ശൈഖ് അലി അല്‍-ത്വന്‍താവി, ഫ്രഞ്ച് അധിനിവേശത്തിനെതിരെ പോരാടിയ പണ്ഡിതന്‍
ആധുനിക കാലത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്നു, സിറിയക്കാരനായ ശൈഖ് അലിബിന്‍ മുസ്ഥഫ അൽ-ത്വൻതാവി. സിറയയിലെ ഫ്രഞ്ച് അധിനിവേഷത്തിനെതിരെ പോരാടുന്നതിൽ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം, ഈജിപ്ഷ്യൻ മാസികയായ അൽ-രിസാല അടക്കം അനേകം പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുമുണ്ട്.
1919 ജൂൺ 12ന് (ഹി. 1327 ജമാദുൽ അവ്വൽ 23) സിറിയയിലെ ഡമസ്‌കസിലാണ് ശൈഖ് അലി അൽ-ത്വൻതാവി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശൈഖ് മുസ്തഫ അൽ-ത്വൻതാവിയും സിറിയയിലെ പ്രമുഖ പണ്ഡിതരിൽ ഒരാളായിരുന്നു. മാതാവും പ്രമുഖ പണ്ഡിത കുടുംബത്തിലെ അംഗം തന്നെയാണ്. പതിനാറാം വയസ്സിൽ ഉപ്പ മരിച്ചതോടെ ഉമ്മയും അഞ്ച് സഹോദരങ്ങളും അടങ്ങുന്ന കുടുംബ ഭാരം ഏല്‍ക്കേണ്ടിവന്നെങ്കിലും പഠനത്തില്‍നിന്ന് അതൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.
1926-ലാണ് ത്വൻതാവിയുടെ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അന്ന് അദ്ദേഹത്തിന് പതിനേഴ് വയസ്സായിരുന്നു. ശേഷം അദ്ദേഹം നിരവധി പത്ര-മാധ്യങ്ങളിൽ എഴുത്ത് തുടര്‍ന്നു. 1931-ൽ നാഷണൽ ബ്ലോക്കിന് കീഴില്‍ ആരംഭിച്ച അൽ-അയ്യാം പത്രത്തിന്റെ ചീഫ് എഡിറ്ററായി ത്വൻതാവി നിയമിക്കപ്പെട്ടു. അതേസമയം, അൽ-നഖ്ദ്, അൽ-ഷാബ്, എന്നീ പത്രങ്ങളിലും അദ്ദേഹം എഴുതിയിരുന്നു. എഡി 1933-ൽ അഹമ്മദ് ഹസ്സൻ അൽ-സയ്യാത്ത് അൽ-രിസാല എന്ന പ്രമുഖ മാസിക തുടങ്ങിയപ്പോള്‍, ത്വൻതാവി അതിന്റെയും പ്രമുഖ എഴുത്തുകാരിൽ ഒരാളായിരുന്നു. 1953-ൽ അത് നിർത്തലാക്കുന്നത് വരെ ഇരുപത് വർഷത്തോളം അദ്ദേഹം ആ സപര്യ തുടർന്നു.
1933-ൽ സ്വാതന്ത്ര്യപോരാട്ട രംഗത്തെത്തിയ അദ്ദേഹം, അധിനിവേഷ വിരുദ്ധ സംഘമായ ഹയർ കമ്മിറ്റി ഫോർ സിറിയൻ സ്റ്റുഡന്റ്സ് എന്ന സംഘടനയെ മൂന്നു വർഷത്തോളം നയിക്കുകയും ചെയ്തു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അധ്യാപനവും തുടങ്ങിയിരുന്നു ത്വന്‍ത്വാവി. ഫ്രഞ്ച് വിരുദ്ധ നിലപാടുകള്‍ കാരണം, പലപ്പോഴും പലായനങ്ങളിലായിരുന്നു അദ്ദേഹം. 1936-ൽ ഇറാഖിലെത്തുന്നത് അങ്ങനെയാണ്. ബാഗ്ദാദിലെ സെൻട്രൽ ഹൈസ്‌കൂളിലും പിന്നീട് അതിന്റെ വെസ്റ്റേൺ ഹൈസ്‌കൂളിലും അദാമിയയിലെ ഹൗസ് ഓഫ് ശരീഅ സയൻസസിലും അധ്യാപകനായി ജോലി ചെയ്തതും അക്കാലത്താണ്. തന്നെ തേടി വന്ന സൈനികരിൽ നിന്ന് രക്ഷപ്പെടാനായി വടക്ക് കിർകുക്കിലും തെക്ക് ബസ്‍റയിലും താമസമാക്കുകയും അവിടെയും അധ്യാപനം തുടരുകയും ചെയ്തു. ആ കാലഘട്ടിത്തിലെ ഓർമകളാണ് ബാഗ്ദാദ് എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചു വന്നത്. ഭരകൂടത്തിന്റെ ഭീഷണികള്‍ അവഗണിച്ച അദ്ദേഹം തന്റെ നിലപാടിൽ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിച്ചില്ല.
1939ല്‍ ഡമസ്കസില്‍ മടങ്ങിയെത്തിയ അദ്ദേഹം, വെള്ളിയാഴ്ച്ച ഖുതുബയിൽ ഫ്രഞ്ചുക്കാർക്കെതിരെ പ്രസംഗിക്കുന്നത് തുടരുകയും ജനങ്ങളുടെ ആവേശമായി മാറുകയും ചെയ്തു. 1963-ൽ സൗദിയിലേക്ക് പോയ ത്വന്‍ത്വാവി അവിടെ സ്ഥിരതാമസമാക്കി അധ്യാപനം തുടര്‍ന്നു. ശേഷം, മുപ്പത്തിയഞ്ച് വർഷം ജിദ്ദയിലും ശേഷം മക്കയിലുമായി ശിഷ്ട ജീവിതം കഴിച്ചു. അധ്യാപനത്തോടൊപ്പം പ്രബോധന രംഗത്തും കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് ഇക്കാലത്തായിരുന്നു.
സിറിയയില്‍ റേഡിയോയിലൂടെ ഫത്‍വകൾ നല്കിയിരുന്ന അദ്ദേഹം, സൗദി അറേബ്യയിലെത്തിയതോടെ ടെലിവിഷനിലൂടെ തന്നെ തല്‍സമയ സംശയനിവാരണം നടത്തിവന്നു. ദിക്രിയ്യാത്ത്, കസസുന്‍ മിനൽ ഹയാത്, മിന്‍ നഫഹാതിൽ ഹറം എന്നിവ ത്വൻതാവിയുടെ പ്രധാന ഗ്രന്ഥങ്ങളാണ്. 1990-ൽ, സേവനങ്ങള്‍ മാനിച്ച് സൌദി അറേബ്യ അദ്ദേഹത്തിന് കിങ് ഫൈസൽ അവാർഡ് നൽകി ആദരിച്ചു. 1999-ൽ ജൂൺ 18-ന് ജിദ്ദയിൽ വെച്ചാണ് അദ്ദേഹം വഫാത്താകുന്നത്.
Leave A Comment