ദ സ്ട്രൈറ്റ് പാത്: ആധുനികതയും സൂറതുല്‍ഫാതിഹയും സംവദിക്കുമ്പോൾ
മാനുഷിക വ്യവഹാരങ്ങളിൽ ആധുനികത ഇടപെട്ടു തുടങ്ങിയ കാലം മുതൽ മനുഷ്യ-സാംസ്കാരിക വേരുകളിൽ ദിനചര്യകൾക്ക് പുറമെ അറിവിന്റെ സമസ്ത മേഖലകളിലും സമൂഹത്തിനേറ്റ പീഢനതാഡനകളുടെ നിഴലുകൾ പതിച്ചിട്ടുണ്ട്. നിയമ ഭേദഗതികളും ആധുനിക രാഷ്ട്ര സങ്കൽപ്പങ്ങളും വ്യക്തിധാരണയിലൂടെ മനുഷ്യ ചിന്താപഥങ്ങളെ സ്വാധീനിച്ചത് ഇസ്‍ലാമിന്റെ സകല വ്യജ്ഞാന-ശാസ്ത്ര മേഖലകളെയും ചെറുതല്ലാത്ത രീതിയിൽ സ്വാധീനിക്കുന്നതായി കാണാം.
2025ൽ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്ട്രൈറ്റ് പാത് എന്ന പുസ്തകം കൊളോണിയൽ വ്യവഹാരങ്ങൾക്കിടയിലെ പുനര്ജീവനമാണെന്ന് പറയാം. ആധുനിക രാഷ്ട്ര സങ്കൽപ്പങ്ങളിൽ വ്യക്തിധാരണയ്ക്ക് മുൻഗണന നൽകുകയും ഇത്തരത്തിലുള്ള ആത്മനിഷ്ഠത പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിയിലധിഷ്ഠിതമായി ആധുനികതക്ക് മുമ്പേ നിയമം നടപ്പിലാക്കിയിരുന്നുവെങ്കിലും ആധുനികതയിൽ അതിന്റെ രൂപവും പാടവും പരിവർത്തനപ്പെട്ടു. ഇതിൽ ഇസ്‍ലാമിക പ്രമാണങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയും വക്രീകരിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ രൂപവും ഭാവവും മാറിയ ആധുനികതയോടാണ് Dr. നസീർ ഖാൻ ഈ കൃതിയിലൂടെ സംവദിക്കുന്നത്.
ഫലസ്തീൻ ഇസ്രായേൽ യുദ്ധസംബന്ധിയായ ശീർഷകത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നിർമിത ബുദ്ധിയുടെ അധാർമികമായ ഉപയോഗത്തെയും അവയുടെ ബൗദ്ധിക തലങ്ങളെയും തത്വപരമായി വിവരിക്കുന്നതും, ആധുനികത നവ-ആധുനികതയിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിനെ താത്വികമായും അല്ലാതെയും ഗ്രന്ഥകർത്താവ് ആമുഖത്തിൽ തന്നെ വിശദീകരിക്കുന്നതും കാണാം.
എന്തിന് വേണ്ടി എന്നതിന് ഉത്തരമില്ലാത്തതിനാലാണ് മനുഷ്യ ഭീഷണിയായി ആധുനികതയിലെ സകലതും വളർന്നത്. ആശയ സംവാദങ്ങൾ വെറും ആദർശതത്വം മാത്രമാവുകയും പ്രവർത്തനരഹിതമാക്കപ്പെടുകയും ചെയ്തു എന്നതിന് പുറമെ അവ ഇന്നും പരിണമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാഇൽ ഹല്ലാഖിന്റെ psycho- epistemic disorder ലൂടെ ഈ കാര്യത്തെ എഴുത്തുകാരൻ അപ്രഗ്രന്ഥിക്കുകയും കൊളോണിയൽ വ്യവഹാരങ്ങളിൽ മതപരമായ അറിവുകൾ നഷ്ടപ്പെട്ടതിന്റെ വീണ്ടെടുപ്പിനെ കുറിച്ചുള്ള ആലോചനയിലാണ് സ്ട്രൈറ്റ് പാത്തിന്റെ പിറവിയെന്നും എഴുത്തുകാരൻ ഓർമപ്പെടുത്തുന്നു.
ആധുനികതയുടെ പ്രധാന ചിന്താഗതികളായ Atheism, materialism, deism, secularism, polytheism, naturalism, relativism, progressivism, liberalism, post-modernism തുടങ്ങീ പത്തോളം വാദഗതികളെ കേവലം സൂറത്തുൽ ഫാതിഹ എങ്ങനെ തിരുത്തുന്നു എന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ആധുനിക നാഗരികത മതാടിസ്ഥാനത്തിനുമേൽ അടിച്ചേൽപ്പിച്ച നവ-ധാർമികതയുടെ അടിവേരുകളെ കൃത്യമായ സംവാദസിദ്ധാന്തങ്ങളിലൂടെ എതിർക്കുകയും ഇസ്‍ലാമിക ജ്ഞാനശാസ്ത്രത്തിന്റെ ആഴവും വ്യാപ്തിയും തുറന്ന് കാണിക്കുകയും ചെയ്യുന്നു.
സൂറത്തുൽ ഫാതിഹയുടെ വശീകരിക്കുന്ന കാലിഗ്രാഫികൾ പുസ്തകത്തിൽ ഉടനീളം ഉൾകൊള്ളിച്ചതായി കാണാം. ഖുർആനിക സാഹിതീയ ഭംഗിയെ (Quranic eloquence) ഈ രീതിയിലൂടെ സമീപിക്കും വഴി ഖുർആനിക വ്യാഖ്യാനങ്ങളെ തെറ്റില്ലാത്ത രൂപത്തിൽ സമർത്ഥിക്കാനും എഴുത്തുകാരന് സാധിക്കുന്നു.
ഓരോ ഐഡിയോളജികളെയും സമീപിക്കുന്ന രീതി അനുവാചകനെ അക്കാദമിക രംഗത്തെ ആധുനിക രീതികളെ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ച് ചിന്തിപ്പിക്കുന്നു. കൂടാതെ അവതരിപ്പിക്കട്ടെ മതതത്വവും (Revealed religion) പ്രവർത്തനപരതയിലെ മതതത്വവും (Living religion) തമ്മിലുള്ള വ്യതിയാനങ്ങൾ സമൂഹത്തിൽ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിക്കുന്നിടത്താണ് നസീർ ഖാന്റെ പുസ്തകം ക്ലാസിക്കൽ രീതികളിലൂടെ പൂർണ്ണമാകുന്നത്.
122 പേജടങ്ങിയ പുസ്തകം ഹൃസ്വ രൂപത്തിലാണെന്ന് തോന്നിപ്പിക്കുമെങ്കിലും ആശയവ്യാപ്തിയിൽ പുസ്തകം ഒട്ടും കുറവ് വരുത്തുന്നില്ല. 70 ഓളം ഇസ്‍ലാമിക് ക്ലാസിക്കൽ ടെക്സ്റ്റുകൾ അവലംബിക്കുന്ന കൃതി, വാഇൽ ഹൽലാഖ്, ജോസഫ് ലാംപാർഡ് പോലുള്ള ആധുനിക മത പണ്ഡിതരെയും അവലംബിക്കുന്നുണ്ട്. ഗ്രന്ഥകർത്താവായ Dr.നസീർ ഖാൻ ന്യൂറോളജിസ്റ്റും യഖീൻ ഇന്സ്റ്റിട്യൂട്ടിന്റെ ഗവേഷകനുമായതുകൊണ്ടുതന്നെ ബുദ്ധിപരവും ആധ്യാത്മികവുമായ ന്യായവാദങ്ങളിൽ പല വിധേനയുള്ള ശാസ്ത്രരീതികളെയും പ്രയോഗിക്കുന്നതായും കാണാം.
സത്യത്തിന്റെ ഏകീകരണം മൂലവും (Unificaiton of truth) യൂറോപ്യൻ കേന്ദ്രീകരണവും (Euro centralism) അറിവിന്റെ സത്തയെ സാരമായി ബാധിക്കുകയും മതപരതയെ ഈ വിധ മായവാദം കൊണ്ട് വക്രീകരിക്കപ്പെടുകയും ചെയ്ത നവ-യുഗത്തിലാണ് സ്ട്രൈറ്റ് പാത്തിന് പ്രസക്തിയേറുന്നത്.
ആധുനികതയുടെആദർശത്തെവിശ്വാസം കൊണ്ട് നേരിടുന്ന കൃതി ദ്വന്ദ കേന്ദ്രീകരണങ്ങൾക്കപ്പുറത്താണ് അനുവാചകനെ നേരിടുന്നത്. അറിവിന്റെ സത്ത നഷ്ടപ്പെട്ട കൊളോണിയൽ വ്യവഹാരങ്ങളിൽ നിന്ന് ഇസ്‍ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിവേരുകൾ പ്രകടമാക്കുന്നതോടൊപ്പം ഖുർആനിക ദാർശനികതയുടെ രൂഢമൂലതയെയും പ്രതിപാദിക്കുന്ന കൃതി ഇൻസ്റ്റിട്യൂട്ടിന്റെ വെബ് പേജിൽ ലഭ്യമാണ്.



Leave A Comment