ഈ കറാമത്ത് നിർമാണം അവസാനിപ്പിക്കണം

 

ഒരു കഥാപ്രസംഗവേദിയാണ് രംഗം. യൂസുഫ് നബി(അ)ന്റെ ജീവിതമാണ് കഥാവിഷയം. പറഞ്ഞുപറഞ്ഞ്, അദ്ദേഹത്തെ ചെന്നായ പിടിച്ചുവെന്ന് സഹോദരന്മാര്‍ വന്ന് പറയുന്ന രംഗമെത്തി. ആവേശം മൂത്ത കാഥികന്‍, ആ ചെന്നായയുടെ പേര് പോലും പറഞ്ഞുപോയി. ഇത് കേട്ട്, സ്റ്റേജിലിരിക്കുന്ന ഒരാള്‍ ചോദിച്ചുവത്രെ, അതിന് യൂസുഫ് നബിയെ ചെന്നായ പിടിച്ചില്ലല്ലോ. ഉടനെ വന്നു കാഥികന്റെ മറുപടി, എന്നാല്‍ പിടിക്കാതെ പോയ ആ ചെന്നായയുടേതായിരിക്കും ആ പേര് എന്ന്. ഇയ്യിടെയായി നടക്കുന്ന കറാമത് നിര്‍മ്മാണ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് മേല്‍ കഥയാണ്.

പ്രവാചകന്മാർക്ക് മുഅജിസത്തായും അല്ലാഹുവിന്റെ ഔലിയാക്കൾക്ക് കറാമത്തായും അസാധാരണ സംഭവങ്ങൾ ഉണ്ടാവുമെന്നത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണ്. ഖുര്‍ആനിലൂടെയും ഹദീസുകളിലൂടെയും സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രങ്ങളിലൂടെയും അത് വ്യക്തമാണ്. എന്നാൽ ഈ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി അത്ഭുത സിദ്ധികളുടെ നിര്‍മ്മിതികള്‍ നടത്തുന്നത് ഏറെ ഖേദകരമാണ്. പ്രസംഗത്തിന് കൊഴുപ്പുകൂട്ടാൻ പൊടിപ്പും തൊങ്ങലും വെച്ച് അത്ഭുത കഥകൾ വിളമ്പുന്നത് ഇന്ന് പല പ്രഭാഷകരുടെയും പതിവായിരിക്കുന്നു. ജനങ്ങളെ  വഴിതെറ്റിക്കുന്നതിനൊപ്പം മതപ്രഭാഷകരുടെ വിശ്വാസ്യത തകര്‍ക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം വാര്‍ത്തകളുടെ സ്രോതസ്സുകള്‍ പരിശോധിക്കാതെ, കേട്ടറിഞ്ഞത് അപ്പടിയോ അല്പം പൊലിപ്പോടെയോ അവതരിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഇസ്‍ലാമിക പ്രമാണങ്ങളില്‍, എന്ത് പറഞ്ഞു എന്നതിനേക്കാള്‍ ആര് പറഞ്ഞു എന്നതാണ് ഏറ്റവും പ്രധാനമെന്ന അടിസ്ഥാന തത്വമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്.

സുന്നികളിലെ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട പ്രഭാഷകരാണ് ഇത്രയും നാൾ ഈ കറാമത്ത് നിർമാണത്തിൽ മുൻപന്തിയിൽ നിന്നിരുന്നതെങ്കിൽ ഈയടുത്ത കാലത്തായി മുഖ്യധാരാ സുന്നികളിൽ പെട്ട ചില പ്രഭാഷകരും പുതിയ കറാമത്തുകളുമായി രംഗപ്രവേശം ചെയ്യുന്നതായി കാണുന്നു. പലരും പല അനുസ്മരണങ്ങളിലും വിളമ്പുന്ന അല്‍ഭുത കഥകള്‍ കേള്‍ക്കുമ്പോള്‍, അവരുടെ സന്തതസഹചാരികള്‍ പോലും മൂക്കത്ത് വിരല്‍ വെച്ച് പോവാറുണ്ട്.

തങ്ങളുടെ മുമ്പിലിരിക്കുന്നവരെ കൈയ്യിലെടുക്കുകയെന്നതാവാം ഈ നിര്‍മ്മാതാക്കളുടെ ലക്ഷ്യം. അത്ഭുതങ്ങളാണ് ഒരു വിശ്വാസിയുടെ ഉന്നതിയുടെ അടയാളമെന്ന തെറ്റിദ്ധാരണ കൂടിയാണ് ഇത്തരം കൂട്ടിപ്പറച്ചിലുകള്‍ക്ക് പിന്നില്‍. എന്നാല്‍, അല്‍ഭുതസിദ്ധികളേക്കാളേറെ, മഹത്തുക്കളുടെ ജീവിതത്തില്‍നിന്ന് പൊതുജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്, അവരുടെ സൂക്ഷ്മതയും മതപ്രതിബദ്ധതയുമാണ്. അല്‍അമീന്‍ എന്നും ഒരിക്കല്‍ പോലും കള്ളം പറഞ്ഞിട്ടില്ല എന്നതുമായിരുന്നു, പ്രബോധിത സമൂഹത്തിന് മുമ്പില്‍ പ്രവാചകരുടെ ഏറ്റവും വലിയ വിശേഷണം. 

മഹാനായ ജുനൈദ്(റ)വുമായി, വലിയ്യ് ആരാണെന്ന് ആരാഞ്ച് ഒരിക്കല്‍ ഒരാള്‍ നടത്തിയ സംസാരം ഇങ്ങനെ വായിക്കാം.

വായുവിലൂടെ പറക്കുന്നവനാണോ വലിയ്യ്?

കാക്കയും വായുവിലൂടെ പറക്കാറുണ്ടല്ലോ, ശേഷം അത് പൃഷ്ഠം കൊത്തുകയും ചെയ്യുന്നു.

എങ്കില്‍ വെള്ളത്തിന് മുകളിലൂടെ നടക്കുന്നവനെ വലിയ്യ് എന്ന് വിളിക്കാമോ?

മല്‍സ്യം വെള്ളത്തിന് മുകളിലൂടെ സഞ്ചിരിക്കുന്നില്ലേ, അത് അതിലെ ശവം തിന്നുകയും ചെയ്യുന്നു. 

കിഴക്കും പടിഞ്ഞാറും ഒരേസമയം സഞ്ചരിക്കുന്നവനെ വലിയ്യ് എന്ന് മനസ്സിലാക്കാമോ?

അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും നിന്ദ്യനായ ഇബ്‍ലീസ് അത് ചെയ്യുന്നുണ്ടല്ലോ.

എങ്കില്‍ പിന്നെ ആരാണ് വലിയ്യ്?

അല്ലാഹുവിന്റെ പ്രവാചകരുടെ പാതയെ ഋജുവായി പിന്തുടരുന്നവന്‍ ആരോ അവനാണ് വലിയ്യ്. 

മഹത്വം പൂര്‍ണ്ണമാകാന്‍ അല്‍ഭുത സിദ്ധികള്‍ തന്നെ വേണമെന്ന് ശഠിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് ഇത്.

വിശ്വാസദൌര്‍ബല്യം സൃഷ്ടിക്കുന്നു എന്നതോടൊപ്പം, ഇത്തരം ഇല്ലാക്കഥകള്‍ ആത്മീയ ചൂഷണത്തിനു വഴിയൊരുക്കുകകൂടി ചെയ്യുന്നു. ഇത് മനസ്സിലാക്കി, അസത്യങ്ങളും അർദ്ധ സത്യങ്ങളും വിളമ്പുന്നത് ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, ഇത്തരം കല്പിത കഥകളുടെ സത്യവാസ്ഥ പുറത്ത് വരുമ്പോള്‍, വിശ്വാസകാര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് ജനിക്കുന്ന സംശയങ്ങള്‍ ഇവര്‍ ഉത്തരവാദികളാകുമെന്ന് തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter