ഒറിയന്റലിസം: അധിനിവേശ തന്ത്രം
സാമ്രാജ്യത്വ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഓറിയന്റലിസ്റ്റുകളില്‍ വലിയൊരു വിഭാഗത്തെ തന്നെ അധിനിവേശ രാജ്യങ്ങള്‍ കയ്യടക്കിവെച്ചിരുന്നു. അവരുടെ വിദേശകാര്യ കൊളോണിയല്‍ ഓഫീസുകളില്‍ ഉപദേഷ്ടാക്കളായി ഓറിയന്റല്‍ പണ്ഡിതന്മാര്‍ ജോലിനോക്കിയിരുന്നു. എഡ്വേര്‍ഡ് സഈദ് പറയുന്നു: അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഏത് പ്രധാന പദ്ധതിയും നടപ്പാക്കുന്നതിന് മുമ്പ് രാഷ്ട്രീയ നേതാക്കള്‍ ഓറിയന്റലിസ്റ്റുകളുടെ ഉപദേശം തേടാറുണ്ടായിരുന്നു. ഈ ഓറിയന്റലിസ്റ്റുകള്‍ക്ക് അറബ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഉപയോഗപ്പെടുത്തി മുസ്‌ലിംകളില്‍നിന്ന് പല രഹസ്യങ്ങളും ഇവര്‍ ചോര്‍ത്തിയെടുത്തിരുന്നു. (ഓറിയന്റലിസം - സഈദ് പേജ് 224)
റഷ്യക്കുവേണ്ടി മധ്യേഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാര്‍ത്തോള്‍ഡ്, ജര്‍മ്മനിക്ക് വേണ്ടി ആഫ്രിക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന കാള്‍ ഹെന്‍ട്രിച്ച് ബേക്കര്‍ ഇന്തോനേഷ്യയിലുണ്ടായിരുന്ന ഹോളണ്ടിന്റെ സ്റ്റൂക്ക് ഹോര്‍ഗ്രൂനി, നോര്‍ത്ത് ആഫ്രിക്കയിലുണ്ടായിരുന്ന പ്രഖ്യാപിത ഫ്രഞ്ച് ഓറിയന്റലിസ്റ്റ് ലൂയിസ് മാസി നോന്‍ എന്നിവര്‍ ഈ വിധം പ്രവര്‍ത്തിച്ചവരാണ്. (അല്‍ ഇസ്തിശ്‌റാഖു വസ്സീറത്തുനബവിയ്യ -പേജ് 22)
നേരത്തെ പറഞ്ഞതുപോലെ മുസ്‌ലിംകളെ പരസ്പരം അകറ്റി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പാശ്ചാത്യന്‍ ശൈലി എളുപ്പമാക്കിയതിലും ഓറിയന്റലിസ്റ്റുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.
സാമ്രാജ്യത്വ ശക്തികള്‍ക്ക് തങ്ങള്‍ ചെയ്തുകൊടുത്ത ഈ സേവനങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ അഭിമാനപൂര്‍വ്വം എടുത്ത് പറയാറുണ്ട്. കോളനിവത്കരണ കാലത്ത് ഏഷ്യ മുഴുവന്‍ വെട്ടിപ്പിടിച്ച യൂറോപ്പിന് ഓറിയന്റലിസ്റ്റുകള്‍ അര്‍പ്പിച്ച സഹായ സഹരകരണങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് യൂറോപ്പിലെ ഓറിയന്റലിസത്തിന്റെ ചരിത്രം. 12-ാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ എന്ന പുസ്തകത്തില്‍ ജെ. ഡോജ പറയുന്നുണ്ട്. അവിടങ്ങളില്‍ യൂറോപ്യന്‍ നാഗരികത പ്രചരിപ്പിക്കുന്നതില്‍ ഗൈഡുകളെപ്പോലെയാണ് ഓറിയന്റലിസ്റ്റുകള്‍ പ്രവര്‍ത്തിച്ചത് എന്നും ഡോജ സമ്മതിക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ഫ്രാന്‍സിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഫ്രാന്‍സിന്റെ അംബാസഡര്‍മാരായി സേവനമനുഷ്ഠിച്ച ലാമാര്‍ട്ടിനെ പോലുള്ളവരും വിദേശകാര്യരംഗത്ത് പ്രവര്‍ത്തിച്ച ശാംബിലിയോണ്‍, സാസി, റൈനാന്‍ തുടങ്ങിയവരും ബഹുമുഖ സേവനങ്ങളര്‍പ്പിച്ചിട്ടുണ്ടെന്ന് ജാക്‌ബേര്‍ക്കും അഭിമാനപൂര്‍വ്വം കുറിച്ചുവെച്ചിട്ടുണ്ട്. (ഡോ. അബ്ദുല്ലാ മുഹമ്മദ് അല്‍ അമീന്‍ അന്നഈം -അല്‍ ഇസ്തിശ്‌റാഖു ഫിസ്സീറത്തിന്നബവിയ്യ : 24,25)
സുവിശേഷ പ്രവര്‍ത്തനത്തിലും കൊളോണിയല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും ഓറിയന്റലിസ്റ്റുകള്‍ അര്‍പ്പിച്ച വിലമതിക്കാനാവാത്ത സേവനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മഹല്ലതുല്‍ ഇത്തിഹാദില്‍ എഴുതിയ ലേഖനത്തില്‍ (അല്‍ ഇസ്തിശ്‌റാഖു വമന്‍ ഹജിയ്യതുന്നഖ്ദി ഇന്‍ദല്‍ മുസ്‌ലിമീനല്‍മുആസ്വിരീന്‍) സയ്യിദ് മുഹമ്മദ് ശാഹിദ് പറയുന്നു: ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് കൊളോണിയലിസത്തിനോ ക്രൈസ്തവ വത്കരണത്തിനോ വക്രീകരണത്തിനോ അസ്ഥിത്വമുണ്ടായിരുന്നില്ല. അതുപോലെ ഇസ്‌ലാമിനെ വികലമാക്കി ചിത്രീകരിക്കുക എന്നതല്ലാതെ ഒരു ലക്ഷ്യമോ പ്രവര്‍ത്തനമോ ഓറിയന്റലിസത്തിനുമില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ശത്രുതയുടെ കാര്യത്തില്‍ സയണിസവും ഫ്രീമാസനും ഓറിയന്റലിസവും പര്യായ പദങ്ങളാണ്. (അല്‍ ഇസ്തിശ്‌റാഖു വസ്സീറത്തുന്നബവിയ്യ -പേജ് 25)
ക്രിസ്തു മതവുമായി ഒത്തുപോവാന്‍ ഒരുനിലക്കും തയ്യാറല്ലാതിരുന്ന മുസ്‌ലിംകള്‍ക്കിടയിലേക്ക് തങ്ങളുടെ ഭൗതിക സംസ്‌കാരം കടത്തിവിടണമെങ്കില്‍ മുസ്‌ലിം സമൂഹത്തില്‍ പല പരിവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ടെന്ന് ഓറിയന്റലിസ്റ്റുകള്‍ നേരത്തെ മനസ്സിലാക്കിയിരുന്നുവെന്ന് മുമ്പ് പറഞ്ഞു. ഈ ഗൂഢപദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി പല വേലകളും ഓറിയന്റലിസ്റ്റുകള്‍ ഒപ്പിച്ചുവെച്ചിട്ടുണ്ട്.
1) ജാഹിലിയ്യത്തിനെ (ഇസ്‌ലാമിനുമുമ്പുള്ള അറേബ്യയുടെ അജ്ഞാതകാലം) മഹത്വവല്‍ക്കരിക്കാന്‍ ശ്രമം. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് കവിതയും പാടി നടന്നിരുന്ന ഒരു സമൂഹത്തില്‍ ഇസ്‌ലാം വലിയ പരിവര്‍ത്തനമാണ് സാധ്യമാക്കിയത്. അതിനു മുമ്പ് മദ്യവും മദിരാശിയും പാട്ടും കൂത്തുമായി ലക്ഷ്യബോധമില്ലാതെ ജീവിച്ചിരുന്നവരായിരുന്നു അറേബ്യന്‍ ജനത. എന്നാല്‍ ഇസ്‌ലാം കൊണ്ടുവന്ന ഈ നവോത്ഥാനത്തെ വിലകുറച്ച് കാണിക്കാന്‍ വേണ്ടി ജാഹിലിയ്യാ കാലത്തിലെ അറബികള്‍ സംസ്‌കാരസമ്പന്നരും അത്യുന്നതി പ്രാപിച്ചവരുമായിരുന്നു അറബികള്‍ എന്ന് വരുത്തിത്തീര്‍ത്തു ഓറിയന്റലിസ്റ്റുകള്‍.
അവര്‍ പറയുന്നു: അറബികള്‍ പ്രബുദ്ധരായിരുന്നു. ഒരു നാഗരികതയുടെ ഉടമകളായിരുന്നു അവര്‍. അവര്‍ ഉണര്‍ച്ചയുടെ വക്കിലായിരുന്നു. ആ സമയത്താണ് പ്രവാചകന്‍ അവരിലേക്ക് കടന്നുവരുന്നതും അവരെ ഉന്നതിയിലേക്ക് നയിക്കുന്നതും. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -അന്‍വര്‍ അല്‍ജുന്ദി, പേജ് 192)
ഖുര്‍ആനിന്റെ സാഹിത്യ സമ്പുഷ്ടതയെ കുറിച്ചുകാണിക്കാന്‍ അറബികളുടെ ഭാഷയാണ് ഖുര്‍ആനിന്റേതിനേക്കാള്‍ മികവുറ്റതെന്ന് നോല്‍ഡക്ക വാദിക്കുന്നു. എന്നാല്‍ ഖുര്‍ആനിന്റെ മുമ്പില്‍ സാഹിത്യ തമ്പുരാക്കന്മാരില്‍ പലരും മുട്ടുമടക്കിയത് ബോധപൂര്‍വ്വം വിസ്മരിക്കുകയും ചെയ്തു.
2) പുരാതന സംസ്‌കാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം. എല്ലാ മുസ്‌ലിംകളും സഹോദരന്മാരാണെന്ന ഇസ്‌ലാമിന്റെ സാര്‍വ്വ സൗഹാര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ അറേബ്യന്‍ ഭൂമികയില്‍ മണ്ണടിഞ്ഞുപോയ ഫറോവനിസം (ഈജിപ്ത്), ഫിനീഷ്യന്‍ (സിറിയ, ഫലസ്തീന്‍, ലബനാന്‍), അസീറിയന്‍, ബാബിലോണിയന്‍ തുടങ്ങിയ പ്രാക്തന സംസ്‌കാരങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ നന്നായി പ്രയത്‌നിച്ചിട്ടുണ്ട്.
1908-ല്‍ കേപ്പന്‍ ഹേഗനില്‍ ചേര്‍ന്ന ഓറിയന്റലിസ്റ്റ് കോണ്‍ഫറന്‍സിന്റെ ഒരു അജണ്ട തന്നെ ഇതായിരുന്നു. ഫറോവന്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാന്‍ ഈജിപ്തില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനും അവയെക്കുറിച്ച് പഠനം നടത്താന്‍ വേണ്ട റിസര്‍ച്ച് സെന്ററുകള്‍ സ്ഥാപിക്കുന്നതിനും വേണ്ടി ജൂത കോടീശ്വരന്‍ റോക്‌ഫെല്ലര്‍ ചെലവഴിച്ചത് 10 മില്യന്‍ ഡോളറാണ്. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ 1- അന്‍വര്‍ അല്‍ ജുന്ദി 193, ദിറാസതുല്‍ അദ്‌യാന്‍ -ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പേജ് 67)
പഴയകാല സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുക, അന്നത്തെ ആചാരങ്ങളും അന്ധവിശ്വാസങ്ങളും അവരില്‍ നിലനിന്നിരുന്ന ഭാഷാശൈലികളും നാടന്‍പാട്ടുകളും കലാവിനോദങ്ങളും കണ്ടെത്തി സംരക്ഷിക്കുക അവയെക്കുറിച്ച് പഠനം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ഒരു പഠനശാഖയായി യൂറോപ്പില്‍ രൂപം കൊണ്ട ഫോള്‍ക്ക് ലോര്‍ അറബ് നാടുകളിലേക്ക് കടന്നുവന്നതും ഇങ്ങനെയൊരു പദ്ധതിയുമായിട്ടായിരുന്നു.
പഴയകാല അറബികള്‍ നേരെമ്പോക്കിന് വേണ്ടി കൂടെ കൂട്ടിയിരുന്ന പല വിനോദങ്ങളെയും വലിയ സംഭവമായി അവതരിപ്പിക്കാനും അവയെക്കുറിച്ച് ഗവേഷണം നടത്താനും പാശ്ചാത്യര്‍ മുന്നോട്ടുവന്നത് അതുകൊണ്ടാണ്. പ്രസിദ്ധ അറബിക്കഥയായ ആയിരത്തൊന്നു രാവുകള്‍ അങ്ങനെയാണ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. അതുവരെ സാധാരണക്കാരും ഒരു പണിയുമില്ലാത്തവരും ആസ്വാദനത്തിനായി മാത്രം കൊണ്ടുനടന്നിരുന്ന ഈ ഭൂതകഥ അങ്ങനെ അറബികളുടെ തനതായ സംസ്‌കാരത്തിന്റെ ഭാഗമായി തന്നെ കൊണ്ടാടപ്പെട്ടു. പല ഭാഷകളിലും വിവര്‍ത്തനങ്ങളും തയ്യാറായി. പാശ്ചാത്യര്‍ അതിനെ കൊണ്ടാടിയപ്പോള്‍ മുസ്‌ലിംകളായ ചില പണ്ഡിതവേഷധാരികളും ആവേശത്തോടെ മുന്നോട്ടുവന്നു. നമ്മുടെ പൈതൃകമാണതെന്നും നമ്മുടെ ബാധ്യതയാണ് അവ കാത്തുസൂക്ഷിക്കലെന്നും ആ വിഡ്ഢികള്‍ പാടി നടന്നു. ഇതുകൊണ്ടുണ്ടായ ഏറ്റവും വലിയ വിന ഈ കെട്ടുകഥയിലുള്ളത് പോലെ അപരിഷ്‌കൃതവും നിരര്‍ത്ഥകവും മായാജാലസമാനവുമായ ജീവിതമാണ് അറബികളുടേതെന്ന് വിലയിരുത്തപ്പെട്ടുവെന്നതാണ.് (ഹുസ്വൂനുനാ മുഹദ്ദതുവല്‍ മിന്‍ ദാഖിലി ഹാ, പേജ് 64)
പാശ്ചാത്യര്‍ ഏറ്റവുമധികം ആഘോഷമാക്കിയത് ഫിര്‍ഔനിസത്തെയാണ്. മറ്റേത് സംസ്‌കാരങ്ങളെക്കാളും ഫിര്‍ഔനിസത്തിന് പ്രചാരം ലഭിച്ചത് ഈജിപ്തില്‍ നിന്ന് തന്നെ അതിന് പ്രചാരകരുണ്ടായതുകൊണ്ടാണ്. പാശ്ചാത്യര്‍ തുടങ്ങിവെച്ചതു അവര്‍ ഏറ്റെടുത്തു. ഈജിപ്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അസ്സ്വിയാസതുല്‍ ഉസ്ബൂഇയ്യ പത്രം ഈ വാദത്തെ തോളിലേറ്റിയതാണ്. ആധുനിക ഈജിപ്തും പൗരാണിക ഈജിപ്തും ഈജിപ്ഷ്യന്‍ കല, പ്രാദേശിക സാഹിത്യത്തിന്റെ വിളി... തുടങ്ങി എണ്ണമറ്റ ലേഖനങ്ങളിലൂടെ അവര്‍ ക്ഷണിച്ചിരുന്നത് ഈയൊരാശയത്തിലേക്കായിരുന്നു. ഫിര്‍ഔനിസത്തിലേക്ക് അന്ധമായി ക്ഷണിക്കുന്ന മറ്റൊരു ലേഖനമാണ് സ്വിറാഉല്‍ ഖൗമിയ്യതില്‍ മിസ്വരിയ്യ മിന്‍ ഗസ്‌വില്‍ ഇസ്‌കന്ദറി ഹത്താ ഫത്ഹില്‍ ഇസ്‌ലാം. 'അല്‍ മജല്ല' മാസികയുടെ ഒന്നാം ലക്കത്തിലാണ് ഈ ലേഖനം അച്ചടിച്ചു വന്നത്, 30-43 പേജുകളില്‍. മുസ്‌ലിം ഭരണത്തേക്കാളും ബൈസന്റിയന്‍ ഭരണത്തേക്കാളും എന്തുകൊണ്ടും നല്ലത് ഫിര്‍ഔനികളുടെ ഭരണമാണ് എന്ന് ഈ ലേഖനം വാദിക്കുന്നു. കാരണം, പുറത്ത് നിന്ന് വന്ന ഇവരെല്ലാം ഈജിപ്തിനെ കൊള്ളയടിക്കാനാണത്രെ ശ്രമിച്ചത്. ബൈസന്റിയന്‍ ചക്രവര്‍ത്തിമാരോ അറബ് രാജാക്കന്മാരോ ഈജിപ്തിനോട് കരുണ കാട്ടിയില്ലെന്നും ലേഖനം പറയുന്നു. പേജ് 31 അല്‍ മജല്ലയുടെ ഓരോ ലക്കവും ഇത്തരം ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
3) മുസ്‌ലിം ചരിത്രത്തിലെ ഒറ്റപ്പെട്ട വ്യക്തിത്വങ്ങളായ സുഹ്‌റവര്‍ദി, അബൂനവാസ്, ഇബ്‌നു റാവന്ദി, ഹല്ലാപ്പ് തുടങ്ങിയവര്‍ക്ക് അമിത പ്രാധാന്യം നല്‍കി. 1916-ല്‍ ലൂയിസ് മാസിനോന്‍ അല്‍ ഹല്ലാജ് അസ്വൂഫി അശ്ശഹീദു ഫില്‍ ഇസ്‌ലാം എന്ന പുസ്തകമെഴുതിയത് ഈ ഉദ്ദേശ്യത്തോടെയാണ്. (ദിറാസതുല്‍ അദ്‌യാന്‍ -ഡോ. ബഹാഉദ്ദീന്‍ നദ്‌വി, പേജ് 67)
4) സന്ദഖ (നിര്‍മത വാദം) ഖറാമിത്വ, മുഅ്തസിലികള്‍, സന്‍ജികള്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങളെയും ഇസ്‌ലാമില്‍ നവീന വാദങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിച്ച സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1918), അമീര്‍ അലി (1849-1928), നാമിഖ് കമാല്‍ (1840-1888), അബ്ദുല്‍ ഹഖ് ഹാമിദ് (1851-1937), തൗഫീഖ് ഫിക്‌റത്ത് (1870-1915), സന്‍ഗൂലാജി (1890-1943) തുടങ്ങിയവരെയും ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളുമായി ചിത്രീകരിച്ചു. (IBID 67)
5) പാശ്ചാത്യവത്കരണം ത്വരിതപ്പെടുത്താന്‍ ഫ്രോയിഡിസം, മാര്‍ക്‌സിസം, ഡാര്‍വിനിസം, നാഷണലിസം, മതത്തിനും സമൂഹത്തിനുമിടയില്‍ വേര്‍ത്തിരിവുണ്ടാക്കുക, മതനിരപേക്ഷ പ്രസ്ഥാനം, മതേതരത്വം തുടങ്ങിയ ഇസ്‌ലാമിക വിശ്വാസത്തോട് എതിര് നില്‍ക്കുന്ന പ്രസ്ഥാനങ്ങളെ അറേബ്യന്‍ സമൂഹത്തിലേക്ക് കടത്തിവിട്ടു. അവയ്ക്കുവേണ്ടി ശബ്ദിക്കാന്‍ മുസ്‌ലിം നാമധാരികളായ കുറെ ഉച്ഛഭാഷിണികളെ സൃഷ്ടിച്ചെടുത്തു. ((IBID 68)
കാനഡയിലെ മാക്‌ജേല്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസ്, മതതാരതമ്യ പഠനവിഭാഗങ്ങളുടെ ഡയറക്ടറായിരുന്ന ആല്‍ഫ്രഡ് കാന്റോളിന്റെ ഇസ്‌ലാം ആധുനിക കാലഘട്ടത്തില്‍ എന്ന പുസ്തകം ഇങ്ങനെ സെക്കുലറിസത്തിനും ലിബറലിസത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന ഒന്നാണ്. (ദിറാസതുല്‍ അദ്‌യാന്‍, പേജ് 69)
6) ഇസ്‌ലാമിക നിയമങ്ങൡ അശാസ്ത്രീയതയുണ്ടെന്ന് വരുത്താന്‍ ഇസ്‌ലാമിലെ ബഹുഭാര്യത്വം, ജിഹാദ്, മറ്റു മതക്കാരുമായുള്ള സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വികലമായ പല ആശയങ്ങളും പടച്ചുവിട്ടു.
7) സുന്നി-ശിയാ ഭിന്നതകള്‍ പ്രമുഖ സ്ഥാനത്ത് പ്രതിഷ്ഠിച്ച് മുസ്‌ലിംകള്‍ക്കിടയിലെ ഭിന്നത വര്‍ദ്ധിപ്പിച്ചു. മദ്ഹബുകളെ (ഹനഫി, മാലികി, ശാഫിഈ, ഹമ്പലി) അഭിപ്രായ ഭിന്നതകളും സംഘട്ടനങ്ങളുമായി ചിത്രീകരിച്ചു. (ഇസ്‌ലാമിക വിജ്ഞാന കോശം, വാള്യം 8)
8) മുസ്‌ലിമിന്റെ ജീവിത പദ്ധതിയായ ശരീഅത്തിനെക്കുറിച്ച് പല തെറ്റുദ്ധാരണകളും പ്രചരിപ്പിച്ചു. ശരീഅത്താണ് മുസ്‌ലിംകളുടെ അധോഗമനത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അതേസമയം, രതിവൈകൃതങ്ങളിലൂടെയുള്ള വഴിവിട്ട ജീവിതം, പലിശ, മദ്യം, മയക്കുമരുന്നുകള്‍, കളവ് നടത്തല്‍ തുടങ്ങിയ സാമൂഹ്യദ്രോഹങ്ങള്‍ക്ക് തടയിട്ടത് ശരീഅത്താണെന്ന കാര്യം ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു. കോഫന്‍, റെയ്‌നാന്‍, ക്ലാമോണ്‍, ഗോള്‍ഡ് സിഹര്‍, മാര്‍ഗോലിയോത്ത്, ലാമണ്‍സ് തുടങ്ങിയവര്‍ ഈ ആശയത്തിന് പ്രചാരം നല്‍കാന്‍ വിയര്‍പ്പൊഴുക്കിയവരാണ്. ഗോള്‍ഡ് സിഹറിന്റെ Introduc tion to Islamic Theology and law എന്ന പുസ്തകം ഈ വിഷയത്തില്‍ വിഷം ചീറ്റുന്ന ഒരു കൃതിയാണ്. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം (ഫിഖ്ഹ്) റോമന്‍ നിയമത്തിന്റെ പതിപ്പാണെന്നും ഇക്കൂട്ടര്‍ വാദിച്ചു.
9) ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുകയും എന്നാല്‍ ഇസ്‌ലാമിനകത്തുനിന്ന് അറിയപ്പെടാന്‍ താത്പര്യപ്പെടുകയും ചെയ്യുന്ന ഖാദിയാനിസം, ബഹായിസം, ബക്ദാശിസം തുടങ്ങിയ അനിസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -മഹ്മൂദ് ഹംദിസഖ്‌സൂഖ്, പേജ് 91)
10) ഇസ്‌ലാം മതത്തിന്റെ പേര് mohammedanism എന്ന് മാറ്റി പരിചയപ്പെടുത്തി. (IBID P. 90) (വിഗ്‌നോര്‍ഡ് പാംഫ്‌ലെറ്റിന്റെ 'മുഹമ്മദാനിസം', ഇതേപേരിലുള്ള ബോസ്‌വര്‍ത്ത് സ്മിത്തിന്റെ മറ്റൊരു പുസ്തകം, വില്യം കുക്ക് ടെയ്‌ലറുടെ History of mohammedans and its sects എന്നിവ ഉദാഹരണം.)
അതീവ ഗുരുതരമായ വാദമാണിത്. കാരണം, യേശുക്രിസ്തു സ്ഥാപിച്ച മതമെന്ന നിലക്കാണ് ആ മതത്തിന് ക്രിസ്തുമതം എന്ന പേര് ലഭിച്ചതും. കണ്‍ഫ്യൂഷ്യനിസം, ഖാദിയാനിസം, ബഹായിസം തുടങ്ങിയവയും അവയുടെ സ്ഥാപകരിലേക്ക് ചേര്‍ത്താണ് അറിയപ്പെടുന്നത്. അതേപോലെ മുഹമ്മദ് നബി(സ) സ്ഥാപിച്ച മതമാണ് ഇസ്‌ലാം എന്ന് വരുത്തുകയാണ് അവരിതിലൂടെ.
പ്രവാചകരുടെ പേര് എഴുതുന്നതിലും ഇക്കൂട്ടര്‍ ഏറെ പിഴവ് വരുത്തിയിട്ടുണ്ട്. mohamemd എന്നതിന് പകരം വിവിധ കാലങ്ങളില്‍ ഓറിയന്റലിസ്റ്റുകള്‍ ഉപയോഗിച്ച ചില മോഡലുകള്‍ ഇതാ. moammed, muhd, mahonet, mohamet, mahamid, machonet, maheeneti, baphonet, maphomet, bapeen, mahmet, (മറാജിഉ മുഖ്താറ അല്‍ ഹയാത്തിര്‍ റസൂല്‍(സ) -ഡോ. മാഹിര്‍ ഹമ്മാദ)
പല മുസ്‌ലിം നാമങ്ങളെയും ഓറിയന്റലിസ്റ്റുകള്‍ വികലമാക്കിയിട്ടുണ്ട്. സ്വലാഹുദ്ദീന്‍ അയ്യൂബിയെ സലാദിന്‍ (സ്റ്റാന്‍ലി ലെയ്ന്‍ പൂളിന്റെ saladin എന്ന കൃതി ഉദാഹരണം) എന്ന് മാറ്റിയ ഇവര്‍ മധ്യകാലത്ത് വൈജ്ഞാനിക ലോകത്ത് തിളങ്ങിനിന്ന പല മുസ്‌ലിം നാമങ്ങളെയും യൂറോപ്യനാക്കി മാറ്റി അറിവിന്റെയും ശാസ്ത്രത്തിന്റെയും പൈതൃകം തട്ടിയെടുക്കാനും നന്നായി പ്രയത്‌നിച്ചിട്ടുണ്ട്. ഇബ്‌നുസീന, അബൂ നസ്‌റില്‍ ഫാരാബി, അബൂ അബ്ദില്ലാ അല്‍ ബത്താനി, ഇബ്‌നു റുശ്ദ്, അബൂബക്ര്‍ അര്‍റാസി പോലുള്ള മുസ്‌ലിം ബുദ്ധിജീവികളെ അവിസെന്ന, അവിന്നെസ്ര്‍ അല്‍ബ തെഗ്‌നിയസ്, അവിറോസ്, റാസെസ് എന്നൊക്കെ യൂറോപ്യന്‍ വത്കരിച്ച് പരിചയപ്പെടുത്തിയത് അതിനുദാഹരണമാണ്.
വിഷലിപ്തമായ ഇത്തരം രചനകള്‍ നടത്തുകവഴി ഇസ്‌ലാമിനെ പഠിക്കുന്ന കാര്യത്തില്‍ ഓറിയന്റലിസം ഒരു വിജ്ഞാന ശാഖയല്ലെന്നും നിഗൂഢ ലക്ഷ്യങ്ങളുള്ള ഒരു പ്രത്യയശാസ്ത്രം മാത്രമാണെന്നും പണ്ഡിതന്മാര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -സഖ്‌സൂഖ് 89)
Leave A Comment