ഫലസ്തീൻ-ഇസ്രയേൽ പ്രശ്നത്തില്‍ അനുരഞ്ജനത്തിന് ശ്രമിച്ച് ജോ ബൈഡൻ

ഇസ്രയേൽ ഫലസ്തീൻ വിഷയം രൂക്ഷമായിക്കൊണ്ടിരിക്കെ അനുരഞ്ജനത്തിന് ശ്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ടെലിഫോൺ സംഭാഷണം നടത്തിയെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗാസയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കണമെന്നും ഇസ്രയേലിലേക്കുള്ള മിസൈൽ വിക്ഷേപണം അവസാനിപ്പിക്കണമെന്നും ബൈഡൻ ഫലസ്തീൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയ്ക്ക് അവർ അർഹിക്കുന്ന സമാധാനവും, സുരക്ഷയും, സ്വാതന്ത്ര്യവും ലഭിക്കുന്നതിന് വേണ്ട എല്ലാ പിന്തുണയും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ ബൈഡൻ നേരത്തെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ ചെറുക്കാൻ ഇസ്രയേൽ സ്വീകരിച്ച നടപടികളും മേഖലയിലെ നിലവിലെ അവസ്ഥയും ബൈഡനോട് വിശദീകരിച്ചതായി ടെലിഫോൺ സംഭാഷണത്തിന് ശേഷം നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു.

ഇരു നേതാക്കളെയും പരസ്യമായി പിന്തുണയ്ക്കുന്നത് അമേരിക്കയ്ക്ക് പണ്ടേ കൈമുതലായുള്ള ഇരട്ടത്താപ്പ് നയത്തിന്റെ ഭാഗമാണെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിമർശിക്കുന്നത്. സമാധാനത്തിനാണ് അമേരിക്ക മുൻഗണന നൽകുന്നതെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter