അന്താരാഷ്ട്ര കോടതി വിധി നൽകുന്ന പ്രതീക്ഷ

ദക്ഷിണാഫ്രിക്കയുടെ ധീര പോരാട്ടത്തിനു ശേഷം അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിധിയും ഇറാനി-ഇസ്രായേൽ സംഘർഷവും പാശ്ചാത്യഭീമൻമാരെ അങ്കലാപ്പിലാക്കുന്ന ഹൂതി സാഹസങ്ങളും പാകിസ്ഥാനിലെ പ്രതിപക്ഷ അടിച്ചമർത്തലുമാണ് ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തു നിന്നുള്ള ചില പ്രധാന സംഭവവികാസങ്ങൾ.

വംശഹത്യ വെളിപ്പെടുമ്പോൾ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രപ്രസിദ്ധമായ പുതിയ വിധി പ്രസ്താവമാണ് ആഗോളതലത്തിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയം. ഹേഗിലെ അന്താരാഷ്ട്ര കോടതിയിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ ധീരമായ കാൽവെപ്പ് പ്രതിരോധത്തിന്റെ  വ്യാപ്തിയും ആഴവും വർധിപ്പിക്കുന്നതായിരുന്നു. പൂർണമായി കുറ്റമറ്റതല്ലെങ്കിലും ഇസ്രായേലിന്റെ നരമേധങ്ങളെ കടുത്ത അന്യായങ്ങളായി അംഗീകരിച്ച വിധി ഒക്ടോബർ 7ന് ശേഷം നടന്നുകൊണ്ടിരിക്കുന്ന ഗസ്സ കൂട്ടക്കൊലയെ കുറിച്ചുള്ള ആഗോള പ്രതിഛായ തന്നെ മാറ്റാൻ പര്യാപ്തമായി. 17 പേരടങ്ങുന്ന ശക്തമായ ജഡ്ജിംഗ് പാനലാണ് ബഹുഭൂരിപക്ഷത്തോടെ സൗത്ത് ആഫ്രിക്കയുടെ വാദങ്ങളെ ശരിവെച്ചുകൊണ്ട് വെള്ളിയാഴ്ച്ച വിധി പുറപ്പെടുവിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ വംശഹത്യാനിയന്ത്രണങ്ങളും നിയമങ്ങളും പ്രസ്താവിക്കുന്ന ജെനോസൈഡ് കണ്‍വെൻഷനെ ഇസ്രായേൽ അനുസരിക്കണമെന്നും വംശഹത്യാകുറ്റങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നുമാണ് വിധിയിൽ വ്യക്തമാക്കുന്നത്. ഇസ്രായേൽ വംശഹത്യാ കുറ്റങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അംഗീകരിച്ചെങ്കിലും ഇസ്രായേൽ വംശഹത്യ ചെയ്തുവെന്നത് സ്ഥിരീകരിക്കപ്പെടാൻ വർഷങ്ങളെടുക്കും, ഒരു തരത്തിൽ അത് അസാധ്യമാണു താനും. എത്രയും പെട്ടെന്ന് തന്നെ ഗസ്സയിലേക്ക് സഹായമെത്തിക്കണമെന്നും സഹായത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. നെതന്യാഹു വ്യക്തമാക്കിയത് പോലെ ഇസ്രായേൽ ഈ വിധിക്ക് പുല്ലുവില നൽകിയാലും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിന് ഇത് അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യരാജ്യങ്ങൾക്കുമേൽ സമ്മർദം സൃഷ്ടിക്കും. ഒക്ടോബർ 7 മുതൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ എകപക്ഷീയമായി ഇസ്രായേലിന്റെ സ്വയം പ്രതിരോധമായി പരിഗണിക്കപ്പെട്ടിരുന്ന ആഖ്യാനപശ്ചാത്തലത്തെ മാറ്റുന്നതിൽ വിധി സഹായകരമാകും എന്നു പ്രതീക്ഷിക്കാം. എന്നാൽ, അടിയന്തരമായ വെടിനിർത്തൽ കരാർ പുറപ്പെടുവിക്കുന്നതിൽ വിസമ്മതം കാണിച്ച വിധി കൂടുതൽ ആഘോഷിക്കാനുള്ള വക നൽകുന്നില്ല.

പാശ്ചാത്യ തലവേദന

ഒരു മാസം പിന്നിടുന്ന ചെങ്കടലിലെ ഹൂതി അക്രമണപരമ്പരയും കപ്പൽ പിടച്ചെടുക്കലുമെല്ലാം സങ്കീർണമായ സാഹചര്യമാണ് ഇസ്രായേൽ അനുകൂല രാജ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങൾക്കും സമ്മാനിച്ചിരിക്കുന്നത്. ഗൾഫു രാജ്യങ്ങളിലടക്കം ആവശ്യസാധനങ്ങൾക്ക് വിലവർധിച്ചിരിക്കുകയാണ്. ലോകത്തെ തിരക്കേറിയ ചരുക്കുഗതാഗത പാതയായ ചെങ്കടലിലൂടെ ഇതോടെ ചരക്കുകൾ കൈമാറാനും എണ്ണയും അസംസ്കൃതവസ്തുക്കളും ഇറക്കുമതിചെയ്യാനും പാശ്ചാത്യരാജ്യങ്ങൾക്ക് എളുപ്പമല്ല. ചിന്നിച്ചിതറി കിടക്കുന്ന ഹൂതികളെ സൈനികപരമായി അക്രമിച്ചുതോൽപ്പിക്കുക എന്നതും അസാധ്യമാണ്. ബ്രിട്ടീഷ് കപ്പലുകൾക്കു നേരെയുള്ള ഹൂതി ആക്രമണങ്ങൾക്കു ശേഷം ബ്രിട്ടനും അമേരിക്കയും ചേർന്നു നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് സൻഅയിലും ഹുദൈദയിലും വമ്പൻ റാലികളും നടക്കുകയുണ്ടായി. നിലവിലെ സംഭവവികാസങ്ങൾക്കു ശേഷം ഹൂതികളെ വിദേശ തീവ്രവാദ സംഘടനയുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ബൈഡൻ. ഇത് ഹൂതികൾക്ക് ഫണ്ടു സ്വീകരിക്കുന്നതിന് തടസ്സമാകുകയും അമേരിക്കയിലും മറ്റുമുള്ള ഹൂതി ആസ്തികളെ മരവിപ്പിക്കുകയും ചെയ്യും. എന്നാൽ, ഹൂതി പദ്ധതി പ്രവചനാതീതമാണ്. ഇസ്രായേലിനെ സഹായിക്കുന്നവരെ മനസ്സമാധാനത്തോടെ വിടാൻ ഒരുക്കമില്ല എന്നുതന്നെയാണ് ഹൂതി ഭാഷ്യം.

അമേരിക്കയുടെ ഇറാനിയൻ പ്രകോപനം

ഡമസ്കസിലെ ഇറാനിയൻ കേന്ദ്രങ്ങളിൽ പ്രകോപനപരമായി അമേരിക്ക നടത്തിയ ബോംബാക്രമണത്തിനു ശേഷം മേഖലയിലെ ഇറാൻ-ഇസ്രായേൽ വൈര്യം ശക്തമായിരിക്കുകയാണ്. അക്രമണത്തിനു പിന്നിലെ ഇസ്രായേൽ താൽപര്യങ്ങളെ പരസ്യമായി വിമർശിച്ച ഇറാൻ, അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരെയും അക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. അവസാനമായി, ഇറാൻ-അനുകൂല സായുധ സംഘങ്ങൾ ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കികൊണ്ടാണ് പ്രത്യാക്രമണം നടത്തിയിരിക്കുന്നു. ഇറാന്റെ സൈനിക വിഭാഗമായ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിനു നേരെ നടത്തിയ ആക്രമണത്തിനു ശക്തമായി തന്നെ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണിയും മുഴക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇറാഖിൽ ആക്രമണം നടക്കുന്നത്.

പാകിസ്ഥാനിലെ പ്രതിപക്ഷ അടിച്ചമർത്തൽ

ഫെബ്രുവരി 8 ന് ദേശീയ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പാകിസ്ഥാൻ. വർഷങ്ങളായി രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കഴിയുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. എന്നാൽ മുഖ്യപ്രതിപക്ഷവും തെരഞ്ഞെടുപ്പിൽ വിജയസാധ്യത കല്‍പിക്കപ്പെടുന്ന പാര്‍ട്ടിയുമായ ഇംറാൻ ഖാന്റെ പാകിസ്ഥാൻ തഹ്‍രീകേ ഇൻസാഫ് പാർട്ടിയുടെ വിജയത്തിലേക്കുള്ള സാധ്യമായ എല്ലാ മാർഗങ്ങളും വഴികളും ഏകാധിപത്യ രീതിയിൽ അടച്ചിടുകയാണ് ശഹ്‍ബാസ് ഷരീഫ് ഭരണകൂടം. പി.ടി.ഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ക്രികറ്റ് ബാറ്റ്  തെരഞ്ഞെടുപ്പിൽ അനുവദിച്ചു നൽകാത്തതിനു പുറമെ, പി.ടി.ഐ യുടെ പ്രചാരണങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യരുതെന്ന ശക്തമായ സെൻസർഷിപ്പ് മുന്നറിയിപ്പാണ് അവസാനമായി ഭരണകൂടം മാധ്യമങ്ങൾക്കു നൽകിയിരിക്കുന്നത്.

മീഡിയാ സ്കാൻ

01. ഒക്ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ ആക്രമങ്ങളിൽ തകർന്ന ഗസ്സയിലെ ഇരുന്നൂറോളം പൈതൃക കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ചിലതിനെ പരിചയപ്പെടുത്തുകയാണ് അൽ ജസീറ.

https://www.instagram.com/p/C2mlmN5sIev/?igsh=NTc4MTIwNjQ2YQ==

02. കാഫ്കയുടെ രചനകളിൽ കടന്നുവരാറുള്ള ഭീകരമായ അധികാര വ്യവസ്ഥയെയും ഭീതിപ്പെടുത്തുന്ന പൊലീസിങ്ങിന്റെയുമെല്ലാം തനിപതിപ്പാണ് നിലവിലെ ഫലസ്ഥീനെന്ന് വീഡിയോ ചിത്രീകരണത്തിലൂടെ പറഞ്ഞുവെക്കുകയാണ്  TRT.

https://www.instagram.com/reel/C2NsrHrryxv/?igsh=NTc4MTIwNjQ2YQ==

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter