരാമെന്നുമാണ് ആര്‍.എസ്.എസിനെ അടുത്തറിഞ്ഞവര്‍ മുന്നറിയിപ്പ് നല്കുന്നത്.
ഭവര്‍ മെഗ്വന്‍ഷിയും ചില വെളിപ്പെടുത്തലുകളും
പതിനഞ്ചാമത്തെ വയസ്സില്‍ സംഘ്പരിവാര്‍ വലയത്തില്‍ കയറുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അതുല്യമായ രാമസേവ കൊണ്ട് സംഘ മനസ്സുകളില്‍ പ്രീതി പിടിച്ച് പറ്റുകയും ചെയ്ത ദളിത് കര്‍സേവകന്‍ ഭവര്‍ മെഗ്വന്‍ഷിയുടെ തുറന്നെഴുത്താണ് i couldnt' be hindu (എനിക്കൊരു ഹിന്ദുവാകാന്‍ കഴിഞ്ഞില്ലെ)ന്ന പുസ്തകം. 2022 മാര്‍ച്ചില്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ തനിക്കേറ്റ ദളിത് വിരുദ്ധതയും സവര്‍ണ പീഢനങ്ങളുമടക്കം അക്കമിട്ട് നിരത്തുന്നതിലൂടെ സംഘ്പരിവാര്‍ അജണ്ടകള്‍ എത്രമാത്രം ആര്യ കേന്ദ്രീകൃതമാണെന്ന് തുറന്നെഴുതുകയാണ് മെഗ്വന്‍ഷി. കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലത്തില്‍ നിന്നും ആര്‍.എസ്സ്.എസ്സ് കാര്യാലയത്തിലേക്ക് ചെറുപ്പത്തില്‍ തന്നെ ചേക്കേറിയ മെഗ്വന്‍ഷിയില്‍, ആര്‍.എസ്സ്.എസ്സിന്റെ ജില്ലാ കാര്യവാഹക് പദ്ധതി അന്യമാവുന്നത് മുതലാണ് സംഘ്പരിവാര്‍ വിരുദ്ധത നുരഞ്ഞ് പൊന്തുന്നത്.
ശാഖാ സംഗമങ്ങളില്‍ സ്വയം സേവകരുടെ രാത്രി ഭക്ഷണം ഒരു പോലെയാണെങ്കിലും ഭവര്‍ മെഗ്വന്‍ഷിയുടെ ഊഴമെത്തുമ്പോള്‍ ദലിത് സ്വത്വത്തെ ഉള്‍ക്കൊള്ളാനാവാതെ, അവരെ മാറ്റി നിര്‍ത്തുന്നത് വ്യക്തമായി തന്നെ മെഗ്വന്‍ഷി കുറിച്ചിടുന്നുണ്ട്.
''സംശയാത്മഹ വിനാശ്വതിയുടെ'' പ്രായോഗിക രൂപമാണ് മെഗ്വന്‍ഷിയുടെ തിരച്ചറിവിന് തുടക്കം കുറിക്കുന്നത്. അന്ധമായ വിധേയത്വം കൊണ്ട് ദലിതനില്‍ നിന്നും ബ്രഹ്മണനിലേക്ക് പരിണമിക്കാനുളള അഭിനിവേശം തകര്‍ന്നടിയുന്നതും പില്‍ക്കാലത്ത് പൂര്‍ണ്ണമായും ദലിത് സ്വത്വത്തിലൂന്നിയ ആര്‍.എസ്.എസ് വിരുദ്ധനാവുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. അദ്ദേഹം തുടര്‍ന്നെഴുതുന്നു, 'ഇന്ത്യയിലെ മുസ്‍ലിംകള്‍ ഇന്ത്യക്കാരാവണമെങ്കില്‍ ആദ്യം ഹിന്ദുക്കളാവണ' മെന്നുള്ള മോഹന്‍ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത് കര്‍സേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പക്ഷെ, ഞാനടക്കമുള്ള നിലവിലെ ഹിന്ദുക്കളെ പോലും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നത് പിന്നീടാണ് എനിക്ക് ബോധ്യപ്പെട്ടത്. അത് വല്ലാത്ത നിരാശയാണ് ഞങ്ങളിലുളവാക്കിയത്.
ചുരുക്കത്തില്‍ 1921ല്‍ സംഘം രൂപീകരിക്കപ്പെടുന്നത് തന്നെ, മുസ്‍ലിം-ദലിത് അപകരണവല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു. ആര്യന്മാരല്ലാത്തവരെയെല്ലാം രണ്ടാം കിട പൌരന്മാരായി കാണുകയും അവരുടെ അധ്വാനവും വിയര്‍പ്പുമെല്ലാം ആര്യന്മാരുടെ സുഖ ജീവിതത്തിനായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന പഴയ ജാതി വ്യവസ്ഥയിലൂന്നിയ സമൂഹം തന്നെയാണ്, ആര്‍.എസ്.എസിന്റെ ലക്ഷ്യം.
അതിലേക്കുള്ള ആദ്യപടിയാണ്, മുസ്‍ലിംകളും നിയമസംഹിതകളെ നോക്കുകുത്തികളാക്കി അവരെ തേടി വരുന്ന ബുള്‍ഡോസറുകളും. വൈകാതെ അവ ദളിതരെയും തേടി വരും.
ആര്‍.ബി ശ്രീകുമാറിന്റെയും അഭിഭാഷക ടീസ്റ്റ സെറ്റല്‍വാദിന്റെയും അറസ്റ്റിനെ അതിന്റെ തുടക്കമായി വേണം മനസ്സിലാക്കാന്‍. ഭവര്‍ മെഗ്വന്‍ഷിയുടേതു പോലെയുളള ഒരു തുറന്നെഴുത്താണ് ആര്‍.ബി എസ്സിന്റെ അറസ്റ്റിന് പിന്നിലുളള പ്രധാന കാരണം. ഇന്ത്യന്‍ ജനാധിപത്യ മനസ്സാക്ഷിയെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ അരങ്ങേറിയ ഗുജറാത്ത് കലാപത്തിന്റെ കാണാ പുറങ്ങളെ (gujarat under the curtain - തിരശ്ശീലക്ക് പിന്നിലെ ഗുജറാത്) എന്ന പുസ്തകത്തിലൂടെ പുറത്തെത്തിച്ചുവെന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 2018 ല്‍ വെളിച്ചം കണ്ട പുസ്തകത്തില്‍ കലാപത്തിലുളള ഭരണകൂടപങ്കാളിത്വവും ഹിന്ദുത്വ ഭീകരവാദവും രൂക്ഷമായി തന്നെ വിമര്‍ശിക്കപ്പെടുന്നുണ്ട്. മാത്രമല്ല, കലാപ സമയത്ത് കേന്ദ്രഭരണം കയ്യാളിയിരുന്ന കോണ്‍ഗ്രസ്-കേന്ദ്രീകൃത ഭരണകൂടം കലാപത്തെ ചെറുക്കുന്നതിനോ കലാപത്തിനിരയായവരെ പില്‍ക്കാലത്ത് ചേര്‍ത്ത് നിര്‍ത്തുന്നതിനോ യാതൊരു താല്‍പര്യവും കാണിക്കാത്തതിനെയയും കടുത്ത ഭാഷയില്‍ തന്നെ ശ്രീകുമാര്‍ വിമര്‍ശിക്കുന്നുണ്ട്. അതോടൊപ്പം അധികം വൈകാതെ, താന്‍ ജയിലിലടക്കപ്പെട്ടേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
Read More: മതേതര ഇന്ത്യയില്‍ ഇപ്പോള്‍ നിയമം നടപ്പാക്കുന്നത് ബുള്‍ഡോസറുകളാണ്
സമാനമായ അനുഭവം തന്നെയാണ് ടീസ്റ്റ സെറ്റല്‍വാദിന്റെയും. ഗുജറാത്ത് കലാപത്തില്‍ കൂട്ടക്കുരുതിക്കിരയായ ഇഹ്‌സാന്‍ ജാഫ്രിയുടേയും കുടുംബത്തിന്റെയും നീതിധര്‍മ്മത്തിന് വേണ്ടിയുളള പോരാട്ടത്തിലായിരിക്കേയാണ് അഭിഭാഷക കൂടിയായ ടീസ്റ്റ സെറ്റല്‍വാദ് അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഹിന്ദുക്കളെല്ലാം സംഘ്പരിവാറുകാരല്ലെന്നും ഹൈന്ദവതയും ഹിന്ദുത്വവും തമ്മില്‍ അജഗജാന്തരമുണ്ടെന്നും ഇന്ന് ഏറെക്കുറെ എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. ഇതിനോട് യോജിക്കാന്‍ കഴിയാത്തവരെല്ലാം ഒന്നിച്ച് നിന്ന് ഫാഷിസത്തെ പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യയുടെ ഭാവിയെ ഭാസുരമാക്കാനുളള ഏക മാര്‍ഗം. അതിന് വേണ്ടിയായിരിക്കണം ജനാധിപത്യ വിശ്വാസികളായ നമ്മുടെയെല്ലാം ഓരോ ശ്വാസോച്ഛാസവും നാം ചെലവഴിക്കേണ്ടത്.
Leave A Comment