ഓറിയന്റലിസം തുടക്കവും വളര്‍ച്ചയും

പൗരസ്ത്യ ഭാഷ, സംസ്‌കാരം, സാഹിത്യം, ചരിത്രം, മതം എന്നിവയെപ്പറ്റി പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ യൂറോപ്പില്‍ ഉയര്‍ന്നുവന്ന ഒരു ബൗദ്ധിക പ്രസ്ഥാനമാണ് ഓറിയന്റലിസം. ഇന്ത്യ, ചൈന, ജപ്പാന്‍, അറേബ്യ തുടങ്ങിയ മധ്യധരണ്യാഴിയുടെ കിഴക്കു ഭാഗം മുതല്‍ നീണ്ടുകിടക്കുന്ന വലിയൊരു ഭൂമിഭാഗത്തെ പേജു കൊണ്ട് ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഇസ്‌ലാമിനെപ്പറ്റിയുള്ള പഠനങ്ങളിലാണ് ഓറിയന്റലിസത്തിന്റെ ശ്രദ്ധ പ്രധാനമായും പതിഞ്ഞത്. ഈയൊരു പഠന പരിധി വന്നതുകൊണ്ടാണ് മധ്യധരണ്യാഴിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന എന്നാല്‍ ഇസ്‌ലാമിക നാടുകളില്‍ പെടുന്ന മെറോക്കോയും മറ്റും ഓറിയന്റലിസത്തിന്റെ പഠനപരിധിയില്‍ വന്നത്. അതുകൊണ്ടാണ് ഭൂമിശാസ്ത്രപരമായ അര്‍ത്ഥം ഒഴിവാക്കി, പടിഞ്ഞാറ് മൗറിത്താനിയ മുതല്‍ കിഴക്ക് ചൈന വരെയും തെക്ക് ഇന്തോനേഷ്യ മുതല്‍ വടക്ക് ഇറാഖ് തുര്‍ക്കി വരെയും നീണ്ടുകിടക്കുന്ന ഇസ്‌ലാമിക സംസ്‌കാരത്തെക്കുറിച്ചുമുള്ള പഠനമാണ് ഓറിയന്റലിസം എന്ന് നമ്മള്‍ പറയുന്നത്.

ഈ ഭൂമിശാസ്ത്ര പരിധിക്ക് പുറത്തുള്ളയാളെയാണ് ഓറിയന്റലിസ്റ്റ് എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ അറേബ്യയില്‍ ജനിച്ച് അമേരിക്കയില്‍ സ്ഥിരതാമസമാക്കി ഇംഗ്ലീഷില്‍ രചന നടത്തിയ ഫിലിപ്പ് കെ. ഹിറ്റിയും ഫാദര്‍ ലൂയിസ് ശേഖൂവും ജാഹിലി കവിതകള്‍ എന്ന പുസ്തകത്തില്‍ പൂര്‍ണമായും ഓറിയന്റലിസ്റ്റ് ചിന്താഗതി സ്വീകരിച്ച ത്വാഹാഹുസൈനുമൊന്നും ഓറിയന്റലിസ്റ്റുകളല്ല. (ഡോ. ഉമര്‍ ഫര്‍റൂഖ് - അല്‍ ഇസ്തിശ്‌റാഖ് ഫീ ഹിത്വാഖില്‍ ഇല്‍മി വസ്സിയാസ) ഓറിയന്റലിസം എന്ന പദം ഇംഗ്ലീഷില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ക്രി. 1811-ലായിരുന്നു. ഫ്രഞ്ചില്‍ 1830-ലും ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഓറിയന്റലിസ്റ്റ് എന്ന് ഇംഗ്ലീഷുകാര്‍ 1779 മുതലും ഫ്രഞ്ചില്‍ 1799 മുതലും വിളിച്ചുതുടങ്ങിയിരുന്നു. (ഉമര്‍ ഫര്‍റൂഖ് -ibid)

ഓറിയന്റലിസം തുടക്കവും വളര്‍ച്ചയും

ഓറിയന്റലിസത്തിന്റെ തുടക്കത്തെ കുറിച്ച് വ്യക്തമായൊരു കാലഗണന നടത്തുക സാധ്യമല്ല. ചിലര്‍ 11-ാം നൂറ്റാണ്ടിലാണെന്ന് പറയുമ്പോള്‍ മറ്റുപല പണ്ഡിതന്മാരും പറയുന്നു 12-ാം നൂറ്റാണ്ടിലാണ് ഓറിയന്റലിസത്തിന്റെ ഉത്സഭവമെന്ന.് 12-ാം നൂറ്റാണ്ടിലാണ് അറബി ഭാഷയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും യൂറോപ്പില്‍ പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നാണ് ജര്‍മന്‍ ഓറിയന്റലിസ്റ്റ് റോഡിബാര്‍ട്ട് പറയുന്നത്. ചരിത്രപരമായി പറയുമ്പോള്‍ മുസ്‌ലിംകളുടെ സ്‌പെയിന്‍ ഭരണകാലത്തോ അതോ കുരിശു യുദ്ധത്തെ തുടര്‍ന്നാണോ ഓറിയന്റലിസം തുടക്കം കുറിക്കപ്പെട്ടത് എന്നും സംശയിക്കുന്നവരുണ്ട്.

എന്തുതന്നെയായാലും ഈ രണ്ട് ചരിത്രവസ്തുതകളാണ് ഓറിയന്റലിസത്തിന്റെ പിറവിക്ക് കാരണമായത്. മധ്യനൂറ്റാണ്ടുകളിലെ ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും മുന്നേറ്റവും ക്രിസ്ത്യന്‍ പാതിരിമാരെ പേടിപ്പെടുത്തി. 1096-ല്‍ പോപ്പിന്റെ ആഹ്വാനത്തോടെ തുടക്കംകുറിക്കപ്പെട്ട കുരിശുയുദ്ധം 1270-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ നേതൃത്വത്തില്‍ മുസ്‌ലിംകളുടെ വിജയത്തിലാണ് കലാശിച്ചത്. അതോടെ ആയുധബലം കൊണ്ട് മുസ്‌ലിംകളെ തകര്‍ക്കാനാവില്ലെന്ന് ശത്രുക്കള്‍ക്ക് ബോധ്യമായി. ഇതിനെത്തുടര്‍ന്ന് അവരുടെ മനസ്സിലുദിച്ച ആശയമാണ് യൂറോപ്പിലേക്കുള്ള ഇസ്‌ലാമിന്റെ മുന്നേറ്റം തടയാന്‍ യൂറോപ്യന്‍ മനസ്സില്‍ ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുക, മുസ്‌ലിംകളുടെ സംഘശക്തി തകര്‍ക്കാന്‍ അവരുടെ മനസ്സില്‍ വേരൂന്നിയ വിശ്വാസത്തിന് വിഘ്‌നം വരുത്തുക എന്നീ പദ്ധതികള്‍. ഇതാണ് ഓറിയന്റലിസത്തിന്റെ വികാസപശ്ചാത്തലം ഇസ്‌ലാമിനെകുറിച്ച് നന്നായി പഠിക്കാതെ അതിനെ എതിര്‍ക്കുക സാധ്യമല്ലെന്ന് പാതിരിമാര്‍ മനസ്സിലാക്കി.

തദ്ഫലമായി അതിനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇക്കാലത്ത് നടന്നു. (ഇതുസംബന്ധിച്ച് വിശദീകരണം ശേഷം വരുന്നുണ്ട്.) 12-ാം നൂറ്റാണ്ടില്‍ നടന്ന ഈ യത്‌നങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു യത്‌നത്തെക്കുറിച്ചും ചരിത്രത്തില്‍ കാണാന്‍ കഴിയും. മുസ്‌ലിം ഭരണം നിലനിന്നിരുന്ന സ്‌പെയിനില്‍ പോയി അറിവ് നേടിയ ക്രിസ്ത്യന്‍ പാതിരിമാരെ കുറിച്ചാണ് അത്. 999-1003 കാലയളവില്‍ സില്‍വസ്റ്റര്‍ 2 എന്ന പേരില്‍ പോപ്പ് സ്ഥാനം വഹിച്ചിരുന്ന ജര്‍ബന്‍ ഡി അറാലിയാക് ഇവരില്‍ പ്രമുഖനാണ്. ഫ്രഞ്ചുകാരനായ ഇദ്ദേഹം സ്‌പെയിനില്‍ പോയി മടങ്ങിവന്നത് വിവിധ അറിവുകള്‍ നേടിയാണ്. എങ്കിലും രചന നടത്തുകയോ അറബി ഭാഷ പഠിക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ ലക്ഷണമൊത്തൊരു ഓറിയന്റലിസ്റ്റെന്ന് ഇദ്ദേഹത്തെ വിളിക്കാന്‍ കഴിയില്ല. (ഉമര്‍ ഫര്‍റൂഖ്, അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ അല്‍ ഇസ്തിശ്‌റാഖു ഫീ നിഥ്വാഖില്‍ ഇല്‍മി വസ്സിയാസ, പേജ് 128)

ഈ കാലത്തിനു ശേഷം ഇസ്‌ലാമിനെ കുറിച്ച് അറിയാനും അറബി ഭാഷ പഠിക്കാനും യൂറോപ്പില്‍ തന്നെ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആശയം ഉരിത്തിരിഞ്ഞു വന്നു. മുസ്‌ലിംകളെ ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. റോജര്‍ ബേക്കണ്‍, റയ്മണ്ട്‌ലള്‍ എന്നിവര്‍ ഈ ആശയത്തിന് പ്രചാരം നല്‍കിയവരാണ്.

1312-ല്‍ ക്രൈസ്തവ മേലാധികാരികളുടെ മേല്‍നോട്ടത്തില്‍ നടന്ന വിയന്ന കരാര്‍ ഈ ലക്ഷ്യം സാക്ഷാത്കരിച്ചു. മതകീയ ഓറിയന്റലിസത്തില്‍ ഔദ്യോഗിക തുടക്കം ഇതാണെന്ന് വിശേഷിപ്പിക്കാം. ഈ കരാറിനെ തുടര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ്, പാരീസ്, പോളോണിയ തുടങ്ങിയ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇസ്‌ലാമിക ചെയറുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. (സഖ്‌സൂഖ് ibid, പേജ് 75 ഓറിയന്റലിസം - എഡ്വേര്‍ഡ് സഈദ,് പേജ് 80, ഇഫ്തിറാഅതു ഫിലിപ്പ് ഹിറ്റി വ ബ്രോക്കല്‍മാന്‍ അലത്താരീഖില്‍ ഇസ്‌ലാമി, പേജ് 17, അല്‍ ഇശ്തിശ്‌റാഖു ഫിസ്സീറത്തി നബവിയ്യ -മുഹമ്മദ് നഈം) മധ്യകാലത്ത് യൂറോപ്പിനും തുര്‍ക്കിയിലെ ഉസ്മാനിയ്യ ഖിലാഫത്തിനുമിടയില്‍ നിലനിന്നിരുന്ന ഉഭയകക്ഷി ബന്ധങ്ങളും സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഈജിപ്ത്, തുര്‍ക്കി, സിറിയ എന്നിവയുമായി ഏര്‍പ്പെട്ടിരുന്ന സാമ്പത്തിക ബന്ധങ്ങളും ഓറിയന്റലിസത്തിന്റെ പ്രവര്‍ത്തനമേഖല വികസിപ്പിച്ചു. (സഖ്‌സൂഖ് -ibid, പേജ് 75)

16-ാം നൂറ്റാണ്ടില്‍ ഇസ്‌ലാമിനെപ്പറ്റി കൂടുതല്‍ വസ്തുനിഷ്ഠമായി പഠിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഈ കാലത്ത് യൂറോപ്പൊന്നാകെ കാണപ്പെട്ട വൈജ്ഞാനിക ഉണര്‍വ്വും പൗരസ്ത്യ ദേശത്ത് കൂടുതല്‍ വിശാലമായ സുവിശേഷ പ്രവര്‍ത്തനം നടത്തണമെന്ന വത്തിക്കാന്റെ തീരുമാനവുമാണ് ഇതിന് പ്രേരകമായത്. 1539-ല്‍ പാരീസിലെ കോളേജ് ഡി ഫ്രാന്‍സില്‍ അറബി ഭാഷക്കുള്ള യൂറോപ്പിലെ ആദ്യ പഠനകേന്ദ്രം സ്ഥാപിതമായി. ലക്ഷണമൊത്ത ആദ്യ ഓറിയന്റലിസ്റ്റായ ഗില്ലം പോസ്റ്റര്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. പൗരസത്യ ദേശത്തെ ഒരു വന്‍ഗ്രന്ഥശേഖരം തന്നെ യൂറോപ്പിലെത്തിച്ച ഇദ്ദേഹം യൂറോപ്പില്‍ പൗരസ്ത്യ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി കഠിനയത്‌നം നടത്തി.

അദ്ദേഹത്തിന്റെ ശിഷ്യന്‍ ജോസഫ് സകാലിജറും ഈ പാത പിന്തുടര്‍ന്നു. കര്‍ദിനാള്‍ ഡ്യൂക്ക് തെസ്‌കാനിയയുടെ കര്‍മ്മഫലമായി 1586-ല്‍ അറബി അച്ചടിശാലയും യൂറോപ്പില്‍ ഉണ്ടായി. കോളേജ് ഡി ഫ്രാന്‍സിനെ പിന്തുടര്‍ന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലുടനീളം ഇസ്‌ലാമിക ചെയറുകള്‍ ആരംഭിച്ചു. 1636-ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഒരു ചേമ്പര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതേസമയം തന്നെ ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും വികലമായി ചിത്രീകരിക്കുന്ന ഗ്രന്ഥങ്ങളും പുറത്തുവന്നു. Pierre bayle-ന്റെ historiacal and critical dictionary യും (1697 റോട്ടര്‍ഡാം) സൈമണ്‍ ഓക്ലേയുടെ (1678-1720) അറേബ്യന്‍ മുസ്‌ലിംകളുടെ ചരിത്രവും ഈ ഗണത്തില്‍ പെടുന്നു. ഇസ്‌ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കുന്ന ആദ്യഗ്രന്ഥവും ഇക്കാലത്ത് പുറത്തിറങ്ങി.

1705-ല്‍ വെളിച്ചം കണ്ട ഹെഡ്രിയാന്‍ റെയ്‌ലാന്‍ഡിന്റെ (ഹോളണ്ടിലെ ഓട്രിഷ് സര്‍വ്വകലാശാലയിലെ പൗരസ്ത്യ ഭാഷ പഠനകേന്ദ്രത്തിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം) മുഹമ്മദന്‍ മതം എന്ന പുസ്തകമായിരുന്നു അത്. രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്റെ ആദ്യഭാഗം ഇസ്‌ലാമിക വിശ്വാസത്തെ വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗം ഇസ്‌ലാമിനെക്കുറിച്ച് പശ്ചാത്യലോകത്ത് പ്രചരിച്ചിരുന്ന അബദ്ധധാരണകളെ തിരുത്തുന്നു. ലാറ്റിന്‍, അറബിക് ഭാഷകളിലുള്ള ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി വിരചിതമായ ഈ ഗ്രന്ഥം കത്തോലിക്കാ ചര്‍ച്ച് നിരോധിച്ചു. അപ്പോഴേക്കും ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകളിലേക്ക് ഈ ഗ്രന്ഥം വിവര്‍ത്തനംചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.

18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാരീസില്‍ പൗരസ്ത്യ ഭാഷകളെപ്പറ്റി പഠിക്കാന്‍ മറ്റൊരു കോളേജ് സ്ഥാപിതമായി. 1795-ല്‍ സില്‍വസ്റ്റര്‍ ഡിസാസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് ശേഷം ഓറിയന്റലിസം ഫ്രാന്‍സില്‍ വ്യാപിച്ചുതുടങ്ങി. ഓറിയന്റലിസ്റ്റ് എന്ന വാക്കിന് പ്രചാരം ലഭിക്കുന്നതും ഈ സമയത്താണ്. 19-ാം നൂറ്റാണ്ടോടെ പാശ്ചാത്യന്‍ രാജ്യങ്ങളുടെ പൗരസ്ത്യ കോണ്‍സുലേറ്റുകളിലും ഓറിയന്റലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജര്‍മ്മനിയാണ് ഇതില്‍ മുന്നിട്ട് നിന്നത്. ജോസഫ് ഫോണ്‍ ഹാമര്‍ ബ്രിജശ്റ്റാള്‍ ഈ വിഭാഗത്തില്‍ പെടുന്നയാളാണ്. ഇതേകാലത്ത് തന്നെ വിവിധ ഓറിയന്റലിസ്റ്റ് മാസികകളും സംഘടനകളും നിലവില്‍വന്നു. (സഖ്‌സൂഖ് - അല്‍ ജസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍, പേജ് 75-80)

ഓറിയന്റലിസത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയെ അതിന്റെ പ്രവര്‍ത്തന രീതികളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു വന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി അഞ്ചു ഘട്ടമായി തിരിക്കാന്‍ കഴിയും. ഒന്നാം ഘട്ടം (സ്‌പെയിനിലെ മുസ്‌ലിം ഭരണകാലം) സ്‌പെയിന്‍ വഴി യൂറോപ്പിലേക്കുള്ള മുസ്‌ലിംകളുടെ കടന്നുവരവ് ഒരു രാഷ്ട്രീയ ആധിപത്യം മാത്രമായിരുന്നില്ല. യൂറോപ്പിന് വിജ്ഞാനത്തിന്റെ ചക്രവാളം തുറന്നുകൊടുക്കുക കൂടിയായിരുന്നു. യൂറോപ്പിന്റെ മറ്റു ഭാഗങ്ങള്‍ അജ്ഞതയുടെ അന്ധകാരത്തില്‍ മുങ്ങിത്താഴുമ്പോള്‍ മുസ്‌ലിം സ്‌പെയിന്‍ സര്‍വ്വ വിജ്ഞാനങ്ങളുടെ കേന്ദ്രമായി പരിലസിക്കുകയായിരുന്നു. ഇസബെല്ല കൊര്‍ഡോബ, ഗ്രൗഡ എന്നിവിടങ്ങളിലെ പഠനകേന്ദ്രങ്ങള്‍ അതിന് വഴികാട്ടിയായി. സ്‌പെയിനില്‍ നിന്ന് അറിവു നുകര്‍ന്നവരാണ് പില്‍ക്കാലത്ത് യൂറോപ്പിനെ അഭ്യസ്തവിദ്യരാക്കിയത്. ഓറിയന്റലിസ്റ്റുകള്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഗുസ്താവ് ലോബോണ്‍ പറയുന്നു:

ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടു കാലം യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ അധ്യായനത്തിനാധാരമായി സ്വീകരിച്ചിരുന്നത് അറബികളുടെ ഗ്രന്ഥങ്ങളായിരുന്നു. വിശേഷിച്ചും ശാസ്ത്രീയവിഷയങ്ങളില്‍. വൈദ്യം പോലുള്ള വിജ്ഞാനശാഖകളില്‍ അറബികളുടെ സ്വാധീനം ഇന്നോളം നിലനിന്നുപോന്നിട്ടുണ്ടെന്ന് പറായം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മൊന്നാബിലിയില്‍ വെച്ച് ഇബ്‌നു സീനായുടെ വൈദ്യഗ്രന്ഥങ്ങള്‍ വിശകലനം ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹം തുടരുന്നു: റോജര്‍ ബേക്കണ്‍ ലിയോണാര്‍ഡ്, എര്‍നോ അല്‍ ഫല്‍ഗൂഹി, റെയ്മണ്ട് ലോട്ട്, സാന്‍തോമ, ആല്‍ബര്‍ട്ട് ആസ്‌ഫോണിഷ് എന്നിവരെല്ലാം അവലംബിച്ചത് അറബി ഗ്രന്ഥങ്ങള്‍ മാത്രമാണ്.

മോഷ്യോറീനല്‍ പറയുന്നു: മഹാനായ ആല്‍ബര്‍ട്ട് പൂര്‍ണമായും ഇബ്‌നു സീനയോട് കടപ്പെട്ടിരിക്കുന്നു. സാന്‍തോമ ഇബ്‌നു റുഷ്ദിനോടും. എസിഡ്യൂ എഴുതുന്നു: മധ്യ കാലഘട്ടത്തില്‍ അറബികള്‍ മാത്രമായിരുന്നു നാഗരികതയുടെ അമരക്കാര്‍. ഉത്തര ഗോത്രങ്ങളുടെ കടന്നാക്രമണങ്ങളാല്‍ ഞെട്ടിവിറച്ച യൂറോപ്പിന്റെ മ്ലേച്ഛതയും മൃഗീയ സ്വഭാവവും മാറ്റിയെടുത്തതും അവര്‍ തന്നെ. (മിന്‍ റവാഇതും ഹളറാതിനാ -ഡോ. മുസ്തഫാ അസ്വിബാഇ 58) വൈദ്യം, ഗണിതം, രസതന്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലെല്ലാം മുസ്‌ലിംകള്‍ കഴിവ് തെളിയിച്ചു. അതേസമയം, ഇസ്‌ലാമിന്റെ അന്തഃസത്ത അവര്‍ പൂര്‍ണമായും കാത്തുസൂക്ഷിക്കുകയും ചെയ്തു.

അഭൂതപൂര്‍വ്വമായ ഈ ശാസ്ത്രവളര്‍ച്ചയുടെ മുമ്പില്‍ തങ്ങളുടെ മുരടിച്ച മതമൂല്യങ്ങളെ പിടിച്ചുനിര്‍ത്താനാവാതെ പതറിയ പാതിരിമാര്‍ക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് സ്‌പെയിനില്‍ പോയി വിജ്ഞാനമാര്‍ജിക്കാനും അതുവഴി ഇസ്‌ലാമിനെ പ്രതിരോധിക്കുവാനും പാതിരിമാര്‍ കച്ചകെട്ടിയിറങ്ങുന്നത്. നേരത്തെ പരാമര്‍ശിച്ച ജര്‍ബന്‍ ഡി അറാലിയാകിനെ ഈ ഗണത്തില്‍ പെടുത്താം. ടോളിഡോയിലെ പണ്ഡിതനായിരുന്ന ഇബ്‌റാഹീമുബ്‌നു അദ്‌റാഅ് 1158-ല്‍ ഇംഗ്ലണ്ടില്‍ പോകുകയും ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവരെ ഉണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്ന് സ്‌പെയിനിലെ സര്‍വ്വകലാശാലകളിലേക്ക് വന്‍ ഒഴുക്ക് നടന്നു.

ഒട്ടേറെ അറബി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ അഡ്‌ലാര്‍ഡ്, ഡാനിയല്‍ ഓഫ് മാര്‍ലി, മിഷല്‍ സ്‌കോട്ട് തുടങ്ങിയവരും ഈ ഗണത്തില്‍ സ്മരണീയരാണ്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന കര്‍മ്മമാണ് ഈ കാലയളവില്‍ പ്രധാനമായും നടന്നത്. സ്‌പെയിനിലെ കൊളോണിയോ മഠാധ്യക്ഷനായിരുന്ന പീറ്റര്‍ ദ പെനറബിള്‍ (1094-1156) അറബി ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഒരു വിവര്‍ത്തനസംഘം രൂപീകരിച്ചു. ഫ്രാന്‍സിലെ കൊളോണിയോ മഠാധ്യക്ഷനായിരുന്ന ആല്‍വിന്‍ റോബ്ലെ ഖുര്‍ആനിന്റെ ലാറ്റിന്‍ പരിഭാഷ തയ്യാറാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. 1143-ല്‍ റോബര്‍ട്ട് ഓഫ് കെറ്റോണ്‍ ഖുര്‍ആനിന്റെ ആദ്യ വിവര്‍ത്തനം തയ്യാറാക്കി.

തുടര്‍ന്ന് അതിന്റെ കയ്യെഴുത്ത് പ്രതികള്‍ വിവിധ നാടുകളിലെ ക്രൈസ്തവ സഭകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1130 ടോളിഡോയിലെ റയ്മണ്ട് മറ്റൊരു വിവര്‍ത്തക സംഘം രൂപീകരിച്ചു. ജൂത പണ്ഡിതന്മാരും ഇതില്‍ പ്രവര്‍ത്തിച്ചു. 1187 ആയപ്പോഴേക്ക് ജേര്‍ഡ് ഡി ക്രിമോണ എന്നയാള്‍ ഇബ്‌നുസീന, റാസി എന്നിവരുടെയും മറ്റുപല പണ്ഡിതന്മാരുടെയും അറുപതോളം ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തു. 1127-ല്‍ ഇറ്റലിക്കാരനായ സ്റ്റെഫാന്‍, അലിയ്യുബ്‌നു അബ്ബാസ് അല്‍ മജൂസിയുടെ വൈദ്യശാസ്ത്രത്തിലുള്ള ഒരു ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്തു. ഇബ്‌നു സീനയുടെ കിതാബുശ്ശിഫ മെറ്റീരിയ മെഡിക്ക, ദകാനോന്‍ ഓഫ് മെഡിസിന്‍ എന്നീ പേരുകളില്‍ ഇംഗ്ലീഷിലേക്കും ലാറ്റിനിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു.

രണ്ടാം ഘട്ടം

കുരിശുയുദ്ധം അവസാനിച്ചതോടെയാണ് ഈ ഘട്ടത്തിന് നാന്ദിയാവുന്നത്. ഒന്നാം ഘട്ടത്തില്‍ ജീവിച്ചിരുന്ന പലരും കുരിശുയുദ്ധ കാലത്തും ജീവിച്ചിരുന്നുവെങ്കിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് പകര്‍ത്തുക മാത്രമായിരുന്നു അവര്‍ ചെയ്തിരുന്നത്. എന്നാല്‍, കുരിശു യുദ്ധത്തിലേറ്റ പരാജയത്തോടെ സൈനികബലം കൊണ്ടോ ആരോഗ്യകരമായ മറ്റേതെങ്കിലും രീതിയിലോ ഇസ്‌ലാമിനെ തകര്‍ക്കാനാവില്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ക്രൈസ്തവ ചര്‍ച്ച് തിരിച്ചറിഞ്ഞു. തുടര്‍ന്നങ്ങോട്ട് ലജ്ജിപ്പിക്കുന്ന വിധത്തിലാണ് ക്രൈസ്തവ പാതിരിമാര്‍ ഇസ്‌ലാമിനെ സമീപിച്ചത്.

ഒരേസമയം തന്നെ ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുകയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കട്ടെടുക്കുകയും ചെയ്തു. അല്ലാമാ ശിബ്‌ലി നുഅ്മാനി പറയുന്നു: ''ഒരു ഭാഗത്ത് മതകീയ വൈരം മൂലം മുസ്‌ലിം രക്തത്തിനു വേണ്ടി ദാഹിച്ചിരുന്ന അവര്‍ മറുഭാഗത്ത് ഇസ്‌ലാമിന്റെ വൈജ്ഞാനിക സുഭിക്ഷതയില്‍നിന്ന് നാണമില്ലാതെ ഭക്ഷിക്കുകയും ചെയ്തു.'' (മഖാലാതു ശിബ്‌ലി 5:50) ഇസ്‌ലാമിനെ വികലമാക്കാന്‍ ലഭിക്കുന്ന ഒരു പഴുതും അവര്‍ ഒഴിവാക്കിയില്ല. ഖുര്‍ആനും പ്രവാചക ജീവിതവും ഇസ്‌ലാമിക ചരിത്രവുമെല്ലാം അവരുടെ വിഷലിപ്തമായ തൂലികയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.

കാരണം, ഇതിലൂടെ മാത്രമേ ഇസ്‌ലാമിനെ പ്രതിരോധിക്കാനാവൂ എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അലക്‌സാണ്ട്രിയയിലെ വന്‍ ഗ്രന്ഥാലയം തീയിട്ട് നശിപ്പിച്ചത് ഖലീഫ ഉമറുല്‍ ഫാറൂഖ്(റ) ആണെന്ന് വരെ ഓറിയന്റലിസ്റ്റുകള്‍ പ്രചരിപ്പിച്ചു. (സത്യത്തില്‍ ആ ഹീനകൃത്യം ചെയ്തത് തിയേഡേഷ്യസ് ആയിരുന്നു.) ചര്‍ച്ചിന്റെ മേല്‍ നോട്ടത്തില്‍ വ്യക്തമായ ആസൂത്രണത്തോടെ തുടര്‍ന്ന ഈ പാത പലരെയും വഴിതെറ്റിച്ചു. പല മുസ്‌ലിംകളും ആ വലയത്തില്‍ വീണുപോവുകയും ചെയ്തു.

മൂന്നാം ഘട്ടം

വ്യാവസായിക വിപ്ലവത്തോടെ യൂറോപ്യന്‍ വന്‍ ശക്തികളില്‍ ഒന്നടങ്കം പ്രകടമായ കോളനിവത്കരണ താല്‍പര്യമാണ് ഈ ഘട്ടത്തിന് തുടക്കമിട്ടത്. ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാനുള്ള യൂറോപ്പിന്റെ വ്യഗ്രത മുസ്‌ലിം ലോകത്തേക്കും നീണ്ടു. മതകീയമായും രാഷ്ട്രീയപരമായും വൈജ്ഞാനികമായും ഏറെ മുന്നിട്ടു നിന്നിരുന്ന മുസ്‌ലിം ലോകം പൂര്‍ണമായും വരുതിയില്‍ വരണമെങ്കില്‍ അവരുടെ ജീവിത രീതികളും മറ്റും മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. അവരുമായി നേരിട്ട് സംവദിക്കണമെങ്കില്‍ അറബി ഭാഷ പഠിക്കേണ്ടതുണ്ടായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ അറബിക് ചെയറുകള്‍ നിലവില്‍ വന്നു.

ഇവിടങ്ങളില്‍ പഠിച്ചു വരുന്നവര്‍ മധ്യപൗരസ്ത്യ ദേശത്തെ (മുസ്‌ലിം നാടുകള്‍) കോളനി ഭരണ സിരാകേന്ദ്രങ്ങളിലും വിദേശ മന്ത്രാലയങ്ങളിലും ജോലി ചെയ്തു. അവസരം കിട്ടുമ്പോഴൊക്കെ മുസ്‌ലിം ലോകത്ത് വിഷം കുത്തിവെക്കാനുള്ള ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. കിട്ടാവുന്നിടത്തോളം അറബിക് ഗ്രന്ഥങ്ങള്‍ യൂറോപ്പിലേക്ക് കടത്താനും പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡിലെ പ്രൊഫസറായിരുന്ന എഡ്വേര്‍ഡ് പോക്കാക്കേ ഹലബില്‍ നിന്ന് അമൂല്യ ഗ്രന്ഥങ്ങളുടെ ഒരു വന്‍ശേഖരം തന്നെ ഇങ്ങനെ കടത്തിക്കൊണ്ടു പോയി.  അധിനിവേശ കാലത്ത് രണ്ടര ലക്ഷത്തോളം വരുന്ന അറബി - മുസ്‌ലിം ഗ്രന്ഥങ്ങളുടെ അപൂര്‍വ്വ കയ്യെഴുത്തു പ്രതികള്‍ ഇങ്ങനെ യൂറോപ്പിലേക്ക് കടത്തിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഗൗരവം നമ്മള്‍ ശരിക്ക് ഉള്‍ക്കൊള്ളണം.

പ്രിന്റിംഗും മറ്റ് ആധുനിക സൗകര്യങ്ങളും വികസിച്ച ഇന്നത്തെപ്പോലെയല്ല ആ കാലം. കയ്യെഴുത്തു പ്രതികളായിരുന്നു അവ മുഴുവന്‍. അതുകൊണ്ടുതന്നെ ഇന്നത്തെ ആയിരക്കണക്കിന് കോപ്പികളുള്ള ഒരു പുസ്തകത്തിന്റെ മേനിയുണ്ടാകും ഒരൊറ്റ കയ്യെഴുത്തു പ്രതിക്ക്. അങ്ങനെയുള്ള രണ്ടര ലക്ഷമാണ് കടത്തിയത്. ഒരുപക്ഷേ, ആ ഒരു ഗ്രന്ഥത്തിന്റെ വേറെയൊരു പ്രതിയും നലിവിലുണ്ടായിരിക്കണമെന്നില്ല. ഇതേസമയം തന്നെ ഇസ്‌ലാമിക ഹിസ്റ്ററിയും ഇസ്‌ലാമിക ലിറ്ററേച്ചറിയും ധാരാളം ഗ്രന്ഥങ്ങള്‍ യൂറോപ്പില്‍ വിരചിതമായി. ജര്‍മ്മനിയില്‍ റേസ്‌കിയും (മരണം 1774) സൈപ്രസില്‍ ബര്‍ഹാര്‍ഡും (മരണം 1817.

ഇദ്ദേഹം പിന്നീട് മുസ്‌ലിമായി) ഫ്രാന്‍സില്‍ സില്‍വസ്റ്റര്‍ ഡി സാസിയും ഹോളണ്ടില്‍ ഡോസിയും ഇങ്ങനെ വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചു. ഇങ്ങനെ 1811-1950 കാലയളവില്‍ അറേബ്യയെ കുറിച്ച് മാത്രമിറങ്ങിയ പുസ്തകങ്ങള്‍ 60000-ത്തോളം വരും. നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കിയ ശേഷം അവിടത്തെ അമൂല്യഗ്രന്ഥങ്ങള്‍ ധാരാളം ഫ്രാന്‍സിലേക്ക് കൊണ്ടുപോയി.

ഇതുപോലെ 1857-നു ശേഷം ഇന്ത്യയില്‍ നിന്ന് ഇംഗ്ലീഷുകാരും കടത്തിക്കൊണ്ടുപോയി. ഏറെ താമസിയാതെ വൈജ്ഞാനികമായി ഊഷരഭൂമിയായിരുന്ന യൂറോപ്പിലെ ഗ്രന്ഥപ്പുരകള്‍ ഇന്ത്യ, ഇന്തോനേഷ്യ, ഇറാന്‍, മിസ്വര്‍, ശാം, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് കട്ടു കൊണ്ടുപോയ അമൂല്യ വിജ്ഞാന ശേഖരങ്ങള്‍ കൊണ്ടുനിറഞ്ഞു. ഇങ്ങനെ വിദേശ മന്ത്രാലയങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെയും ഗ്രന്ഥമോഷണങ്ങളിലൂടെയും ഓറിയന്റലിസത്തിന്റെ വലിയൊരു പദ്ധതി നടപ്പിലായെന്നു പറയാം. ഇക്കാലത്ത് മുസ്‌ലിം ബൗദ്ധികതയെ തകര്‍ക്കാനും അവരുടെ മതബോധത്തെ ഷണ്ഡീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഏറെയും നടന്നത്. തല്‍ഫലമായി ഇസ്‌ലാമിന്റെ സത്വബോധം തന്നെ മറന്ന കുറെ അക്കാദമിക് ബുദ്ധിജീവികളെ (മോഡേണിസ്റ്റുകള്‍ എന്നാണ് ലോകം അവരെ ഓമനപ്പേരിട്ടു വിളിച്ചത്) മുസ്‌ലിംകളില്‍ നിന്ന് യൂറോപ്പിന് ലഭിച്ചു. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, അഹ്മദ് അമീന്‍, ത്വാഹാ ഹുസൈന്‍, മഹ്മൂദ് അബൂറയ്യ, അബുല്‍ ഹുസൈന്‍ ശറഫുദ്ദീന്‍ ഖാസിം, അമീന്‍ തുടങ്ങിയവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവരാണ്. ഈജിപ്താണ് ഇവരിലധികം പേരെയും പെറ്റുപെരുക്കിയത്. ആറു നൂറ്റാണ്ടുകാലം മുസ്‌ലിംകള്‍ ഭരിച്ച ഇന്ത്യയില്‍ അറബിയിലും ഉറുദുവിലും ഫാരിസിയിലുമായി ധാരാളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. അവ അപഹരിച്ചെടുക്കുന്നതിലും ഓറിയന്റലിസ്റ്റുകള്‍ വ്യഗ്രത കാട്ടി.

ഇന്ത്യന്‍ മുസ്‌ലിംകളുടെ ശോഭനമായ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളും 1857-ന് ശേഷം തകൃതിയായി നടന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്നവരാണ് ഇതിന് നേതൃത്വം നല്‍കിയത്. റാവര്‍ട്ടി, ബ്രിഗ്ഗേഴ്‌സ്, സ്‌കോട്ട്, ഡോവ്, ഡാവി എന്നിവര്‍ ഈ നിരയില്‍ പ്രമുഖരാണ്. സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന മുസ്‌ലിംകളെയും ഹിന്ദുക്കളെയും മുന്‍കാല ചരിത്രത്തെ വളച്ചൊടിച്ച് ഭിന്നിപ്പിക്കാനും ഇവര്‍ ശ്രമിച്ചു. സര്‍ ഹെന്‍ട്രി എലിയട്ട് എട്ടു വാള്യങ്ങളുള്ള ഒരു പുസ്തകമാണ് ഇവ്വിഷയകമായി എഴുതിയത്. നാലാം ഘട്ടം വന്‍ശക്തികള്‍ വെട്ടിപ്പിടിച്ച കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിത്തുടങ്ങിയതോടെയാണ് ഈ ഘട്ടത്തിന് തുടക്കമായത്.

മുസ്‌ലിം ലോകവും ഈ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു. ആ പ്രവാഹത്തെ തടുത്ത് നിറുത്താന്‍ അശക്തരായിരുന്ന ഓറിയന്റലിസ്റ്റുകള്‍ അതോടെ തങ്ങളുടെ പ്രവര്‍ത്തനമേഖല അല്പം  വ്യതിചലിപ്പിച്ചു. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ അധികാരം വിട്ടുകൊടുക്കാന്‍ തയ്യാറായെങ്കിലും ബ്രിട്ടനെപ്പോലുള്ള രാഷ്ട്രങ്ങള്‍ തങ്ങളുടെ യൂറോപ്യന്‍ ലൈബ്രറികളില്‍ വിശ്രമിച്ചിരുന്ന മുസ്‌ലിംകളുടെ വന്‍ ബൗദ്ധിക സമ്പത്ത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അഥവാ പ്രകടനപരതയില്‍ പ്രവര്‍ത്തന ശൈലി മാറ്റി എന്ന് തോന്നിപ്പിച്ചുവെങ്കിലും ഇസ്‌ലാമിനെ വികലപ്പെടുത്തുക, ക്രിസ്തുമത പ്രചാരണം നടത്തുക എന്നീ അടിസ്ഥാന ലക്ഷ്യങ്ങളില്‍നിന്ന് അല്‍പം പോലും പിന്‍മാറിയില്ല. ആ യജ്ഞം പില്‍ക്കാലത്തും അതിവിദഗ്ധമായി തുടര്‍ന്നുപോന്നു.

പ്രീണന നയമാണ് ഇക്കാലയളവില്‍ പാശ്ചാത്യര്‍ സ്വീകരിച്ചത്. പുറമെ മുമ്പെങ്ങുമില്ലാത്തവിധം ബഹുമാനവും ആദരവും മുസ്‌ലിംകളോട് പ്രകടിപ്പിച്ചു. 1932-ല്‍ അല്ലാമാ ഇഖ്ബാലിനെ കണ്ട പ്രൊഫ. മിസ്യൂനിയൂര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ''പാശ്ചാത്യ പണ്ഡിതന്മാര്‍ ഇസ്‌ലാമിനു നേരെ പ്രകടിപ്പിച്ചിരുന്ന ശത്രുതയും വൈരവും കാലാന്തരത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ത്ഥ ഇസ്‌ലാം അവര്‍ക്കു മുമ്പില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.'' (റോസ്ഗാറെ ഫഖീര്‍ -ഇഖ്ബാല്‍, 135)

പാശ്ചാത്യന്‍ രീതികളിലേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന മുസ്‌ലിംലോകം കൈപ്പിടിയില്‍നിന്ന് തെന്നിപ്പോകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഈ ചായ്‌വ് വന്‍ വിജയമാക്കാന്‍ ധാരാളം പാശ്ചാത്യന്‍ പഠന കേന്ദ്രങ്ങള്‍ ഈ കാലത്ത് മുസ്‌ലിം ലോകത്ത് സ്ഥാപിക്കപ്പെട്ടു. അതേസമയം മുസ്‌ലിം ലോകത്തിന് എന്നും ശക്തിയായിരുന്ന ഐക്യവും കെട്ടുറപ്പും തകര്‍ക്കാനും അവരുടെ ഈമാനികാടിത്തറ ശിഥിലമാക്കാനും വ്യക്തമായ പദ്ധതികള്‍ രഹസ്യമായി തയ്യാറാക്കപ്പെട്ട് അവതരിപ്പിക്കപ്പെട്ടുകൊണ്ടുമിരുന്നു.

വിദേശ മന്ത്രാലയങ്ങളുടെ ഉപദേഷ്ടാക്കളായി പ്രവര്‍ത്തിച്ചിരുന്ന ഓറിയന്റലിസ്റ്റുകള്‍ വരും കാലങ്ങൡ കോളനികളില്‍ പിന്തുടരേണ്ട പാത ശരിക്ക് വെട്ടിക്കൊടുത്തുകൊണ്ടിരുന്നു. പല യൂണിവേഴ്‌സിറ്റി പ്രഫസര്‍മാരും സുരക്ഷാവിഭാഗത്തിലും സൈനിക ഓഫീസുകളിലും ജോലി നോക്കിയിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് മുസ്‌ലിംലോകത്തേക്ക് ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ മേക്കപ്പ് ചെയ്തു വിട്ടിരുന്നത്. ആധുനിക ഓറിയന്റലിസത്തിന്റെ പ്രവര്‍ത്തനരേഖ എന്നു വിശേഷിപ്പിക്കാവുന്ന സകാര്‍ബ് റഫ് റിപ്പോര്‍ട്ട് രണ്ടാം ലോക മഹായുദ്ധാനന്തരം ബ്രിട്ടണ്‍ അവതരിപ്പിച്ചു.

പൗരസ്ത്യദേശത്ത് തുടര്‍ന്നങ്ങോട്ട് സ്വീകരിക്കേണ്ട പല പദ്ധതികളും വിശദീകരിച്ചിരുന്ന ഈ റിപ്പോര്‍ട്ട് അത് അവഗണിച്ചാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക ലോകത്ത് രൂപപ്പെട്ടുകൊണ്ടിരുന്ന പുതിയ സംഭവവികാസങ്ങളെ അനാവരണം ചെയ്യുന്ന H.A.R ഗിബ്ബിന്റെ Modern Trends in Islam എന്ന പുസ്തകവും ഇക്കാലത്ത് പുറത്തു വന്നു. മധ്യ പൗരസ്ത്യ ദേശത്ത് ഇന്ന് പാശ്ചാത്യര്‍ പിന്തുടരുന്ന പലനയങ്ങളും 50 വര്‍ഷങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കപ്പെട്ടവയാണ്.

അഞ്ചാം ഘട്ടം

നാലാം ഘട്ടത്തിന്റെ ഭാഗം തന്നെയാണ് ഈ ഘട്ടവും. മുസ്‌ലിം ലോകത്തെ സമ്പന്നമാക്കിക്കൊണ്ട് കടന്നുവന്ന പെട്രോള്‍, ഓറിയന്റലിസ്റ്റുകളുടെ സ്വപ്നത്തിന് തടവായിരുന്നു. തുടര്‍ന്നങ്ങോട്ട് പെട്രോളിന്റെ കുത്തക കൈവിട്ടുപോകാതിരിക്കാന്‍ ശക്തമായ പ്രയത്‌നങ്ങള്‍ നടത്തിയ അവര്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനങ്ങളേക്കാള്‍ ഇസ്‌ലാമിലെ പല വിഭാഗങ്ങളെക്കുറിച്ചും സാമൂഹികമായും സാമ്പത്തികമായും മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പുതിയ സാധ്യതകളെയും സാഹചര്യങ്ങളെയും പറ്റിയുമായി പിന്നെയുള്ള പഠനം.

വിവിധ മുസ്‌ലിം വിഭാഗങ്ങളെ പരസ്പരം അകറ്റാന്‍ അവരിതിലൂടെ ശ്രമിച്ചു. അങ്ങനെ സുന്നികളെയും ശിയാക്കളെയും കുര്‍ദുകളെയും അടുക്കാനാവാത്തവിധം അകലത്തിലാക്കി. ഈ ശിഥിലാവസ്ഥ പല ആവശ്യങ്ങളും ലോകസമക്ഷം ശക്തമായി അവതരിപ്പിക്കാനുള്ള കരുത്ത് മുസ്‌ലിംകള്‍ക്ക് ഇല്ലാതാക്കി. ആ ശാപം മുസ്‌ലിംകള്‍ ഇന്നും അനുഭവിക്കുന്നുണ്ട്. പാശ്ചാത്യര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ദീര്‍ഘവീക്ഷണത്തോടെ തയ്യാറാക്കിയ പദ്ധതികള്‍ യഥാവിധി ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ തക്കവണ്ണം പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയാതിരിക്കുന്നത് ഈ ദീര്‍ഘവീക്ഷണമില്ലായ്മയും ഐക്യബോധത്തിന്റെ അഭാവവും കൊണ്ടാണ്. ഈ ദുരവസ്ഥ ഉണ്ടാക്കിയെടുത്തതില്‍ ഓറിയന്റലിസത്തിനൊപ്പം സയണിസം ശക്തമായ ശ്രമം നടത്തിയിട്ടുണ്ട്.

എന്നു മാത്രമല്ല ഈ പദ്ധതികള്‍ മുഴുവന്‍ ആസൂത്രണം ചെയ്തിരുന്നത് ജൂത ലോബിയായിരുന്നു എന്ന് പറയുന്നതാവും ശരി. മധ്യ പൗരസ്ത്യ ദേശത്തെ പുത്തന്‍ പ്രവണതകളെ പറ്റി പഠിക്കാന്‍ ധാരാളം സംഘടനകള്‍ ഇക്കാലയളവില്‍ പാശ്ചാത്യലോകത്ത് രൂപീകരിക്കപ്പെട്ടു. 1966-ല്‍ അമേരിക്കയില്‍ രൂപീകൃതമായ The middle east studeis association of north america 1976ല്‍ രൂപീകൃതമായ British Society for mid-eastern studeis എന്നിവ ഇവയില്‍ ചിലതാണ്. പൗരസത്യ ദേശത്തെ വിശകലനം ചെയ്യുന്ന ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഇത്തരം സംഘടനകള്‍ പുറിത്തറക്കിക്കൊണ്ടിരിക്കുന്നു. 9അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍- ഉഹൂദുല്‍ മുതഅദ്ദദ ലി അഫ്കാരില്‍ മുസ്തശ്‌രിഖീന്‍ വ നള്‌രിയ്യാതിഹി -ഖലീഖ് അഹ്മദ് അന്നിളാമി, പേജ് 103-112

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter