ആഘോഷങ്ങളിലെ പരിസ്ഥിതി നിര്‍ദ്ദേശങ്ങള്‍, ജില്ലാകലക്ടര്‍ക്കൊരു സല്യൂട്ട്

കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ഒരു വാര്‍ത്തയാണ്, മലപ്പുറം ജില്ലാ കലക്ടര്‍ ജഅ്ഫര്‍ മാലിക്, സമുദായ നേതാക്കളെയെല്ലാം വിളിച്ച് ഇപ്രാവശ്യത്തെ നബിദിനാഘോഷങ്ങളെല്ലാം പരിസ്ഥിതിയനുകൂലമാവണമെന്ന നിര്‍ദ്ദേശം നല്‍കുന്നത്. 
കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. പരിസ്ഥിതി സംരക്ഷണത്തിന് പ്രവാചകര്‍ (സ്വ) നല്കിയ പ്രാധാന്യം മനസ്സിലാക്കുമ്പോള്‍, പരിസ്ഥിതിയുടെ പ്രവാചകരായിരുന്നു അവരെന്ന് പറയാന്‍ തോന്നിപ്പോവും. വിശ്വാസത്തിന്റെ ശാഖകളിലൊന്നാണ് വഴിയിലെ തടസ്സം നീക്കലെന്നും അന്ത്യനാള്‍ സമാഗതമാവുമ്പോള്‍ പോലും കൈയ്യിലുള്ള ചെടി കുഴിച്ചിടാന്‍ സമയമുണ്ടെങ്കില്‍ അത് ചെയ്തിട്ടേ പോകാവൂ എന്നുമൊക്കെ ഉദ്ബോധിപ്പിക്കുകയും വുളൂ (അംഗശുദ്ധി) ചെയ്യുന്നത് കാണിച്ച് കൊടുത്ത്, മൂന്ന് തവണയിലധികം അംഗം കഴുകുന്നത് അക്രമമാണെന്ന് വരെ പഠിപ്പിക്കുകയും പലപ്പോഴും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുകയും ചെയ്തത് ആ തിരുജീവിതത്തിന്റെ ചരിത്രങ്ങളാണ്. 
എന്നാല്‍ അതേ പ്രവാചകന്റെ ജന്മദിനത്തില്‍, പലപ്പോഴും നാം പരിസ്ഥിതിയെ ഏറെ ദ്രോഹിക്കുന്നുവെന്നതല്ലേ സത്യം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളായ ഗ്ലാസുകളും പ്ലെയ്റ്റുകളും ആവശ്യത്തിലധികം ഉപയോഗിക്കുകയും ശേഷം എല്ലാം പരിസ്ഥിതിക്ക് ഭാരമാവുന്ന വിധം അശ്രദ്ധമായി ഉപേക്ഷിക്കുകയും ചെയ്യുന്നത് എത്ര വലിയ അനാസ്ഥയാണ്. ചിലയിടങ്ങളിലെങ്കിലും വഴികളിലും റോഡുകളിലും ഗതാഗത തടസ്സം സൃഷ്ടിച്ച് നടത്തുന്ന ഘോഷയാത്രകള്‍, അത്യാവശ്യമായി പോകുന്നവരെപ്പോലും പ്രയാസപ്പെടുത്താറുണ്ട്, അഥവാ, വഴികളിലെ തടസ്സം നീക്കുക എന്ന തിരുചര്യക്ക് പകരം ആ ദിനം നാം വഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവരാവുകയല്ലേ ചെയ്യുന്നത്. 
ഇപ്രാവശ്യം ഇതെല്ലാം നിയന്ത്രിക്കണമെന്നും ആഘോഷപരിപാടികളെല്ലാം പരിസ്ഥിതിക്ക് അനുകൂലമായി നടത്താന്‍ പരമാവധി ശ്രദ്ധിക്കണമെന്നും കലക്ടര്‍ തന്നെ പറഞ്ഞിരിക്കുന്നു. ഇത്തരം അധികാരികളെയാണ് നമുക്ക് ആവശ്യം. ഉന്നതങ്ങളില്‍നിന്ന് വരുമ്പോഴേ അവ നടപ്പിലാക്കപ്പെടുകയുള്ളൂ. സമൂഹത്തോട് ചേര്‍ന്ന് നിന്ന് അവരുടെ പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കി, ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടവര്‍ അവര്‍ തന്നെയാണ്. അവ ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തവും. 
അതിനാല്‍ നമുക്ക് അത് ഏറ്റെടുക്കാം. പരിസ്ഥിതിക്ക് ദോഷകരമാവുന്നവ പരമാവധി നമുക്ക് ഒഴിവാക്കാം. അവശിഷ്ടങ്ങളും വേയ്സ്റ്റുമെല്ലാം കൃത്യമായ ഇടങ്ങളില്‍ നിക്ഷേപിക്കാനും ശേഷം അവ പരിസ്ഥിതിയനുകൂല മാര്‍ഗ്ഗങ്ങളിലൂടെ തന്നെ സംസ്കരിക്കാനും നമുക്ക് ശ്രമിക്കാം. നബിദിനഘോഷയാത്രയില്‍ പങ്കെടുക്കുന്ന നമ്മുടെ കുട്ടികള്‍ പോലും വൃത്തിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ഈ പാഠങ്ങള്‍ നേരില്‍ കണ്ട് പഠിക്കട്ടെ. അത് പ്രവാചക ചര്യയാണെന്ന് മനസ്സിലാക്കുകയും ശേഷം ജീവിതത്തിലുടനീളം അത് പാലിക്കാനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്യുന്ന വിധം പ്രവാചക സ്നേഹം കൊണ്ട് നിര്‍ഭരമാവട്ടെ നമ്മുടെ മീലാദ് ആഘോഷങ്ങള്‍. അല്ലാത്തിടത്തോളം, പ്രവാചകസ്നേഹമെന്നത് കേവലം വാക്കുകളിലും ചില ആചാരങ്ങളിലും ഒതുങ്ങാനുള്ളത് മാത്രമായി മാറും, അവര്‍ക്കും നമുക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter