ജീർണതക്കെതിരെയുള്ള ജിഹാദിന് സമയമതിക്രമിച്ചിരിക്കുന്നു

സൂഫിക്കഥ കേട്ടിട്ടുണ്ട്. ഒരു സൂഫിക്ക് ഒരു ദിനം ഒരു ബോധനം കിട്ടി. നാട്ടിലെ പൊതു കിണറിൽ നിന്ന് ഇനി മുതൽ വെള്ളം കുടിക്കുന്നവർ മുഴുവൻ ഭ്രാന്തന്മാരാകുമെന്ന്. സൂഫി കിണറിൽ നിന്നും വെള്ളം എടുക്കാൻ വന്നവരെ തടഞ്ഞു. പക്ഷേ നാട്ടുകാർ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ അവഗണിച്ചു വെള്ളം കുടിച്ചു. കൂടിച്ചവരെല്ലാം ഭ്രാന്തന്മാരുമായി. നാടാകെ ഭ്രാന്താന്മാരുടെ കോലാഹലം. തന്റെ ജനതയുടെ ദൂര്യാഗമോർത്ത് ദു:ഖിച്ചു തന്റെ പർണശാലയിൽ സൂഫി കാലം കഴിച്ചു. കുറെ കഴിഞ്ഞപ്പോൾ ആളുകൾ പരസ്പരം പറയാൻ തുടങ്ങി. നമ്മുടെ സൂഫിക്ക് ഭ്രാന്താണ്. അദ്ദേഹം പുറത്തിറങ്ങുന്നേയില്ല. എന്തോ മനോരോഗം പിടികൂടിയിരിക്കുന്നു. ജനങ്ങൾ സംസാരിക്കുന്നത് സൂഫിയറിഞ്ഞു. സ്വയം ഭ്രാന്തന്മാരായി മാറിയ ജനത തന്നെ ഭ്രാന്തനെന്ന് മുദ്ര കുത്തുന്നത് സഹിക്കാനാവാതെ സൂഫിയും പ്രസ്തുത കിണറ്റിലെ ജലപാനം നടത്തി . അദ്ദേഹവും ഭ്രാന്തനായി.

ഏകദേശം ഇങ്ങനെയൊരവസ്ഥയാണ് വർത്തമാന കാലത്ത് സംഭവിക്കുന്നത്. ആത്മീയ തട്ടിപ്പുകളുടെ ഓൺലൈൻ കാലത്ത് ഒഴുക്കിനനസൃതമാണ് പലരുടെയും നിലപാട്. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന പോലെയായിരിക്കുന്നു കാര്യങ്ങൾ. അത്താവശ്യം കോമൺ സെൻസ് ഉണ്ടെങ്കിൽ ഒരിക്കൽ മാത്രമേ ചില " ആത്മീയ സദസ്സുകളിൽ ഇരിക്കാനും കുടുങ്ങിയത് കൊണ്ട് പ്രസംഗിക്കാനും കഴിയൂ. (അങ്ങനെ ന്യായം പറയേണ്ടി വന്നാൽ ) 
പക്ഷെ, ഇന്നതല്ലല്ലോ നടക്കുന്നത് ചില സദസ്സുകളും അവക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികളേയും പത്ത് മിനിട്ട് നിരീക്ഷിച്ചാൽ തന്നെ ഏകദേശം മനസ്സിലാകുമെന്നിരിക്കേ, അത്തരം സ്വയം പ്രഖ്യാപിത അവ്‌ലിയാക്കൾക്കും, ഉപ്പാപ്പമാർക്കും നിന്ന് കൊടുക്കുന്നവരായി പ്രഭാഷകരും മഹല്ല് നേതൃത്വവും മാറുന്ന കാഴ്ചയാണ് നമ്മെ യൊക്കെ ചിന്തിപ്പിക്കുന്നത്. 
അത്ഭുത പ്രവർത്തികൾ പെരുപ്പിച്ചു കാണിച്ചും ചിലരെ കൊണ്ട് അത്തരം അനുഭവങ്ങൾ പറയിപ്പിച്ചും മത പ്രബോധനം നടത്തി പരിഹാസ്യരാകുന്നത്, ചില സുവിശേഷ പ്രഭാഷകരായിരുന്നു. അതേ ശൈലിയിലെ ശബ്ദഘോഷങ്ങൾ നടത്തി, ഇടക്കിടക്ക് സുബ്ഹാനല്ലാഹ് എന്ന് ആർത്ത് വിളിച്ചു ഒരു തരം സൈക്കോ ഇഫക്ട് സൃഷ്ടിക്കുന്ന പുതിയ പ്രാർത്ഥനാ യജ്ഞങ്ങൾക്ക് നിന്ന് കൊടുക്കുന്നവർ പവിത്രമായ ഒരു ആദർശത്തെയാണ് വില്പനക്ക് വയ്ക്കുന്നത്. ഇത്തരം ജീർണത ഒരു വ്യക്തിയുടെ കാര്യത്തിൽ മാത്രം ഒതുങ്ങാത്തത് കൊണ്ടാണ് പ്രത്യേക പരാമർശം നടത്താത്തത്. ഓൺലൈനിൽ ഇരുന്നു തന്റെ സബ് സ്ക്രിപ്ഷൻ കൂടുന്നത് കണ്ട് ഹാലിളകി ആർത്ത് വിളിക്കുന്ന അവ്‌ലിയാക്കൾ ഏറി വരികയാണ്. സ്വർഗത്തിലേക്ക് ബൈപാസുകൾ നിർദ്ദേശിച്ച്‌, വ്യക്തിയുടെ ജീവിതശുദ്ധി ക്കോ, സംസ്കരണത്തിനോ ഒരു പ്രാധാന്യവും കൊടുക്കാത്ത, ഒരു തരം, ഹാലിളക്ക ആത്മീയതയായി മതത്തെ ചുരുട്ടി കെട്ടാനുള്ള ശ്രമം നടത്തുന്ന " ഈ ആത്മീയ ചൂഷകർ പലയിടങ്ങളിൽ വളർന്നു വരുന്നുണ്ട്. ജീർണതക്കെതിരെയുള്ള ജിഹാദിന് സമയമതിക്രമിച്ചിരിക്കുന്നു. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതുമല്ല. അത്രക്കുണ്ട് പുഴുക്കുത്തുകൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter