ദി ഡിവൈൻ റിയാലിറ്റി: ഹംസ സോസിസിന്റെ ദൈവാന്വേഷണം
വീട്ടിൽ ഉറങ്ങാൻ കിടന്ന നിങ്ങൾ ഉണർന്ന് നോക്കുമ്പോൾ അത്യാധുനിക സൗകര്യങ്ങളും സകല ആസ്വാദന മാർഗ്ഗങ്ങളുമുള്ള ഒരു വിമാനത്തിനുള്ളിലെത്തിയെന്ന് സങ്കല്പിക്കുക. വിമാനത്തിനുള്ളിലെ വിഭവങ്ങളും സേവനവ്യൂഹവും നിങ്ങളെ സന്തോഷിപ്പിക്കുമോ? ഒരിക്കലുമില്ല! ആരാണ് എന്നെയിവിടെ എത്തിച്ചത്, എന്തിന് വേണ്ടിയാണ് എന്നെയിങ്ങോട്ട് കൊണ്ടുവന്നത്, എങ്ങോട്ടാണീ യാത്ര, എന്താണ് യാത്രയുടെ ലക്ഷ്യം എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും. ഇതേ അനുഭവം നമ്മുടെ നിത്യജീവിതത്തിലേക്ക് ചേർത്ത് വെച്ച് നോക്കൂ. ഈ പ്രപഞ്ചത്തിലേക്ക് നമ്മെ കൊണ്ടുവന്ന ശക്തിയെ കുറിച്ചും, ജീവിതത്തിന്റെ പൊരുളിനെ കുറിച്ചും, ജീവിതയാത്രയുടെ അവസാനത്തെ കുറിച്ചുമെല്ലാം നമുക്ക് വേവലാതിയില്ലേ. സവിശേഷമായ ബുദ്ധിശക്തിയും യുക്തിബോധവും കൈവശമുണ്ടായിട്ടും അടിസ്ഥാനപരമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ പ്രപഞ്ചത്തിലെ നമ്മുടെ ജീവിതമെങ്ങനെയാണ് സാർത്ഥകമാവുക?
നവനാസ്തികതയുടെ അടിവേരറുത്ത 'ദി ഡിവൈൻ റിയാലിറ്റി' എന്ന മാസ്‌മരിക കൃതിയിലെ ഒരു ചിന്താവിഷയമാണ് മുകളിലെ പ്രതിപാദ്യം. മുസ്‌ലിം പക്ഷത്ത് നിന്ന് നിരീശ്വരവാദത്തിനെതിരെ രചിക്കപ്പെട്ട ഏറ്റവും സ്വാധീനശേഷിയുള്ള കൃതികളിലൊന്നാണ് ഹംസ ആൻഡ്രിയാസ് സോസിസിന്റെ 'ദി ഡിവൈൻ റിയാലിറ്റി.' യൂറോപ്പിന്റെ ഹൃദയഭാഗത്തിരുന്ന് ആധുനിക ആശയധാരകൾക്കെതിരെ സംവാദത്തിനറങ്ങിയ റിവെർട്ടഡ് മുസ്‌ലിം എന്ന നിലയിലാണ് ഹംസ സോസിസ് ജനശ്രദ്ധയാർജ്ജിക്കുന്നത്. സോസിസിന്റെ സംവാദശൈലിയുടെ ചൂടറിഞ്ഞവരുടെ പട്ടികയിൽ നവനാസ്‌തികതയുടെ അപ്പോസ്തലരിൽ പ്രധാനിയായ പ്രൊഫ. ലോറിൻസ് ക്രോസും ഉൾപ്പെടും.
ബ്രിട്ടീഷ് മുസ്‌ലിംകളുടെ കാലിക മുഖമായി സോസിസിനെ അടയാളപ്പെടുത്തിയതിൽ 'ദി ഡിവൈൻ റിയാലിറ്റി'യുടെ പങ്ക് നിസ്‌തുലമാണ്. ഫിലോസഫിയിൽ അവഗാഹമുള്ളവർക്കും ഇല്ലാത്തവർക്കും ഒരു പോലെ ഗ്രഹിക്കാൻ കഴിയുന്ന വിധത്തിലാണ് അദ്ദേഹം വിഷയങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഓരോ അധ്യായത്തിലെയും ഉദാഹരണങ്ങളും തുടർന്നുള്ള ചെറുവിവരണങ്ങളും വിഷയം ഗ്രഹിക്കാൻ പര്യാപ്‌തമാണ്. അതേസമയം, താത്വികമായ അവലോകനങ്ങളും ആഴമേറിയ ആശയതലങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ അമൂല്യമായൊരു അക്കാദമിക വായനക്കും അവസരമൊരുക്കുന്നു.
തത്വശാസ്ത്രത്തിന്റെ അടിത്തറയിലൂന്നി ദൈവാസ്തിക്യത്തെ സ്ഥാപിക്കുന്ന ഗ്രന്ഥങ്ങൾ സുലഭമാണ്. അത്തരം വാദങ്ങളെ ഇസ്‌ലാമിക വിശ്വാസശാസ്ത്രത്തോട് ചേർത്തുവെക്കുന്നതിൽ സോസിസ് കൈവരിച്ച വിജയമാണ് ഈ കൃതിയെ വ്യതിരിക്തമാക്കിയത്. നിരീശ്വരവാദത്തിന്റെ ചരിത്രം, ജീവിതവീക്ഷണം, യുക്തിരാഹിത്യം തുടങ്ങിയ ചർച്ചകളിലൂടെ സഞ്ചരിച്ച് നാസ്‌തികത ഒരു പ്രകൃതി വിരുദ്ധ ദർശനമാണെന്ന് സോസിസ് സ്ഥാപിക്കുന്നു. ദൈവാസ്തിക്യത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തിയ ശേഷം ദൈവനിഷേധം സ്വത്വ നിഷേധമാണെന്നും, ആസൂത്രിതമായ ഈ പ്രപഞ്ചം ദൈവിക കൃത്യതയുടെ പരിണിതിയാണെന്നുമാണ് അദ്ദേഹം സമർത്ഥിക്കുന്നത്. ശാസ്ത്രമാത്രവാദത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്താൻ ഒരധ്യായം തന്നെ മാറ്റിവെച്ച സോസിസ് നവനാസ്തികതയുടെ സുപ്രധാന ആയുധത്തെ നിർവീര്യമാക്കുന്നു. ഏകദൈവവിശ്വാസം, പ്രവാചകൻ(സ്വ), പരിശുദ്ധ ഖുർആൻ എന്നീ ഘടകങ്ങളുടെ അനിവാര്യത കൂടി വിശദീകരിക്കുന്നതിലൂടെ 'ദി ഡിവൈൻ റിയാലിറ്റി' ഒരു സമ്പൂർണ്ണ ഇസ്‌ലാമിക രചനയായി വികാസം പ്രാപിക്കുകയാണ്.
ദൈവരഹിത ജീവിതത്തിന്റെ പരിമിതികൾ അക്കമിട്ട് നിരത്തുന്നതിലൂടെ പരിവർത്തനത്തിന്റെ കവാടങ്ങളാണ് ഹംസ സോസിസ് തുറന്നിടുന്നത്. തന്റെ മുസ്‌ലിം സുഹൃത്തുക്കളുടെ ആത്മീയ സാമൂഹിക ജീവിതശൈലിയിൽ ആകൃഷ്ടനാനി ഇസ്‌ലാം സ്വീകരിച്ച ഒരാളെന്ന നിലയിൽ മതം നൽകുന്ന പ്രതീക്ഷയുടെ കിരണങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം. ആത്യന്തികമായ പ്രതീക്ഷയോടും ആനന്ദത്തോടും, അതിലുപരി മനുഷ്യജീവന്റെ മൂല്യത്തോടും ലക്ഷ്യങ്ങളോടും പുലർത്തുന്ന നിഷേധഭാവമാണ് നാസ്‌തികതയിൽ അദ്ദേഹം കാണുന്ന ഭീകരമായ പോരായ്‌മ. നിരീശ്വരവാദികൾ ഉൾകൊള്ളുന്ന ഭൗതികവാദ വീക്ഷണത്തിൽ എല്ലാ വസ്‌തുക്കളും പദാർത്ഥങ്ങളുടെ പുനഃക്രമീകരണം മാത്രമാണ്. മനുഷ്യന്റെ സവിശേഷമായ പദവിയെ അഭിസംബോധന ചെയ്യുന്നതിൽ ഭൗതികവാദത്തിന് സംഭവിച്ച പരാജയം വിവരിക്കുന്നതോടൊപ്പം "ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു" എന്ന ദൈവിക വചനത്തിലെ മനുഷ്യരാശിയോടുള്ള സംവേദന സൗന്ദര്യത്തെ ഹംസ സോസിസ് ഓർമ്മപ്പെടുത്തുന്നു.
ദീർഘമായ ചർച്ചകൾക്ക് ശേഷം ഗ്രന്ഥകാരൻ സമർപ്പിക്കുന്ന ഉപസംഹാരവും ശ്രദ്ധേയമാണ്. ദൈവാരാധനയിലൂടെ രൂപപ്പെടുന്ന കൃതജ്ഞതാ മനോഭാവം വിശ്വാസിയെ 'സ്വതന്ത്രനായ ദാസനാ'ക്കി മാറ്റുമെന്നാണ് സോസിസിന്റെ പക്ഷം. "അല്ലാഹുവിന് മുൻപിലുള്ള ഒറ്റ സാഷ്ടാംഗം മറ്റു സഹസ്രം സാഷ്ടാംഗങ്ങളിൽ നിന്നുള്ള മോചനമാണ്" എന്ന ഇഖ്‌ബാൽ കവിത ഉദ്ധരിച്ചാണ് അദ്ദേഹം തന്റെ വാദത്തെ പണിതുയർത്തുന്നത്. സമ്പത്തിനോടും മറ്റു ഭൗതിക സൗകര്യങ്ങളോടുമുള്ള 'പദാർത്ഥാരാധന'യേക്കാൾ സാർത്ഥകമാണ് നിരാശ്രയനായ അല്ലാഹുവിനോടുള്ള തേട്ടവും അവനോടുള്ള പരമമായ വണക്കവും.
ഡിവൈൻ റിയാലിറ്റി ഏകഭാഷിയായ ഒരു രചനയല്ല. കാലങ്ങളെ അതിജീവിക്കുന്ന ഒരു സംവാദ ജാലകമാണ്. തങ്ങളുടെ ദൈവനിഷേധത്തിന് കയ്യിൽ തെളിവില്ലാത്തവരും തെളിവന്വേഷിക്കാൻ തയ്യാറല്ലാത്തവരുമായ 'ഈശ്വരവിരോധി'കളോട് സംവാദം സാധ്യമല്ല എന്ന് സോസിസ് തുറന്ന് സമ്മതിക്കുന്നുണ്ട്. അതേസമയം, മാന്യമായി പര്സപരം സംസാരിക്കാൻ തയ്യാറുള്ളവരെ അദ്ദേഹം സഹർഷം സ്വാഗതം ചെയ്യുന്നു. ജീവിതത്തിലെ തിക്താനുഭവങ്ങളുടെയും പരിമിതമായ ഭാവനാശേഷിയുടെയും മൂടുപടത്തിൽ നിന്ന് മോചനം നേടാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യമനസ്സുകളെ ബാധിച്ച ഈഗോ എന്ന ആത്മീയരോഗത്തിനുള്ള ഫലപ്രദമായ മരുന്നാണ് ഇസ്‌ലാം. ആ ശമന പ്രക്രിയക്ക് ഗ്രന്ഥം സഹായിക്കുമെന്ന് ഗ്രന്ഥകാരൻ വിശ്വസിക്കുന്നു. കൊടിയ ശത്രുവായ ഫറോവയോട് പോലും സൗമ്യമായി സംസാരിക്കാനുള്ള ഖുർആനിന്റെ കല്‌പന സ്വീകരിച്ച് ഹംസ സോസിസ് അവസാനമായി ബാക്കിവെക്കുന്ന സന്ദേശം പ്രസക്തമാണ്:
"വെറുക്കരുത്, സംവദിക്കുക. ഇസ്‌ലാമിനോട് സംവേദനം സാധ്യമാണ്"
1 Comments
-
-
Islamonweb Admin
8 months ago
Thanks Sayyid
-
Leave A Comment