യുക്തിവാദികളുടെ യുക്തിഹീന വർത്തമാനങ്ങൾ

യുക്തിവാദികൾ എന്നാൽ ദൈവനിഷേധികളും നിർമത വാദികളുമെന്ന അബദ്ധ ധാരണ പൊതുവേ നിലനിൽക്കുന്നു. സത്യത്തിൽ യുക്തിവാദവും ദൈവനിഷേധവും പരസ്പര പൂരകമല്ല. പരസ്പരാശ്രിതവുമല്ല. ഒരാൾ യുക്തിക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് അയാൾ ദൈവനിഷേധിയോ മതനിരാസനോ ആകണമെന്നില്ലെന്നർത്ഥം.

അത് പോലെ ദൈവ വിശ്വാസിയും മതാവലംബിയുമാകാൻ അയാൾ യുക്തിക്കും ബുദ്ധിക്കും അവധി നൽകണമെന്നും ഇല്ല. തികഞ്ഞ ബുദ്ധിജീവികളും യുക്തിഭദ്രമായി മാത്രം കാര്യങ്ങളെ ആശ്രയിക്കുന്നവരുമായ എത്രയോ പേർ ദൈവിക മാർഗത്തിൽ സ്വയം സമർപ്പിച്ചവരും മത ശാസനകൾക്കനുരൂപമായി ജീവിതം ചിട്ടപ്പെടുത്തിയവരുമായി കണ്ടെത്താൻ കഴിയും.

അതേ സമയം യുക്തിവാദികൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും യഥാർത്ഥത്തിൽ ജീവിതത്തിൽ പല കാര്യങ്ങളോടും യുക്തിഹീനമായും ബുദ്ധിയുടെ സാമാന്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായും പെരുമാറുന്നവരാണ്. അവരുടെ യുക്തിക്കും ബുദ്ധിക്കും ബോധ്യപ്പെടുന്ന കാര്യങ്ങൾ മാത്രം ശരിയെന്നും അല്ലാത്ത ധാരണകളോ വിശ്വാസങ്ങളോ വച്ചു പുലർത്തുന്നവർ അന്ധവിശ്വാസികളും അൽപ്പ ബുദ്ധികളുമാണെന്നും ഇവർ വിധിയെഴുതുന്നു. ഇതിന് ഇവർക്ക് ആരാണ് അധികാരം നൽകിയതെന്നറിയില്ല. ഇവരുടെ യുക്തിയും ബുദ്ധിയുമാണ് യഥാർത്ഥ ബുദ്ധിയുടെയും യുക്തിയുടെയും മാനദണ്ഡമെന്ന ധാരണ തന്നെ മഹാബോറല്ലേ?

ഇവർക്ക് ചില കാര്യങ്ങൾ യുക്തിരഹിതമായും ബുദ്ധിക്ക് നിരക്കാത്തതായും തോന്നുന്നുണ്ടെങ്കിൽ അത് ഇവരുടെ പരിമിതിയും പോരായ്മയും മൂലമായിക്കൂടെ? ദൈവ വിശ്വാസവും മതാഭിമുഖ്യവും യുക്തിഭദ്രവും ന്യായ യുക്തവുമായ ഏർപ്പാടാണെന്ന് തോന്നുന്നവരെ ചോദ്യം ചെയ്യാനോ കൊച്ചാക്കാനോ ഉള്ള അർഹതയും അവകാശവും ഇവർക്ക് ആരാണ് പതിച്ചുനൽകിയത്? 

ആസ്തികരും നാസ്തികരും:
പ്രപഞ്ചോൽപ്പത്തി, മനുഷ്യാരംഭം, ലോകാവസാനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ആരംഭം മുതലേ മനുഷ്യൻ്റെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇവയെ എങ്ങനെ സമീപിക്കണമെന്ന കാര്യത്തിലും എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിലും കാലങ്ങളായി മനുഷ്യർക്ക് ഏകാഭിപ്രായമല്ല ഉള്ളത്.

കേവല ബുദ്ധി കൊണ്ട് ഇവയുടെ യാഥർത്ഥ്യം കണ്ടെത്താൻ ശ്രമിക്കുന്നവർ ഒരു വശത്ത്. അതീന്ദ്രിയവും ദൈവികവുമായ മാർഗങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾ അംഗീകരിക്കുകയാണ് കരണീയമെന്ന് വാദിക്കുന്നവർ മറുവശത്ത്.

ഇത്തരം കാര്യങ്ങളെ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങളും ചർച്ചകളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യാരംഭം മുതൽ തന്നെ വിവിധ അനുമാനങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും മനുഷ്യവിശ്വാസത്തെ സ്വാധീനിക്കുന്നതായി കാണാം. ദൈവിക അസ്തിത്വം അംഗീകരിക്കുന്നവർ ആസ്തികരായും നിരീശ്വരത്വം കാഴ്ചപ്പാടായി സ്വീകരിച്ചവർ നാസ്തികരായും അറിയപ്പെടുന്നു. 

സത്യവും മിഥ്യയും:
പ്രപഞ്ചത്തിൻ്റെ യാഥാർത്ഥ്യം തന്നെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നു. എല്ലാം മായയാണെന്ന് വാദിക്കുന്ന മായാവാദികളും ഒന്നിലും കൃത്യമായ ധാരണയില്ലാത്ത സന്ദേഹ വാദികളും എല്ലാം പദാർത്ഥങ്ങളിൽ മാത്രം അധിഷ്ഠിതമായി കാണുന്ന ഭൗതികവാദികളും പ്രപഞ്ചത്തെ ആദ്യവും അന്ത്യവുമില്ലാത്ത ഒരു സമസ്യയായി കാണുന്ന തത്വജ്ഞാനികളുമെല്ലാം ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുതലേ ഈ രംഗത്തുള്ള വാദങ്ങളും പ്രതിവാദങ്ങളും ലോകം കേട്ട് തുടങ്ങിയിട്ടുണ്ട്. യുക്തിവാദം ശാസ്ത്ര-സാങ്കേതികരംഗത്തെ പുരോഗതിയുടെ ഉപോൽപ്പന്നമല്ലെന്നർത്ഥം.
ഓരോ കാലത്തും ജനങ്ങൾ എത്തിച്ചേർന്ന വികസനത്തിൻ്റെ അസ്തിവാരത്തിൽ പ്രാപഞ്ചിക വീക്ഷണങ്ങളും മാറി മാറി വന്നിട്ടുണ്ട്. 

പൗരാണിക തത്വജ്ഞാനികൾ: 
ക്രിസ്തുവിന് മുമ്പ് 5-6 നൂറ്റാണ്ടുകളിൽ തന്നെ ഗ്രീക്ക് തത്വജ്ഞാനികളും  ചിന്തകരും മറ്റും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് തത്വചിന്തകരിൽ ആദ്യ കാലക്കാരായ ഥാലിസ് മിലേറ്റസ് (Tales of Miletus BC 623-548),പൈതഗോറസ് (Pythagoras-BC 570 - 495)തുടങ്ങിയവർ ദൈവാസ്തിത്വം തന്നെ ചോദ്യം ചെയ്തവരായിരുന്നു.  ഇവരിൽ ആദ്യത്തെയാൾ പ്രവാചകൻ ദാവൂദ് നബി (അ)യുടെ സമകാലിനായി അറിയപ്പെടുന്നു. എന്നാൽ ഇവരുടെ വീക്ഷണങ്ങളിൽ ദൈവികാസ്തിത്വം അംഗീകരിക്കുന്നതിനേക്കാൾ ലോകം അനാദിയും സ്വയംഭൂവും ആണെന്ന വിശ്വാസത്തിനാണ് ഊന്നൽ കാണുന്നത്. 

പിന്നിട് വന്ന ഒരു വിഭാഗം പ്രഥമമായി സൃഷ്ടിച്ച സ്രഷ്ടാവിനെ അംഗീകരിച്ചെങ്കിലും സൃഷ്ടികൾ പിന്നീട് പ്രകൃതിപരമായ രീതിയിൽ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നതായി വിശദീകരിക്കുന്നു. 

Also Read:നാസ്തിക യുക്തി: തലച്ചോറിലെ തമോഗര്‍ത്തങ്ങള്‍

അതേ സമയം പിൽക്കാലത്ത് വന്ന തത്വജ്ഞാനികൾ അതിനെ തിരുത്തുകയും ദൈവാസ്തിക്യത്തിൽ വിശ്വാസം ഉറപ്പിക്കുകയും ചെയ്തതായും കാണുന്നു. തിയോളജിസ്റ്റുകളായി അറിയപ്പെടുന്ന ഇവരിൽ പ്രഥമൻ സോക്രട്ടീസാ (BC 470-399 )ണെങ്കിൽ തുടർന്നു പ്ലാറ്റോ ( BC 427-347 )വിലൂടെ അരിസ്ത്രോട്ടലിലെത്തി. അരിസ്റ്റോട്ടലാണ് ( BC: 384-322) ഈ ചിന്തകൾക്ക് വ്യക്തതയും വികാസവും നൽകിയത്. അരിസ്റ്റോട്ടലിൻ്റെ ചിന്തകളാണ് പിന്നീട് പ്രചാരം നേടിയതും കൈമാറ്റം ചെയ്യപ്പെട്ടതും. അറബ് /മുസ് ലിം പണ്ഡിതർ മൊഴി മാറ്റി, വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചത് ഇവരുടെ ചിന്തകളാണ്. ( ഹുകമായേ ഇസ് ലാം By: മൗലാനാ അബ്ദുസ്സലാം നദ് വി - മആരിഫ് പ്രസ്, ആസംഗഡ്- 1953- ആമുഖം കാണുക).

അറേബ്യയിലെ നിഷേധികൾ:
വിശുദ്ധ ഖുർആൻ അവതീർണമായ ഘട്ടത്തിൽ അവിടെ നിലവിലുണ്ടായിരുന്ന വിവിധ വിശ്വാസങ്ങളിലേയ്ക്ക് ഖുർആൻ സൂചന നൽകുന്നുണ്ട്. അവരിൽ ചിലരുടെ നിലപാടിനെ ഖുർആൻ ഇങ്ങനെ പരിചയപ്പെടുത്തുന്നു: "അവർ പറഞ്ഞു - നമ്മുടെ ഭൗതികജീവിതം മാത്രമേയുള്ളു. നാം മരിക്കുന്നു, ജീവിക്കുന്നു. നമ്മെ കാലമല്ലാതെ മറ്റൊന്നും നശിപ്പിക്കുന്നില്ല. (അൽ ജാസിയ: 24 ) നിരീശ്വര- നിർമത-ഭൗതികവാദികളോട് സമാനത പുലർത്തുന്ന വാദമാണിത്. ഇവരിൽ മൂന്ന് വിഭാഗങ്ങൾ ഉള്ളതായി ശൈഖ് സഹ് രിസ്താനി തൻ്റെ 'കിതാബുൽ മിലലി വന്നിഹ ലി'ൽ വിശദീകരിക്കുന്നു: ഒരു കൂട്ടർ സ്രഷ്ടാവിനെയും പുനരുത്ഥാനത്തേയും നിഷേധിക്കുന്നു. വേറെ ഒരു കൂട്ടർ സ്രഷ്ടാവിനെ അംഗീകരിക്കുകയും പുനരുത്ഥാനം നിഷേധിക്കുകയും ചെയ്യുന്നു.

ഇനിയും ഒരു കൂട്ടർ സ്രഷ്ടാവിനേയും പ്രഥമ സൃഷ്ടിപ്പിനേയും അംഗീകരിക്കുന്നു.  പ്രവാചക നിയോഗത്തെ നിരാകരിക്കുന്നു. ഇവരൊന്നും യുക്തിവാദികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നില്ലെങ്കിലും അവരവരുടെ ബോധ്യങ്ങൾക്കനുസരിച്ച് കാര്യങ്ങളെ വിശ്വസിക്കുകയും നിരാകരിക്കുകയും ചെയ്തതായി കാണാം. ഏതെങ്കിലും വേദഗ്രന്ഥങ്ങളെ അവലംബിച്ചല്ല, ഇവരുടെ ചിന്തകൾ രൂപപ്പെട്ടത്. (ജസീറതുൽ അറബ് ഖബ് ലൽ ഇസ് ലാം, By: ബുർഹാനുദ്ദീൻ ദല്ലൂ, പേജ്: 621-23) 

വിശ്വാസപരമായ അരാജകത്വം:
എന്നാൽ വേദഗ്രന്ഥങ്ങൾ അവതരിച്ചത് ജനങ്ങൾക്കിടയിൽ വിശ്വാസപരമായ അരാജകത്വം ഒഴിവാക്കാനും ഏകീകൃതവും വ്യവസ്ഥാപിതവുമായ ദൈവ വിശ്വാസം പഠിപ്പിക്കാനുമായിരുന്നു. അതീന്ദ്രിയവും അഭൗമവുമായ വിഷയങ്ങളെ ഓരോരുത്തരും തങ്ങളുടെ യുക്തിക്കൊത്ത് വിലയിരുത്താനും വ്യാഖ്യാനിക്കാനും ശ്രമിച്ചാൽ അവിടെ അരാജകത്വം ഉറപ്പാണല്ലോ. ദൈവീക ഗ്രന്ഥങ്ങളുമായി ദൂതൻമാരെ അയച്ചു ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്യുക വഴി എല്ലാ കാലത്തേയും ജനങ്ങളെ ഏക ദൈവ വിശ്വാസത്തിൻ്റെ കണ്ണിയിൽ വിളക്കിച്ചേർക്കുകയായിരുന്നു. എല്ലാ കാലത്തും നബിമാർ വന്നത് ഏകദൈവ വിശ്വാസം ഊട്ടിയുറപ്പിക്കാനായിരുന്നുവെന്ന് ഖുർആൻ വ്യക്തമായി തന്നെ ഉണർത്തിയിട്ടുണ്ട്.( അന്നഹ്ൽ: 36 )

പ്രപഞ്ചസൃഷ്ടിപ്പ്, ദൈവാസ്തിക്യം, പുനരുത്ഥാനം, പരലോക ജീവിതം തുടങ്ങിയ വിഷയങ്ങളൊന്നും കേവല യുക്തി കൊണ്ടോ ബുദ്ധികൊണ്ട് ചിന്തിച്ചോ ഭൗതിക ശാസ്ത്രങ്ങളുടെ പരിചിതമായ ഗവേഷണ- പഠനങ്ങളിലൂടെയോ കണ്ടെത്താൻ കഴിയുന്നവയല്ല. ലഭ്യമായ തെളിവുകളിലൂടെ പരമാവധി കേവല അനുമാനങ്ങളിൽ എത്തിച്ചേരാൻ മാത്രമേ മനുഷ്യർക്ക് കഴിയുകയുള്ളൂ. പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത വസ്തുക്കൾ ശാസ്ത്രത്തിൻ്റെ പരിധിയിൽ വരുന്നില്ല. അത് കൊണ്ട് തന്നെ അവയെ സംബന്ധിച്ച് ഖണ്ഡിതമായ അഭിപ്രായങ്ങൾ സ്വരൂപിക്കുക ശാസ്ത്രജ്ഞരുടെ അധികാര പരിധിയിൽ പെട്ട കാര്യമല്ല. 

കണ്ടെത്താതിരിക്കുക ഇല്ലെന്നതിൻ്റെ തെളിവല്ല:
പിന്നെ ഈ ശാസ്ത്രത്തിൻ്റെ പിൻബലത്തിൽ ഇത്തരം അതീന്ദ്രിയ വിഷയങ്ങളെ നിഷേധിക്കാൻ യുക്തിവാദികൾ എന്ന പേരിൽ അറിയപ്പെടുന്നവർ ഉദ്യുക്തരാകുന്നത് തന്നെ യുക്തിഹീനമല്ലേ? കണ്ണ് കാണാനുള്ളതാണ്. അത് കൊണ്ട് കേൾക്കാനാവില്ല. കാത് കേൾക്കാനുള്ളതാണ് അതിലൂടെ കാണാനു മാവില്ല. ഓരോന്നിനും അതിൻ്റേതായ പരിമിതികളുണ്ട്. അത് ശാസ്ത്രത്തിനും ബാധകമാണ്. ശാസ്ത്രം ഭൗതിക വസ്തുക്കളെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ പഠന - ഗവേഷണം നടത്തുകയാണ്. അഭൗമവും അപ്രാപ്യവുമായ മേഖലയെ സംബന്ധിച്ച് പഠനം നടത്താനോ തീർപ്പ് കൽപ്പിക്കാനോ ഉള്ള കെൽപ്പ് ശാസ്ത്രത്തിനില്ല. 

അതിനാൽ അത്തരം വസ്തുക്കളെ നിഷേധിക്കുന്നതും ശാസ്ത്രം സ്ഥിരീകരിച്ചാലേ അംഗീകരിക്കൂ എന്ന് ശഠിക്കുന്നതും ബുദ്ധിയല്ല. മതവും ദൈവവും ശാസ്ത്രത്തിൻ്റെ ബൈനോക്കുലറിൽ തെളിഞ്ഞെന്ന് വരില്ല. അത് കൊണ്ട് മാത്രം അവ അസംബന്ധമോ അവിശ്വസനീയമോ ആകുന്നില്ല. കണ്ടെത്താൻ കഴിയാത്തതിനെ കണ്ടില്ലെന്ന് കരുതുകയല്ലാതെ ഇല്ലെന്ന് പറയുന്നത് യുക്തിയല്ല. ശാസ്ത്രം പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരമായതിനെ സംബന്ധിച്ച് പഠന - ഗവേഷണം നടത്തേണ്ട വേദിയാണ്. അതീന്ദ്രിയ വസ്തുക്കളെ ഉണ്ടെന്നോ ഇല്ലെന്നോ തീർപ്പു കൽപ്പിക്കുക ശാസ്ത്രജ്ഞൻ്റെ ജോലിയല്ല. അത് കൊണ്ട് തന്നെ ശാസ്ത്രത്തെ കൂട്ടുപിടിച്ചു ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള യുക്തി അവകാശവാദികളുടെ നീക്കം തന്നെ യുക്തിസഹമല്ല. 

(കടപ്പാട് അല്‍മുനീര്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter