ലോകത്തെ മാറ്റിമറിച്ച 5 മുസ്‌ലിം കണ്ടുപിടിത്തങ്ങള്‍
ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പല ശ്രദ്ധേയ സാധന സാമഗ്രികളുടെയും കണ്ടുപിടിത്തത്തിനു പിന്നില്‍ മുസ്‌ലിംകളായിരുന്നുവെന്നത് ആരെയും അല്‍ഭുതപ്പെടുത്തിയേക്കാവുന്ന ഒരു വസ്തുതയാണ്. അത്തരം, വളരെ ലളിതവും, എന്നാല്‍ പ്രധാനപ്പെട്ടതുമായ ചില സംഗതികള്‍ ഇങ്ങനെ മനസ്സിലാക്കാം.
ആള്‍ജിബ്ര
ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വളരെ ശ്രമകരമായി പഠിച്ചെടുക്കുന്ന ഗണിതത്തിലെ ഒരു ഭാഗമാണ് ആള്‍ജിബ്ര. ഒരു ഗണിത അധ്യായം എന്നതിലപ്പുറം ഇത് ആരുടെ സംഭാവനയാണെന്നത് ആരും ചിന്തിക്കാറില്ല. എന്നാല്‍, മുസ്‌ലിം സാംസ്‌കാരിക പുരോഗതിയുടെ സുവര്‍ണ കാലമായ മധ്യകാലത്തിന്റെ ഒരു സംഭാവനയായിരുന്നു ഇത്. പ്രമുഖ മുസ്‌ലിം ഗണിതജ്ഞന്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ ഖവാരിസ്മിയായിരുന്നു ഇത് വികസിപ്പിച്ചെടുത്തത്. 780-850 കാലത്ത് പേര്‍ഷ്യയിലും ഇറാഖിലുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
അല്‍ കിതാബുല്‍ മുഖ്തസ്വര്‍ ഫീ ഹിസാബില്‍ ജബ്‌രി വല്‍ മുഖാബല എന്നതാണ് അദ്ദേഹത്തിന്റെ ഈ ഗണിത വിഷയം കൈകാര്യം ചെയ്യുന്ന കൃതി. 1000 നും 1100 നുമിടക്ക് ഇത് ലാറ്റിനിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. അല്‍ഗരിതം എന്നാണ് ഈ ഗണിത ശാഖയെ കുറിക്കാന്‍ അതില്‍ ഉപയോഗിച്ചിരുന്നത്. അല്‍ ഖവാരിസ്മിയുടെ പേരില്‍നിന്നും രൂപപ്പെട്ടുവന്നതായിരിക്കണം അത്. അദ്ദേഹത്തിന്റെ ഇത്തരം കണ്ടുപിടിത്തം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ എഞ്ചിനിയറിംഗ് മേഖല ഇന്നത്തേതുപോലെ വികസിക്കുമായിരുന്നില്ല.
ഡിഗ്രി നല്‍കുന്ന യൂണിവേഴ്‌സിറ്റികള്‍
വിദ്യാഭ്യാസ മേഖലയില്‍ ഉന്നത ബിരുദം നല്‍കുന്ന യൂണിവേഴ്‌സിറ്റികള്‍ മുസ്‌ലിംകളുടെ കണ്ടുപിടിത്തമാണ്. പള്ളിയില്‍ ആരാധനകള്‍ക്കു നേതൃത്വം നല്‍കുന്ന മതപണ്ഡിതരുടെ തന്നെ കാര്‍മികത്വത്തിലായിരുന്നു പള്ളിയോടനുബന്ധിച്ചും മറ്റും ഇതിന്റെ സമാരംഭം. കര്‍മശാസ്ത്രം, ഖുര്‍ആന്‍ വ്യഖ്യാനം, ഹദീസ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇതില്‍ പ്രവര്‍ത്തിച്ചു. മദ്‌റസ എന്ന പേരിലും പിന്നീട് ജാമിഅ എന്ന പേരിലുമാണ് ഇത്തരം സ്ഥാപനങ്ങള്‍ അറിയപ്പെട്ടിരുന്നത്.
859 ല്‍ മൊറോക്കോയിലെ ഫെസില്‍ ഫാത്വിമ ഫിഹ്‌രി സ്ഥാപിച്ച അല്‍ കറാവൂന്‍ മദ്‌റസയാണ് മുസ്‌ലിം ലോകത്ത് ഉയര്‍ന്നുവന്ന വ്യവസ്ഥാപിതമായ പ്രഥമ വിദ്യാഭ്യാസ കേന്ദ്രം. ആഫ്രിക്കയുടെ ഭാഗങ്ങളില്‍നിന്നും പോലും പണ്ഡിതര്‍ അവിടെക്ക് പഠിക്കാനെത്തിയിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നത്. വര്‍ഷങ്ങളെടുത്ത് വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും വ്യുല്‍പത്തി നേടിയാന്‍ അത് മറ്റുള്ളവര്‍ക്ക് ക്ലാസ് എടുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് അധ്യാപകര്‍ അവര്‍ക്കു നല്‍കി. ഇതോടെ അവരും സമാന സ്ഥാപനങ്ങളില്‍ പോയി അധ്യാപനം ആരംഭിച്ചു.
ഇത്തരം ഡിഗ്രി നല്‍കുന്ന സ്ഥാപനങ്ങള്‍ മുസ്‌ലിം ലോകത്ത് വളരെ വേഗത്തില്‍ പടര്‍ന്നുപിടിച്ചു. അങ്ങനെയാണ് 970 ല്‍ കൈറോയില്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ഉയര്‍ന്നുവരുന്നത്. എഡി. 1000 കാലഘട്ടത്തില്‍ സല്‍ജൂക്കികള്‍ സമാനമായ ധാരാളം സ്ഥാപനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി സ്ഥാപിച്ചു. സ്‌പെയിനിലൂടെ ഈയൊരു സംവിധാനം പിന്നീട് യൂറോപ്പിലേക്ക് പ്രചരിച്ചു. 11-12 നൂറ്റാണ്ടുകളില്‍ നിലവില്‍ വന്ന ഇറ്റലിയിലെ ബൊളോഗ്ന യൂണിവേഴ്‌സിറ്റിയും ഇന്‍ഗ്ലണ്ടിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ഇതേ രീതിതന്നെ പിന്തുടര്‍ന്നു. അതോടെ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ ശൈലി വ്യാപിക്കുകയായിരുന്നു.
പാട്ടു സംഘങ്ങള്‍
മിലിട്ടറി ആവേശം കൊള്ളിക്കുന്നതിനു വാദ്യമേളകളുടെ സഹായത്തോടെ സംവിധാനിക്കുന്ന പാട്ടു സംഘങ്ങള്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം വ്യാപകമാണ്. യുദ്ധത്തിനു വേണ്ടി തയ്യാറെടുക്കുമ്പോഴാണ് പ്രധാനമായും ഇതു കാണുന്നത്. പട്ടാളക്കാരെ ഊര്‍ജസ്വലരാക്കാന്‍ വാദ്യങ്ങളുടെ അകമ്പടിയോടെ പാട്ടു പാടുന്ന രീതീയാണിത്.
ഒട്ടോമന്‍ ഭരണാധികാരികളാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചിരുന്നത്. 1300 കളില്‍ സൈന്യവുമായി ബന്ധപ്പെട്ടാണ് അവരിത് പരീക്ഷിച്ചിരുന്നത്. ചെണ്ടകളും മറ്റു വാദ്യ ഉപകരണങ്ങളും അവര്‍ ഇതിനായി ഉപയോഗിച്ചിരുന്നു. 1683 ലെ വിയന്ന ഉപരോധത്തോടെ ഈ രീതി യൂറോപ്പിലും സജീവമായി.
കാമറ
ഫോട്ടോ ഇന്ന് ആര്‍ക്കും ഒഴിച്ചുകൂടാനാകാത്ത സംഗതിയായി മാറി. ഫോണ്‍ ക്യാമറയായും അല്ലാതെയും ജനങ്ങളിത് ഇന്ന് നിരന്തരം ഉപയോഗിക്കുന്നു. പക്ഷെ, 11 ാം നൂറ്റാണ്ടി മുസ്‌ലിം ശാസ്ത്രകാരനായ ഇബ്‌നു ഹൈഥമാണ് ഇത് കണ്ടെത്തിയതെന്നകാര്യം അവര്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല.
1000 കളില്‍ ഈജിപ്തില്‍ ജീവിച്ചിരുന്ന അദ്ദേഹം അന്നത്തെ പ്രഗല്‍ഭനായ ശാത്രകാരനായിരുന്നു. ഫത്വിമി ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ച സമയത്ത് പ്രകാശത്തിന്റെ സഞ്ചാരത്തെക്കുറിച്ച് അദ്ദേഹം പഠിച്ചു. അങ്ങനെയാണ് കാമറയിലേക്കും കണ്ണടയിലേക്കും മറ്റും അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ വ്യാപിക്കുന്നത്.
ഒരു ചിത്രത്തെ മനുഷ്യന് എങ്ങനെയാണ് കാണാന്‍ സാധിക്കുന്നത് എന്ന ഇബ്‌നു ഹൈഥമിന്റെ കണ്ടെത്തലുകളാണ് പില്‍ക്കാലത്ത് യൂറോപിനെ മേത്തരം ക്യാമറകള്‍ കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്.
കോഫി
കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ശാരീരികമായ ഉന്‍മേഷം ലഭിക്കാന്‍ ലോക വ്യാപകമായി ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ദൈനംദിനം കോടിക്കണക്കിന് കപ്പ് കാപ്പിയാണ് മനുഷ്യന്‍ ഇന്ന് അകത്താക്കുന്നത്.
1400 കളില്‍ യമനിലാണ് കാപ്പി ഉപയോഗം ആരംഭിക്കുന്നത്. അവിടത്തെ ആട്ടിടയന്മാരാണത്രെ കാപ്പിയിലയുടെ പ്രത്യേകത ആദ്യം കണ്ടെത്തുന്നത്. ഈ ചെടിയുടെ ഇല ആടുകള്‍ ഭക്ഷിച്ചാല്‍ അവയില്‍ പ്രത്യേകം ഉന്മേഷം കാണപ്പെട്ടു. അങ്ങനെ അവരും ഉന്മേഷത്തിനായി അത് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. എത്യോപ്യയിലാണ് ഇതിന്റെ തുടക്കമെന്നും പറയപ്പെടുന്നു.
ഒട്ടോമന്‍ ഭരണകാലത്ത് കോഫീ ഹൗസുകള്‍ മുസ്‌ലിം ലോകത്ത് വ്യാപകമായി ഉയര്‍ന്നുവന്നു. കൈറോ, ഇസ്തംബൂള്‍, ഡമസ്‌കസ്, ബഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ ധാരാളമായി കാണപ്പെട്ടു. ക്രമേണ അവിടങ്ങളില്‍നിന്നും യൂറോപിലേക്കും അത് പ്രചരിക്കുകയായിരുന്നു. ഇന്ന് കോഫീ ഹൗസുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഒരു ട്രന്റാണ്.
വിവ. ഇര്‍ശാന അയ്യനാരി
Leave A Comment