ഖാദിയാനിസം: പ്രധാന ജല്‍പനങ്ങള്‍
1879 മുതല്‍ 1908 വരെയുള്ള കാലയളവില്‍ വിവിധ വേഷങ്ങളിലഭിനയിച്ച മീര്‍സ അതിനിടയില്‍ നിരവധി ജല്‍പനങ്ങള്‍ നടത്തിയിട്ടുണ്ട്. മുജദ്ദിദ്, മഹ്ദി, മസീഹ്, നബി, അല്ലാഹു തുടങ്ങിയവ അവകാശപ്പെട്ടതിനു പുറമെ മീര്‍സയും അനുയായികളും നടത്തിയ പ്രധാന ജല്‍പനങ്ങള്‍ ഇവയാണ്.
1. നിസ്‌കാരം, വ്രതാനുഷ്ഠാനം, ഉറക്കം, ലൈംഗിക ബന്ധം എന്നിവയെല്ലാം അല്ലാഹുവിനുണ്ട്. 2. നക്ഷത്രങ്ങള്‍ക്കാണ് മലക്കുകള്‍ എന്നു പറയുന്നത്. 3. പ്രവാചകന്മാര്‍ വ്യാജം പറയുന്നവരായിരുന്നു. 4. യൂസുഫ് നജ്ജാറിന്റെ മകനാണ് ഈസബിന്‍ മര്‍യം. അദ്ദേഹം വഞ്ചനയും ചതിയും നടത്തി. ഈസ മദ്യം സേവിച്ചതുകൊണ്ടാണ് യൂറോപ്യര്‍ മദ്യം സേവിക്കുന്നത്. കുരിശില്‍ നിന്നു ഈസ രക്ഷപ്പെട്ടു ഒളിച്ചോടി കാശ്മീരിലെത്തുകയും അവിടെ വെച്ച് സ്വാഭാവിക മരണം സംഭവിക്കുകയുമായിരുന്നു. 5. മുഹമ്മദ് നബി(സ) അവസാനത്തെ പ്രവാചകനല്ല. അദ്ദേഹത്തിനു ശേഷവും ആവശ്യാനുസരണം അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കും. 6. മിര്‍സാഗുലാം അഹ്മദ് ഖാദിയാനി പ്രവാചക ശ്രേഷ്ഠനാണ്. വഹ്‌യുമായി ജിബ്‌രീല്‍(അ) അദ്ദേഹത്തിന്റെ അടുക്കല്‍ എത്തുകയും ഇംഗ്ലീഷ് ഭാഷയിലടക്കം വഹ്‌യ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 7. ഖുര്‍ആനും ഹദീസും മൊത്തത്തില്‍ അംഗീകരിക്കാമെങ്കിലും മീര്‍സ പറയുന്നതിനനുസരിച്ചാണ് അതു വിശദീകരിക്കേണ്ടത്. 8. മീര്‍സയെ അടക്കം ചെയ്യപ്പെട്ട ഖാദിയാന്‍ ഗ്രാമമാണ് മക്ക, മദീന എന്നിവയേക്കാള്‍ ശ്രേഷ്ഠതയുള്ള സ്ഥലം. അവിടെ നടക്കുന്ന വാര്‍ഷിക സമ്മേളനമാണ് ഹജ്ജ്. 9. ഖാദിയാനീ ആശയം സ്വീകരിക്കാത്തവര്‍ കാഫിറുകളാണ്. അഹ്മദികളെല്ലാത്തവര്‍ മരിച്ചാല്‍ നിസ്‌കരിക്കാനോ അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടാനോ പാടില്ല. 10. ജിഹാദ് നിഷിദ്ധമാണ്. മതത്തിനു വേണ്ടി വാളെടുക്കുന്നവന്‍ പാപിയാണ്. യുദ്ധം ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. 11. എല്ലാതരം വ്യഭിചാരങ്ങള്‍ക്കുമുള്ള ശിക്ഷ നൂറ് അടിയാണ്. വിവാഹിതരാണെങ്കില്‍ എറിഞ്ഞു കൊല്ലേണ്ടതില്ല. 12. ജിന്ന് എന്നതിനു വിദേശി, അപരിചിതന്‍, വിദഗ്ധന്‍ എന്നൊക്കെയാണ് അര്‍ത്ഥം. മുഹമ്മദ് നബി(സ)യില്‍ നിന്നു ഖുര്‍ആന്‍ ശ്രവിച്ച ജിന്നുകള്‍ എന്നു ഖുര്‍ആന്‍ പരാമര്‍ശിച്ചത് അന്യനാട്ടുകാരായ ക്രിസ്ത്യാനികളെ കുറിച്ചാണ്. 'ശൈത്വാന്‍' എന്നതിന്റെ അര്‍ത്ഥവും അതുതന്നെ. 13. അബൂബക്കര്‍, ഉമര്‍ എന്നീ സ്വഹാബികള്‍ മീര്‍സയുടെ ചെരിപ്പു വഹിക്കാന്‍ പോലും യോഗ്യരല്ല. 14. ലൈലത്തുല്‍ ഖദ്ര്‍ എന്നത് ഒരു പ്രത്യേക രാത്രിയുടെ പേരല്ല. അന്ധകാര നിബിഡമായ ഈ കാലഘട്ടത്തെക്കുറിച്ചുള്ള ഖുര്‍ആനിന്റെ ഒരു ആലങ്കാരിക പ്രയോഗം മാത്രമാണത്. 15. സുലൈമാന്‍ നബിയുടെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സൈന്യമായി ജിന്ന്, ശൈത്വാന്‍, തൈ്വര്‍ (പക്ഷി), ഹുദ്ഹുദ് (മരംകൊത്തി) എന്നിവയുണ്ടായിരുന്നു എന്ന ഖുര്‍ആനിക പരാമര്‍ശം വ്യാഖ്യാനിക്കപ്പെടേണ്ടതാണ്. ജിന്ന് വിദഗ്ധ ജോലിക്കാരും ശൈത്വാന്‍ മുങ്ങല്‍ വിദഗ്ധരും തൈ്വര്‍ കുതിരപ്പടയാളികളുമാണ്. അതു പക്ഷിയല്ല. ഹുദ്ഹുദ് ഒരു മനുഷ്യനായിരുന്നു. മരംകൊത്തിയായിരുന്നില്ല. 16. സൂറത്തുന്നംലിലെ 'വാദിന്നംല്' യമനിലെ ഒരു താഴ്‌വരയുടെ പേരാണ്. ഉറുമ്പുകളുടെ താഴ്‌വരയല്ലയത്. നംല് ആ താഴ്‌വരയില്‍ താമസിക്കുന്ന ഒരു ഗോത്രമാണ്. സുലൈമാന്‍ നബിയോട് സംസാരിച്ചത് ഉറുമ്പല്ല. ആ ഗോത്രത്തിലെ ഒരു സ്ത്രീയാണ്. 17. മുഹമ്മദ് നബി(സ) നടത്തിയ ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവ യഥാര്‍ത്ഥത്തിലുള്ള രാപ്രയാണമോ ആകാശാരോഹണമോ അല്ല. അത് കേവലം ആത്മീയാനുഭവമോ സ്വപ്നമോ ആണ്. 18. സ്വര്‍ഗം, നരകം എന്നിവ യാഥാര്‍ത്ഥ്യമല്ല. ആത്മാവിനുണ്ടാകുന്ന ചില പ്രത്യേക അവസ്ഥകള്‍ മാത്രമാണ്. 19. അന്ത്യനാളില്‍ ദജ്ജാല്‍ പുറപ്പെടുമെന്ന് മുഹമ്മദ് നബി(സ) പ്രവചിച്ചത് യൂറോപ്യന്‍ ശക്തികളെ കുറിച്ചാണ്. അല്ലാതെ മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ ഒരു പ്രത്യേക വ്യക്തിയല്ല. 20. ഖിയാമത്തിന്റെ അടയാളങ്ങളില്‍ പെട്ട യഅ്ജൂജ്, മഅ്ജൂജ് എന്നത് അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയന്റെ കീഴിലുള്ള സോഷ്യലിസ്റ്റു ചേരിയുമാണ്. അല്ലാതെ രണ്ടു വിഭാഗം ആളുകളല്ല. (ഖാദിയാനികളുടെ ഈ വിശദീകരണ പ്രകാരം മഅ്ജൂജ് 1991-ല്‍ ഗോര്‍ബച്ചോവിന്റെ ഗ്ലാസ്‌നോസ്തിലും പെരിസ്‌ട്രോയ്ക്കയിലും കിടന്നു മരിച്ചു. ഇപ്പോള്‍ യഅ്ജൂജ് മാത്രമേയുള്ളൂ). 21. അന്ത്യനാളില്‍ ആകാശത്ത് ഒരു പ്രത്യേക പുക ഉയരുമെന്നു പറഞ്ഞത് ആധുനിക ഫാക്ടറികളെ കുറിച്ചും വ്യവസായ ശാലകളെ കുറിച്ചുമാണ്. അവിടെ നിന്നാണല്ലോ ഇപ്പോള്‍ പുക ഉയരുന്നത്. 22. ദാബ്ബത്തുല്‍ അര്‍ള് എന്നത് ഒരു പ്രത്യേക മൃഗമല്ല. ആധുനിക തീവണ്ടികളാണ്. ഇങ്ങനെ വിചിത്രകരവും രസാവഹവുമായ പല വാദങ്ങളും ഖാദിയാനികള്‍ എഴുന്നള്ളിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇസ്‌ലാമിന്റെ അടിത്തറ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റു ചിലത് ഭൗതിക വാദികളെയും യുക്തിവാദികളെയും സുഖിപ്പിക്കുംവിധം കാലത്തിനൊപ്പിച്ച് മതത്തെ വ്യാഖ്യാനിക്കുന്നവയാണ്. ഇതു രണ്ടും അപകടമാണെന്നതില്‍ സംശയമില്ല. ഇവരുടെ ചില വ്യാഖ്യാനങ്ങളും ശൈലികളും പില്‍ക്കാലത്ത് ഭൗതിക വാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട ചില മുസ്‌ലിം നാമധാരികളും മതനവീകരണ പ്രസ്ഥാനങ്ങളും അനുകരിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അത്രയും ശക്തവും വ്യാപകവുമാണ് ഇവരുടെ പ്രചരണ തന്ത്രങ്ങള്‍.
കൊളോണിയലിസത്തിന്റെ മെഗാഫോണ്‍
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ തണലിലാണ് ഖാദിയാനിസം വളര്‍ന്നത്. സാമ്രാജ്യത്വ ശക്തികളാണതിനെ സഹായിച്ചതും സംരക്ഷിച്ചതുമെല്ലാം. മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം ആളിക്കത്തിക്കൊണ്ടിരുന്ന കാലത്ത് മുസ്‌ലിംകള്‍ക്കെതിരെ ബ്രിട്ടീഷുകാരെ സഹായിച്ച പാരമ്പര്യമുള്ളവരാണ് മീര്‍സയുടെ കുടുംബം. മീര്‍സ പലപ്പോഴും അഭിമാനത്തോടെ ആ വസ്തുത എടുത്തു പറഞ്ഞിട്ടുണ്ട്. 1757-ല്‍ ബംഗാളില്‍ നടന്ന പ്ലാസി യുദ്ധം മുതല്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നത് മുസ്‌ലിംകളായിരുന്നു. ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തിന് ഏറ്റവും വലിയ വിഘാതമായി നില്‍ക്കുന്നത് അവരാണെന്നു മനസ്സിലാക്കിയ ബ്രിട്ടന്‍, അതില്ലാതെയാക്കാന്‍ വഴികളന്വേഷിച്ചു. മത നേതൃത്വത്തോട് ആദരവും ബഹുമാനവും വെച്ചു പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. മതനേതാക്കള്‍ പറയുന്നത് അവരനുസരിക്കും. അങ്ങനെയെങ്കില്‍ അവരെ മെരുക്കിയെടുക്കാന്‍ അവര്‍ വിശ്വസിക്കുന്ന മുജദ്ദിദിന്റെയോ പ്രതീക്ഷിക്കുന്ന മഹ്ദിയുടെയോ സാക്ഷാല്‍ പ്രവാചകന്റെ തന്നെയോ വേഷത്തില്‍ ഒരാളെ പറഞ്ഞയക്കാം. വെള്ള പിശാചിന്റെ കറുത്ത മനസ്സില്‍ കുതന്ത്രങ്ങള്‍ വല നെയ്തു.
അതിനു വേണ്ടി അവര്‍ അന്വേഷിച്ചു കണ്ടെത്തിയ ആക്ടറാണ് ഗുലാം അഹ്മദ് ഖാദിയാനി. 1864 മുതല്‍ 1868 വരെ സിയാല്‍കോട്ട് കോടതിയില്‍ ജോലിയിലായിരിക്കെ മിര്‍സയെ വലയിലാക്കിയ ബ്രിട്ടീഷ് ഫാദര്‍ ബട്ട്‌ളര്‍ എം.എ.യാണ് ഇതിനു വേണ്ടിയുള്ള കരുക്കള്‍ നീക്കിയതത്രെ (തഹ്‌രീകെ അഹ്മദിയ്യ). ഇത് വസ്തുതയാണെന്നു വ്യക്തമാക്കുന്ന നടപടികളാണ് പിന്നീട് മീര്‍സയുടെ ഓരോ ചുവടുവെപ്പിലുമുണ്ടായത്. പഞ്ചാബിലെ ഖാദിയാനി ഗ്രാമത്തിലിരുന്ന് മുസ്‌ലിംകളാരും ബ്രിട്ടീഷുകാരെ എതിര്‍ക്കരുതെന്നു ഒരു സാധാരണ ഗുലാം അഹ്മദ് പറഞ്ഞാല്‍ അതു കേള്‍ക്കാന്‍ ആരുമുണ്ടാകില്ലെന്ന് അധിനിവേശ ശക്തികള്‍ക്കു നന്നായി അറിയാം. അതില്‍ മതത്തിന്റെ സിംബലും സിദ്ധാന്തങ്ങളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുമെന്നുറപ്പ്. ജിഹാദ് നിഷിദ്ധമാണെന്ന പ്രഖ്യാപനവുമായി പ്രവാചക വേഷത്തിലിറങ്ങിയ മീര്‍സയുടെ വാക്കുകളും പ്രവൃത്തികളും അതു തെളിയിക്കുന്നുണ്ട്. അദ്ദേഹം തന്നെ പറയുന്നത് കാണുക. ''ഇംഗ്ലീഷ് ഭരണത്തെ ശക്തിപ്പെടുത്തുന്നതിലും അവരെ സഹായിക്കുന്നതിലുമാണ് എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്. ഇംഗ്ലീഷുകാരായ ഭരണാധികാരികള്‍ക്ക് വഴിപ്പെടല്‍, യുദ്ധത്തിലേര്‍പ്പെടാന്‍ പാടില്ല തുടങ്ങിയ വിഷയങ്ങളിലായി ഞാന്‍ ഒട്ടനവധി പരസ്യങ്ങളും പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും ഇറക്കിയിട്ടുണ്ട്. അവയെല്ലാംകൂടി ഒരുമിച്ചുകൂട്ടുകയാണെങ്കില്‍ 50 ഖജനാവ് നിറക്കാന്‍ മാത്രമുണ്ട്. ഈ ഗ്രന്ഥങ്ങളെല്ലാം ഞാന്‍ പ്രസിദ്ധീകരിച്ചത് ഈജിപ്ത്, സിറിയ, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഇതുകൊണ്ടെല്ലാം എന്റെ ലക്ഷ്യം മുഴുവന്‍ മുസ്‌ലിംകളും ആത്മാര്‍ത്ഥമായി ഈ ഭരണത്തെ അനുസരിക്കുന്നവരായിത്തീരുക, അവരുടെ ഹൃദയങ്ങളില്‍ നിന്നും രക്തം ചിന്തുന്ന മഹ്ദി, മസീഹ് തുടങ്ങിയവരെ കുറിച്ചുള്ള പൊട്ടക്കഥകള്‍ മായ്ച്ചുകളയുക എന്നിവയായിരുന്നു.'' (തര്‍യാഖുല്‍ ഖുലൂബ്: 15)
''ഈ ഗവണ്‍മെന്റിന്റെ തണലിലല്ലാതെ മറ്റാരുടെ തണലിലാണ് നിങ്ങള്‍ ജീവിക്കുക. നിങ്ങള്‍ക്കെത്തുന്ന ദുരിതങ്ങളെ കുറിച്ച് അപ്പോള്‍ മനസ്സിലാകും. ബ്രിട്ടീഷ് ഗവണ്‍മെന്റ് നിങ്ങള്‍ക്കൊരു മഹാ അനുഗ്രഹമാണ്. അല്ലാഹു നിങ്ങളെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ കോട്ടയാണത്. അതുകൊണ്ട് നിങ്ങള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുകൊണ്ടുതന്നെ അതിനെ ബഹുമാനിക്കുക.'' (തബ്‌ലീഗേ രിസാല: 10/123) ഇങ്ങനെ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളെ വാനോളം പുകഴ്ത്തുകയും മുസ്‌ലിംകളെ സാമ്രാജ്യത്വ ദാസന്മാരാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളുമെല്ലാം മീര്‍സയുടേതായുണ്ട്. 1931-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് 5-ാമന്റെ പുത്രന്‍ വെയില്‍സ് ഇന്ത്യാ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ മീര്‍സയുടെ പുത്രനും രണ്ടാം ഖലീഫയുമായ ബഷീറുദ്ദീന്‍ അഹ്മദ് സമര്‍പ്പിച്ച 'തുഹ്‌ഫേ ഷഹ് സാദാവെയില്‍സ്' എന്ന ലഘു കൃതിയില്‍ ഖാദിയാനികളുടെ ബ്രിട്ടീഷ് ഭക്തിയെക്കുറിച്ചും ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്നതുകൊണ്ട് തങ്ങളനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വ ശക്തികളുമായുള്ള ഈ കൂട്ടുകെട്ടാണ് ആശയ ദൗര്‍ബല്യങ്ങള്‍ക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ഖാദിയാനികള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഇന്നും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം മതപ്രചരണം നടത്താന്‍ ഈ വിഭാഗത്തെ സഹായിക്കുന്നത് അധിനിവേശ ശക്തികളാണ്. മുസ്‌ലിംകളെ സംശയത്തോടെ മാത്രം നോക്കുന്ന ഇന്നത്തെ ബ്രിട്ടനിലും ഇസ്രയേലിലുമെല്ലാം സെന്ററുകളും ഓഫീസുകളും തുറക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഇവര്‍ക്കു സാധിക്കുന്നത് അവരുടെ സഹായത്തിന്റെ തണലില്‍ തന്നെയാണ്. 1924-ല്‍ ലണ്ടനിലാണ് ഖാദിയാനികളുടെ പ്രഥമ പള്ളി നിര്‍മിക്കപ്പെട്ടത് എന്ന സത്യം ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.
മീര്‍സക്കു ശേഷം
1908-ല്‍ ലാഹോറില്‍ വെച്ച് കോളറ ബാധിച്ചു മീര്‍സ മരണപ്പെട്ടു. മൃതദേഹം ഖാദിയാനില്‍ കൊണ്ടു വന്ന് മറവു ചെയ്തു. മസീഹ് വാദത്തിനു മീര്‍സയെ പ്രേരിപ്പിച്ച നൂറുദ്ദീന്‍ സുഹൈറവി (1841-1914) പിന്നീട് ഒന്നാം ഖലീഫയായി സ്ഥാനമേറ്റു. അബൂബക്കര്‍ സിദ്ദീഖ്(റ)നു തുല്യനാണെന്നു വാദിച്ച ഇദ്ദേഹം ആറു വര്‍ഷം ഖലീഫയായി തുടര്‍ന്നു. പിന്നീട് മീര്‍സയുടെ പുത്രന്‍ ബഷീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് രണ്ടാം ഖലീഫയായി സ്ഥാനമേറ്റു. മുഹമ്മദ് നബി(സ)ക്കു ശേഷം ധാരാളം പ്രവാചകന്മാര്‍ വരാമെന്നു ശക്തമായി വാദിച്ചത് ഇദ്ദേഹമാണ്. വിഭജനാനന്തരം പാകിസ്ഥാനിലേക്കുപോയ ഇദ്ദേഹം 1965-ലാണ് മരണമടഞ്ഞത്. മുഹമ്മദ് നബി(സ)ക്കു ശേഷം ധാരാളം പ്രവാചകന്മാര്‍ വരാമെന്ന ബശീറുദ്ദീന്റെ വാദം ഖാദിയാനിസത്തെ രണ്ടായി പിളര്‍ത്തി. മുഹമ്മദലി ലാഹോറിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ബശീറുദ്ദീനെതിരെ രംഗത്തുവന്നു. പിന്നീട് വേറിട്ടു പ്രവര്‍ത്തിച്ച ഇക്കൂട്ടര്‍ ലഹോറികള്‍ എന്നറിയപ്പെടുന്നു. ഖാദിയാനികള്‍ ഇവരെ 'മുനാഫിഖുകള്‍' എന്നാണ് വിളിക്കുന്നത്.
ഖാദിയാനീ വിശ്വാസം വെച്ചു പുലര്‍ത്തുന്നതോടൊപ്പം പൊതുജനങ്ങളെ തൃപ്തിപ്പെടുത്താന്‍ മീര്‍സയുടെ നുബുവ്വത്ത് നിഷേധിക്കുന്നു എന്നതാണ് കാരണം. ലാഹോറികള്‍ മുസ്‌ലിംകളെ കാഫിറാക്കുന്നില്ലെങ്കിലും ഫാസിഖുകള്‍ എന്നാണ് വിളിക്കുന്നത്. മര്‍യം-ജോസഫ് ആശാരി വിവാഹബന്ധത്തില്‍ പിറന്നതാണ് ഈസാ നബിയെന്നു ഖാദിയാനികളെപ്പോലെ ഇവരും വാദിക്കുന്നു. ലാഹോറികള്‍ ഖാദിയാനികള്‍ക്കിടയിലെ ന്യൂനപക്ഷമാണ്. 1965-ല്‍ മൂന്നാം ഖലീഫയായി മീര്‍സാ നാസിര്‍ അഹ്ദും അദ്ദേഹത്തിനു ശേഷം മീര്‍സാ ത്വാഹിര്‍ അഹ്മദും സ്ഥാനമേറ്റു. അഞ്ചാം ഖലീഫ മീര്‍സാ മസ്‌റൂര്‍ അഹ്മദാണ് നിലവില്‍ ഖാദിയാനിസത്തിന്റെ പരമാചാര്യന്‍. 170-ഓളം രാജ്യങ്ങളില്‍ പത്തു മില്ല്യന്‍ അനുയായികളുണ്ടെന്നും 15,000 പള്ളികള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അഹ്മദിയ്യാ വെബ് സൈറ്റ് അവകാശപ്പെടുന്നു. 500 സ്‌കൂളുകളും 30 ഹോസ്പിറ്റലുകളും ഇവര്‍ക്കുണ്ടത്രെ. 56 ലോക ഭാഷകളില്‍ ഇവരുടെ ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളിലൂടെയും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മീഡിയകളിലൂടെയും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തിന് സാറ്റ്‌ലൈറ്റ് സംവിധാനത്തോടുകൂടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലുമുണ്ട്. മുസ്‌ലിം ടെലിവിഷന്‍ ഓഫ് അഹ്മദിയ്യ (എം.ടി.എ) എന്നു പേരുവെക്കപ്പെട്ട പ്രസ്തുത ചാനലിന്റെ ഓഫീസ് ലണ്ടനിലാണ്. പ്രഥമ പള്ളിയും ഇവിടെതന്നെ.
ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇവര്‍ക്കു ചെയ്തുകൊടുക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം. ഇപ്രകാരം ഇസ്രയേലിലെ 'ഹിഫാ'യിലും ഇവര്‍ക്ക് ഓഫീസും ബുക്ക് ഡിപ്പോയുമുണ്ട്. 'അല്‍ ബുശ്‌റാ' എന്ന പേരില്‍ അവിടെ നിന്നും ഒരു അറബി മാസിക പ്രസിദ്ധീകരിക്കുന്നു. Review of religious ആണ് ഖാദിയാനികളുടെ ഇംഗ്ലീഷ് ജിഹ്വ. അല്‍ ഫസ്ല്‍ എന്ന പേരില്‍ ഉര്‍ദു പത്രവും വാരികയും പ്രസിദ്ധീകരിക്കുന്നു. 'സത്യദൂതന്‍', 'സത്യമിത്രം' എന്നിങ്ങനെ മലയാളത്തിലും ഇവര്‍ക്കു മാസികകളുണ്ട്. ഇത്രയും വിശാലമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയ ഖാദിയാനികളുടെ സാമ്പത്തിക സ്രോതസ് സാമ്രാജ്യത്വ ശക്തികള്‍ തന്നെയാണ്. അനുയായികള്‍ മാസാന്ത വരുമാനത്തിന്റെ 6.25% സകാത്തായി നല്‍കുന്നതുകൊണ്ടാണ് ഒരു പരസ്യവുമില്ലാതെ ചാനലും മറ്റും പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തു പറയുന്നത്. കേരളത്തില്‍ വഹാബീ, മൗദൂദീ ചിന്തകള്‍ വേരോടുന്നതിനു മുമ്പുതന്നെ ഖാദിയാനിസം എത്തിയിട്ടുണ്ട്. കണ്ണൂര്‍ പഴയങ്ങാടിയിലെ മുഹ്‌യുദ്ദീനും കുഞ്ഞമ്മദുമാണ് ഖാദിയാനില്‍ നിന്ന് അതുകൊണ്ടുവന്നത്. കാലങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവിടെ ശൈശവ ദശയില്‍ തന്നെയാണ് ഖാദിയാനിസം.
മറ്റു പ്രദേശങ്ങളിലേതുപോലെ കേരളീയരും ഖാദിയാനികളെ അംഗീകരിക്കാനോ മുസ്‌ലിംകളാണെന്നു സമ്മതിക്കാനോ തയ്യാറായിട്ടില്ല. അതുതന്നെയാണ് അതിന്റെ പരാജയവും. വിപുലമായ സൗകര്യങ്ങളും ശാസ്ത്രീയ സംവിധാനങ്ങളും സാമ്രാജ്യത്വ-സയണിസ്റ്റ് ലോബിയുടെ ശക്തമായ പിന്തുണയുമെല്ലാം ഉണ്ടായിട്ടുപോലും മുസ്‌ലിംകളെ വലയിലാക്കാനോ മുസ്‌ലിംകളാണെന്ന് വരുത്തിത്തീര്‍ക്കാനോ ഖാദിയാനികള്‍ക്ക് സാധിച്ചിട്ടില്ല. 'അമുസ്‌ലിം ന്യൂനപക്ഷം' എന്നാണ് പൊതു സമൂഹം ഇവരെ വിശേഷിപ്പിക്കുന്നത്. ഖാദിയാനിസം ഒരു മുസ്‌ലിം വിരുദ്ധ പ്രസ്ഥാനമാണെന്നും അതിന്റെ അനുയായികള്‍ മുസ്‌ലിംകളല്ലെന്നുമുള്ള പൊതുകാഴ്ചപ്പാട്, 1974 ഏപ്രില്‍ 10ന് മക്കയില്‍ ചേര്‍ന്ന മുസ്‌ലിം വേള്‍ഡ് ലീഗിന്റെ യോഗത്തിലും 1974 സപ്തംബര്‍ 17നു പാകിസ്ഥാന്‍ ഗവണ്‍മെന്റ് നടത്തിയ പ്രഖ്യാപനത്തിലും ആവര്‍ത്തിക്കപ്പെട്ടതോടെ ഖാദിയാനികള്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. (മുഖ്യധാരയും വിഘടിത ചേരികളും)
Leave A Comment